പിച്ചിനു പുറത്ത് കുത്തിയ പന്തിനെ പിന്തുടര്‍ന്ന് സിക്‌സര്‍; ബട്ട്‌ലറുടെ വീഡിയോ വൈറല്‍

Photo: twitter.com
Photo: twitter.com

ആംസ്റ്റല്‍വീന്‍ (നെതര്‍ലന്‍ഡ്‌സ്): കരിയറിലെ സ്വപ്ന ഫോമിലാണ് ഇംഗ്ലീഷ് ഓപ്പണര്‍ ജോസ് ബട്ട്‌ലര്‍. ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനായി തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്ത ബട്ട്‌ലര്‍ പിന്നാലെ നെതര്‍ലന്‍ഡ്‌സിനെതിരായ ഏകദിന പരമ്പരയിലും മിന്നുന്ന ഫോം തുടരുകയാണ്.

ഇംഗ്ലണ്ട് 498 റണ്‍സെടുത്ത് റെക്കോഡിട്ട പരമ്പരയിലെ ആദ്യ മത്സരത്തില്‍ 162 റണ്‍സടിച്ച ബട്ട്‌ലര്‍ മൂന്നാം മത്സരത്തിലും ബാറ്റിങ് വെടിക്കെട്ടിന് കുറവൊന്നും വരുത്തിയില്ല. 64 പന്തില്‍ നിന്ന് അഞ്ചു സിക്‌സും ഏഴ് ഫോറുമടക്കം 86 റണ്‍സെടുത്ത ബട്ട്‌ലറുടെ ബാറ്റിങ് മികവില്‍ ഇംഗ്ലണ്ട് എട്ടു വിക്കറ്റിന് ജയിച്ചുകയറുകയും ചെയ്തു.

ഈ മത്സരത്തിനിടെ ഡച്ച് പേസര്‍ പോള്‍ വാന്‍ മീക്കരന്റെ കൈയില്‍ നിന്നും വഴുതി പിച്ചിനു പുറത്ത് കുത്തിയ പന്ത് പിന്തുടര്‍ന്ന് ബട്ട്‌ലര്‍ നേടിയ സിക്‌സ് ഏവരുടേയും ശ്രദ്ധപിടിച്ചുപറ്റുകയും ചെയ്തു.

മത്സരത്തിന്റെ 29-ാം ഓവറിലായിരുന്നു സംഭവം. ഒരു സ്ലോ ബൗണ്‍സര്‍ എറിയാനുള്ള പോള്‍ വാന്‍ മീക്കരന്റെ ശ്രമം പിഴച്ചു. പന്ത് രണ്ടു തവണ പിച്ച് ചെയ്ത് പിച്ചിന് പുറത്തേക്ക്. എന്നാല്‍ ബട്ട്‌ലര്‍ വിട്ടില്ല, പിച്ചിന് പുറത്തെത്തിയ പന്തിനെ പിന്തുടര്‍ന്ന് ചെന്ന് അടിച്ച് അതിര്‍ത്തി കടത്തി. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയും ചെയ്തു.

Content Highlights: Ball Lands Outside Pitch On 2nd Bounce Jos Buttler Smashes it for a six