ആഭ്യന്തര ക്രിക്കറ്റിലും മോശം ഫോം; ബാറ്റ് നിലത്തടിച്ച് ബാബർ അസം

#സ്‌പോര്‍ട്‌സ് ഡെസ്‌ക്‌
ബാബര്‍ അസം | Photo: AP
ബാബര്‍ അസം | Photo: AP

ലാഹോർ: ആഭ്യന്തര ക്രിക്കറ്റിലൂടെ ഫോം വീണ്ടെടുക്കാനുള്ള ബാബർ അസമിന്റെ പ്രയത്‌നത്തിന് തുടക്കത്തിൽ തന്നെ തിരിച്ചടി. ക്വെയ്ദ് ഇ അസം ട്രോഫിയിൽ ലാഹോർ വൈറ്റ്‌സ് ടീമിനായി കളിക്കാനിറങ്ങിയ ബാബർ രണ്ടിന്നിങ്‌സിലും പരാജയമായി. ഫത്ത ടീമിനെതിരായ മത്സരത്തിൽ 28, 42 എന്നിങ്ങനെയായിരുന്നു ബാബറിന്റെ സ്‌കോറുകൾ.

രണ്ടാം ഇന്നിങ്‌സിൽ പുറത്തായ ശേഷം രോഷം നിയന്ത്രിക്കാനാകാതെ ബാറ്റ് പിച്ചിൽ അടിച്ചശേഷമാണ് താരം ഗ്രൗണ്ട് വിട്ടത്. 77 പന്തിൽ 42 റൺസെടുത്ത് മികച്ച രീതിയിൽ ബാറ്റ് ചെയ്യുന്നതിനിടയിലായിരുന്നു ബാബറിന്റെ പുറത്താകൽ. ഷാഹിദ് അസീസിന്റെ പന്തിലെ മോശം ഷോട്ടാണ് ഔട്ടിലേക്ക് നയിച്ചത്. സ്ലിപ്പിൽവെച്ച് ഫീൽഡർ അനായാസം ക്യാച്ച് ചെയ്തു.

പാകിസ്താനിൽ നടന്ന ത്രിരാഷ്ട്ര പരമ്പരയിലും ബാബർ പരാജയമായിരുന്നു. അഞ്ച് മത്സരങ്ങൾ കളിച്ച താരത്തിന്റെ സ്‌കോറുകൾ 45, 34, 10, 29 എന്നിങ്ങനെയായിരുന്നു. ശ്രീലങ്കയ്‌ക്കെതിരായ ഫൈനലിൽ പൂജ്യത്തിന് പുറത്താകുകയും ചെയ്തു.

ഇതിന് പിന്നാലെ പാകിസ്താന്റെ മുൻതാരം മുഹമ്മദ് യൂസഫ് ഉപദേശവുമായി രംഗത്തെത്തിയിരുന്നു. ബാറ്റിങ്ങിലെ സാങ്കേതിക പ്രശ്‌നങ്ങൾ പരിഹരിക്കാൻ വിദേശത്ത് പോയി പരിശീലനം നേടണമെന്നാണ് യൂസഫ് പറഞ്ഞത്. അത്തരം വെല്ലുവിളി നിറഞ്ഞ പിച്ചുകളിൽ കളിക്കുന്നതിലൂടെ ബാബർ അസമിന്റെ ആത്മവിശ്വാസം കൂടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തിരുന്നു.

Content Highlights: Babar Azam returned to domestic cricket playing for Lahore Whites against FATA., He scored 28 and 42, showing a lack of peak form ahead of the Sri Lanka Test series., Lahore Whites suffered a 241-run defeat against FATA in the Quaid-e-Azam Trophy match., Pakistan's first Test against Sri Lanka starts on November 09 in Rawalpindi.