ട്വന്റി 20 ലോകകപ്പ് 5 മാസമകലെ; സെലക്ടര്‍മാരെ തന്റെ ഓള്‍റൗണ്ട് മൂല്യം ഓര്‍മിപ്പിച്ച് അക്ഷര്‍ പട്ടേല്‍

Photo: PTI
Photo: PTI

ഇക്കഴിഞ്ഞ ഞായറാഴ്ച ബെംഗളൂരു ചിന്നസ്വാമിയിലായിരുന്നു ഇന്ത്യ - ഓസ്‌ട്രേലിയ ട്വന്റി 20 പരമ്പരയിലെ അവസാന മത്സരം. ഇന്ത്യ ആറ് റണ്‍സിന് ജയിച്ചുകയറിയ ആ മത്സരത്തിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടത് ഓള്‍റൗണ്ടര്‍ അക്ഷര്‍ പട്ടേലും. അക്ഷര്‍ കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെടുന്ന തുടര്‍ച്ചയായ രണ്ടാം മത്സരമായിരുന്നു അത്. 21 പന്തില്‍ നിന്ന് ഒരു സിക്‌സും രണ്ട് ഫോറുമടക്കം 31 റണ്‍സെടുത്ത അക്ഷര്‍, നാല് ഓവറില്‍ വെറും 14 റണ്‍സ് മാത്രം വിട്ടുകൊടുത്ത് അപകടകാരിയായ ടിം ഡേവിഡിന്റെ വിക്കറ്റ് വീഴ്ത്തുകയും ചെയ്തു. അതിലും മികച്ചതായിരുന്നു നാല് ഓവറില്‍ 16 റണ്‍സ് മാത്രം വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റ് വീഴ്ത്തിയ അക്ഷറിന്റെ നാലാം മത്സരത്തിലെ പ്രകടനം. റായ്പുരില്‍ ഇന്ത്യ 174 റണ്‍സും ബെംഗളൂരുവില്‍ 160 റണ്‍സും പ്രതിരോധിച്ച് ജയം നേടിയപ്പോള്‍ അതില്‍ നിര്‍ണായകമായത് അക്ഷറിന്റെ ബൗളിങ് തന്നെയായിരുന്നു.

അഞ്ച് മത്സര പരമ്പരയില്‍ ആറ് വിക്കറ്റ് വീഴ്ത്ത് രവി ബിഷ്‌ണോയ്ക്ക് മാത്രം പിന്നാലാണ് അക്ഷര്‍. മികച്ച ഇക്കോണമിയിലായിരുന്നു താരത്തിന്റെ ഓവറുകളൊക്കെയും. പ്രത്യേകിച്ചും അവസാന രണ്ട് മത്സരങ്ങളില്‍.

ട്വന്റി 20 മത്സരങ്ങളിലെ മികച്ച പ്രകടനത്തോടെ അഞ്ച് മാസങ്ങള്‍ക്കപ്പുറം യുഎസിലും വെസ്റ്റിന്‍ഡീസിലുമായി നടക്കാനിരിക്കുന്ന ട്വന്റി 20 ലോകകപ്പ് ബര്‍ത്തിനായി ശക്തമായ ശബ്ദമുയര്‍ത്തുകയാണ് അക്ഷര്‍. പരിക്ക് കാരണം നിര്‍ഭാഗ്യവശാല്‍ ഏകദിന ലോകകപ്പിലെ സ്ഥാനം നഷ്ടപ്പെട്ടയാളാണ് അക്ഷര്‍. എന്നിട്ടും വരാനിരിക്കുന്ന ദക്ഷിണാഫ്രിക്കന്‍ പര്യടനത്തില്‍ ട്വന്റി 20 ടീമിലേക്ക് സെലക്ടര്‍മാര്‍ അക്ഷറിനെ പരിഗണിച്ചിട്ടില്ല. ചെറിയ ഫോര്‍മാറ്റില്‍ ടീമിനായി മികച്ച പ്രകടനം പുറത്തെടുത്തിട്ടും ഇന്ത്യയുടെ ഏകദിന-ടെസ്റ്റ് ടീമിലെ സ്ഥിരം സാന്നിധ്യമായ ഈ 29-കാരന് ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ട്വന്റി 20 ടീമില്‍ സ്ഥാനം നേടാന്‍ സാധിക്കാതിരുന്നത് നിരാശയാണ്.

ഇന്ത്യയ്ക്കായി 50 ട്വന്റി 20 മത്സരങ്ങളില്‍ നിന്ന് 7.38 ഇക്കോണമിയില്‍ 45 വിക്കറ്റുകള്‍ നേടിയിട്ടുണ്ട് അക്ഷര്‍. ബാറ്റ് ചെയ്ത 31 ഇന്നിങ്‌സുകളില്‍ നിന്നായി 144.40 സ്‌ട്രൈക്ക് റേറ്റില്‍ 361 റണ്‍സും താരം നേടിയിട്ടുണ്ട്. സമീപകാല പ്രകടനങ്ങളിലൂടെ അക്ഷര്‍ ട്വന്റി 20 ലോകകപ്പ് ടീമിലെ സ്ഥാനത്തിനായി ശക്തമായ ശബ്ദമുയര്‍ത്തുകയാണെന്ന് മുന്‍ ഇന്ത്യന്‍ താരം ആകാശ് ചോപ്ര അഭിപ്രായപ്പെട്ടു.

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ട്വന്റി 20 പരമ്പരയ്ക്കുള്ള ടീമില്‍ ഇടംകിട്ടിയില്ലെങ്കിലും അതിനു ശേഷം അഫ്ഗാനിസ്താനെതിരേ നടക്കുന്ന പരമ്പരയില്‍ താരം ടീമില്‍ തിരിച്ചെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ട്വന്റി 20 ലോകകപ്പിനു മുമ്പ് ഐപിഎല്‍ നടക്കുന്നതിനാല്‍ അതിലെ പ്രകടനവും ടീം തിരഞ്ഞെടുപ്പില്‍ നിര്‍ണായകമാകും. ട്വന്റി 20 ലോകകപ്പിനു മുമ്പ് ഇന്ത്യയ്ക്ക് ശേഷിക്കുന്നത് ആറ് ട്വന്റി 20 മത്സരങ്ങള്‍ മാത്രമാണ്. അക്ഷര്‍ മികച്ച പ്രകടനം തുടര്‍ന്നാല്‍ ടീം മാനേജ്‌മെന്റിനും സെലക്ഷന്‍ കമ്മിറ്റിക്കും അത് വലിയ തലവേദനയാകും.

Content Highlights: Axar Patel reminds selectors of his all-round value ahead of T20 World Cup