വിരമിക്കല്‍ പ്രഖ്യാപനത്തിനു പിന്നാലെ ബ്രോഡിന് ഓസീസ് ടീമിന്റെ 'ഗാര്‍ഡ് ഓഫ് ഓണര്‍'

ഇംഗ്ലണ്ടും ഓസ്ട്രേലിയയും തമ്മിലുള്ള അഞ്ചാം ആഷസ് ക്രിക്കറ്റ് ടെസ്റ്റ് മത്സരത്തിന്റെ നാലാം ദിവസം കളിയാരംഭിക്കുന്നതിന് മുന്നോടിയായി ബാറ്റിങ്ങിന്  ഇറങ്ങിയ ഇംഗ്ലണ്ടിന്റെ സ്റ്റുവര്‍ട്ട് ബ്രോഡിന് ഓസ്ട്രേലിയന്‍ കളിക്കാര്‍ ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കുന്നു | Photo: AFP
ഇംഗ്ലണ്ടും ഓസ്ട്രേലിയയും തമ്മിലുള്ള അഞ്ചാം ആഷസ് ക്രിക്കറ്റ് ടെസ്റ്റ് മത്സരത്തിന്റെ നാലാം ദിവസം കളിയാരംഭിക്കുന്നതിന് മുന്നോടിയായി ബാറ്റിങ്ങിന് ഇറങ്ങിയ ഇംഗ്ലണ്ടിന്റെ സ്റ്റുവര്‍ട്ട് ബ്രോഡിന് ഓസ്ട്രേലിയന്‍ കളിക്കാര്‍ ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കുന്നു | Photo: AFP

ലണ്ടന്‍: വിരമിക്കല്‍ പ്രഖ്യാപിച്ച ഇംഗ്ലീഷ് പേസര്‍ സ്റ്റുവര്‍ട്ട് ബ്രോഡിന് ആദരവര്‍പ്പിച്ച് ഓസ്‌ട്രേലിയന്‍ താരങ്ങള്‍. നാലാം ദിനം ബാറ്റിങ്ങിനിറങ്ങിയ ബ്രോഡിനെ ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കിയാണ് ഓസീസ് താരങ്ങള്‍ ഗ്രൗണ്ടിലേക്ക് വരവേറ്റത്.

ആഷസ് പരമ്പരയിലെ അവസാന ടെസ്റ്റോടെ വിരമിക്കുമെന്ന് ശനിയാഴ്ചയാണ് 37-കാരനായ ബ്രോഡ് പ്രഖ്യാപിച്ചത്. ഒമ്പതിന് 389 റണ്‍സെന്ന നിലയിലാണ് ഇംഗ്ലണ്ട് നാലാം ദിനം ബാറ്റിങ്ങിനിറങ്ങിയത്. ബ്രോഡിനൊപ്പം ജെയിംസ് ആന്‍ഡേഴ്‌സനായിരുന്നു ക്രീസില്‍. ആറ് റണ്‍സ് കൂടി കൂട്ടിച്ചേര്‍ത്ത ശേഷം ഇംഗ്ലണ്ട് ഇന്നിങ്‌സ് 395 റണ്‍സില്‍ അവസാനിച്ചു. അവസാന ടെസ്റ്റ് ഇന്നിങ്‌സില്‍ ബ്രോഡ് എട്ട് റണ്‍സുമായി പുറത്താകാതെ നിന്നു.

ഇംഗ്ലണ്ടിനായി 167 ടെസ്റ്റ് മത്സരങ്ങളില്‍ നിന്നായി 602 വിക്കറ്റുകള്‍ നേടിയിട്ടുണ്ട്. വിരമിക്കല്‍ തിരുമാനം പെട്ടെന്ന് എടുത്തതാണെന്നും ഓസ്‌ട്രേലിയക്കെതിരെയുള്ള മത്സരമാണ് അതിന് അനുയോജ്യമെന്ന് കരുതുന്നതായും ബ്രോഡ് പറഞ്ഞു.

മുന്‍ ഇംഗ്ലീഷ് ക്രിക്കറ്റ് താരം ക്രിസ് ബ്രോഡിന്റെ മകനായ സ്റ്റുവര്‍ട്ട് ബ്രോഡ് 2006 ഓഗസ്റ്റ് 28-നാണ്‌ ആദ്യമായി ഇംഗ്ലണ്ടിന്റെ കുപ്പായമണിഞ്ഞത്. പാകിസ്താനെതിരായ ട്വന്റി 20 മത്സരത്തിലൂടെ അരങ്ങേറ്റം നടത്തിയ താരം പിന്നീട് ഏകദിന-ടെസ്റ്റ് ടീമുകളുടെ ഭാഗമായി. 2014-ല്‍ ട്വന്റി 20യും 2016-ല്‍ ഏകദിനവും നിര്‍ത്തിയ ബ്രോഡ് ടെസ്റ്റ് ക്രിക്കറ്റില്‍ മാത്രം ശ്രദ്ധ ചെലുത്തുകയായിരുന്നു.

56 മത്സരങ്ങളില്‍നിന്ന് 65 വിക്കറ്റാണ് ബ്രോഡിന്റെ ട്വന്റി 20 കരിയറിലെ സമ്പാദ്യം. 2010-ലെ ട്വന്റി 20 ലോകകപ്പ് ജേതാക്കളായ ഇംഗ്ലീഷ് ടീമിന്റെ ഭാഗമായിരുന്നു. ഏകദിനത്തില്‍ 121 മത്സരങ്ങളില്‍നിന്ന്‌ 178 വിക്കറ്റ് നേടിയിട്ടുണ്ട്.

2007-ല്‍ ശ്രീലങ്കയ്‌ക്കെതിരെയായിരുന്നു ടെസ്റ്റില്‍ അരങ്ങേറിയത്. 600-ലേറെ ടെസ്റ്റ് വിക്കറ്റ് നേടുന്ന നാലാമത്തെ താരമാണ് ബ്രോഡ്. ഇംഗ്ലണ്ടിനായി ഏറ്റവുമധികം ടെസ്റ്റ് വിക്കറ്റു നേടിയവരുടെ പട്ടികയില്‍ രണ്ടാമനും. സഹകളിക്കാരന്‍ ജെയിംസ് ആന്‍ഡേഴ്‌സനാണ് ഒന്നാമത്. കഴിഞ്ഞയാഴ്ച ആഷസില്‍ മാത്രം 150 വിക്കറ്റ് തികയ്ക്കാനും ബ്രോഡിനായി.

Content Highlights: Australian players gave a guard of honour to Retiring England Pacer Stuart Broad