ലോകകപ്പിനെത്തിയ 2 ഓസ്‌ട്രേലിയന്‍ വനിതാ താരങ്ങളെ പീഡിപ്പിക്കാന്‍ ശ്രമം; പ്രതി പിടിയില്‍

ഇന്ദോര്‍: ഐസിസി വനിതാ ലോകകപ്പിനെത്തിയ രണ്ട് ഓസ്‌ട്രേലിയന്‍ വനിതാ ക്രിക്കറ്റ് താരങ്ങള്‍ക്ക് നേരെ ലൈംഗികാതിക്രമം. പ്രതിയെ പോലീസ് പിടികൂടി. ഇന്ദോര്‍ ഖജ്രാന റോഡിന് സമീപം വ്യാഴാഴ്ച രാവിലെയായിരുന്നു സംഭവം. രണ്ട് വനിതാ താരങ്ങളെ പ്രതി ഇരുചക്ര വാഹനത്തില്‍ പിന്തുടരുകയും ഒരാള്‍ക്കെതിരേ ലൈംഗികാതിക്രമം നടത്തുകയുമായിരുന്നു. സംഭവത്തില്‍ പ്രതിയായ അഖീല്‍ ഖാനെ വെള്ളിയാഴ്ചയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ക്കെതിരേ നിലവില്‍ രണ്ട് ക്രമിനല്‍ കേസുകള്‍ ഉളളതായി സബ് ഇന്‍സ്പെക്ടര്‍ നിധി രഘുവംശി വ്യക്തമാക്കി.
ഓസീസ് ടീം ഇന്ദോറിലെ റാഡിസണ്‍ ബ്ലൂ ഹോട്ടലിലായിരുന്നു താമസിച്ചിരുന്നത്. ഹോട്ടലില്‍ നിന്ന് രാവിലെ അടുത്തുള്ള കഫേയിലേക്ക് നടക്കുമ്പോഴാണ് താരങ്ങളെ ഇരുചക്ര വാഹനത്തിലെത്തിയ പ്രതി പിന്തുടര്‍ന്നത്. ഇതിനിടെ താരങ്ങളില്‍ ഒരാളെ പ്രതി അനുചിതമായി സ്പര്‍ശിക്കുകയായിരുന്നു. താരങ്ങള്‍ ഉടന്‍ തന്നെ വിവരം ടീം സുരക്ഷാ ഉദ്യോഗസ്ഥനായ ഡാനി സിമ്മണ്‍സിനെ അറിയിച്ചു. അദ്ദേഹം പ്രാദേശിക സുരക്ഷാ ലെയ്സണ്‍ ഓഫീസര്‍മാരെ ബന്ധപ്പെടുകയും എംഐജി പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയുമായിരുന്നു.
സംഭവം കണ്ട ഒരു ദൃക്സാക്ഷി മോട്ടോര്‍ സൈക്കിളിന്റെ രജിസ്‌ട്രേഷന്‍ നമ്പര്‍ എഴുതിയെടുത്തത് നിര്‍ണായകമായി. അസിസ്റ്റന്റ് പോലീസ് കമ്മിഷണര്‍ ഹിമാനി മിശ്ര പിന്നീട് രണ്ട് കളിക്കാരെയും കാണുകയും അവരുടെ മൊഴികള്‍ രേഖപ്പെടുത്തുകയും ചെയ്തു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലാകുന്നത്.
Content Highlights: Two Australian women cricketers on tour were subjected to sexual assault in Indore, India. Police have arrested the perpetrator, who had a history of criminal offenses