ഓസീസ് വെറുതെയല്ല കപ്പടിച്ചത്; സാഹചര്യങ്ങളെക്കുറിച്ചുള്ള അവരുടെ ധാരണ തന്നെ ഞെട്ടിച്ചുവെന്ന് അശ്വിന്‍

Photo: PTI
Photo: PTI

ചെന്നൈ: ലോകകപ്പ് ഫൈനലില്‍ അഹമ്മദാബാദില്‍ ഇന്ത്യയ്‌ക്കെതിരേ ടോസ് നേടിയിട്ടും ആദ്യം ബൗള്‍ ചെയ്യാനുള്ള ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സിന്റെ തീരുമാനം എല്ലാവരേയും അദ്ഭുതപ്പെടുത്തിയിരുന്നു. രണ്ടാം ഇന്നിങ്‌സില്‍ മഞ്ഞുവീഴ്ച പ്രതീക്ഷിച്ചാണെങ്കിലും രോഹിത് ശര്‍മ നയിച്ച ഇന്ത്യന്‍ ടീമിനെതിരേ അവരുടെ നാട്ടില്‍ ലക്ഷക്കണക്കിന് വരുന്ന ആരാധകര്‍ക്ക് മുമ്പിലെടുത്ത ആ തീരുമാനം ധീരമായിരുന്നു. സാധാരണ ഇങ്ങനെയുള്ള വലിയ മത്സരങ്ങളില്‍ ആദ്യം ബാറ്റ് ചെയ്ത് സ്‌കോര്‍ പടുത്തുയര്‍ത്തുക എന്നതിനാണ് ഓസീസ് പ്രാധാന്യം നല്‍കാറ്.

എന്നാല്‍ ആ തീരുമാനം തുണച്ചു. തുടര്‍ജയങ്ങളുമായി എത്തിയ ഇന്ത്യന്‍ ടീമിനെ ആറു വിക്കറ്റിന് കീഴടക്കി ഓസീസ് തങ്ങളുടെ ആറാം ലോകകപ്പുമായി മടങ്ങി.

ഇപ്പോഴിതാ ഫൈനല്‍ മത്സരത്തിനിടെ ഇന്ത്യന്‍ താരം ആര്‍. അശ്വിന്‍ ഓസ്‌ട്രേലിയന്‍ മുഖ്യ സെലക്ടര്‍ ജോര്‍ജ് ബെയ്‌ലിയുമായി നടത്തിയ സംഭാഷണത്തിനിടയിലെ കാര്യങ്ങള്‍ തന്റെ യൂട്യൂബ് ചാനലിലൂടെ വെളിപ്പെടുത്തിയിരിക്കുകയാണ്. എന്തുകൊണ്ടാണ് നിങ്ങള്‍ സാധാരണ ചെയ്യാറുള്ളതുപോലെ ആദ്യം ബാറ്റ് ചെയ്യാതിരുന്നതെന്ന അശ്വിന്റെ ചോദ്യത്തിന് ബെയ്‌ലി നല്‍കിയ മറുപടി ഇങ്ങനെയായിരുന്നു;

''ഞങ്ങള്‍ വര്‍ഷങ്ങളായി ഐപിഎല്ലില്‍ കളിച്ചിട്ടുണ്ട്. ഉഭയകക്ഷി പരമ്പരകള്‍ക്കായി ഇവിടെ പര്യടനം നടത്തിയിട്ടുമുണ്ട്. ഞങ്ങളുടെ അനുഭവം അനുസരിച്ച് ഇന്ത്യയില്‍ ഫ്‌ളഡ്‌ലിറ്റിനു കീഴില്‍ ബാറ്റ് ചെയ്യാന്‍ നല്ലത് കറുത്ത മണ്ണ് ഉപയോഗിച്ച പിച്ചാണ്. ചുവന്ന മണ്ണ് പൊടിഞ്ഞുപോകും. ലഖ്‌നൗവില ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ ചുവന്ന മണ്ണായിരുന്നു പിച്ചില്‍. ലൈറ്റിന് കീഴില്‍ പന്ത് സീം ചെയ്യുക മാത്രമല്ല കറങ്ങുകയും ചെയ്തു. മഞ്ഞുവീഴ്ച പോലും ചുവന്ന മണ്ണില്‍ കാര്യമായ സ്വാധീനം ചെലുത്തില്ല. എന്നാല്‍ കറുത്ത മണ്ണില്‍ ഉച്ചതിരിഞ്ഞ് പന്ത് തിരിയാന്‍ തുടങ്ങും. പക്ഷേ പിച്ച് കോണ്‍ക്രീറ്റ് പോലെയാകും. അതാണ് ഞങ്ങളുടെ അനുഭവം.'' ഇവിടത്തെ സാഹചര്യങ്ങളെ അവര്‍ മനസിലാക്കിയതുകണ്ട് താന്‍ ആശ്ചര്യപ്പെട്ടുപോയെന്നും അശ്വിന്‍ കൂട്ടിച്ചേര്‍ത്തു.

ഉച്ചതിരിഞ്ഞ് ഓസ്‌ട്രേലിയന്‍ ബൗളര്‍മാര്‍ക്ക് ഇന്ത്യന്‍ ബൗളര്‍മാരേക്കാള്‍ കൂടുതല്‍ പിന്തുണ പിച്ചില്‍ നിന്ന് ലഭിച്ചു. ആദ്യ ഇന്നിങ്‌സില്‍ പന്തില്‍ സ്പിന്നര്‍മാര്‍ക്ക് ഗ്രിപ്പ് ലഭിക്കുകയും കമ്മിന്‍സ്, മിച്ചല്‍ സ്റ്റാര്‍ക്ക്, ഹെയ്‌സല്‍വുഡ് എന്നിവര്‍ക്ക് റിവേഴ്‌സ് സ്വിങ് ലഭിക്കുകയും ചെയ്തുവെന്നും അശ്വിന്‍ ചൂണ്ടിക്കാട്ടി.

ക്യാപ്റ്റന്‍ കമ്മിന്‍സിന്റെ മിടുക്കാണ് ഓസീസിന്റെ കിരീടവിജയത്തില്‍ നിര്‍ണായകമായതെന്നും അശ്വിന്‍ വ്യക്തമാക്കി.

''ഒരു ഏകദിന ബൗളര്‍ എന്ന നിലയില്‍ ലോകകപ്പിലേക്ക് കടക്കുമ്പോള്‍ പാറ്റ് കമ്മിന്‍സിന് പ്രയാസപ്പെട്ടിരുന്നു. എന്നാല്‍ ഫൈനലിലേക്ക് നയിച്ച അവസാന നാലോ അഞ്ചോ മത്സരങ്ങളില്‍ അദ്ദേഹം എറിഞ്ഞ പന്തുകളില്‍ 50 ശതമാനവും കട്ടറുകളായിരുന്നു. ഒരു ഓഫ് സ്പിന്നറെ പോലെ ലെഗ് സൈഡില്‍ നാലോ അഞ്ചോ പേരെ നിര്‍ത്തിയാണ് കമ്മിന്‍സ് ഫൈനലില്‍ ബൗള്‍ ചെയ്തത്. 10 ഓവര്‍ സ്‌പെല്ലില്‍ ആറ് മീറ്ററിനുള്ളില്‍ പിച്ച് ചെയ്ത് വെറും മൂന്ന് പന്തുകള്‍ മാത്രമാണ് അദ്ദേഹം എറിഞ്ഞത്. ഫൈനലില്‍ നിര്‍ണായക വിക്കറ്റുകളും വീഴ്ത്തി. 10 ഓവറും കമ്മിന്‍സ് എറിഞ്ഞത് മിഡ് ഓഫില്‍ ഒരു ഫീല്‍ഡറെ പോലും നിര്‍ത്താതെയാണ്. ഒരു ഫാസ്റ്റ് ബൗളര്‍ തന്റെ മുഴുവന്‍ സ്‌പെല്ലും ഒരു സ്പിന്‍ ടൈപ്പ് ഫീല്‍ഡൊരുക്കി എറിയുന്നത് ഞാന്‍ ഒരിക്കലും കണ്ടിട്ടില്ല. കളിയിലെ നിര്‍ണായക സ്‌പെല്ലായിരുന്നു കമ്മിന്‍സിന്റേത്.'' - അശ്വിന്‍ പറഞ്ഞു.

Content Highlights: Australia s understanding of Ahmedabad conditions left R Ashwin in awe