സന്നാഹത്തിൽ ഇന്ത്യയ്ക്ക് തകർപ്പൻ ജയം

കാന്‍ബെറ (ഓസ്‌ട്രേലിയ): ഓസ്‌ട്രേലിയ പ്രൈം മിനിസ്‌റ്റേഴസ് ഇലവനുമായുള്ള സന്നാഹ ക്രിക്കറ്റ് മത്സരത്തില്‍ ഇന്ത്യയ്ക്ക് ആറു വിക്കറ്റ് ജയം. മഴമൂലം 46 ഓവറാക്കി ചുരുക്കിയ മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയ 43.2 ഓവറില്‍ 240ന് പുറത്തായി. ഇന്ത്യ നാലു വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കണ്ടു.
ഓപ്പണര്‍മാരായ യശസ്വി ജയ്‌സ്വാള്‍ 59 പന്തില്‍ നിന്ന് 45 ഉം കെ. എല്‍.രാഹുല്‍ 44 പന്തില്‍ നിന്ന് 27 ഉം റണ്‍സ് നേടി. മറ്റുള്ളവര്‍ക്ക് ബാറ്റ് ചെയ്യാന്‍ അവസരം നല്‍കാനായി രാഹുല്‍ പിന്നീട് റിട്ടയര്‍ ചെയ്തു. മൂന്നാമനായി ഇറങ്ങിയ ശുഭ്മാന്‍ ഗില്‍ 62 പന്തില്‍ നിന്ന് 50 റണ്‍സ് നേടി. റിട്ടയര്‍ ചെയ്തു.
നിതീഷ് കുമാര്‍ റെഡ്ഡി, വാഷിങ്ടണ്‍ സുന്ദര്‍ എന്നിവര്‍ 42 റണ്‍സ് വീതമെടുത്തു. രവീന്ദ്ര ജഡേജ 27 റണ്‍സ് നേടി. ആദ്യ ടെസ്റ്റ് കളിക്കാതിരുന്ന ക്യാപ്റ്റന്‍ രോഹിത് ശര്‍മ പക്ഷേ, നിരാശപ്പെടുത്തി. പതിനൊന്ന് പന്ത് നേരിട്ട് രോഹിതിന് മൂന്ന് റണ്‍സ് മാത്രമാണ് നേടാനായത്.
തുടക്കത്തിൽ രണ്ട് വിക്കറ്റ് നഷ്ടപ്പെട്ട് വൻ തകർച്ചയെ നേരിട്ട ആതിഥേരെ ഒരുപരിധിവരെ രക്ഷിച്ചത് സെഞ്ചുറി നേടിയ ഓപ്പണർ സാം കോൺസ്റ്റാസാണ്. കഴിഞ്ഞ മാസം ഇന്ത്യ എയ്ക്കെതിരേ മികച്ച പ്രകടനം പുറത്തെടുത്തിരുന്ന കോൺസ്റ്റാസ് 97 പന്തിൽ നിന്ന് 107 റൺസാണ് നേടിയത്. ഹാന്നോ ജേക്കബ്സ് അറുപതും ജാക്ക് ക്ലേറ്റൺ നാൽപതും റൺസെടുത്തു. രണ്ടിന് 22 എന്ന നിലയിൽ പരുങ്ങിയ ആതിഥേയരെ മൂന്നിന് 131 റൺസ് എന്ന നിലയിലെത്തിച്ചത് കോൺസ്റ്റാസും ക്ലേറ്റണും ചേർന്നാണ്. ബാക്കിയാർക്കും തിളങ്ങാനായില്ല. ഇന്ത്യയ്ക്കുവേണ്ടി ഹർഷിത് റാണ നാലും ആകാഷ് ദീപ് രണ്ടും മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ, വാഷിങ്ടൺ സുന്ദർ, രവീന്ദ്ര ജഡേജ എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.
ബോര്‍ഡര്‍-ഗാവസ്‌ക്കര്‍ ട്രോഫിക്കുവേണ്ടിയുള്ള ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരം വിജയിച്ച് ഇന്ത്യ മുന്നിട്ടുനില്‍ക്കുകയാണ്. രണ്ടാം ടെസ്റ്റ് വെള്ളിയാഴ്ച അഡ്ലെയ്ഡിൽ ആരംഭിക്കും.
Content Highlights: Australia India cricket warm-up match Prime Minister`s XI batting collapse Mohammad Siraj Akash Deep