രണ്ടാം ടെസ്റ്റ്: ഇന്ത്യ പതറുന്നു, നാലു വിക്കറ്റ് നഷ്ടം

അഡ്‌ലെയ്ഡ്: ഓസ്‌ട്രേലിയയ്‌ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ബാറ്റിങ് തകർച്ച നേരിട്ട് ഇന്ത്യ. തുടക്കത്തിലെ തകർച്ചയ്ക്കുശേഷം തിരിച്ചുവരവിന്റെ ചെറിയ ലക്ഷണങ്ങൾ കാണിച്ച ഇന്ത്യ വീണ്ടും തകർച്ചയിലേയ്ക്ക് കൂപ്പുകുത്തിയിരിക്കുകയാണ്. ഡിന്നറിന് പിരിയുമ്പോൾ 82 റൺസെടുക്കുന്നതിനിടെ നാല് വിക്കറ്റ് നഷ്ടമായിരിക്കുകയാണ് സന്ദർശകർക്ക്. മുൻനിര ബാറ്റർമാരെല്ലാവരും കൂടാരംകയറിക്കഴിഞ്ഞു.
യശസ്വി ജയ്സ്വാൾ (0), കെ.എൽ. രാഹുൽ (64 പന്തിൽ 37), ശുഭ്മാൻ ഗിൽ (51 പന്തിൽ 31), വിരാട് കോലി ( എട്ട് പന്തിൽ ഏഴ്) എന്നിവരാണ് പുറത്തായത്. ജയ്സ്വാളിനെ മിച്ചൽ സ്റ്റാർക്ക് എറിഞ്ഞ കളിയുടെ ആദ്യ പന്തിൽ തന്നെ നഷ്ടമായി വിറച്ചുപോയ ഇന്ത്യ പിന്നീട് രാഹുലിന്റെയും ഗില്ലിന്റെയും ചെറുത്തുനിൽപിൽ തിരിച്ചുവരാൻ ശ്രമിച്ചെങ്കിലും പിന്നീട് ക്ഷണത്തിൽ ചീട്ടുകൊട്ടാരം പാേലെ തകരുകയായിരുന്നു. 69 റൺസിന്റെ കൂട്ടുകെട്ടാണ് ഇരുവരും ചേർന്ന് പടുത്തുയർത്തിയത്. എന്നാൽ, പത്തൊൻപതാം ഓവറിൽ രാഹുലിനെയും സ്റ്റാർക്ക് മടക്കിയതോടെ കഥ മാറി. അടുത്ത ഓവറിൽ കോലിയെയും കൂടി മടക്കി സ്റ്റാർക്ക് ഓസ്ട്രേലിയയ്ക്ക് മേൽക്കൈ നേടിക്കൊടുത്തു. അടുത്ത ഓവറിൽ ഗില്ലിനെ മടക്കി ബോളണ്ട് കളിയുടെ കടിഞ്ഞാൺ ഓസീസിന്റെ കൈയിൽ ഭദ്രമാക്കി.
ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തിരഞ്ഞെടുത്തു. പേസര്‍മാര്‍ അരങ്ങുവാണ ഒന്നാം ടെസ്റ്റില്‍ 295 റണ്‍സിന് ഓസ്‌ട്രേലിയയെ തോല്‍പിച്ച് പരമ്പരയില്‍ ലീഡ് നേടി നില്‍ക്കുകയാണ് ഇന്ത്യ.
രോഹിതിന് പുറമെ ഒരു മാറ്റം കൂടിയുണ്ട് ഇന്ത്യയ്ക്ക്. ആര്‍.അശ്വിനും ടീമില്‍ തിരിച്ചെത്തി. ഇവര്‍ക്ക് പകരം വാഷിങ്ടണ്‍ സുന്ദറും ശുഭ്മാന്‍ ഗില്ലും പുറത്തിരിക്കും. രവീന്ദ്ര ജഡേജ, ദേവ്ദത്ത് പടിക്കല്‍, ധ്രുവ് ജുറല്‍ എന്നിവരും ടീമിലില്ല. ആതിഥേയരായ ഓസീസ് ടീമില്‍ ഒരു മാറ്റമാണുള്ളത്. ജോഷ് ഹേസല്‍വുഡിന് പകരം സ്‌കോട്ട് ബാളണ്ട് ടീമിലെത്തി.
ടീം:
ഇന്ത്യ: യശസ്വി ജയ്‌സ്വാള്‍, കെ. എല്‍. രാഹുല്‍, ശുഭ്മാന്‍ ഗില്‍, വിരാട് കോലി, ഋഷഭ് പന്ത്, രോഹിത് ശര്‍മ, നിതീഷ്‌കുമാര്‍ റെഡ്ഡി, ആര്‍.അശ്വിന്‍, ഹര്‍ഷിത് റാണ, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്.
ഓസ്‌ട്രേലിയ: ഉസ്മാന്‍ ഖവാജ, നഥാന്‍ മക്‌സ്വീനി, മാര്‍നസ് ലബുഷെയ്ന്‍, സ്റ്റീവ് സ്മിത്ത്, ട്രാവിസ് ഹെഡ്, മിച്ചല്‍ മാര്‍ഷ്, അലക്‌സ് കാര്‍വി (വിക്കറ്റ്കീപ്പര്‍), പാറ്റ് കമ്മിന്‍സ്, മിച്ചല്‍ സ്റ്റാര്‍ക്ക്, നഥാന്‍ ലയണ്‍, സ്‌കോട്ട് ബോളണ്ട്.
Content Highlights: India struggles in the second Test, losing four wickets early.