ഏഷ്യാ കപ്പ് ട്രോഫി വിവാദം: എസിസി ആസ്ഥാനത്ത് ട്രോഫി ഇല്ല, മൊഹ്‌സിൻ നഖ്‌വിയുടെ കസ്റ്റഡിയിലോ?

മൊഹ്സിൻ നഖ്‌വി | ഫോട്ടോ - x.com/OsintUpdates
മൊഹ്സിൻ നഖ്‌വി | ഫോട്ടോ - x.com/OsintUpdates

അബുദാബി: ഏഷ്യാ കപ്പ് കിരീടം സംബന്ധിച്ച തർക്കമൊഴിയുന്നില്ല. ഏഷ്യൻ ക്രിക്കറ്റ് കൗൺസിലിന്റെ (എസിസി) ആസ്ഥാനത്ത് നിന്ന് ട്രോഫി അബുദാബിയിലെ ഒരു രഹസ്യ സ്ഥലത്തേക്ക് മാറ്റിയതായി ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 

ഒരു ബിസിസിഐ ഉദ്യോഗസ്ഥൻ അടുത്തിടെ എസിസി ആസ്ഥാനത്ത് നടത്തിയ സന്ദർശനത്തിലാണ് ട്രോഫി മാറ്റിയ വിവരം പുറത്തറിഞ്ഞത്. ട്രോഫി എവിടെയാണെന്ന് അന്വേഷിച്ചപ്പോൾ, അത് അബുദാബിയിൽ മൊഹ്‌സിൻ നഖ്‌വിയുടെ കസ്റ്റഡിയിലാണെന്ന് ജീവനക്കാർ അറിയിച്ചു.

സെപ്റ്റംബർ 28ന് ദുബായിൽ വെച്ച് ഏഷ്യാ കപ്പ് ഫൈനൽ മത്സരത്തിൽ ഇന്ത്യ പാകിസ്താനെതിരെ അഞ്ച് വിക്കറ്റിന് വിജയിച്ചതിന് ശേഷം, പാകിസ്താൻ ആഭ്യന്തര മന്ത്രിയും പാകിസ്താൻ ക്രിക്കറ്റ് ബോർഡ് മേധാവിയുമായ മൊഹ്‌സിൻ നഖ്‌വിയിൽ നിന്ന് ട്രോഫി സ്വീകരിക്കാൻ ഇന്ത്യ വിസമ്മതിച്ചതോടെയാണ് തർക്കം ആരംഭിച്ചത്. ഒരു ഉദ്യോഗസ്ഥൻ യാതൊരു വിശദീകരണവും നൽകാതെ വേദിയിൽ നിന്ന് ട്രോഫി എടുത്തുമാറ്റുകയും ചെയ്തു.

ഒക്ടോബർ ആദ്യം, ട്രോഫി തിരികെ നൽകുന്നതിന് നഖ്‌വി ചില വ്യവസ്ഥകൾ വെച്ചു. ട്രോഫി വേണമെങ്കിൽ എസിസി ഓഫീസിൽ വന്ന് തന്നിൽ നിന്ന് അത് കൈപ്പറ്റണമെന്ന് അദ്ദേഹം പറഞ്ഞു. ഏഷ്യാ കപ്പ് 2025 ട്രോഫി ഇന്ത്യക്ക് കൈമാറാൻ ഒരു ചടങ്ങ് സംഘടിപ്പിക്കാമെന്നും നഖ്‌വി നിർദ്ദേശിച്ചു. ഒരു ഇന്ത്യൻ താരം ചടങ്ങിൽ പങ്കെടുത്ത് തന്നിൽ നിന്ന് ട്രോഫി സ്വീകരിക്കണമെന്നായിരുന്നു നഖ്‌വിയുടെ ആവശ്യം.

ഫൈനലിന് ശേഷമുണ്ടായ പ്രശ്നങ്ങൾക്ക് നഖ്‌വി ബിസിസിഐയോട് ക്ഷമാപണം നടത്തിയെന്ന റിപ്പോർട്ടുകൾ ഉണ്ടായിരുന്നെങ്കിലും പിന്നീട് അദ്ദേഹം ഈ വാദങ്ങൾ നിഷേധിച്ചിരുന്നു. 

Content Highlights: The Asia Cup trophy is in an undisclosed location in Abu Dhabi after India refused to accept it from Pakistan`s minister amid cross-border tensions. Controversy continues.