ടീമിലെ അവസാന ഒ.ജികള്‍, ആദ്യ ഇലവനിലില്ലെങ്കില്‍ ഓസ്‌ട്രേലിയയിലേക്കില്ല;വിരമിക്കലിന് മുമ്പുള്ള നാടകീയത

#ടി.ജെ. ശ്രീജിത്ത്
അ്ശ്വിന്‍ ടീമംഗങ്ങളോട് സംസാരിക്കുന്നു/ അശ്വിന്‍ രോഹിതിനൊപ്പം അവസാന വാര്‍ത്താസമ്മേളനത്തിന് പോകുമ്പോള്‍ | Photo: instagram/ indian cricket team
അ്ശ്വിന്‍ ടീമംഗങ്ങളോട് സംസാരിക്കുന്നു/ അശ്വിന്‍ രോഹിതിനൊപ്പം അവസാന വാര്‍ത്താസമ്മേളനത്തിന് പോകുമ്പോള്‍ | Photo: instagram/ indian cricket team

''ഞങ്ങളാണ് ടീമിലെ അവസാന 'ഒ.ജി.'കള്‍...'' അന്താരാഷ്ട്ര ക്രിക്കറ്റില്‍നിന്ന് വിരമിക്കുന്നതിനുമുന്‍പ് രോഹിത് ശര്‍മയ്‌ക്കൊപ്പമിരുന്ന് രവിചന്ദ്രന്‍ അശ്വിന്‍ പറഞ്ഞ വാക്കുകളാണിത്. ടീമിലെ സീനിയേഴ്സിനെ സൂചിപ്പിക്കുന്ന 'ഒറിജിനല്‍ ഗാങ്സ്റ്റര്‍' എന്നാണ് അശ്വിന്‍ ഉദ്ദേശിച്ചതെങ്കിലും 'ഓള്‍ഡ് ജനറേഷന്‍' എന്നും വ്യാഖ്യാനിക്കാം. അശ്വിന്റെ വിടപറയല്‍ പത്രസമ്മേളനം വരികള്‍ക്കിടയിലൂടെ വായിച്ചുപോകേണ്ടതാണ്... ''ക്രിക്കറ്റര്‍ എന്നനിലയില്‍ എന്നില്‍ ഇനിയും പഞ്ച് ബാക്കിയുണ്ട്, അതുപക്ഷേ, ക്ലബ് ക്രിക്കറ്റിനായി മാറ്റിവെക്കുന്നു...'' ഇഷ്ടമുണ്ടായിട്ടല്ല ആ വിരമിക്കലെന്ന സൂചനനല്‍കുന്ന വാചകങ്ങള്‍ ഇനിയുമുണ്ട്. പത്രസമ്മേളനം തുടങ്ങിയത് ''ഞാനിത് എന്നെക്കുറിച്ച് പറയാന്‍ ശരിക്കും ആഗ്രഹിച്ചിരുന്നില്ല...!'' എന്നുപറഞ്ഞുകൊണ്ടാണ്. അതവസാനിച്ചതാകട്ടെ ''തത്കാലം നിങ്ങളുടെ ചോദ്യങ്ങള്‍ക്കൊന്നും മറുപടിതരാന്‍ ആഗ്രഹിക്കുന്നില്ല, ക്ഷമിക്കൂ...'' എന്നും.

അന്ന് ഞെട്ടിച്ചത് ധോനി

ഓസ്ട്രേലിയക്കെതിരായ ടെസ്റ്റുകള്‍ ഇന്ത്യക്ക് എന്നും ഇത്തരം ഞെട്ടലുകള്‍ സമ്മാനിച്ചിട്ടുണ്ട്. അതിലെ വലിയ ഞെട്ടല്‍ മഹേന്ദ്രസിങ് ധോനിയുടെ വിരമിക്കലായിരുന്നു. അതും ഇതുപോലൊരു ഡിസംബറിലായിരുന്നു. 2014-ലെ ബോര്‍ഡര്‍-ഗാവസ്‌കര്‍ പരമ്പരയില്‍ മെല്‍ബണ്‍ ടെസ്റ്റ് സമനിലയിലായതിനുപിന്നാലെ ധോനി രവിശാസ്ത്രിയോട് പറഞ്ഞു: ''എനിക്ക് ടീമിനോടൊന്ന് സംസാരിക്കണം''. ടെസ്റ്റ് സമനിലയാക്കിയതിന് ടീമിനെ അഭിനന്ദിക്കാനായിരിക്കുമെന്നാണ് കരുതിയത്.

അന്നത്തെ ആ ടീം മീറ്റിങ്ങില്‍ അശ്വിനും വിരാട് കോലിയുമുണ്ടായിരുന്നു. ധോനി പറഞ്ഞു: ''സിഡ്നി ടെസ്റ്റില്‍ ഞാനുണ്ടാകില്ല, എല്ലാവര്‍ക്കും നന്ദി... ഞാന്‍ അവസാനിപ്പിക്കുന്നു, ഇനി വെള്ള ജേഴ്സിയില്‍ ഞാനുണ്ടാവില്ല.'' അഞ്ചുമിനിറ്റില്‍ അവസാനിച്ച ആ സംസാരം കോച്ചിനെയും സഹകളിക്കാരെയും ഞെട്ടിച്ചു. പരമ്പരയില്‍ ഒരു ടെസ്റ്റ് ബാക്കിയുള്ളപ്പോഴായിരുന്നു ധോനിയുടെ വിരമിക്കല്‍. സൗരവ് ഗാംഗുലി, അനില്‍ കുംബ്ലെ, രാഹുല്‍ ദ്രാവിഡ്, വി.വി.എസ്. ലക്ഷ്മണ്‍, വീരേന്ദര്‍ സെവാഗ്... ഓസ്ട്രേലിയക്കെതിരായ പരമ്പരയ്ക്കിടെയോ തൊട്ടുപിന്നാലയോ വിരമിച്ച ഇന്ത്യന്‍ ഇതിഹാസ ക്രിക്കറ്റര്‍മാരുടെ പട്ടിക നീളുന്നു.

പുറത്തിരുത്തലില്‍ അസ്വസ്ഥന്‍

അശ്വിന്റെ വിരമിക്കല്‍ ഇതില്‍നിന്നൊക്കെ വ്യത്യസ്തമാണ്. ഓസ്ട്രേലിയന്‍ ടൂറിനുള്ള ടീമിലുള്‍പ്പെടാന്‍ അശ്വിന്‍ ആഗ്രഹിച്ചിരുന്നില്ല. ആദ്യ ഇലവനില്‍ ഉള്‍പ്പെടുന്നില്ലെങ്കില്‍ പരമ്പരയുടെ ഭാഗമാകാന്‍ താത്പര്യമില്ലെന്ന് അശ്വിന്‍ ടീം മാനേജ്മെന്റിനെ അറിയിച്ചിരുന്നതായാണ് വിവരം. പെര്‍ത്തില്‍നടന്ന ആദ്യടെസ്റ്റില്‍ പുറത്തിരുത്തിയതോടെ അശ്വിന്‍ അസ്വസ്ഥനായിരുന്നു. ടീമിനൊപ്പമില്ലായിരുന്ന നായകന്‍ രോഹിത് ശര്‍മ ടെസ്റ്റിന്റെ അവസാനദിവസമാണ് എത്തിയത്. വിരമിക്കലിനെക്കുറിച്ച് ആലോചിച്ച അശ്വിനോട് അഡ്ലെയ്ഡിലെ പിങ്ക് ബോള്‍ ടെസ്റ്റ് കളിക്കാന്‍ രോഹിതാണ് നിര്‍ബന്ധിച്ചത്. പക്ഷേ, ബ്രിസ്‌ബെയ്‌നില്‍ അശ്വിന്‍ വീണ്ടും പുറത്തായി.

അര്‍ഹിച്ചിരുന്നു, വിടവാങ്ങല്‍ മത്സരം

ടീമിനൊപ്പം വലിയ റെക്കോഡുള്ള അശ്വിന്‍, അയാള്‍ കളിച്ചുവളര്‍ന്ന ചെപ്പോക്കിന്റെ മണ്ണില്‍ ഒരു വിടവാങ്ങല്‍ ടെസ്റ്റ് അര്‍ഹിച്ചിരുന്നു. ഇങ്ങനെയായിരുന്നില്ല അശ്വിനെ പറഞ്ഞയക്കേണ്ടതെന്ന് ക്രിക്കറ്റ് ലോകം ഒന്നടങ്കം പറഞ്ഞുതുടങ്ങിയിരിക്കുന്നു. അശ്വിന്റെ വിരമിക്കലിലൂടെ ഒരു കാര്യം ഉറപ്പിക്കാം കോച്ച് ഗൗതം ഗംഭീറിന്റെ നേതൃത്വത്തില്‍ ഇന്ത്യന്‍ ടീം നിര്‍ബന്ധപൂര്‍വം വലിയൊരു തലമുറമാറ്റത്തിലേക്ക് കടന്നിരിക്കുന്നു... രോഹിത് ശര്‍മ, വിരാട് കോലി, രവീന്ദ്ര ജഡേജ... പേരുകള്‍ ഇനിയും ബാക്കിയാണ്.

Content Highlights: ashwins final press conference as india cricketer