മണിക്കൂറിൽ 154.2 കിലോമീറ്റർ വേഗം! ക്രിക്കറ്റ് ലോകം തിരഞ്ഞു... ആരാണ് ഈ അശോക് ശർമ

#സ്പോർട്സ് ഡെസ്ക്
അശോക് ശർമ | AP
അശോക് ശർമ | AP

അഹമ്മദാബാദ്: രാജസ്ഥാൻ റോയൽസിനെതിരായ ഐ.പി.എൽ. മത്സരത്തിലെ 16-ാം ഓവറിലെ അവസാന പന്ത് എറിഞ്ഞപ്പോൾ ക്രിക്കറ്റ് ലോകം ചോദിക്കാൻ തുടങ്ങി, ആരാണ് ഈ അശോക് ശർമ. ഗുജറാത്ത് ടൈറ്റൻസിന്റെ പേസ് ബൗളർ എന്ന ഒറ്റവരിയിൽ ഉത്തരം പറയാം. അതിനുമപ്പുറം ഈ സീസണിലെ വേഗമേറിയ പന്തെറിഞ്ഞ ബൗളർകൂടിയാണ് താരം. മണിക്കൂറിൽ 154.2 കിലോമീറ്റർ വേഗത്തിലാണ് അശോകിന്റെ യോർക്കർ ബോൾ പാഞ്ഞുപോയത്. ധ്രുവ് ജുറെലാണ് പന്ത് നേരിടാൻ ക്രീസിലുണ്ടായിരുന്നത്.

അതിവേഗത്തിൽ പന്തെറിഞ്ഞെങ്കിലും ഐ.പി.എൽ. ചരിത്രത്തിലെ വേഗമേറിയ അഞ്ച് പന്തുകളിൽ ഇത് ഇടംപിടിച്ചിട്ടില്ല. ഓസ്‌ട്രേലിയൻ താരം ഷോൺ ടൈറ്റാണ് ഈ റെക്കോഡിനുടമ. 2011-ൽ രാജസ്ഥാൻ റോയൽസ് താരമായ ടൈറ്റ് ഡൽഹി െഡയർഡെവിൾസിനെതിരേ മണിക്കൂറിൽ 157.71 കിലോമീറ്റർ സ്പീഡിൽ പന്തെറിഞ്ഞാണ് ചരിത്രം സൃഷ്ടിച്ചത്. ഇന്ത്യക്കാരിൽ മണിക്കൂറിൽ 157 കി.മീ. വേഗത്തിൽ പന്തെറിഞ്ഞ ഉമ്രാൻ മാലിക്കാണ് ഒന്നാമത്.

രാജസ്ഥാൻകാരനായ അശോക് മീഡിയം പേസറാണ്. സ്വിങ് ബൗളിങ്ങിനും കൃത്യതയ്ക്കും പേരുകേട്ടതാരം. 23-കാരനായ ബൗളറെ 90 ലക്ഷം രൂപയ്ക്കാണ് ലേലത്തിൽ ഗുജറാത്ത് നേടിയത്. മുൻപ്‌ രാജസ്ഥാൻ റോയൽസിലും കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിലുമുണ്ടായിരുന്നെങ്കിലും കളിക്കാൻ അവസരം ലഭിച്ചിരുന്നില്ല. ആഭ്യന്തരക്രിക്കറ്റിൽ രാജസ്ഥാനു വേണ്ടിയാണ് കളിക്കുന്നത്. ഇന്ത്യൻ എ ടീമിലും കളിച്ചിട്ടുണ്ട്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ നാലും ലിസ്റ്റ് എ യിൽ ഏഴും മത്സരങ്ങളാണ് കളിച്ചത്. മൊത്തം 12 ട്വന്റി-20 മത്സരങ്ങളിൽ ഇറങ്ങി. ഐ.പി.എലിൽ രണ്ടാം മത്സരമാണ് കളിച്ചത്. രണ്ട് വിക്കറ്റ് നേടിയിട്ടുണ്ട്.

Content Highlights: Ashok Sharma clocked a record-breaking 154.2 kmph delivery in IPL 2026., The 23-year-old Rajasthan native represents Gujarat Titans in the current season., Comparison with IPL speed legends like Shaun Tait and Umran Malik., Professional journey from Rajasthan domestic cricket to IPL debut success.