വിവാഹേതര ബന്ധം, വൈസ് ക്യാപ്റ്റൻ സ്ഥാനത്തുനിന്ന് നീക്കണമെന്ന വിമർശനത്തിന് മറുപടിയുമായി ഗാർഡ്നർ

#സ്പോർട്സ് ഡെസ്ക്
ആഷ്‌ലി ഗാര്‍ഡ്‌നറും പങ്കാളി മോണിക്ക റൈറ്റും, ജോര്‍ജിയ വോള്‍ | Photo: Getty Images
ആഷ്‌ലി ഗാര്‍ഡ്‌നറും പങ്കാളി മോണിക്ക റൈറ്റും, ജോര്‍ജിയ വോള്‍ | Photo: Getty Images

സിഡ്‌നി: ടി20 ലോകകപ്പ് നേട്ടത്തിനു പിന്നാലെ ഓസ്ട്രേലിയൻ വനിതാ ക്രിക്കറ്റ് ടീമിനെ പിടിച്ചുലച്ച വിവാദമാണ് വൈസ് ക്യാപ്റ്റൻ ആഷ്ലി ഗാർഡ്നർ, സഹതാരമായ ജോർജിയ വോളുമായി വഴിവിട്ട ബന്ധത്തിലാണെന്ന് ആരോപിച്ച് ആഷ്ലിയുടെ പങ്കാളി മോണിക്ക റൈറ്റ് പരസ്യമായി രംഗത്തെത്തിയത്. പിന്നാലെ ഓസീസ് വൈസ് ക്യാപ്റ്റനെതിരേ ആരോപണങ്ങളുമായി മോണിക്ക വിഷയം കടുപ്പിച്ചു. ഗാർഡ്നർക്കെതിരേ നടപടിയെടുക്കാത്തതിൽ അടുത്തിടെ ക്രിക്കറ്റ് ഓസ്ട്രേലിയക്കെതിരേ മോണിക്ക വിമർശനമുന്നയിക്കുകയും ചെയ്തു. അതിന് പിന്നാലെ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ഗാർഡ്നർ.

ഭാര്യയുമായുള്ള വേർപിരിയൽ വ്യക്തിപരമായ കാര്യമാണെന്ന് പറഞ്ഞാണ് ഗാർഡ്നറുടെ സാമൂഹികമാധ്യമങ്ങളിലെ കുറിപ്പ് ആരംഭിക്കുന്നത്. എന്നാൽ വൈസ് ക്യാപ്റ്റനായതിനാൽ വിഷയം ക്രിക്കറ്റ് ഓസ്‌ട്രേലിയ പരിഗണിക്കേണ്ടതുണ്ടെന്നും ഗാർഡ്നർ വ്യക്തമാക്കുന്നു. എന്റെ നേതൃസ്ഥാനത്തെ പിന്തുണക്കാനുള്ള ക്രിക്കറ്റ് ഓസ്ട്രേലിയയുടെ തീരുമാനത്തിൽ നന്ദി രേഖപ്പെടുത്തുന്നു. നേതൃസ്ഥാനത്തുള്ള ആളെന്ന നിലയിൽ കരുത്തോടെ നിൽക്കുകയും വരാനിരിക്കുന്ന സീസണിൽ സഹതാരങ്ങൾക്ക് കഴിയാവുന്നത്ര പിന്തുണ നൽകുകയും ചെയ്യും. - ഗാർഡ്നർ കുറിച്ചു.

മോണിക്കയുമായി പങ്കുവെച്ച നിമിഷങ്ങൾക്ക് നന്ദിയുണ്ട്. എന്നാൽ ഇത് മൂലം ഉണ്ടായ വേദനയിൽ ഖേദിക്കുന്നു. ഭാവിയിൽ അവൾക്ക് സന്തോഷവും വിജയവും ആശംസിക്കുന്നു. ഈ വിഷയത്തിൽ ഇനി പരസ്യമായ പ്രതികരണങ്ങളൊന്നും ഉണ്ടാകില്ല. തങ്ങളുടെ സ്വകാര്യതയെ മാനിക്കണമെന്നും അഭ്യർത്ഥിക്കുന്നു." - ഗാർഡ്നർ തന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ കുറിച്ചു.

ആഷ്ലിയെ വൈസ് ക്യാപ്റ്റൻ സ്ഥാനത്തുനിന്ന് നീക്കണമെന്നും ക്രിക്കറ്റ് ഓസ്ട്രേലിയ ഇതിനെ പിന്തുണയ്ക്കുന്നുണ്ടോയെന്നും നേരത്തേ മോണിക്ക ചോദിച്ചിരുന്നു. രാജ്യത്തെ പ്രതിനിധീകരിക്കാനും ഒരു മാതൃകയായി മാറാനും അത്തരമൊരു വ്യക്തിത്വമായി കാണപ്പെടാനുമുള്ള ഭാഗ്യം നിങ്ങൾക്കുണ്ടെങ്കിൽ, ഉയർന്ന ധാർമ്മിക നിലവാരം പുലർത്തേണ്ട ഉത്തരവാദിത്വം നിങ്ങൾക്കുണ്ട്. ജൂനിയർ സ്റ്റാഫ് അംഗവുമായി ബന്ധം പുലർത്തുകയും തുടർന്ന് നേതൃസ്ഥാനത്ത് തുടരാനും കഴിയില്ല. ക്യാപ്റ്റൻമാർ മാതൃക തീർക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത്തരം പെരുമാറ്റങ്ങൾ ആ നിലവാരം കാണിക്കാത്തതാണെന്നും മോണിക്ക വിമർശിച്ചിരുന്നു. അതേസമയം വിഷയം തീർത്തും വ്യക്തിപരമാണെന്നാണ് ക്രിക്കറ്റ് ഓസ്ട്രേലിയ പ്രതികരിച്ചത്.

ബ്രിട്ടീഷ് മാധ്യമമായ ഡെയ്ലി മെയിലാണ് ആഷ്ലി ഗാർഡ്നറും മോണിക്ക റൈറ്റും തമ്മിലുള്ള വിവാഹ ബന്ധം തകർന്നതായി ആദ്യം റിപ്പോർട്ട് ചെയ്യുന്നത്. മറ്റൊരു കളിക്കാരിയുമായുള്ള വഴിവിട്ട ബന്ധത്തെത്തുടർന്ന് ആഷ്ലി ഗാർഡ്നറുടെ ദാമ്പത്യം തകർച്ചയിലാണെന്നായിരുന്നു ഡെയ്ലി മെയിലിന്റെ റിപ്പോർട്ട്. എന്നാൽ ഈ റിപ്പോർട്ടിൽ സഹതാരം ആരെന്ന് വെളിപ്പെടുത്തിയിരുന്നില്ല. എന്നാൽ ഈ റിപ്പോർട്ട് വന്ന് മണിക്കൂറുകൾക്കുള്ളിൽ മോണിക്ക റൈറ്റ് തന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറികളിലൂടെ താരം ആരെന്ന് വെളിപ്പെടുത്തി രംഗത്തെത്തിയതോടെ വിവാദം കൊഴുത്തു. ജോർജിയ വോളിന്റെ ചിത്രം ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചുകൊണ്ട്, 'ഇവർക്കൊപ്പമാണ് എന്റെ പങ്കാളി എന്നെ വഞ്ചിച്ചത്' എന്ന് മോണിക്ക റൈറ്റ് കുറിച്ചു. ഡെയ്‌ലി മെയിൽ റിപ്പോർട്ട് തികച്ചും അവ്യക്തമാണെന്ന് കുറിച്ചുകൊണ്ടാണ്, തന്റെ പങ്കാളി ജോർജിയ വോളുമായാണ് തന്നെ ചതിച്ചതെന്ന് മോണിക്ക പരസ്യമായി തുറന്നടിച്ചത്.

കഴിഞ്ഞ വർഷം ഏപ്രിലിലാണ് ആഷ്ലിയും മോണിക്കയും വിവാഹിതരായത്. നാലു വർഷം നീണ്ട പ്രണയത്തിനൊടുവിലായിരുന്നു വിവാഹം. അടുത്ത സുഹൃത്തുക്കളും കുടുംബവും ക്രിക്കറ്റ് താരങ്ങളും വിവാഹച്ചടങ്ങിൽ പങ്കെടുത്തിരുന്നു. ഇരുവരും 2021 മുതൽ പ്രണയത്തിലായിരുന്നു എന്നാണ് അന്ന് പുറത്തുവന്ന റിപ്പോർട്ടുകൾ.

Content Highlights: Monica Wright publicly accused Ashleigh Gardner of infidelity with teammate Georgia Voll., Cricket Australia maintained that the issue is personal and kept Gardner in her leadership role