ക്യാരിക്ക് സെഞ്ചുറി, ആദ്യ ദിനം മൂന്നൂറ് കടന്ന് ഓസീസ്

#സ്പോർട്സ് ഡെസ്ക്
അലക്സ് ക്യാരി | AFP
അലക്സ് ക്യാരി | AFP

അഡ്‌ലെയ്ഡ്: ആഷസ് പരമ്പരയിലെ മൂന്നാം ടെസ്റ്റില്‍ ഓസീസ് ഒന്നാമിന്നിങ്‌സ് ബാറ്റിങ് തുടരുന്നു. ഒന്നാംദിനം കളിയവസാനിക്കുമ്പോള്‍ എട്ടുവിക്കറ്റ് നഷ്ടത്തില്‍ 326 റണ്‍സെന്ന നിലയിലാണ്. സെഞ്ചുറി തികച്ച വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ അലക്‌സ് ക്യാരിയും അര്‍ധസെഞ്ചുറി തികച്ച ഉസ്മാന്‍ ഖവാജയുമാണ് ഓസീസിന് കരുത്തായത്.

ടോസ് നേടി ബാറ്റിങ് ആരംഭിച്ച ഓസ്‌ട്രേലിയക്ക് ഓപ്പണര്‍മാരെ വേഗത്തില്‍ നഷ്ടമായി. ട്രാവിസ് ഹെഡ് 10 റണ്‍സും ജെയ്ക്ക് വെതറാള്‍ഡ് 18 റണ്‍സുമെടുത്ത് പുറത്തായി. നാലാമനായി ഇറങ്ങിയ ഉസ്മാന്‍ ഖവാജയാണ് ഓസീസ് ഇന്നിങ്‌സിനെ മുന്നോട്ടുനയിച്ചത്. മാര്‍നസ് ലബുഷെയ്ന്‍(19), കാമറൂണ്‍ ഗ്രീന്‍ (0) എന്നിവര്‍ക്ക് കാര്യമായ പ്രകടനം കാഴ്ചവെക്കാനായില്ല. അതോടെ ഓസീസ് 94-4 എന്ന നിലയിലായി.

അഞ്ചാം വിക്കറ്റില്‍ ഖവാജയും അലക്‌സ് ക്യാരിയും ചേര്‍ന്നാണ് ടീമിനെ കരകയറ്റിയത്. ഖവാജ അര്‍ധസെഞ്ചുറിയോടെ തിളങ്ങി. 91 റണ്‍സിന്റെ കൂട്ടുകെട്ടാണ് ഇരുവരും പടുത്തുയര്‍ത്തിയത്. ഖവാജ 82 റണ്‍സെടുത്ത് മടങ്ങി. ജോഷ് ഇംഗ്ലിസ്(32), പാറ്റ് കമ്മിന്‍സ്(13) എന്നിവരുമായി ചേര്‍ന്ന് ക്യാരി കൂട്ടുകെട്ടുണ്ടാക്കി. ക്യാരി സെഞ്ചുറി തികച്ചതോടെ ടീം സ്‌കോര്‍ 320-കടന്നു. 321 ല്‍ നില്‍ക്കേ 106 റണ്‍സെടുത്ത് താരം പുറത്തായി. മിച്ചല്‍ സ്റ്റാര്‍ക്കും(33) നേതന്‍ ലിയോണുമാണ്(0) ക്രീസില്‍. ഇംഗ്ലണ്ടിനായി ജൊഫ്ര ആര്‍ച്ചര്‍ മൂന്നുവിക്കറ്റെടുത്തു.

Content Highlights: ashes series live updates