160 റൺസുമായി റൂട്ട്, ഇംഗ്ലണ്ട് 384 ന് പുറത്ത്; ഹെഡിലൂടെ തിരിച്ചടിച്ച് ഓസീസ്

സിഡ്‌നി: ആഷസ് പരമ്പരയിലെ അഞ്ചാം ടെസ്റ്റിൽ ഇംഗ്ലണ്ട് ഒന്നാമിന്നിങ്സിൽ 384 റൺസിന് പുറത്ത്. സെഞ്ചുറി നേടിയ ജോ റൂട്ടിന്റെ ഇന്നിങ്സാണ് ഇംഗ്ലണ്ടിന് മികച്ച സ്കോർ സമ്മാനിച്ചത്. റൂട്ട് 160 റൺസെടുത്ത് പുറത്തായി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഓസീസ് 20.3 ഓവറിൽ 100-1 എന്ന നിലയിലാണ്. ട്രാവിസ് ഹെഡ് (58) അർധ സെഞ്ചുറി തികച്ചു.
മൂന്നിന് 211 എന്നനിലയിൽ രണ്ടാം ദിനം കളിയാരംഭിച്ച ഇംഗ്ലണ്ടിന് റൂട്ടിന്റെ സെഞ്ചുറിയാണ് കരുത്തായത്. 84 റൺസെടുത്ത് ഹാരി ബ്രൂക്കും ഡക്കായി ബെൻ സ്‌റ്റോക്‌സും പുറത്തായത് ഇംഗ്ലണ്ടിനെ പ്രതിരോധത്തിലാക്കി. എന്നാൽ ജാമി സ്മിത്തുമായി ചേർന്ന് കൂുട്ടുകെട്ടുണ്ടാക്കിയ റൂട്ട് ടീമിനെ മുന്നൂറ് കടത്തി. താരം സെഞ്ചുറിയും തികച്ചു. സ്മിത്ത് 46 റൺസെടുത്ത് മടങ്ങി. വിൽ ജാക്ക്‌സ്(27), ബ്രൈഡൻ കാഴ്‌സെ(1), ജോഷ് ടങ്ക്(1) എന്നിവർ നിരാശപ്പെടുത്തി. ശ്രദ്ധയോടെ ബാറ്റേന്തിയ റൂട്ട് 160 റൺസെടുത്താണ് മടങ്ങിയത്. ഒടുക്കം 384 റൺസിന് ഇംഗ്ലീഷ് ഇന്നിങ്‌സ് അവസാനിച്ചു. ഓസ്ട്രേലിയക്കായി മൈക്കൽഡ നെസർ നാല് വിക്കറ്റെടുത്തു.
നേരത്തേ ടോസ് നേടിയ ഇംഗ്ലണ്ട് ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. തുടക്കത്തിൽ അതിവേഗം സ്കോർചെയ്ത ബെൻ ഡെക്കറ്റ് 24 പന്തിൽ അഞ്ചുഫോർ ഉൾപ്പെടെ 27-ലെത്തിയപ്പോൾ മിച്ചൽ സ്റ്റാർക്കിന്റെ പന്തിൽ വിക്കറ്റ് കീപ്പർ അലക്സ് കാരിക്ക് ക്യാച്ച് നൽകി. നാല് ഓവറിനുശേഷം സാക് ക്രോളിയെ മെക്കൽ നേസർ ക്ലീൻ ബൗൾഡാക്കിയതോടെ ഇംഗ്ലണ്ട് പതിവുതകർച്ചയിലേക്ക് നീങ്ങുകയാണെന്നു തോന്നി. വൈകാതെ, സ്കോട്ട് ബോളണ്ടിന്റെ പന്തിൽ ജേക്കബ് ബേത്തലിനെയും അലക്സ് കാരി ക്യാച്ചെടുത്തതോടെ മൂന്നിന് 57.
ഇവിടെവച്ച് ഒത്തുചേർന്ന റൂട്ട്-ബ്രൂക് സഖ്യം 193 പന്തിലാണ് 154 റൺസ് ചേർത്തത്. 103 പന്ത് നേരിട്ട റൂട്ട്, എട്ട് ഫോറടിച്ചപ്പോൾ 92 പന്തിൽ ആറു ഫോറും ഒരു സിക്സും ഉൾപ്പെടെയാണ് ബ്രൂക് 78 അടിച്ചത്. വൈകുന്നേരം ചായയ്ക്കുമുൻപ് മഴയും ഇടിയും എത്തിയതോടെ കളി നിർത്തി. പിന്നാലെ വെളിച്ചക്കുറവും വന്നതോടെ ആദ്യദിനത്തെ കളി അവസാനിപ്പിക്കുകയായിരുന്നു.
Content Highlights: ashes test series joe root century