അച്ഛനു നൽകിയ വാക്ക് പാലിച്ച് ആര്യവീർ; വീരേന്ദർ സെവാഗിന് നൽകിയ വാഗ്ദാനം വെളിപ്പെടുത്തി താരം

#സ്പോര്‍ട്‌സ് ഡെസ്‌ക്‌

യുഎഇയ്‌ക്കെതിരായ അണ്ടർ 19 ഏഷ്യാ കപ്പ് മത്സരത്തിൽ സെഞ്ചുറി നേടി കളിയിലെ താരമായത് വീരേന്ദർ സെവാഗിന്റെ മകൻ ആര്യവീർ സെവാഗായിരുന്നു. 168 പന്തിൽ നിന്ന് 160 റൺസ് അടിച്ചുകൂട്ടിയ ആര്യവീറിന്റെ കരുത്തിൽ യുഎഇയെ തകർത്ത് ഇന്ത്യ അണ്ടർ-19 ഏഷ്യ കപ്പിന്റെ സെമിഫൈനലിൽ പ്രവേശിക്കുകയും ചെയ്തു. വലിയ ഇന്നിങ്‌സ് കളിക്കുമെന്ന് താൻ അച്ഛന് ഉറപ്പ് നൽകിയിരുന്നുവെന്ന് കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ട ശേഷം ആര്യവീർ പ്രതികരിച്ചു.

വലിയ സ്‌കോറുകളെ മാത്രമേ അച്ഛൻ വിലമതിക്കുകയുള്ളൂ എന്നറിയാവുന്നതുകൊണ്ട്, അദ്ദേഹത്തിന് ഒരു വലിയ സെഞ്ചുറി സമ്മാനിക്കുമെന്ന് താൻ വാഗ്ദാനം ചെയ്തിരുന്നതായി താരം പറഞ്ഞു.

''സെഞ്ചുറി നേടിയാലും 150-ന് മുകളിൽ റൺസ് അടിച്ചെടുത്താൽ മാത്രമേ അച്ഛന്റെ സന്തോഷവും ബഹുമാനവും ലഭിക്കൂ എന്ന് എനിക്കറിയാമായിരുന്നു. അതിനാൽ വലിയൊരു സെഞ്ചുറി അടിക്കുമെന്ന് ഞാൻ അച്ഛന് വാക്ക് നൽകിയിരുന്നു. അത് പാലിക്കാൻ കഴിഞ്ഞതിൽ വലിയ സന്തോഷമുണ്ട്.'' - മത്സരശേഷം ആര്യവീർ പറഞ്ഞു.

മത്സരത്തിന്റെ ആദ്യ ഘട്ടത്തിൽ വിക്കറ്റിൽ നിന്ന് സ്പിൻ ബൗളർമാർക്ക് അനുകൂലമായ സാഹചര്യം ലഭിച്ചിരുന്നു. തുടക്കത്തിൽ പന്തിന്റെ മൂവ്മെന്റും ടേണും കണ്ട് ക്ഷമതയോടെ ബാറ്റ് ചെയ്ത ആര്യവീർ 68 പന്തിലാണ് തന്റെ അർധസെഞ്ചുറി തികച്ചത്. അതിനുശേഷം ആക്രമണ ശൈലിയിലേക്ക് മാറിയ താരം മൈതാനത്തിന്റെ നാനാഭാഗത്തേക്കും സിക്‌സറുകളും ഫോറുകളും പായിച്ചു. ഇന്നിങ്‌സിൽ ആകെ 17 ഫോറുകളും ഏഴ് സിക്‌സറുകളുമാണ് ആര്യവീർ അടിച്ചുകൂട്ടിയത്.

Content Highlights: Aryavir Sehwag scored 160 runs off 168 balls against UAE in the Under-19 Asia Cup., He fulfilled a promise made to his father, Virender Sehwag, to score a big century above 150 runs., His knock included 17 fours and 7 sixes, helping India secure a semi-final spot.