വൈഭവ് സൂര്യവംശിക്കുശേഷം ബിഹാറിൽ നിന്നൊരു താരോദയം കൂടി; 126 പന്തിൽ 306 റൺസ് നേടി 15-കാരി അക്ഷര

അക്ഷര ഗുപ്ത | Photo: instagram/ bca
അക്ഷര ഗുപ്ത | Photo: instagram/ bca

പറ്റ്‌ന: വൈഭവ് സൂര്യവംശിക്ക് ശേഷം ബിഹാറിൽ നിന്ന് മറ്റൊരു യുവതാരം കൂടി. ബിഹാർ ക്രിക്കറ്റ് അസോസിയേഷന്റെ വനിതാ അണ്ടർ-19 ഏകദിന ക്രിക്കറ്റ് ടൂർണമെന്റിൽ അക്ഷര ഗുപ്തയാണ് പുതിയ ചരിത്രമെഴുതിയത്. 126 പന്തിൽനിന്ന് 55 ഫോറിന്റേയും എട്ട് സിക്‌സറുകളുടേയും അകമ്പടിയോടെ പുറത്താകാതെ 306 റൺസ് അക്ഷര അടിച്ചെടുത്തു. സ്‌ട്രൈക്ക് റേറ്റ് ആകട്ടെ 242.86ഉം.

16 പന്തിൽ നിന്ന് അമ്പത് റൺസിലെത്തിയ അക്ഷര 34 പന്തിൽ സെഞ്ചുറിയും പൂർത്തിയാക്കി. ആഭ്യന്തര ക്രിക്കറ്റിലെ ഏറ്റവും മികച്ച സ്‌കോറുകളിലൊന്ന് സ്വന്തമാക്കാനും അക്ഷരക്ക് കഴിഞ്ഞു. ഇതിന് മുമ്പ് മുംബെയുടെ ഇറാ ഗുപ്തയാണ് 300-ന് മുകളിൽ സ്‌കോർ നേടിയത്. അന്ന് 42 ഫോറുകളുടേയും 16 സിക്‌സറുകളുടേയും അകമ്പടിയോടെ പുറത്താകാതെ 346 റൺസാണ് ഇറ അടിച്ചെടുത്തത്.

ചമ്പാരനിലെ റക്‌സൗലിൽ നിന്ന് വരുന്ന 15-കാരിയായ അക്ഷര ബിഹാർ അണ്ടർ-19 വനിതാ ടീമിന്റെ ക്യാപ്റ്റൻ കൂടിയാണ്. രണ്ട് വർഷത്തിനിടെ ബിസിസിഐയുടെ നാല് ടൂർണമെന്റുകളിൽ തുടർച്ചയായി കളിക്കുന്ന ബിഹാറിൽ നിന്നുള്ള ആദ്യ വനിതാ താരം എന്ന റെക്കോർഡും അക്ഷര സ്വന്തമാക്കി.

ബിഹാറിലെ തജ്പുരിൽ നിന്നുള്ള വൈഭവ് സൂര്യവംശി 15-ാം വയസിലാണ് ഇന്ത്യൻ ടീമിലെത്തുന്നത്. നിലവിൽ അയർലൻഡിനെതിരായ ട്വന്റി-20 പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനൊപ്പമാണ് വൈഭവ്. ഇംഗ്ലണ്ടിനെതിരായ പരമ്പരയിലെ ടീമിലും വൈഭവ് ഉൾപ്പെട്ടിട്ടുണ്ട്.

Content Highlights: Akshara Gupta scored an unbeaten 306 runs off 126 balls., The innings included 55 fours and 8 sixes with a strike rate of 242.86., She is the captain of the Bihar U-19 women's cricket team., Akshara is the first female player from Bihar to play in four consecutive BCCI tournaments., Comparison to Vaibhav Suryavanshi's rise in Bihar cricket.