'സച്ചിനെപ്പോലെ അത്രയും പണം നിങ്ങൾ സമ്പാദിച്ചിട്ടുണ്ടോ?'; രഹാനെയോട് സ്റ്റീവ് വോയുടെ ചോദ്യം

#സ്പോർട്സ് ഡെസ്ക്
അജിങ്ക്യ രഹാനെ/ സച്ചിന്‍ തെണ്ടുല്‍ക്കര്‍ | Photo: AFP
അജിങ്ക്യ രഹാനെ/ സച്ചിന്‍ തെണ്ടുല്‍ക്കര്‍ | Photo: AFP

ന്ത്യൻ ക്രിക്കറ്റ് ടീമിലേക്ക് ഒരുപാട് താരങ്ങളെ സംഭാവന ചെയ്ത നഗരമാണ് മുംബൈ. സച്ചിൻ തെണ്ടുൽക്കറിന് ശേഷം രോഹിത് ശർമയും അജിങ്ക്യ രഹാനെയുമെല്ലാം ആ പാരമ്പര്യം മുന്നോട്ടുകൊണ്ടുപോയി. രോഹിത് ക്യാപ്റ്റനായി ട്വന്റി 20 ലോകകപ്പ് നേടിയപ്പോൾ രഹാനെ നിരവധി ടെസ്റ്റുകളിൽ ഇന്ത്യയുടെ വിജയശിൽപ്പിയായി. രഹാനെ തന്റെ ബാറ്റിങ് ശൈലി രൂപപ്പെടുത്തിയത് സച്ചിന്റെ ബാറ്റിങ് കണ്ടാണെന്ന് ഓസ്‌ട്രേലിയൻ ക്യാപ്റ്റനായിരുന്ന സ്റ്റീവ് വോ പോലും കരുതിയിരുന്നു.

ഒരു പോഡ്കാസ്റ്റിൽ സംസാരിക്കവെ ഇക്കാര്യം സ്റ്റീവ് വോ രഹാനെയോട് ചോദിക്കുകയും ചെയ്തു. 'എനിക്ക് നിങ്ങളോട് ഒരു ചോദ്യമുണ്ട്. ഞാൻ നിങ്ങളെ കണ്ടപ്പോൾ, തെണ്ടുൽക്കറുമായി ഏറ്റവും സാദൃശ്യമുള്ള കളിക്കാരൻ ഇയാളാണെന്നാണ് ഞാൻ കരുതിയത്. സച്ചിനെ അനുകരിച്ചാണോ നിങ്ങൾ നിങ്ങളുടെ കളി രൂപപ്പെടുത്തിയത്? കാരണം നിങ്ങൾക്ക് സച്ചിന്റെ ആ ബാക്ക്‌ലിഫ്റ്റ് പോലും ഉണ്ടായിരുന്നു. വളരെ നേരെയും ഒതുക്കമുള്ളതും. മികച്ച ബാലൻസ്. അദ്ദേഹം നിങ്ങളുടെ റോൾ മോഡൽ ആയിരുന്നോ?'-എന്നായിരുന്നു സ്റ്റീവ് വോ രഹാനെയോട് ചോദിച്ചത്.

വളർന്നുവരുന്ന സമയത്ത് സച്ചിൻ സ്വാധീനിച്ചിട്ടുണ്ടെന്നും ആ സമയത്ത് എല്ലാവരുടേയും റോൾ മോഡൽ സച്ചിൻ തന്നെയായിരുന്നുവെന്നും രഹാനെ മറുപടി നൽകി. 'മുംബൈയിൽ വളരുകയും വാംഖഡെ സ്റ്റേഡിയത്തിൽ സച്ചിൻ ബാറ്റ് ചെയ്യുന്നത് കാണുകയും ചെയ്തിട്ടുണ്ട്. പിന്നീട് എന്റെ കൂട്ടുകാർക്കൊപ്പം എന്റെ വീടിന്റെ മുറ്റത്ത് കളിക്കുമ്പോൾ, ഞാൻ എപ്പോഴും സച്ചിനെ അനുകരിക്കുമായിരുന്നു. അദ്ദേഹത്തിന്റെ ബാക്ക്ലിഫ്റ്റ്, സച്ചിനെപ്പോലെ സ്‌ട്രൈറ്റ് ഡ്രൈവ് കളിക്കാൻ ശ്രമിക്കുക, ആ മനോഹരമായ സ്‌ട്രൈറ്റ് ഡ്രൈവ്. എല്ലാവരും അത് ആസ്വദിച്ചു. വർഷങ്ങൾക്കിപ്പുറം ഫസ്റ്റ് ക്ലാസ് ടീമിനായും പിന്നീട് അന്താരാഷ്ട്ര ക്രിക്കറ്റിലും അദ്ദേഹത്തോടൊപ്പം കളിക്കാൻ അവസരം ലഭിക്കുകയും ചെയ്തത് ഏറെ പ്രത്യേകതയുള്ളതായിരുന്നു.' രഹാനെ വ്യക്തമാക്കി.

നിങ്ങളും സച്ചിനെപ്പോലെ പണം സമ്പാദിച്ചിട്ടുണ്ടോ എന്നതായിരുന്നു സ്റ്റീവ് വോയുടെ അടുത്ത ചോദ്യം. അതുപോലെയുണ്ടാക്കിയേക്കാം എന്നായിരുന്നു രഹാനെ ഇതിന് മറുപടി നൽകിയത്.

Content Highlights: Ajinkya Rahane reveals Sachin Tendulkar was his ultimate childhood role model., Steve Waugh praised Rahane for having a batting style similar to Tendulkar on a recent podcast., Rahane shared memories of copying Sachin's straight drive and backlift in his backyard., The Mumbai Cricket Association recently named Wankhede Stadium lounges after Mumbai cricket legends including Tendulkar and Rahane.