ആ കഠിനാധ്വാനത്തെ കുറിച്ച് അറിയാമെന്ന് രോഹിത്, പ്രിയപ്പെട്ട ടെസ്റ്റ് ബാറ്റിങ് പങ്കാളിയെന്ന് കോലി

#സ്‌പോര്‍ട്‌സ് ഡെസ്‌ക്
വിരാട് കോലിയും അജിങ്ക്യ രഹാനെയും/ രോഹിത് ശര്‍മയും രഹാനെയും | Photo: ANI/ PTI
വിരാട് കോലിയും അജിങ്ക്യ രഹാനെയും/ രോഹിത് ശര്‍മയും രഹാനെയും | Photo: ANI/ PTI

മുംബൈ: ക്രിക്കറ്റിൽ നിന്ന് വിരമിച്ച അജിങ്ക്യ രഹാനെയെ കുറിച്ച് ഹൃദ്യമായ കുറിപ്പുമായി ക്രിക്കറ്റ് താരങ്ങൾ. സച്ചിൻ തെണ്ടുൽക്കർ, രോഹിത് ശർമ, വിരാട് കോലി, ചേതേശ്വർ പൂജാര തുടങ്ങിയവരാണ് രഹാനെയ്ക്ക ആശംസ നേർന്നത്.

ഡ്രസ്സിങ് റൂമിൽ ഒരുമിച്ചുള്ള വർഷങ്ങളേയും രഹാനെയുടെ കരിയറിനെ നിർവചിച്ച കഠിനാധ്വാനം, അച്ചടക്കം, പ്രൊഫഷണലിസം എന്നിവയേയും രോഹിത് പ്രശംസിച്ചു. ഇന്ത്യൻ ക്രിക്കറ്റിൽ രഹാനെ നൽകിയ സംഭാവനകളെ പ്രകീർത്തിച്ച രോഹിത് യാത്രയുടെ അടുത്ത ഘട്ടത്തിലേക്ക് വിജയം ആശംസിക്കുകയും ചെയ്തു.

'ഞങ്ങൾ വർഷങ്ങളോളം ഡ്രസ്സിങ് റൂം പങ്കിട്ടു. നിങ്ങളുടെ നേട്ടങ്ങൾക്ക് പിന്നിൽ എത്രമാത്രം കഠിനാധ്വാനമുണ്ടെന്ന് എനിക്കറിയാം. നിങ്ങളുടെ പ്രതിബദ്ധതയും പ്രൊഫഷണലിസവും എപ്പോഴും നിങ്ങളെ വ്യത്യസ്തനാക്കി.'-രോഹിത് എക്‌സിൽ കുറിച്ചു.

ടെസ്റ്റ് ക്രിക്കറ്റിൽ ഇന്ത്യയുടെ മധ്യനിരയിൽ വർഷങ്ങളോളം രഹാനെയ്‌ക്കൊപ്പം ചെലവഴിച്ചതിന്റെ ഓർമകളാണ് വിരാട് കോലി പങ്കുവെച്ചത്. അഭിമാനിക്കാൻ ഏറെയുള്ള കരിയറുള്ള രഹാനെയെ 'സ്ലിപ്പിലെ ഏറ്റവും സുരക്ഷിതമായ കൈകൾ' എന്നും കോലി വിശേഷിപ്പിച്ചു. തന്റെ പ്രിയപ്പെട്ട ടെസ്റ്റ് ബാറ്റിങ് പങ്കാളിയാണ് രഹാനെയെന്നും കോലി കുറിച്ചു.

രഹാനെയുടെ കളിക്കളത്തിലെ വ്യക്തിത്വത്തിലൂന്നിയായിരുന്നു സച്ചിന്റെ പോസ്റ്റ്. ശാന്തമായി എങ്ങനെ ബാറ്റ് ചെയ്യാമെന്നാണ് രഹാനെ കാണിച്ചുതന്നതെന്നും അത്തരം ശാന്തത ഒരു ടീമിന് ഭയമില്ലാതെ കളിക്കാൻ ആത്മവിശ്വാസം നൽകുമെന്നും സച്ചിൻ കുറിച്ചു. 'നിങ്ങൾക്ക് വളരേയധികം അഭിമാനിക്കാവുന്ന ഒരു കരിയറിന് അഭിനന്ദനങ്ങൾ, രഹാനെ' എന്നാണ് പൂജാര കുറിച്ചത്.

Content Highlights: Ajinkya Rahane retires from international cricket with 8,414 total runs., Central to his legacy is the 2020-21 Border-Gavaskar Trophy win as captain., Teammates highlight his humility, discipline, and reliability in Test cricket., Renowned for his 'safest pair of hands' in the slips and composure under pressure.