‘അത് ഡ്രസ്സിങ് റൂമിൽ പോയി പറയൂ’, ഷഹ്ബാസ് നിന്നിരുന്നെങ്കിൽ കളി ജയിപ്പിക്കുമായിരുന്നുവെന്ന തിലകിന്റെ പരാമർശത്തിന് വിമർശനം

#സ്പോർട്സ് ഡെസ്ക്
തിലക് വര്‍മ | BCCI
തിലക് വര്‍മ | BCCI

ദോഹ: ഏഷ്യാകപ്പ് റൈസിങ് സ്റ്റാർസ് ടൂർണമെന്റിൽ പാകിസ്താനെതിരായ തോൽവിക്ക് പിന്നാലെ ഇന്ത്യ എ ക്യാപ്റ്റൻ തിലക് വർമ നടത്തിയ പ്രതികരണത്തെ വിമർശിച്ച് മുൻ താരം അജിൻക്യ രഹാനെ. ഷഹ്ബാസ് അഹമ്മദ് രണ്ടോവർ കൂടി ക്രീസിൽ നിന്നിരുന്നെങ്കിൽ താൻ കളി ജയിപ്പിക്കുമായിരുന്നുവെന്ന തിലകിന്റെ പരാമർശത്തെയാണ് രഹാനെ വിമർശിച്ചത്. ഇത്തരം കാര്യങ്ങൾ ഡ്രസ്സിങ് റൂമിൽ വെച്ചാണ് പറയേണ്ടതെന്നും ഒരു ക്യാപ്റ്റനെന്ന നിലയിൽ തിലക് വർമ ഇനിയും കാര്യങ്ങൾ പഠിക്കാനുണ്ടെന്നും രഹാനെ പറഞ്ഞു.

‘ഒരു കളിക്കാരന്റെ പ്രകടനത്തെക്കുറിച്ചുള്ള ആശങ്കകളോ അഭിപ്രായങ്ങളോ മത്സരശേഷമുള്ള അഭിമുഖത്തിനിടയിലല്ല, മറിച്ച് ഡ്രെസ്സിങ് റൂമിനുള്ളിലാണ് ചർച്ച ചെയ്യേണ്ടതെന്ന് രഹാനെ പറഞ്ഞു. 'ടീമിലെ കളിക്കാരനെക്കുറിച്ച് അവിടെവെച്ചല്ല സംസാരിക്കേണ്ടത്. നിങ്ങൾക്ക് എന്തെങ്കിലും പറയാനുണ്ടെങ്കിൽ, അത് ഡ്രസ്സിങ് റൂമിൽ പോയി പറയുക. അത് അവരുടെ ആത്മവിശ്വാസം വർധിപ്പിക്കും.’- രഹാനെ പറഞ്ഞു.

മത്സരഫലങ്ങൾ നിരാശപ്പെടുത്തുന്നതാണെങ്കിൽ സമ്മാനദാനച്ചടങ്ങുകൾ ക്യാപ്റ്റന്മാർക്ക് ബുദ്ധിമുട്ടാണ്. അത്തരം സാഹചര്യങ്ങൾ കൈകാര്യം ചെയ്യാൻ പഠിക്കേണ്ടതുണ്ടെന്നും രഹാനെ പറഞ്ഞു. ‘മനസ്സിലൂടെ ഒട്ടേറെ കാര്യങ്ങൾ കടന്നുപോവുന്നുണ്ടാകും. നിങ്ങൾ അഭിമുഖം നൽകുമ്പോൾ പറയാൻ ആഗ്രഹിക്കുന്നത് ചിലപ്പോൾ പുറത്തേക്ക് വരണമെന്നില്ല. വേറെയെന്തെങ്കിലുമായിരിക്കും പുറത്തേക്ക് വരിക.’

‘ഒരു ക്യാപ്റ്റൻ എന്ന നിലയിൽ തിലക് വർമ ഇതിൽ നിന്ന് പഠിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്. കാര്യങ്ങൾ എങ്ങനെ കൈകാര്യം ചെയ്യണം എന്നതിനെക്കുറിച്ചുള്ള ഒരു അനുഭവമാണിത്.’ - രഹാനെ പറഞ്ഞു.

ഷഹ്ബാസ് അഹമ്മദ് രണ്ടോവർ കൂടി ക്രീസിൽ നിലയുറപ്പിച്ചിരുന്നെങ്കിൽ താൻ മത്സരം ജയിപ്പിക്കുമായിരുന്നുവെന്നും വിക്കറ്റുകൾ നഷ്ടമായതാണ് തിരിച്ചടിയായതെന്നും ഇന്ത്യ എ ക്യാപ്റ്റൻ മത്സരശേഷം പറഞ്ഞിരുന്നു. 'അഭിഷേക് തുടങ്ങിയ രീതിയും ഇടയ്ക്ക് ഷഹ്ബാസ് എന്നോടൊപ്പം കൂട്ടുകെട്ട് ഉണ്ടാക്കിയ രീതിയുമെല്ലാം നിർണായകമായിരുന്നു. എന്നാൽ നിർഭാഗ്യവശാൽ, ഞങ്ങൾക്ക് വേഗത്തിൽ റൺസ് നേടേണ്ടിയിരുന്ന സമയത്ത് ഷഹ്ബാസ് പുറത്തായി. അല്ലെങ്കിൽ, ഷഹ്ബാസ് ഒരു രണ്ട് ഓവർ കൂടി ക്രീസിൽ നിന്നിരുന്നെങ്കിൽ, എനിക്ക് മത്സരം ഫിനിഷ് ചെയ്യാൻ കഴിയുമായിരുന്നു.’-തിലക് പറഞ്ഞു.

ഇന്ത്യ എയെ 48 റൺസിനാണ് പാകിസ്താൻ എ തോൽപ്പിച്ചത്. 314 റൺസ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ എയ്ക്കായി ക്യാപ്റ്റൻ തിലക് വർമ സെഞ്ചുറി നേടിയെങ്കിലും വിജയതീരം തൊട്ടില്ല. ഇന്ത്യ എക്ക് 49.1 ഓവറിൽ 265 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ. 149 പന്തിൽ 100 റൺസെടുത്ത തിലക് വർമ കൂടി പുറത്തായതോടെ ഇന്ത്യയുടെ ഇന്നിങ്‌സ് അവസാനിച്ചു.

Content Highlights: Ajinkya Rahane criticized India A captain Tilak Varma for his post-match comments following the defeat against Pakistan