കാലിക്കറ്റിനെ കീഴടക്കി കൊല്ലം, ആറുവിക്കറ്റ് ജയം

#സ്പോർട്സ് ഡെസ്ക്

തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗിൽ കാലിക്കറ്റിനെ തകർത്ത് കൊല്ലം. ആറുവിക്കറ്റിനാണ് ജയം. കാലിക്കറ്റ് ഉയർത്തിയ 176 റൺസ് വിജയലക്ഷ്യം നാലുവിക്കറ്റ് നഷ്ടപ്പെടുത്തി 17.2 ഓവറിൽ കൊല്ലം മറികടന്നു. കൊല്ലത്തിനായി അജിനാസ് അർധസെഞ്ചുറിയോടെ തിളങ്ങി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഏരീസ് കൊല്ലം സെയ്‌ലേഴ്‌സിന് തുടക്കത്തിൽ തന്നെ അഭിഷേക് നായരുടെ വിക്കറ്റ് നഷ്ടമായി. താരം ഏഴുപന്തിൽ നിന്ന് 13 റൺസെടുത്ത് പുറത്തായി. പിന്നീട് ആനന്ദ് കൃഷ്ണനും അജിനാസും ചേർന്നാണ് സ്‌കോറുയർത്തിയത്. ഇരുവരും രണ്ടാം വിക്കറ്റിൽ സ്‌കോർ അമ്പത് കടത്തി. സ്‌കോർ 56 ൽ നിൽക്കേ ആനന്ദ് കൃഷ്ണൻ 29 റൺസെടുത്ത് പുറത്തായി. എന്നാൽ മൂന്നാം വിക്കറ്റിൽ വത്സൽ ഗോവിന്ദും അജിനാസും കൊല്ലത്തെ തിരിച്ചുകൊണ്ടുവന്നു. ഇരുവരും അടിച്ചുകളിച്ചതോടെ സ്‌കോർ കുതിച്ചു.

പത്തോവർ അവസാനിക്കുമ്പോൾ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 88 റൺസെന്ന നിലയിലായിരുന്നു കൊല്ലം. 13-ാം ഓവറിൽ നൂറ് കടന്ന ടീം പിന്നീട് ട്രാക്ക് മാറ്റി. അജിനാസും വത്സൽ ഗോവിന്ദും വെടിക്കെട്ട് നടത്തിയതോടെ കൊല്ലം കുതിച്ചു. 15 ഓവറിൽ ടീം 140 ലെത്തി. ഗോവിന്ദ് 33 പന്തിൽ നിന്ന് 42 റൺസെടുത്ത് മടങ്ങി. എന്നാൽ അർധസെഞ്ചുറിയോടെ അജിനാസ് കൊല്ലത്തിന് പ്രതീക്ഷ നൽകി. താരം ക്രീസിൽ നിലയുറപ്പിച്ച് ബാറ്റേന്തിയതോടെ കാലിക്കറ്റ് പ്രതിരോധത്തിലായി. ഒടുക്കം നാലുവിക്കറ്റ് നഷ്ടത്തിൽ കൊല്ലം ജയത്തിലെത്തി. അജിനാസ് 34 പന്തിൽ നിന്ന് 64 റൺസെടുത്ത് പുറത്താകാതെ നിന്നു.

20 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിലാണ് കാലിക്കറ്റ് 175 റൺസ് നേടിയത്. മത്സരത്തിൽ കാലിക്കറ്റിന്റെ തുടക്കം പാളി. ടീമിന്റെ ബാറ്റിങ് കരുത്തായ രോഹൻ കുന്നുമ്മൽ 12 റൺസുമായി മടങ്ങി. നിലയുറപ്പിക്കും മുൻപ് അഖിൽ സ്കറിയയും കെ. എസ്. അരവിന്ദും കൂടി മടങ്ങിയതോടെ തുടക്കത്തിൽ തന്നെ കാലിക്കറ്റ് പ്രതിരോധത്തിലായി. ഇരുവരെയും മുഹമ്മദ് ഇഷാഖ് ഒരേ ഓവറിലാണ് പുറത്താക്കിയത്. മറുവശത്ത് ഉറച്ചുനിന്ന വരുൺ നായനാർ കൂടി മടങ്ങുമ്പോൾ 10.3 ഓവറിൽ നാല് വിക്കറ്റിന് 65 റൺസെന്ന നിലയിലായിരുന്നു കാലിക്കറ്റ്.

പ്രതിസന്ധി ഘട്ടത്തിൽ ഒരുമിച്ച സൽമാൻ നിസാർ - അബ്ദുൾ ബാസിദ് സഖ്യം വീണ്ടുമൊരിക്കൽ കൂടി കാലിക്കറ്റിന് തുണയായി. വെറും 57 പന്തുകളിൽ 110 റൺസാണ് ഇരുവരും ചേർന്ന് അടിച്ചുകൂട്ടിയത്. ഇരുവരും 32 പന്തുകളിൽ നിന്നാണ് അർദ്ധസെഞ്ചുറി പൂർത്തിയാക്കിയത്. 39 പന്തുകളിൽ നിന്ന് ഒരു ഫോറും ആറ് സിക്സുമടക്കം 62 റൺസാണ് അബ്ദുൾ ബാസിദ് നേടിയത്. സൽമാൻ നിസാർ 32 പന്തുകളിൽ നിന്ന് മൂന്ന് ഫോറും മൂന്ന് സിക്സുമടക്കം 50 റൺസും നേടി പുറത്താകാതെ നിന്നു. വിജയ് വിശ്വനാഥ് എറിഞ്ഞ അവസാന ഓവറിൽ 21 റൺസാണ് ഇരുവരും ചേർന്ന് നേടിയത്. കൊല്ലത്തിനു വേണ്ടി മുഹമ്മദ് ഇഷാഖ് മൂന്ന് വിക്കറ്റ് വീഴ്ത്തി.

Content Highlights: KERALA CRICKET LEAGUE 2026