127 റൺസ് ജയവുമായി ഇന്ത്യ, റെക്കോഡ് സെഞ്ചുറിയുമായി അഭിഷേക്; പരമ്പര തൂത്തുവാരി

#സ്പോർട്സ് ഡെസ്ക്
അഭിഷേക് ശർമ | ANI
അഭിഷേക് ശർമ | ANI

ഡൽഹി: അതിവേഗ സെഞ്ചുറിയുമായി ആദ്യം അഭിഷേക് ശർമ കത്തിക്കയറി, പിന്നീട് ബൗളർമാർ വരിഞ്ഞുമുറുക്കി...അതോടെ അഫ്ഗാൻ തരിപ്പണം. മൂന്നാം ടി20 യിൽ 127 റൺസ് ജയവുമായി ഇന്ത്യ പരമ്പര തൂത്തുവാരി. അഫ്ഗാൻ 94 റൺസിന് ഓൾഔട്ടായി. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിൽ ഇന്ത്യ സമ്പൂർണ ജയം സ്വന്തമാക്കി. 34 പന്തിൽ 108 റൺസുമായി റെക്കോഡ് സെഞ്ചുറി കുറിച്ച അഭിഷേക് ശർമയാണ് ഇന്ത്യൻ ഇന്നിങ്സിന്റെ നെടുംതൂൺ.

ഇന്ത്യ ഉയർത്തിയ കൂറ്റൻ വിജയലക്ഷ്യവുമായി മറുപടി ബാറ്റിങ്ങിനിറങ്ങിയ അഫ്ഗാന് കാര്യമായി ഒന്നും ചെയ്യാനായില്ല. ആദ്യ ഓവറുകളിൽ അടിച്ചുതുടങ്ങിയതൊഴിച്ചാൽ പിന്നീട് ഇന്ത്യൻ ബൗളർമാർ പിടിമുറുക്കി. മൂന്നോവർ അവസാനിക്കുമ്പോൾ വിക്കറ്റ് നഷ്ടമില്ലാതെ 31 റൺസെന്ന നിലയിലായിരുന്നു അഫ്ഗാൻ. നാലാം ഓവറിൽ രണ്ട് വിക്കറ്റ് വീഴ്ത്തി അക്ഷർ പട്ടേൽ വിക്കറ്റ് വേട്ടയ്ക്ക് തുടക്കമിട്ടു. റഹ്‌മാനുള്ള ഗുർബാസ്(15), സെദിഖുള്ള അത്തൽ(1) എന്നിവരെയാണ് അക്ഷർ മടക്കിയത്.

ദാർവിഷ് റസൂലി(0), ഇബ്രാഹിം സദ്രാൻ(25) എന്നിവർ കൂടി പുറത്തായതോടെ അഫ്ഗാൻ 47-4 എന്ന നിലയിലായി. അഞ്ചാം വിക്കറ്റിൽ അസ്മത്തുള്ള ഒമർസായിയും നൂർ ഉൾ റഹ്‌മാനും രക്ഷാപ്രവർത്തനം നടത്തി. എന്നാൽ കൂടുതൽ നേരം താരങ്ങൾക്ക് പിടിച്ചുനിൽക്കാനായില്ല. സ്‌കോർ 70ൽ നിൽക്കേ നൂർ ഉൾ റഹ്‌മാൻ(11) പുറത്തായി. പിന്നീട് അഫ്ഗാൻ ബാറ്റർമാർ നിരനിരയായി മടങ്ങി. മുഹമ്മദ് നബി(8), ഒമർസായി(17), മുജീബ് റഹ്‌മാൻ(0), റാഷിദ് ഖാൻ(6) എന്നിവർ വേഗം മടങ്ങി. ഒടുക്കം 94 റൺസിന് അഫ്ഗാൻ ഓൾഔട്ടായി. ഇന്ത്യക്കായി നിതീഷ് കുമാർ റെഡ്ഡിയും രവി ബിഷ്ണോയിയും മൂന്ന് വിക്കറ്റെടുത്തു.

നേരത്തേ നിശ്ചിത 20 ഓവറിൽ ഇന്ത്യ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 221 റൺസാണെടുത്തത്. അതിവേഗ സെഞ്ചുറിയുമായി അഭിഷേക് അഫ്ഗാൻ ബൗളർമാരെ നിലംപരിശാക്കി. ഡൽഹി സ്റ്റേഡിയത്തിൽ സിക്സറുകൾ പറപറന്നതോടെ ഇന്ത്യൻ സ്കോർ അതിവേഗം കുതിച്ചു. 30 പന്തിലാണ് അഭിഷേക് സെഞ്ചുറി നേടിയത്. 34 പന്തിൽ 108 റൺസെടുത്താണ് അഭിഷേക് പുറത്തായത്. സഞ്ജു അർധ സെഞ്ചുറിയോടെ തിളങ്ങി.

പവർപ്ലേയിൽ വെടിക്കെട്ട് നടത്തുന്ന സഞ്ജു-അഭിഷേക് ഓപ്പണിങ് സഖ്യത്തെയാണ് മത്സരത്തിൽ കണ്ടത്. അഭിഷേകായിരുന്നു കൂടുതൽ അപകടകാരി. ആദ്യ ഓവറുകൾ മുതൽതന്നെ അഭിഷേക് ശർമ അടിച്ചുതുടങ്ങി. ആദ്യ രണ്ടോവറിൽ ടീം 22 റൺസിലെത്തി. മൂന്നാം ഓവറിൽ അഭിഷേകിന്റെ താണ്ഡവമായിരുന്നു. രണ്ട് സിക്‌സറും രണ്ട് ഫോറും ഉൾപ്പെടെ അഭിഷേക് ഓവറിൽ 22 റൺസെടുത്തു. നാലാം ഓവറിൽ 11 റൺസ് പിറന്നതോടെ ഇന്ത്യൻ സ്‌കോർ അമ്പത് കടന്നു.

അഞ്ചാം ഓവറിൽ സഞ്ജുവും വെടിക്കെട്ടിന് തിരികൊളുത്തി. മുഹമ്മദ് നബി എറിഞ്ഞ ഓവറിലെ ആദ്യ രണ്ട് പന്തുകളും സഞ്ജു അതിർത്തികടത്തി. പിന്നാലെ അഭിഷേക് സിക്‌സറോടെ അർധസെഞ്ചുറി തികച്ചു. 16 പന്തിലാണ് ഫിഫ്റ്റി തികച്ചത്. പിന്നീട് ഫോറും സിക്‌സറും അടിച്ചതോടെ ഓവറിൽ പിറന്നത് 29 റൺസ്. ആറാം ഓവറിലും അഭിഷേക് കത്തിക്കയറി. ഓവറിൽ 15 റൺസാണ് ഇന്ത്യൻ സഖ്യം അടിച്ചെടുത്തത്. അതോടെ, ആറോവറിൽ ഇന്ത്യ നൂറുറൺസിലെത്തി.

വെടിക്കെട്ട് തുടർന്ന അഭിഷേക് ഒൻപതാം ഓവറിൽ സെഞ്ചുറിയും തികച്ചു. 30 പന്തിലാണ് താരം മൂന്നക്കം തൊട്ടത്. ടി20-യിലെ ഒരു ഇന്ത്യൻ താരത്തിന്റെ അതിവേഗ സെഞ്ചുറിയാണിത്. പിന്നാലെ പത്താം ഓവറിൽ താരം പുറത്തായി. 34 പന്തിൽ ഒൻപത് ഫോറുകളുടെയും 11 സിക്‌സറുകളുടെയും അകമ്പടിയോടെയാണ് അഭിഷേക് 108 റൺസെടുത്തത്. 11 ഓവർ അവസാനിക്കുമ്പോൾ 152-1 എന്ന നിലയിലായിരുന്നു ഇന്ത്യ. സഞ്ജു ആ ഘട്ടത്തിൽ 42 റൺസിൽ നിൽക്കുകയായിരുന്നു.

മൂന്നാമനായി ഇറങ്ങിയ തിലക് വർമ രണ്ട് റൺസിൽ റണ്ണൗട്ടായി. 13-ാം ഓവറിൽ സഞ്ജു അർധസെഞ്ചുറിയും തികച്ച് ഇന്ത്യൻ ഇന്നിങ്‌സ് മുന്നോട്ടുനയിച്ചു. 34 പന്തിലാണ് സഞ്ജു അർധസെഞ്ചുറി തികച്ചത്. പിന്നാലെ സഞ്ജു പുറത്തായത് ഇന്ത്യയെ പ്രതിരോധത്തിലാക്കി. 35 പന്തിൽ രണ്ട് ഫോറുകളുടെയും നാല് സിക്‌സറുകളുടെയും അകമ്പടിയോടെയാണ് സഞ്ജു 50 റൺസെടുത്തത്. നാലാം വിക്കറ്റിൽ ക്യാപ്റ്റൻ ശ്രേയസ് അയ്യരും ശിവം ദുബെയും ചേർന്ന് ഇന്ത്യയെ 180 കടത്തി. ദുബെ 14 റൺസെടുത്ത് പുറത്തായി.

പിന്നീട് ഇഷാൻ കിഷനുമൊത്താണ് അയ്യർ ഇന്നിങ്‌സ് പടുത്തുയർത്തിയത്. എന്നാൽ അവസാനഓവറുകളിൽ അഫ്ഗാൻ പിടിമുറുക്കിയതോടെ ഇന്ത്യയുടെ റണ്ണൊഴുക്ക് കുറഞ്ഞു. ഇഷാൻ കിഷൻ 10 റൺസിൽ റണ്ണൗട്ടാകുകയും നിതീഷ് കുമാർ ഒരു റൺ മാത്രമെടുത്ത് പുറത്താകുകയും ചെയ്തു. അയ്യർ 29 റൺസിൽ പുറത്തായതോടെ ഇന്ത്യൻ ഇന്നിങ്‌സ് ഏഴ് വിക്കറ്റ് നഷ്ടത്തിൽ 221 എന്ന നിലയിൽ അവസാനിച്ചു.

Content Highlights: Afghanistan vs India, 3rd T20I