അണ്ടര്‍ 19 ഏഷ്യാ കപ്പ്; പാകിസ്താനോട് എട്ടു വിക്കറ്റിന് തോറ്റ് ഇന്ത്യ

ഇന്ത്യയ്‌ക്കെതിരേ സെഞ്ചുറി നേടിയ അസാന്‍ അവൈസ് | Photo: twitter.com/TheRealPCB
ഇന്ത്യയ്‌ക്കെതിരേ സെഞ്ചുറി നേടിയ അസാന്‍ അവൈസ് | Photo: twitter.com/TheRealPCB

ദുബായ്: അണ്ടര്‍ 19 ഏഷ്യാ കപ്പില്‍ ഗ്രൂപ്പ് എയിലെ മത്സരത്തില്‍ ഇന്ത്യയെ എട്ട് വിക്കറ്റിന് പരാജയപ്പെടുത്തി പാകിസ്താന്‍. ഇന്ത്യ ഉയര്‍ത്തിയ 260 റണ്‍സ് വിജയലക്ഷ്യം മൂന്ന് ഓവര്‍ ശേഷിക്കേ രണ്ട് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി പാകിസ്താന്‍ മറികടന്നു.

സെഞ്ചുറി നേടി പുറത്താകാതെ നിന്ന അസാന്‍ അവൈസ്, അര്‍ധ സെഞ്ചുറി നേടിയ ഷഹ്‌സൈബ് ഖാന്‍, ക്യാപ്റ്റന്‍ സാദ് ബയ്ഗ് എന്നിവരുടെ ഇന്നിങ്‌സുകളാണ് പാകിസ്താന്റെ ജയം അനായാസമാക്കിയത്.

ഷാമില്‍ ഹുസൈനെ (8) അഞ്ചാം ഓവറില്‍ തന്നെ നഷ്ടമായ ശേഷം രണ്ടാം വിക്കറ്റില്‍ 110 റണ്‍സ് ചേര്‍ത്ത ഷഹ്‌സൈബ് ഖാന്‍ - അസാന്‍ അവൈസ് സഖ്യം മത്സരം പാകിസ്താന് അനുകൂലമാക്കി. 88 പന്തില്‍ നിന്ന് 63 റണ്‍സെടുത്ത ഷഹ്‌സൈബ് പുറത്തായ ശേഷം മൂന്നാം വിക്കറ്റില്‍ സാദ് ബയ്ഗിനെ കൂട്ടുപിടിച്ച് അവൈസ് ടീമിനെ വിജയത്തിലെത്തിക്കുകയായിരുന്നു.

130 പന്തുകള്‍ നേരിട്ട അവൈസ് 10 ഫോറുകളടക്കം 105 റണ്‍സെടുത്തു. സാദ് ബയ്ഗ് 51 പന്തില്‍ നിന്ന് ഒരു സിക്‌സും എട്ട് ഫോറുമടക്കം 68 റണ്‍സോടെ പുറത്താകാതെ നിന്നു. പാക് നിരയില്‍ വീണ രണ്ട് വിക്കറ്റുകളും സ്വന്തമാക്കിയത് മുരുഗന്‍ അഭിഷേകാണ്.

നേരത്തേ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 50 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തിലാണ് 259 റണ്‍സെടുത്തത്. ഓപ്പണര്‍ ആദര്‍ശ് സിങ് (81 പന്തില്‍ 62), ക്യാപ്റ്റന്‍ ഉദയ് സഹാരണ്‍ (98 പന്തില്‍ 60), സച്ചിന്‍ ദാസ് (42 പന്തില്‍ 58) എന്നിവരുടെ ഇന്നിങ്‌സുകളാണ് ഇന്ത്യയെ ഭേദപ്പെട്ട സ്‌കോറിലെത്തിച്ചത്.

നാല് വിക്കറ്റ് വീഴ്ത്തിയ മുഹമ്മദ് സീഷാനാണ് ഇന്ത്യയെ തകര്‍ത്തത്. ആമിര്‍ ഹസന്‍, ഉബയ്ദ് ഷാ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

Content Highlights: ACC U19 Asia Cup 2023 Pakistan U19 beat India U19 by 8 wickets