'അതുപോലും പാകിസ്താന് താങ്ങാനാകുമെന്ന് തോന്നുന്നില്ല'-അക്തറിന്റെ പിഴവിന് അഭിഷേക് ബച്ചന്റെ മറുപടി

അഭിഷേക് ബച്ചൻ/ ഷുഐബ് അക്തര്‍ | Photo: AFP/X
അഭിഷേക് ബച്ചൻ/ ഷുഐബ് അക്തര്‍ | Photo: AFP/X

ദുബായ്: ഏഷ്യാ കപ്പില്‍ ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ഫൈനല്‍ പോരാട്ടത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകര്‍. ടൂര്‍ണമെന്റില്‍ മൂന്നാം തവണയാണ് ഇരുടീമുകളും മുഖാമുഖം വരുന്നത്. രണ്ട് തവണയും വിജയം ഇന്ത്യക്കൊപ്പമായിരുന്നു. ടൂര്‍ണമെന്റില്‍ തോല്‍വി അറിയാതെ കുതിക്കുന്ന ഇന്ത്യയുടെ പ്രകടനത്തില്‍ ഓപ്പണര്‍ അഭിഷേക് ശര്‍മയുടെ പങ്ക് നിര്‍ണായകമായിരുന്നു. ടൂര്‍ണമെന്റില്‍ നിലവില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് കണ്ടെത്തിയ താരവും അഭിഷേകാണ്.

എന്നാല്‍ ഫൈനലിന് മുമ്പ് മറ്റൊരു അഭിഷേകാണ് ചര്‍ച്ചാവിഷയമാകുന്നത്. മറ്റാരുമല്ല, അമിതാഭ് ബച്ചന്റെ മകനും നടനുമായ അഭിഷേക് ബച്ചന്‍. പാകിസ്താന്റെ മുന്‍ പേസ് ബൗളര്‍ ഷുഐബ് അക്തറിന് സംഭവിച്ച ഒരു പിഴവാണ് ഇതിന് കാരണം.

ഇന്ത്യ-പാകിസ്താന്‍ ഫൈനലിനെ കുറിച്ചുള്ള ചര്‍ച്ചയ്ക്കിടെ അഭിഷേക് ശര്‍മയുടെ പേരിന് പകരം അക്തര്‍ അഭിഷേക് ബച്ചന്‍ എന്ന് പറയുകയായിരുന്നു. 'അഭിഷേക് ബച്ചനെ നേരത്തെ പുറത്താക്കിയാല്‍ ഇന്ത്യയുടെ മധ്യനിരയുടെ അവസ്ഥ എന്തായിരിക്കും? അവരുടെ മധ്യനിര ഇതുവരെ മികച്ച പ്രകടനം പുറത്തെടുത്തിട്ടില്ല' എന്നാണ് അക്തര്‍ പറഞ്ഞത്.

ഇത് സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ മറുപടിയുമായി അഭിഷേക് ബച്ചന്‍ തന്നെ രംഗത്തെത്തി. 'സര്‍, എല്ലാ ആദരവോടും കൂടി പറയട്ടെ, അതുപോലും അവര്‍ക്ക് താങ്ങാനാകുമെന്ന് തോന്നുന്നില്ല. എനിക്ക് അത്ര നന്നായി ക്രിക്കറ്റ് കളിക്കാന്‍ പോലുമറിയില്ല' എന്നായിരുന്നു അഭിഷേക് എക്‌സില്‍ കുറിച്ചത്.

Content Highlights: asia cup final abhishek bachchan trolls pakistan after shoaib akhtars live tv gaffe