'വൈഭവിനേയും ഇഷാനേയും നേരിട്ട് കാണണം'-ജപ്പാൻ ക്രിക്കറ്റ് ടീമിലെ ഇന്ത്യക്കാരൻ പറയുന്നു

ടോക്കിയോ: ഏഷ്യൻ ഗെയിംസിലെ ജപ്പാൻ ക്രിക്കറ്റ് ടീമിൽ ഒരു ഇന്ത്യക്കാരനുണ്ട്. ബിഹാറിൽ ജനിച്ച അഭിഷേക് ആനന്ദ്. ജോലി ആവശ്യത്തിനായി ജപ്പാനിലെത്തിയ അദ്ദേഹം ടോക്കിയോ ഫാൽക്കൺസ് ക്ലബ്ബിലൂടെ ജപ്പാൻ ദേശീയ ടീമിലെത്തുകയായിരുന്നു.
ചൊവ്വാഴ്ച ഇന്ത്യയും ജപ്പാനുമാണ് ഏഷ്യൻ ഗെയിംസ് ക്രിക്കറ്റിൽ മത്സരിക്കാനിറങ്ങുന്നത്. അതിന് മുമ്പ് ബിഹാറിൽ നിന്നുള്ള ഇന്ത്യൻ താരങ്ങളായ വൈഭവ് സൂര്യവംശി, ഇഷാൻ കിഷൻ എന്നിവരെ കാണാൻ ആഗ്രഹം പ്രകടിപ്പിച്ചിരിക്കുകയാണ് അഭിഷേക്. ഇപ്പോൾ തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട താരം വൈഭവാണെന്നും അവസരെ ലഭിച്ചാൽ അദ്ദേഹത്തെ കാണണമെന്നും അഭിഷേക് വ്യക്തമാക്കി. ഏഷ്യൻ ഗെയിംസിൽ ഇന്ത്യക്കെതിരായ മത്സരത്തിൽ ജപ്പാൻ ടീമിൽ ഇടം നേടിയിട്ടില്ലെങ്കിലും അഭിഷേക് ടീമിനൊപ്പം ഉണ്ടാകും.
'ഇന്ത്യൻ ടീമിലെ എല്ലാ താരങ്ങളും ഒരുപോലെ മികച്ചവരാണ്. എന്റെ ബിഹാറി സഹോദരൻമാരായ ഇഷാൻ കിഷനേയും വൈഭവ് സൂര്യവംശിയേയും കാണാൻ ഞാൻ ആഗ്രഹിക്കുന്നു. ഇന്ത്യ-ജപ്പാൻ ബന്ധം ഇനിയും ശക്തമായി തുടരുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു.'-അഭിഷേക് വ്യക്തമാക്കി.
ജപ്പാനിലെത്തിയ ശേഷവും ക്രിക്കറ്റിനോടുള്ള സ്‌നേഹമാണ് തന്നെ ടീമിലെത്തിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 'ജപ്പാൻ ടീമിൽ ഞാൻ കളിക്കുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല. ഐഐടി കാൺപുരിൽ പഠിക്കുമ്പോൾ ക്യാമ്പസ് സെലക്ഷന്റെ ഭാഗമായി വിദേശത്ത് നിന്നുള്ള കമ്പനികൾ വന്നിരുന്നു. ജപ്പാനിൽ നിന്നുള്ള കമ്പനിയിൽ നിന്ന് ഓഫർ ലഭിച്ചപ്പോൾ രണ്ട് മണിക്കൂർ സമയമെടുത്താണ് തീരുമാനിച്ചത്. ജപ്പാനിലും ക്രിക്കറ്റ് സാധ്യതയുണ്ടോ എന്നാണ് ആദ്യം അന്വേഷിച്ചത്. അങ്ങനെയാണ് ഓഫർ സ്വീകരിച്ച് ജപ്പാനിലെത്തിയത്.' - അഭിഷേക് വ്യക്തമാക്കി.
Content Highlights: Abhishek Anand, born in Bihar, plays for the Japan national cricket team., He expressed his desire to meet fellow Bihari players Vaibhav Suryavanshi and Ishan Kishan., Abhishek moved to Japan for a job after studying at IIT Kanpur and joined the Tokyo Falcons club., He will be with the Japan team during their Asian Games match against India.