'കുഞ്ഞിന്റെ കാല്‍ കണ്ണില്‍ത്തട്ടി'; വിരമിച്ചതിന്റെ കാരണം വെളിപ്പെടുത്തി AB ഡിവില്ലേഴ്‌സ്

എ.ബി. ഡിവില്ലേഴ്‌സ്‌ | Photo - .facebook.com/ABdeVilliers17
എ.ബി. ഡിവില്ലേഴ്‌സ്‌ | Photo - .facebook.com/ABdeVilliers17

ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച ആക്രമണകാരികളുടെ പട്ടികയെടുത്താല്‍, മുന്‍പന്തിയിലുണ്ടാകും ദക്ഷിണാഫ്രിക്കയുടെ മുന്‍താരം എ.ബി. ഡിവില്ലേഴ്‌സ്. ക്രീസില്‍ നിലയുറപ്പിച്ച്, ചന്തം ചാര്‍ത്തിയ നിരവധി ഇന്നിങ്‌സുകള്‍ അദ്ദേഹം നമുക്കായി കാഴ്ചവെച്ചിട്ടുണ്ട്. 2004 മുതല്‍ ദക്ഷിണാഫ്രിക്കന്‍ ടീമിനൊപ്പം ചേര്‍ന്ന എ.ബി., 2018-ല്‍, തന്റെ 34-ാമത്തെ വയസ്സില്‍ അപ്രതീക്ഷിതമായിട്ടാണ് വിരമിക്കല്‍ പ്രഖ്യാപനം നടത്തിയത്. 

ഇക്കഴിഞ്ഞ ലോകകപ്പില്‍ മിന്നും പ്രകടനം പുറത്തെടുത്ത വിരാട് കോലിക്കുണ്ട് 35 വയസ്സ്. അടുത്ത ഏകദിന ലോകകപ്പിനും കോലിയുണ്ടാവുമെന്ന് വിശ്വസിക്കുന്നവര്‍ ഏറെയാണ്. അങ്ങനെയുള്ളൊരു ഘട്ടത്തില്‍, ഡിവില്ലേഴ്‌സ് 34-ല്‍ വിരമിച്ചത് എല്ലാവരെയും അദ്ഭുതപ്പെടുത്തിയിരുന്നു. തീപ്പൊരി പ്രകടനങ്ങള്‍ തുടര്‍ന്നുകൊണ്ടിരിക്കവേ, പെട്ടെന്നൊരു നാള്‍ കളിയവസാനിപ്പിക്കുന്നുവെന്നു പറഞ്ഞാല്‍ ആര്‍ക്കാണ് നിരാശ വരാതിരിക്കുക? 

കളിയെ സ്‌നേഹിക്കുന്നവരെല്ലാം നിരാശപ്പെട്ട സന്ദര്‍ഭമായിരുന്നു അത്. ആരാധകര്‍ ഒട്ടും നിനച്ചിരിക്കാതെയുണ്ടായ ആ വിരമിക്കലിന്റെ കാരണങ്ങളൊന്നും എ.ബി. അന്ന് വെളിപ്പെടുത്തിയിരുന്നില്ല. ഇപ്പോള്‍ ആ തീരുമാനത്തിനു പിന്നിലെ യഥാര്‍ഥ കാരണം വെളിപ്പെടുത്തിയിരിക്കുകയാണ് ദക്ഷിണാഫ്രിക്കന്‍ താരം. 

കണ്ണിന്റെ കാഴ്ചാ പ്രശ്‌നമായിരുന്നു കാരണം. കുഞ്ഞിന്റെ കാല്‍മടമ്പ് അബദ്ധവശാല്‍ വലതുകണ്ണില്‍ തട്ടി കാഴ്ചയ്ക്ക് മങ്ങലേറ്റു. പിന്നീട് ശസ്ത്രക്രിയ നടത്തി. തുടര്‍ന്നും രണ്ടുവര്‍ഷം ക്രിക്കറ്റ് കളിച്ചത് ഇടതുകണ്ണിന്റെ കാഴ്ചാ ബലത്തിലായിരുന്നെന്നും പറയുകയാണ് ഡിവില്ലേഴ്‌സ്. ഒറ്റ കണ്ണിന്റെ പിന്‍ബലത്തില്‍ മികവാര്‍ന്ന രീതിയില്‍ ക്രിക്കറ്റ് കളിക്കുന്നതുകണ്ട് തന്റെ ഡോക്ടര്‍ അദ്ഭുതം കൂറിയിരുന്നെന്നും എ.ബി. വ്യക്തമാക്കി. 

'എന്റെ കുഞ്ഞിന്റെ കാല്‍ അബദ്ധവശാല്‍ എന്റെ കണ്ണില്‍ തട്ടി. എന്റെ വലത്തേ കണ്ണിന്റെ കാഴ്ച നഷ്ടപ്പെടാന്‍ തുടങ്ങി. ശസ്ത്രക്രിയക്കു ശേഷം, നിങ്ങളെങ്ങനെ ഈ വിധത്തില്‍ ക്രിക്കറ്റ് കളിച്ചുവെന്ന് ഡോക്ടര്‍ അദ്ഭുതപ്പെട്ടു. ഭാഗ്യവശാല്‍ കരിയറിന്റെ അവസാന രണ്ട് വര്‍ഷം ഇടത്തേ കണ്ണ് നന്നായി നിന്നു'-വിസ്ഡന്‍ ക്രിക്കറ്റിനു നല്‍കിയ അഭിമുഖത്തില്‍ ഡിവില്ലേഴ്‌സ് പറഞ്ഞു. 

2015 ലോകകപ്പിലെ സെമിഫൈനലില്‍ ന്യൂസീലന്‍ഡിനെതിരെ ദക്ഷിണാഫ്രിക്ക തോറ്റത് തന്നെ ആഴത്തില്‍ സ്വാധീനിച്ചെന്നും ആര്‍.സി.ബി. താരം പറഞ്ഞു. കോവിഡ് സമയത്ത് നേരിട്ട പ്രതിസന്ധികളെക്കുറിച്ചും എ.ബി. വാചാലനായി. 

ദക്ഷിണാഫ്രിക്കക്കായി 228 ഏകദിനങ്ങളും 114 ടെസ്റ്റുകളും 78 ടി20-കളും കളിച്ചിട്ടുണ്ട് താരം. 20014  റണ്‍സുകളും പ്രോട്ടീസിനുവേണ്ടി ഈ വിക്കറ്റ് കീപ്പര്‍ സമ്പാദിച്ചു. ടെസ്റ്റില്‍ 8765 റണ്‍സും ഏകദിനത്തില്‍ 9577 റണ്‍സുമാണ് നേടിയത്. ഐ.പി.എലില്‍ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സിനായി മികച്ച പ്രകടനം നടത്തിയ താരം 2021-ല്‍ ഐ.പി.എലില്‍നിന്നും വിരമിച്ചു. ബെംഗളൂരുവിനായി 5162 റണ്‍സ് നേടി.
 

Content Highlights: ab de villiers, began to lose vision, that led to his sudden international retirement