സിക്സറടിച്ച് ഫിഫ്റ്റി, പിന്നാലെ സെഞ്ചുറി; സെവാഗ് സ്റ്റൈലിൽ ആര്യവീറും

മസ്കറ്റ്: അണ്ടർ-19 ഏഷ്യാകപ്പിൽ തിളങ്ങി ഇന്ത്യൻ കൗമാരതാരവും മുൻ താരം വിരേന്ദർ സെവാഗിന്റെ മകനുമായ ആര്യവീർ സെവാഗ്. യുഎഇയ്ക്കെതിരായ അവസാന ഗ്രൂപ്പ് മത്സരത്തിലാണ് ആര്യവീർ മികച്ച പ്രകടനം പുറത്തെടുത്തത്. താരം സെഞ്ചുറിയോടെ ഇന്ത്യൻ ഇന്നിങ്സിന് കരുത്തുപകർന്നു. 131 പന്തിലാണ് താരം സെഞ്ചുറി നേടിയത്.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്കായി ആര്യവീറും ലക്ഷ്യ രാജേഷ് റെയ്ചന്ദാനിയും ശ്രദ്ധയോടെയാണ് ബാറ്റേന്തിയത്. ആദ്യ പത്തോവറിൽ 42 റൺസാണ് ഇരുവരും ചേർന്ന് നേടിയത്. ബൗണ്ടറികളിലൂടെ ആര്യവീറായിരുന്നു ഇന്നിങ്സ് വേഗത്തിലാക്കിയത്. 17 റൺസെടുത്ത് ലക്ഷ്യ പുറത്തായതോടെ മൂന്നാമനായി ഇറങ്ങിയ വി.കെ വിനീതുമായി ചേർന്നും താരം കൂട്ടുകെട്ടുണ്ടാക്കി. വിനീതിനെ ഒരുവശത്തുനിർത്തി ആര്യവീർ ബാറ്റേന്തി.
സിക്സും ഫോറുമടിച്ച് ആര്യവീർ ക്രീസിൽ നിലയുറപ്പിച്ചു. 18-ാം ഓവറിൽ താരത്തിന്റെ ഫിഫ്റ്റിയും പിറന്നു. ഓവറിലെ മൂന്നാം പന്തിൽ ഫോറും നാലാം പന്തിൽ സിക്സറുമടിച്ചാണ് താരം അർധസെഞ്ചുറി തികച്ചത്. ടൂർണമെന്റിലെ ആര്യവീരിന്റെ രണ്ടാം ഫിഫ്റ്റിയാണിത്. പിന്നാലെ ക്ലാസ് ഇന്നിങ്സുമായി കൗമാരതാരം കളംനിറഞ്ഞു. ബൗണ്ടറികളുമായി താരം സെഞ്ചുറിയിലേക്ക് ബാറ്റേന്തി. ഒടുക്കം 34-ാം ഓവറിൽ ആര്യവീർ മൂന്നക്കം തൊട്ടു.
നേരത്തേ നേപ്പാളിനെതിരേയാണ് താരം ഫിഫ്റ്റി നേടിയത്. 52 പന്തിൽ ഏഴ് ഫോറും നാല് സിക്സും സഹിതം 70 റൺസാണ് ആര്യവീർ അടിച്ചെടുത്തത്. ഓപ്പണിങ് വിക്കറ്റിൽ ആര്യവീർ സെവാഗും ലക്ഷ്യ റെയ്ചന്ദാനിയും ചേർന്നൊരുക്കിയ കൂട്ടുകെട്ടാണ് ഇന്ത്യക്ക് പത്ത് വിക്കറ്റ് ജയം സമ്മാനിച്ചത്. 63 പന്തിൽ ഏഴ് ഫോറിന്റെ അകമ്പടിയോടെ 53 റൺസാണ് ലക്ഷ്യ നേടിയത്. 129 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ 19.1 ഓവറിൽ വിക്കറ്റ് നഷ്ടമില്ലാതെ വിജയം കണ്ടു.
Content Highlights: aaryavir sehwag under 19 asia cup