ഒരു ടി20 മത്സരത്തിൽ 8 വിക്കറ്റ്; ചരിത്രനേട്ടവുമായി ഭൂട്ടാൻ സ്പിന്നർ, വിട്ടുകൊടുത്തത് 7 റൺസ്

#സ്പോർട്സ് ഡെസ്ക്
സോനം യെഷെ | X.com/@cricketvirtus
സോനം യെഷെ | X.com/@cricketvirtus

ഗെലെഫെ: അന്താരാഷ്ട്ര ടി20 ക്രിക്കറ്റിൽ ചരിത്രനേട്ടവുമായി ഭൂട്ടാൻ സ്പിന്നർ സോനം യെഷെ. ഒരു ടി20 മത്സരത്തിൽ എട്ടു വിക്കറ്റെടുക്കുന്ന ആദ്യതാരമെന്ന റെക്കോഡാണ് 22-കാരനായ സോനം സ്വന്തമാക്കിയത്. മ്യാന്മറിനെതിരായ മൂന്നാം ടി20യിലാണ് ഭൂട്ടാൻ സ്പിന്നറുടെ തകർപ്പൻ പ്രകടനം. നാലോവറിൽ ഏഴു  റൺസ് മാത്രം വിട്ടുകൊടുത്താണ് താരം എട്ടു വിക്കറ്റെടുത്തത്.

മത്സരത്തിൽ ആദ്യം ബാറ്റുചെയ്ത ഭൂട്ടാൻ 128 റൺസ് വിജയലക്ഷ്യമാണ് ഉയർത്തിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ മ്യാന്മറാകട്ടെ തകർന്നടിഞ്ഞു. സോനം യെഷെയുടെ സ്പിൻ ബൗളിങ്ങിന് മുന്നിൽ മ്യാന്മർ താരങ്ങൾക്ക് പിടിച്ചുനിൽക്കാനായില്ല. ബാറ്റർമാർ നിരനിരയായി കൂടാരം കയറിയപ്പോൾ 45 റൺസിന് ടീം ഓൾഔട്ടായി. നാലോവറിൽ എട്ടു വിക്കറ്റെടുത്ത സോനം ചരിത്രനേട്ടത്തോടെയാണ് മടങ്ങിയത്.

പുരുഷ ടി20 ക്രിക്കറ്റിൽ ഇതിന് മുമ്പ് രണ്ടുപേർ ഏഴു വിക്കറ്റ് നേടിയിരുന്നു. 2023-ൽ ചൈനയ്‌ക്കെതിരേ മലേഷ്യൻ താരം സയാസ്രുൾ ഇദ്രസും 2025-ൽ ഭൂട്ടാനെതിരേ മലേഷ്യൻ താരം അലി ദാവൂദും ഏഴു വിക്കറ്റുകൾ നേടി. ഈ റെക്കോഡാണ് സോനം തകർത്തത്. വനിതാ ക്രിക്കറ്റിൽ മംഗോളിയയ്‌ക്കെതിരേ ഇൻഡോനീഷ്യൻ താരം റൊഹ്‌മാലിയ റണ്ണൊന്നും വിട്ടുകൊടുക്കാതെ ഏഴു വിക്കറ്റെടുത്തതാണ് മികച്ച ബൗളിങ്.

Content Highlights: 8 Wickets In 4 Overs Bhutan Spinner Sonam Yeshey Scripts History