45-ാം വയസ്സിലും തീപ്പൊരി ബാറ്റിങ്ങുമായി ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച് ഡാരന്‍ സ്റ്റീവന്‍സ്

ലണ്ടന്‍: ഇംഗ്ലീഷ് കൗണ്ടി ചാമ്പ്യന്‍ഷിപ്പില്‍ റെക്കോഡ് നേട്ടം സ്വന്തമാക്കി കെന്റിന്റെ ബാറ്റ്‌സ്മാന്‍ ഡാരന്‍ സ്റ്റീവന്‍സ്. 45 വയസ്സ് പ്രായമുള്ള സ്റ്റീവന്‍സ് 149 പന്തുകളില്‍ നിന്നും 190 റണ്‍സെടുത്താണ് ചരിത്രം സൃഷ്ടിച്ചത്.
നിലവില്‍ കൗണ്ടി ക്രിക്കറ്റിലെ ഏറ്റവും പ്രായം കൂടിയ കളിക്കാരനാണ് സ്റ്റീവന്‍സ്. ഗ്ലാമോര്‍ഗനെതിരായ മത്സരത്തിലാണ് സ്റ്റീവന്‍സ് ഈ വെടിക്കെട്ട് പ്രകടനം പുറത്തെടുത്തത്. 15 ഫോറുകളും 15 സിക്‌സുകളും താരത്തിന്റെ ബാറ്റില്‍ നിന്നും പിറന്നു.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ കെന്റിന് 80 റണ്‍സെടുക്കുന്നതിനിടെ അഞ്ച് വിക്കറ്റ് നഷ്ടമായി. പിന്നീട് ക്രീസിലെത്തിയ സ്റ്റീവന്‍സ് തകര്‍ത്ത് കളിക്കാന്‍ തുടങ്ങിയതോടെ ടീം സ്‌കോര്‍ കുതിച്ചു. പക്ഷേ മറുവശത്ത് വിക്കറ്റുകള്‍ വീഴാന്‍ തുടങ്ങി. ഒടുവില്‍ 128 ന് എട്ട് എന്ന നിലയിലായി ടീം.
ഇവിടെ നിന്നുമാണ് സ്റ്റീവന്‍സിന്റെ വീരോചിതമായ പ്രകടനത്തിന് കൗണ്ടി ക്രിക്കറ്റ് സാക്ഷ്യം വഹിച്ചത്. പേസ് ബൗളര്‍ മിഗ്വല്‍ കമ്മിന്‍സിനൊപ്പം ഒത്തുചേര്‍ന്ന സ്റ്റീവന്‍സ് ഒന്‍പതാം വിക്കറ്റില്‍ 166 റണ്‍സ് കൂട്ടിച്ചേര്‍ത്തു. അതില്‍ 96.88 ശതമാനം റണ്‍സും താരം തന്നെയാണ് നേടിയത്. താരത്തിന്റെ മികവില്‍ കെന്റ് 307 റണ്‍സെടുത്തു.
ഈ ഇന്നിങ്‌സില്‍ 15 സിക്‌സുകള്‍ നേടിയതോടെ കൗണ്ടി ക്രിക്കറ്റില്‍ ഒരു ഇന്നിങ്‌സില്‍ ഏറ്റവുമധികം സിക്‌സ് അടിച്ച താരം എന്ന റെക്കോഡ് താരം സ്വന്തമാക്കി. നേരത്തേ ആന്‍ഡ്രൂ സൈമണ്ട്‌സും ഗ്രഹാം നേപിയറും ഈ നേട്ടം കരസ്ഥമാക്കിയിട്ടുണ്ട്.
പിന്നീട് ബൗളിങ്ങിനിറങ്ങിയ താരം അഞ്ചോവറില്‍ വെറും 14 റണ്‍സ് മാത്രം വിട്ടുനല്‍കി ഒരു വിക്കറ്റ് വീഴ്ത്തി. ഗ്ലാമോര്‍ഗന്റെ നെടും തൂണായ ഓസിസ് ബാറ്റ്‌സ്മാന്‍ മാര്‍നസ് ലബൂഷെയ്‌നിന്റെ വിക്കറ്റാണ് സ്റ്റീവന്‍സ് വീഴ്ത്തിയത്.
Content Highlights: 45-yr-old Darren Stevens Sets County Cricket On Fire With 149-ball 190
Content Highlights: