രാഹുലിന്റെ ഉപനായക പദവി തെറിച്ചു, ഏകദിന ടീമില്‍ തുടരും, സഞ്ജുവിന് ഇടമില്ല

ലോകേഷ് രാഹുല്‍| ഫോട്ടോ: എ.എഫ്.പി
ലോകേഷ് രാഹുല്‍| ഫോട്ടോ: എ.എഫ്.പി

മുംബൈ: ഓസ്‌ട്രേലിയക്കെതിരായ ശേഷിക്കുന്ന രണ്ട് ടെസ്റ്റുകള്‍ക്കുള്ള ഇന്ത്യന്‍ ടീമില്‍ മാറ്റമില്ല. ജയിച്ച ടീമിനെ നിലനിര്‍ത്തിയ ബിസിസിഐ സെലക്ഷന്‍ കമ്മിറ്റി ടീം ലിസ്റ്റ് പുറത്തിറക്കിയപ്പോള്‍ ഉപനായകനില്ല എന്നതാണ് ഏറ്റവും ശ്രദ്ധേയം.

ആദ്യ രണ്ട് ടെസ്റ്റുകള്‍ക്കുള്ള ടീമില്‍ ലോകേഷ് രാഹുലായിരുന്നു ഉപനായകന്‍. എന്നാല്‍ ഇന്നലെ ബിസിസിഐ പുറത്തിറക്കിയ പുതിയ ടീം ലിസ്റ്റില്‍ ഉപനായകനെ ഒഴിവാക്കിയിട്ടുണ്ട്. രാഹുലിനെ ടീമില്‍ നിലനിര്‍ത്തുമ്പോള്‍ തന്നെ അദ്ദേഹത്തിന്റെ ഉപനായക പദവി തെറിച്ചോ എന്ന സംശയമാണ് പലരും പങ്കുവെക്കുന്നത്.

മോശം ഫോം തുടരുന്ന രാഹുലിനെതിരെ പല മുന്‍ താരങ്ങളും പരസ്യമായി വിമര്‍ശനം ഉന്നയിച്ചിരുന്നു. ഇത്രയും കുറഞ്ഞ റണ്‍ശരാശരിയുമായി ഒരാളും ഇത്രയും മത്സരം കളിച്ചത് ഓര്‍മ്മയില്‍ പോലുമില്ലെന്നായിരുന്നു വെങ്കടേഷ് പ്രസാദിന്റെ പ്രതികരണം.

22,23,10,2,20,17,1 എന്നിങ്ങനെയാണ് കഴിഞ്ഞ ഏഴ് ഇന്നിങ്‌സിലെ രാഹുലിന്റെ സംഭാവന. ഉപനായകനെ നിശ്ചയിച്ചിട്ടില്ലെങ്കിലും ആവശ്യമായി വരുന്ന പക്ഷം ചുമതല ആര്‍ക്കെങ്കിലും നല്‍കാന്‍ രോഹിത്ത് ശര്‍മ്മയെ ചുമതലപ്പെടുത്തിയതായാണ് ഇന്ത്യ എക്‌സ്പ്രസ് റിപ്പോര്‍ട്ട്.

ഉപനായക പദവി ഒഴിവാക്കുന്നതോടെ ലോകേഷ് രാഹുലിന് മേല്‍ സമ്മര്‍ദമേറും. ഇതിനോടകം തന്നെ തകര്‍പ്പന്‍ ഫോമില്‍ കളിക്കുന്ന ശുഭ്മാന്‍ ഗില്ലിനെ ടെസ്റ്റിലും ഓപ്പണറാക്കണമെന്ന വികാരം പലരും ഉന്നയിച്ചുകഴിഞ്ഞു.

അതേസമയം ഏകദിന പരമ്പരയില്‍ സഞ്ജുവിനെ പരിഗണിച്ചില്ല. ലോകേഷ് രാഹുലിനെ നിലനിര്‍ത്തുകയും ചെയ്തിട്ടുണ്ട്. 18 അംഗ ടീമില്‍ ഇഷാന്‍ കിഷനാണ് വിക്കറ്റ് കീപ്പര്‍. 

Content Highlights: Indian Team, Lokesh Rahul, Cricket Test