ബൗളിങ്ങില്‍ മാത്രമല്ല ബാറ്റിങ്ങിലുമുണ്ട് പിടി! വെടിക്കെട്ട് പ്രകടനവുമായി ഷഹീന്‍ അഫ്രീദി

ഷഹീന്‍ അഫ്രീദി
ഷഹീന്‍ അഫ്രീദി

ലാഹോര്‍: തീതുപ്പുന്ന പന്തുകള്‍ കൊണ്ട് ചുരുങ്ങിയ കാലം കൊണ്ട് ക്രിക്കറ്റ് ലോകത്ത് ചര്‍ച്ചാ വിഷയമായ പാകിസ്താന്‍ പേസ് ബൗളറാണ് ഷഹീന്‍ ഷാ അഫ്രീദി. ഇടംകൈയ്യന്‍ ബൗളറായ അഫ്രീദിയുടെ വേഗതയേറിയ പന്തുകള്‍ ബാറ്റര്‍മാരുടെ പേടിസ്വപ്‌നമാണ്. 

എന്നാല്‍ ബൗളിങ്ങില്‍ മാത്രമല്ല വേണ്ടിവന്നാല്‍ ബാറ്റിങ്ങിലും തിളങ്ങാനാകുമെന്ന് തെളിയിച്ചിരിക്കുകയാണ് അഫ്രീദി. പാകിസ്താന്‍ സൂപ്പര്‍ ലീഗ് ക്രിക്കറ്റില്‍ വെടിക്കെട്ട് പ്രകടനം പുറത്തെടുത്ത അഫ്രീദി ക്രിക്കറ്റ് ലോകത്തെ അമ്പരപ്പിച്ചു. ലാഹോര്‍ ക്വലന്‍ഡേഴ്‌സിനായി ബാറ്റ് ചെയ്ത അഫ്രീദി അവസാന ഓവറില്‍ അടിച്ചെടുത്തത് 23 റണ്‍സാണ്. പെഷവാര്‍ സാല്‍മിയ്‌ക്കെതിരെയാണ് അഫ്രീദിയുടെ പ്രകടനം പിറന്നത്. 

അവസാന ഓവറില്‍ ലാഹോറിന് വിജയിക്കാനായി വേണ്ടിയിരുന്നത് 24 റണ്‍സ് ആയിരുന്നു. അഫ്രീദിയാണ് സ്‌ട്രൈക്ക് ചെയ്തത്. മുഹമ്മദ് ഉമര്‍ എറിഞ്ഞ അവസാന ഓവറിലെ ആദ്യ പന്ത് വൈഡായി. രണ്ടാം പന്തില്‍ അഫ്രീദി ഫോറടിച്ചു. മൂന്നാമത്തെയും നാലാമത്തെയും പന്തില്‍ സിക്‌സ് പായിച്ച് അഫ്രീദി ടീമിന് വിജയപ്രതീക്ഷ സമ്മാനിച്ചു. ഇതോടെ അവസാന മൂന്നുപന്തില്‍ വിജയലക്ഷ്യം ഏഴ് റണ്‍സായി ചുരുങ്ങി. 

എന്നാല്‍ ഉമര്‍ യോര്‍ക്കറുകളുമായി കളം നിറഞ്ഞതോടെ അടുത്ത രണ്ട് പന്തുകളിലും അഫ്രീദിയ്ക്ക് റണ്‍സെടുക്കാനായില്ല. ഇതോടെ അവസാന പന്തില്‍ ഏഴ് റണ്‍സായി ടീമിന്റെ വിജയലക്ഷ്യം. എന്നാല്‍ അവസാന പന്തെറിഞ്ഞ ഉമറിന് പിഴച്ചു. ഉമറിന്റെ പന്തില്‍ തകര്‍പ്പന്‍ സിക്‌സടിച്ചുകൊണ്ട് അഫ്രീദി ലാഹോറിന് സമനില സമ്മാനിച്ചു. 

പക്ഷേ സൂപ്പര്‍ ഓവറില്‍ ലാഹോറിന് അടിതെറ്റി. ആദ്യം ബാറ്റ് ചെയ്ത ലാഹോറിനെ പെഷവാര്‍ വെറും അഞ്ച് റണ്‍സിന് ഒതുക്കി. നായകന്‍ വഹാബ് റിയാസിന്റെ പന്തുകളില്‍ വേണ്ടത്ര റണ്‍സ് നേടാന്‍ ലാഹോറിന് സാധിച്ചില്ല. മറുപടി ബാറ്റിങ്ങിനിറങ്ങിയ പെഷവാറിനായി ഷൊഹൈബ് മാലിക്ക് വിജയം നേടിക്കൊടുത്തു. ഷഹീന്‍ അഫ്രീദിയെറിഞ്ഞ ആദ്യ രണ്ട് പന്തുകളും ബൗണ്ടറി കടത്തിയാണ് മാലിക്ക് വിജയം നേടിയെടുത്തത്.
 

Content Highlights: : Shaheen Afridi's exceptional knock in pakistan super league