മൂല്ലപ്പൂമണവും ആകാശവാണിയും പിന്നെ വെടിക്കെട്ടും

#ദീപാ ദാസ്
തൃശൂർ പൂരം (ഫയൽ ചിത്രം) | ഫോട്ടോ: മാതൃഭൂമി
തൃശൂർ പൂരം (ഫയൽ ചിത്രം) | ഫോട്ടോ: മാതൃഭൂമി

തൃശ്ശൂര്‍ പൂരമെന്നോര്‍ത്താല്‍  മനസ്സിലാകെ മുല്ലപ്പൂമണം പരക്കും. ഏപ്രിലിലെ വേനല്‍മഴയില്‍ നനഞ്ഞ്     തളിര്‍ത്ത് മൊട്ടിടുന്ന മുല്ലമൊട്ടുകള്‍. സന്ധ്യയ്ക്ക് മൊട്ടുകള്‍ വിരിഞ്ഞ് സുഗന്ധം പരക്കുമ്പോള്‍ മനസ്സ് മന്ത്രിക്കും, പൂരക്കാലമായി. ഓര്‍മയിലെ പൂരക്കാലങ്ങളിലേയ്ക്ക് മടങ്ങുമ്പോള്‍ ഈ സുഗന്ധത്തിനൊപ്പം ചില രൂക്ഷഗന്ധങ്ങളും മൂക്കിലേയ്ക്കിരച്ചെത്തും, പൂരപ്പറമ്പിന്റെ മണങ്ങള്‍. ആനപ്പിണ്ടത്തിന്റെ, കത്തുന്ന തീപ്പന്തങ്ങളുടെ, വെടിമരുന്നിന്റെ പിന്നെ അലുവയുടെ അങ്ങിനെയങ്ങിനെ മേടച്ചൂടില്‍ ഉരുകിയൊലിക്കുന്ന മനുഷ്യരുടെ വിയര്‍പ്പുചൂരു വരെ  മൂക്കില്‍ നിറയും.
 
ആകാശവാണി പഠിപ്പിച്ച മേളങ്ങള്‍

 പൂരനാളില്‍ രാവിലത്തെ പ്രാദേശികവാര്‍ത്തകള്‍ക്കും ചലച്ചിത്രഗാനങ്ങള്‍ക്കും ശേഷവും റേഡിയോയ്ക്ക് വിശ്രമമുണ്ടാകില്ല. വീട്ടിലെ എവിടെയിരുന്നാലും കേള്‍ക്കാനാകും വിധം ആകാശവാണിയുടെ ലൈവ് സംപ്രേഷണം ഉച്ചത്തില്‍  മുഴങ്ങും. തിരുവമ്പാടിയുടെ പുറത്തേയ്ക്കുള്ള എഴുന്നള്ളിപ്പില്‍ തുടങ്ങി വൈകീട്ട് കുടമാറ്റം തീരും വരെ റേഡിയോയ്ക്ക് വിശ്രമമില്ല. പൂരപ്പറമ്പുകള്‍, പ്രത്യേകിച്ച് തൃശ്ശൂര്‍ പൂരത്തിന്റെ പുരുഷാരത്തിന് മാത്രം സ്വന്തമായിരുന്ന കാലം. മഠത്തില്‍ വരവ് പഞ്ചവാദ്യവും ഇലഞ്ഞിത്തറമേളവുമെല്ലാം തൊട്ടടുത്തു നിന്നാസ്വദിക്കുന്ന അനുഭവം പകര്‍ന്നു ആ ലൈവ് സംപ്രേഷണങ്ങള്‍. ഒപ്പം പാണ്ടിയും പഞ്ചവാദ്യവുമെന്തെന്ന് പഠിപ്പിച്ചു. മേളക്കാരെ പരിചയപ്പെടുത്തി. പ്രായഭേദമില്ലാതെ കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ അവരുടെ ആരാധകരായി. മേളങ്ങള്‍ക്കു പിന്നാലെ കുടമാറ്റത്തിന്റെ വര്‍ണവൈവിധ്യങ്ങള്‍ ആകാശവാണിയിലെ അനൗണ്‍സര്‍മാരുടെ അവതരണങ്ങളിലൂടെ കാണാതെ കണ്ട കാലം. ദൂരദര്‍ശനെത്തുംവരെയുള്ള ആകാശവാണിയുടെ പൂരക്കാലത്ത് വീട്ടിലെ താരവും ആ കൊച്ചു റേഡിയോ തന്നെയായിരുന്നു. 

വെടിക്കെട്ട് ബാക്കിവെച്ച മുഴക്കം

 പൂരരാത്രിയില്‍ അച്ഛനും അനിയനും ഉറക്കമില്ല. 12 കഴിയുമ്പോഴേയ്ക്കും വെടിക്കെട്ടുകാണാനുള്ള ഒരുക്കങ്ങളായി. അയല്‍പക്കത്തെ സുഹൃത്തുക്കളുമായി ചേര്‍ന്ന് നഗരത്തിലേയ്ക്ക്. അത്തവണ വലിയ വാശിയായിരുന്നു. വെടിക്കെട്ട് എന്തായാലും കാണണം. അഞ്ച് കിലോമീറ്ററിപ്പുറത്തുള്ള വീട്ടിലിരുന്ന് അകലെ നിന്നുള്ള മുഴക്കവും വെളിച്ചവും മാത്രമാസ്വദിക്കാന്‍ ഞങ്ങളെ കിട്ടില്ല. അനിയത്തിയും കട്ടയ്ക്ക് ഒപ്പം നിന്നപ്പോള്‍ അച്ഛനൊന്നയഞ്ഞു. ഒരുമണിയായപ്പോള്‍ വീട്ടില്‍ നിന്നിറങ്ങി. കിഴക്കേ കോട്ടയിലെത്തിയപ്പോഴേയ്ക്കും വഴിയില്‍ ജനക്കൂട്ടങ്ങള്‍. ജനക്കൂട്ടത്തിനിടയിലൂടെ അച്ഛന്‍ ഒരുവിധം മാരുതി 800 വടക്കേ സ്റ്റാന്റിലെത്തിച്ചു. ഇനി വണ്ടി മുന്നോട്ട് പോകില്ല. റോഡരികില്‍ പാര്‍ക്കു ചെയ്ത് റൗണ്ടിലേയ്ക്ക് നടത്തം തുടങ്ങി. ബിനി ജങ്ഷനടുത്ത് ഒഴിഞ്ഞ ഇടം കിട്ടിയപ്പോള്‍ എല്ലാവരും നടത്തം നിര്‍ത്തി. ചുറ്റും സംരക്ഷണവലയവുമായി അച്ഛനും അനിയനും ചേട്ടന്മാരും സുഹൃത്തുക്കളും.

നിന്ന് നിന്ന് കാല്‍കഴച്ചതോടെ റോഡില്‍ ഇരിപ്പായി. കണ്ണൊന്നടഞ്ഞുപോയ നിമിഷം തിരുവമ്പാടിയുടെ ആദ്യ വെടിപൊട്ടി. ഉറക്കമെല്ലാം പമ്പകടന്നു. പതിതാളത്തില്‍ തുടങ്ങി മുറുക്കത്തിലേയ്ക്ക്, പിന്നെ കൂട്ടപ്പൊരിച്ചില്‍. വിരലുകളിട്ട് കാതുകളടച്ചു, കണ്ണിലേയ്ക്കടിച്ചുകയറുന്ന വെളിച്ചം, ഇടയ്‌ക്കെപ്പോഴോ ചെവിയില്‍ നിന്ന് വിരലെടുത്തപ്പോള്‍ തൊട്ടടുത്തു നിന്നൊരു കമന്റ്, ഒച്ച പോരാട്ടാ, ഇത്തവണ മോശാക്കി. അന്തം വിട്ട് ഞാനാ ചേട്ടനെ നോക്കി. കൂട്ടപ്പൊരിച്ചില്‍ പാരമ്യത്തിലേയ്ക്ക്., കണ്ണ് തുറക്കാന്‍ വയ്യ, വിരലുകള്‍കൊണ്ട് അമര്‍ത്തിപ്പിടിച്ചിട്ടും ചെവി വേദനിക്കുന്നു. ദേഹത്ത് എന്തൊക്കെയോ വന്നടിക്കുന്ന പോലെ. പെട്ടന്നതാ മുന്നില്‍ നിന്നവര്‍ പിന്നിലേയ്‌ക്കോടുന്നു. ഞങ്ങളുമോടി. ചെവിയില്‍ നിന്ന് വിരലെടുക്കാത്ത ഓട്ടം. മുന്നിലുള്ളവര്‍ ഓട്ടം നിര്‍ത്തിയപ്പോള്‍ നിന്നു, പതുക്കെ ചെവിയില്‍ നിന്ന് വിരലെടുത്തു. കൂട്ടപ്പൊരിച്ചില്‍ തീര്‍ന്നു, പക്ഷേ ചെവിയിലപ്പോഴും മുഴക്കം ബാക്കി. ഹൃദയം പടപടാ മിടിക്കുന്നു. ഇതാണോ വെടിക്കെട്ട്, ഇനിയിപ്പോള്‍ പാറമേക്കാവിന്റെ കൂട്ടപ്പൊരിച്ചിലാകുമ്പോള്‍ എന്താകും. 
 'ഇത്തവണ തിരുവമ്പാടി പൊരിച്ചൂട്ടാ... ഇതെന്തു പൊരിക്കലാ ഗഡീ, ചക്കക്കുരു പൊട്ടണ പോലേ, ഇനീപ്പോ അമിട്ടുമ്മെ എന്തൂട്ടാ കാട്ടാവോ -വെടിക്കെട്ട് ബാക്കിവെച്ച മുഴക്കത്തിനിടയിലൂടെ ഒഴുകി വന്ന ചര്‍ച്ച കേട്ടപ്പോള്‍ സ്വയം ചോദിച്ചുപോയി, ഞാനൊരു തൃശ്ശൂര്‍ക്കാരിയാണോ....

Content Highlights: Thrissur pooram nostalgia