യഥാർത്ഥ പ്രശ്നം മനസ്സാണ്

ഒട്ടുമിക്ക മനുഷ്യരും ഭാവിയെപ്പറ്റിയുള്ള സ്വപ്നങ്ങളിൽ നഷ്ടപ്പെട്ട് കഴിയുന്നവരാണ്. നാം ആരും തന്നെ വർത്തമാനത്തിൽ ജീവിക്കുന്നില്ല. ഒന്നുകിൽ നാം ഓർമ്മകളിൽ (എപ്പോഴേ കഴിഞ്ഞുപോയ കാലത്തിന്റെ) മുഴുകിപ്പോകുന്നു; അല്ലെങ്കിൽ ഇതുവരേക്കും വന്നുചേർന്നിട്ടില്ലാത്ത ഭാവിയെപ്പറ്റിയുള്ള പ്രതീക്ഷകളിലും സ്വപ്നങ്ങളിലും. ആർക്കും തന്നെ വർത്തമാനത്തിൽ ജീവിക്കുവാൻ സാധിക്കുന്നില്ല. അതുകൊണ്ടാണ് രണ്ടു വ്യക്തികൾ തമ്മിൽ സംസാര വിനിമയം സാധ്യമാകാതെ പോകുന്നത്. ഒരാൾ എന്തോ ഒന്ന് ചോദിക്കുന്നു, അപ്പുറത്തുള്ളയാൾ മറ്റെന്തോ ഉത്തരമായി പറയുന്നു.
മനസ്സിനകത്തെ വിചാരങ്ങളും വിഷമങ്ങളും ആശങ്കകളും ഭാരങ്ങളുമെല്ലാം ഒരു കാർമേഘത്തെപ്പോലെ നമ്മെ പൊതിയുന്നു. ചേതന ഉറക്കത്തിലേക്കു വീണുപോകുന്നതാണിത്. കണ്ണുകൾ തുറന്നിരിപ്പുണ്ട്, എന്നാൽ അതിനർത്ഥമില്ല നാം ഉണർന്നിരിക്കുകയാണെന്ന്. മനസിന് ചുറ്റും മഞ്ഞു കണക്കേ മൂടിക്കെട്ടിയിരിക്കെ നമ്മുടെ മുന്നിലുള്ളതൊന്നും നേരെ ചൊവ്വേ കേൾക്കാനോ കാണാനോ നമുക്ക് സാധിക്കില്ല. വർത്തമാനത്തിൽ പൂർണ്ണ ബോധത്തോടെ സന്നിഹിതനായിരിക്കുന്ന ഒരാൾ മാത്രമേ യഥാർത്ഥത്തിൽ ഉണർന്നിരിക്കുന്നുള്ളൂ.
ഓഷോ ഒരു കഥ പറയുന്നുണ്ട്: ഒരു ചെറുപ്പക്കാരൻ ന്യൂയോർക്കിലേക്കു യാത്ര ചെയ്യുകയാണ്. ട്രെയിനിൽ അയാളുടെ തൊട്ടടുത്ത സീറ്റിൽ ഒരു വൃദ്ധൻ ഇരിപ്പുണ്ടായിരുന്നു. കുറച്ചു നേരം കഴിഞ്ഞപ്പോൾ ഈ ചെറുപ്പക്കാരൻ അയാളോട് ചോദിച്ചു, " താങ്കളുടെ വാച്ചിൽ സമയമെത്രയായി?" ആ വൃദ്ധൻ ഈ ചെറുപ്പക്കാരനെ അടിമുടി പല തവണ വീക്ഷിച്ചു. അയാളുടെ കയ്യിലുണ്ടായിരുന്ന ബാഗും മറ്റു സാമഗ്രികളും കണ്ടപ്പോൾ ഇയാൾക്ക് തോന്നി ചെറുപ്പക്കാരൻ വല്ല ഇൻഷുറൻസ് കമ്പനിയുടെ ഏജന്റോ മറ്റോ ആണെന്ന്.
വൃദ്ധൻ പറഞ്ഞു,"സർ, നിങ്ങളോട് സമയം പറയാൻ ഞാൻ ആഗ്രഹിക്കുന്നില്ല."
ചെറുപ്പക്കാരന് ആശ്ചര്യമായി. അയാൾ ചോദിച്ചു, "താങ്കളുടെ കയ്യിൽ വാച്ചില്ലേ?"
വൃദ്ധൻ പറഞ്ഞു, "എന്റെ കയ്യിൽ വാച്ചുണ്ട്. എന്നാൽ ഞാൻ നിങ്ങളോടു സമയം പറയുകയാണെങ്കിൽ, പിന്നെ സംസാരം തുടങ്ങുകയായി. നിങ്ങൾ എന്നോട് ചോദിക്കും, ഞാൻ എങ്ങോട്ടാണ് പോകുന്നതെന്ന്. ഞാൻ പറയും ന്യൂയോർക്കിലേക്ക്. നിങ്ങൾ ചോദിക്കും ഞാൻ അവിടെയാണോ താമസിക്കുന്നതെന്ന്. പിന്നെ ഞാൻ എന്റെ വീടിന്റെ വിലാസം തരാൻ നിർബന്ധിക്കപ്പെടും. അപ്പോൾ പിന്നെ ഒരു മര്യാദയുടെ പേരിൽ ഞാൻ നിങ്ങളോടു പറയും നിങ്ങളും ന്യൂയോർക്കിലേക്കാണോ എന്ന്. എപ്പോഴെങ്കിലും എന്റെ വീട്ടിലേക്കു വരാൻ ഞാൻ നിങ്ങളെ ക്ഷണിച്ചെന്നിരിക്കും. എന്റെ മകൾ ചെറുപ്പമാണ്, സുന്ദരിയും. നിങ്ങൾ തമ്മിൽ പരിചയപ്പെടും, അടുപ്പമാവും.
നിങ്ങൾ അവളെ ഒരു ഡേറ്റിനു പുറത്തേക്കു കൊണ്ടുപോകും. ഒരുപക്ഷേ അവൾ അതിനു സമ്മതിച്ചുകൊണ്ട് നിങ്ങളോടൊപ്പം ഇറങ്ങി വരും. നിങ്ങൾ പരസ്പരം പ്രണയത്തിലായെന്നു വരും. അവസാനം, അധികം വൈകാതെത്തന്നെ നിങ്ങൾ അവളെ വിവാഹം ചെയ്യാൻ താല്പര്യം പ്രകടിപ്പിക്കും. എന്നാൽ ഞാൻ പറയട്ടെ, എനിക്ക് ഇൻഷുറൻസ് ഏജന്റുമാരെ ഇഷ്ടമല്ല. അത്തരക്കാരെ എന്റെ മരുമകനാക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല."
ചെറുപ്പക്കാരൻ അമ്പരന്നു. അയാൾ പറഞ്ഞു,"സർ, നിങ്ങൾ എന്തെല്ലാം സ്വപ്നങ്ങളിലാണ് സ്വയം മറന്നുപോയിരിക്കുന്നത്? ഞാൻ നിങ്ങളോട് സമയം എത്രയായെന്ന് മാത്രമേ ചോദിച്ചുള്ളൂ. ബാക്കിയെല്ലാം നിങ്ങളുടെ ഊഹാപോഹങ്ങളാണ്."
നമ്മുടെ പ്രശ്നങ്ങളെല്ലാം ഇതുപോലെയാണ്. ഒരു ചെറിയ മൺപുറ്റിനെ നാം എമണ്ടൻ മലയാക്കിക്കളയും. സൂക്ഷിച്ചു നോക്കുകയാണെങ്കിൽ നമുക്ക് കാണാൻ സാധിക്കും ഈ ലോകത്ത് ഉണ്ടായിരിക്കുന്ന പ്രശ്നങ്ങളെല്ലാം മനുഷ്യൻ ഉണ്ടാക്കിക്കൊണ്ടിരിക്കുന്നവയാണെന്ന്. സത്യത്തിൽ, മനസ്സ് തന്നെയാണ് ഏറ്റവും വലിയ പ്രശ്നം; അത് കൈ വെക്കുന്നതെല്ലാം, അതുണ്ടാക്കുന്നതെല്ലാം പ്രശ്നങ്ങളായേ പറ്റൂ. അതുകൊണ്ടാണ് ആദ്യം നേരെയാക്കേണ്ടത് മനസ്സിനെയാണ് എന്ന് പറയുന്നത്.