നിങ്ങളുടെ ജീവിതത്തിലേക്ക് ധ്യാനം ഇറങ്ങിവരട്ടെ

പ്രതീകാത്മക ചിത്രം | ഫോട്ടോ Canva
പ്രതീകാത്മക ചിത്രം | ഫോട്ടോ Canva

ഒരു വക്കീലിന്റെ ജീവിതം അത്ര ലളിതമാകാറില്ല. അതെല്ലായ്‌പ്പോഴും, വാഗ്വാദങ്ങൾ, അവസാന തീയതികൾ, നിയമപരമായ സങ്കീർണ്ണതകൾ, നിരന്തരമായ മാനസിക സമ്മർദ്ദങ്ങൾ എന്നിവ നിറഞ്ഞതാണ്. തമാശയെന്തെന്നാൽ, ആർക്കാണോ സമാധാനം ഏറ്റവും ആവശ്യമുള്ളത്, അവർക്ക് അതിന് ഒട്ടും നേരമില്ലെന്ന അവസ്ഥയാണ്. ഒരു വക്കീലിനോട് ധ്യാനത്തെപ്പറ്റി നിർദേശിച്ചുനോക്കൂ, അയാളുടെ ഉത്തരം നമുക്കറിയാവുന്നതാണ്: 'എനിക്കെപ്പോഴാണ് ഇതിനൊക്കെ നേരമുള്ളത്?'

ഒരിക്കൽ ഒരു വക്കീൽ ഓഷോയോട് ചോദിച്ചു, 'എനിക്ക് ശരിക്കും ധ്യാനിക്കണമെന്നുണ്ട്. എങ്ങനെയാണ് ധ്യാനിക്കേണ്ടതെന്ന് എനിക്കറിഞ്ഞുകൂട, മാത്രവുമല്ല എപ്പോഴാണ് അതിനു സമയം കണ്ടെത്തേണ്ടതെന്നും അറിയില്ല.'

ഓഷോയുടെ ഉത്തരം അതീവ ലളിതമായിരുന്നു: 'നിങ്ങൾ ധ്യാനിക്കാൻവേണ്ടി വേറെയൊരു അപ്പോയ്ന്റ്മെന്റ് ഉണ്ടാക്കേണ്ട ആവശ്യമില്ല. ആദ്യമേ തിങ്ങി നിറഞ്ഞിരിക്കുന്ന നിങ്ങളുടെ to-do ലിസ്റ്റിൽ വേറൊരെണ്ണമായി ധ്യാനം ഇടം പിടിക്കാതിരിക്കട്ടെ. പതിയെപ്പതിയെ അത് നിങ്ങളുടെ നിത്യജീവിതത്തിന്റെ ഭാഗമായിത്തീരണം.'

ധ്യാനമെന്നത്‌, കണ്ണുമടച്ചിരുന്ന് ഏതാനും മിനിറ്റുകൾ ചെയ്തുപരിശീലിക്കാനുള്ള എന്തെങ്കിലുമല്ല. അത് ഒരു ജീവനകലയാണ്; നിങ്ങൾ ചെയ്യുന്നതെന്തുമാകട്ടെ, അത് അവബോധത്തോടെ ചെയ്യുന്നതിലുള്ള കല. മണ്ണിൽ ഒരു കുഴിയെടുക്കുന്നതാകട്ടെ, ചെടികൾ നടുന്നതാകട്ടെ, നിങ്ങളുടെ കടയിൽ പണിയെടുക്കുന്നതാകട്ടെ, തിരക്കുനിറഞ്ഞ റോഡിലൂടെ വാഹനമോടിക്കുന്നതാകട്ടെ, അതുമല്ലെങ്കിൽ കോടതിയിലെ ഒരു കേസ് വാദിക്കുന്നതാകട്ടെ, എന്തും ധ്യാനമാകാം, അവയിൽ ഏർപ്പെട്ടിരിക്കുന്ന നേരത്ത് നിങ്ങൾ പൂർണ്ണമായും ശ്രദ്ധാലുവാണെങ്കിൽ.

തീർച്ചയായും, തുടക്കത്തിൽ അത് ബുദ്ധിമുട്ടായിരിക്കും. നിങ്ങൾ മറന്നുപോകും പലപ്പോഴും, ശ്രദ്ധ മാറിപ്പോകാം, നിങ്ങളുടെ പഴയ യാന്ത്രികമായ പെരുമാറ്റരീതികളിലേക്ക് വഴുതിവീണേക്കാം. അത് പക്ഷേ ഓകെയാണ്. അതിൽ നിരുത്സാഹപ്പെടേണ്ടതില്ല. മുഴുവൻ രഹസ്യവും ആ ഒരൊറ്റ ഗുണത്തിലാണ്: അവബോധം. പരിപൂർണ്ണമായും അവബോധത്തിന്റേതായ ഒരൊറ്റ നിമിഷം മതി പുതിയ ഒരു (ബോധതലത്തിന്റെ) വാതിൽ തുറക്കാൻ.

പതിയെപ്പതിയെ, നിങ്ങളുടെ എല്ലാ ചെയ്തികളിലേക്കും ധ്യാനാവബോധം അരിച്ചിറങ്ങും - ഉറക്കത്തിലേക്കു പോലും. ഉറങ്ങാൻ കിടക്കുമ്പോൾ, ഉറക്കത്തിലേക്കു വീണുപോകുന്നതിനു തൊട്ടു മുൻപുള്ള കുറച്ചു നിമിഷങ്ങളിൽ എന്താണ് സംഭവിക്കുന്നതെന്ന് നിരീക്ഷിക്കുക. ആ നിശ്ശബ്ദതയെ അനുഭവിക്കുക. ആ അന്ധകാരത്തെ അനുഭവിക്കുക. നിങ്ങളുടെ ശരീരം മെത്തയിൽ വിശ്രാന്തിയിലേക്കു ലയിക്കുന്നതെപ്പറ്റി ബോധവാനാവുക. യാതൊന്നിനേയും നിർബന്ധിച്ചേക്കരുത്. വെറുതേ നിരീക്ഷിക്കുകമാത്രം ചെയ്യുക. ഉറക്കം നിങ്ങളെ ചൂഴാൻ തുടങ്ങുമ്പോൾ, കഴിയാവുന്നത്ര നേരം ഉണർവോടെ നിരീക്ഷിക്കാൻ ശ്രമിക്കുക; നിങ്ങൾ ഉറക്കത്തിലേക്കു അപ്രത്യക്ഷനാവുന്നതുവരേക്കും ഉണർന്നേ കിടക്കുക.

സ്വാഭാവികമായും നിങ്ങൾക്ക് ശരിക്കും സമയമുണ്ടായിക്കൊള്ളണമെന്നില്ല, പകൽസമയത്ത്. ജീവിതം തിക്കും തിരക്കും നിറഞ്ഞതാണ്. എന്നാൽ രാത്രി നേരമോ? ആ ആറോ എട്ടോ മണിക്കൂർ സമയം നിങ്ങളുടെ അവബോധയാത്രയുടെ ഭാഗമാക്കാവുന്നതാണ്.

ഉദാഹരണത്തിന് നിങ്ങൾ എന്നും ചെയ്തുപോരുന്ന ഒരു ചെയ്തിയുടെ കാര്യമെടുക്കുക. കുളിക്കൽ. വെറും യാന്ത്രികമായി കുളിക്കുന്നതെന്തിനാണ്? ഒരുപാട് തവണ ചെയ്തുപോന്നിട്ടുള്ളതുകൊണ്ട്, നിങ്ങളുടെ ശരീരത്തിന് അത് കാണാപ്പാഠമാണ്. നിങ്ങളുടെ ദിവസത്തിലെ വിലപിടിച്ച നിമിഷങ്ങൾ കുളി കവർന്നെടുക്കുന്നു എന്ന ഭാവേനയാണ് നിങ്ങൾ അതിലൂടെ കടന്നുപോകുന്നത്. പകരം, ആ നിമിഷങ്ങളിൽ നിറഞ്ഞു നില്ക്കുക. നിങ്ങളുടെ ചർമ്മത്തിന് മേലെ ജലകണികകൾ വന്നു വീഴുന്നത് അനുഭവിച്ചറിയുക. ശരീരത്തെ അറിഞ്ഞുകൊണ്ടേയിരിക്കുക. സജീവമായിരിക്കുന്നതിന്റെ ആനന്ദലാളിത്യത്തെ അനുഭവിക്കുക.

ഇതേ അവബോധം തന്നെ ഭക്ഷണം കഴിക്കുന്നതിലും നടപ്പിലും പണിയെടുക്കുന്നതിലും വാഹനമോടിക്കുന്നതിലുമെല്ലാം കൊണ്ടുവരാവുന്നതാണ്. ധ്യാനത്തിന്റെ പേരിൽ ജീവിതത്തിൽ നിന്നും നിങ്ങൾക്ക് ഓടിയൊളിക്കേണ്ടതില്ല. നിങ്ങളുടെ ജീവിതം തന്നെയാണ് ധ്യാനം. സാവധാനം, ധ്യാനത്തിനുവേണ്ടി ഒരു സവിശേഷ സമയം നീക്കിവെക്കേണ്ടതിന്റെ ആവശ്യകത തന്നെ ഇല്ലാതാകുന്നു. നിങ്ങളുടെ നിത്യജീവിതത്തിലെ എല്ലാ നിമിഷങ്ങളിലും അവബോധത്തിന്റെ സൗമ്യമായ ധാരയൊഴുകാൻ തുടങ്ങുന്നു; അത് നിങ്ങളുടെ സർവ്വ ചെയ്തികളുടേയും ഭാഗമായിത്തീരുന്നു.

അപ്പോഴാണ് അസാധാരണമായ ഒരു കാര്യം നിങ്ങൾ കണ്ടെത്തുക: ആനന്ദമെന്നത് ബലപ്രയോഗത്തിലൂടെ നേടേണ്ട എന്തെങ്കിലുമല്ലെന്ന്. നിങ്ങൾ ബോധവാനാവുമ്പോൾ സംഭവിക്കുന്നതാണത്. അവബോധം ഒരിക്കൽ നിങ്ങളുടെ ജീവിതരീതിയായി മാറുന്നതോടെ, യാതൊരു കാരണവും കൂടാതെയുള്ള ആനന്ദത്തിന്റെ ഒരല നിങ്ങളിൽ ഉയർന്നുവരികയായി.

Content Highlights: Meditation does not require a separate appointment or extra time in your busy schedule., It is an art of living and bringing awareness to everyday actions like bathing, eating, and working., Even sleep can be utilized as a tool for awareness by observing the transition into slumber., Pure awareness in daily moments naturally generates causeless joy and inner peace.