നിഴലിനെ പിടിക്കാനുള്ള ശ്രമം| വിശ്രാന്തിയുടെ ആകാശം

ലോകത്ത്, ധാരാളം ക്ഷേത്രങ്ങളും മസ്ജിദുകളും പള്ളികളും അതുപോലുള്ള മറ്റു പ്രാർത്ഥനാലയങ്ങളുമുണ്ട്. ഇവയുടെയെല്ലാം മുൻപിൽ നീണ്ട നീണ്ട വരികളുണ്ട്. കോടിക്കണക്കിനു രൂപയുടെ കച്ചവടമാണ് ഈ സ്ഥാപനങ്ങളെ ആശ്രയിച്ചുകൊണ്ട് നടന്നുകൊണ്ടിരിക്കുന്നത്. എന്നിട്ടും പക്ഷേ ലോകത്ത് ദൈവം ഉണ്ടായിരിക്കുന്നതായല്ല തോന്നുന്നത്. ഒരു ആത്മീയശൂന്യത എങ്ങും കാണാൻ സാധിക്കും; ഒരിടത്തും സുഖമോ ശാന്തിയോ കാണാൻ കഴിയുന്നില്ല. നടന്നുകൊണ്ടിരിക്കുന്ന ഇത്രയധികം യുദ്ധങ്ങളും അക്രമങ്ങളും പോരാട്ടങ്ങളുമെല്ലാം ദൈവത്തിന്റെ അസ്തിത്വത്തെയാണോ കാണിക്കുന്നത്?
രോഗാതുരമായ ഈ സമൂഹത്തെ പരിശോധിച്ചുകൊണ്ട് ഓഷോ പറയുന്നത്, യഥാർത്ഥ ദൈവവുമായി നമുക്ക് യാതൊരു ബന്ധവുമില്ലെന്നാണ്, നാം ദൈവത്തിന്റെ എണ്ണമറ്റ നിഴലുകൾ ഉണ്ടാക്കിവെച്ചിരിക്കുന്നുവത്രേ. പലതരത്തിലുള്ള ഒരുപാട് വിഗ്രഹങ്ങൾ സൃഷ്ടിച്ചുകൊണ്ട് നാം നമ്മെത്തന്നെ ആശ്വസിപ്പിക്കുന്നു, ഇതാണ് ദൈവമെന്ന്. ഇവയെല്ലാം പക്ഷേ വെറും നിഴലുകളാണ്. ഇവയുടെ പിന്നിലുള്ള യാഥാർഥ്യം പ്രജ്ഞാവബോധവും. അതിനെ കൈപ്പിടിയിലാക്കാൻ സാധ്യമല്ലതന്നെ. നമ്മൾ പ്രാർത്ഥനയെ മുൻപിലും ദൈവത്തെ പിന്നിലും പ്രതിഷ്ഠിച്ചിരിക്കുകയാണ്. പ്രാർത്ഥനയെന്നാൽ ആവശ്യമുന്നയിക്കൽ. നാം നിഴലിനെ മുന്നിൽ നിർത്തിക്കൊണ്ട് അതിന്റെ മൂലത്തെ പിന്നിലൊളിപ്പിക്കുന്നു. നാം ശ്രമിക്കുന്നത് നിഴലിനെ നോക്കിക്കാണാനാണ്, എന്നാൽ യാഥാർഥ്യം നമ്മുടെ പിടിയിലൊതുങ്ങുന്നില്ല.
ഒരു കഥയുണ്ട്: ഒരു ചെറിയ കുട്ടി മുറ്റത്തു കളിച്ചുകൊണ്ടിരിക്കുകയാണ്, രാവിലത്തെ സൂര്യ വെളിച്ചത്തിൽ അവൻ അവന്റെത്തന്നെ നിഴലിനെ പിടിക്കാൻ കിണഞ്ഞു ശ്രമിക്കുന്നു. അവൻ അവന്റെത്തന്നെ നിഴലിനു മേലെ ചാടിവീഴും, അതിനെ പിടിക്കാൻ പറ്റാതാവുമ്പോൾ അവൻ നിലവിളിക്കും, അലറും, പിന്നെ വീണ്ടും ചാടിവീണ് പിടിക്കാൻ ശ്രമിക്കും. കുട്ടിയുടെ നിർത്താതെയുള്ള ഈ വികൃതി കണ്ട് അരിശം വന്ന അമ്മ, അവനോടു പലതവണയായി പറഞ്ഞുകൊടുക്കാൻ ശ്രമിക്കുന്നുണ്ട്, 'അത് നിഴലാണ്, നിനക്കതിനെ പിടിക്കാൻ പറ്റില്ല' എന്നൊക്കെ. പക്ഷേ കുഞ്ഞിനുണ്ടോ വല്ലതും മനസ്സിലാവുന്നു! അവന്റെ മുൻപിൽ നിഴൽ ജീവനോടെ ഉണ്ടായിരിക്കുന്നുണ്ട്, എന്നാൽ എന്തുകൊണ്ടാണ് അതിനെ പിടിക്കാൻ സാധിക്കാത്തത്? ദാ, വെറും കയ്യകലത്തിൽ. അവനിപ്പോൾ പിടിക്കാനായി ഒരൊറ്റ ചട്ടം കൊടുക്കും. എന്നാൽ എത്രക്കും അകലേക്ക് ചാടുന്നുവോ, അത്രക്കും അകലത്തിൽ നിഴലും ചാടും.
അന്നേരം, വീടിനു മുന്നിൽ ഒരു ഭിക്ഷു വന്നു നിന്നു. ഈ കാഴ്ച കണ്ട് അദ്ദേഹം വല്ലാതെ ചിരിക്കാൻ തുടങ്ങി. അദ്ദേഹം പറഞ്ഞു,'എനിക്ക് അകത്തേക്ക് വരാമോ? ഈ കുഞ്ഞിനെ മനസ്സിലാക്കിക്കാൻ എനിക്ക് കഴിയും.' കുഞ്ഞിന്റെ അമ്മ നിസ്സഹായയായി അരിശം പൂണ്ട് ഇരിക്കുകയായിരുന്നു. അവർ ഭിക്ഷുവിനോട് പറഞ്ഞു,'ദയവു ചെയ്തു കടന്നുവരൂ. ഇവനെ എങ്ങനെയെങ്കിലും ഒന്ന് പറഞ്ഞു മനസിലാക്കിക്കൂ. രാവിലെ മുതൽ തുടങ്ങിയതാണ്. ബാക്കിയുള്ളവരെ ഒരു പണിയും ചെയ്യാൻ വിടുന്നില്ല ഇവൻ.'
ഭിക്ഷു ഗേറ്റ് തുറന്ന് അകത്തേക്ക് കയറി വന്നു.'നിനക്ക് നിഴലിനെ പിടിക്കണോ? ലോകത്ത് ആർക്കെങ്കിലും സ്വന്തം നിഴലിനെ പിടിക്കാൻ കഴിയുമോ? എന്നാൽ ഞാൻ ഒരു വഴി പറഞ്ഞുതരാം.' ഭിക്ഷു ആ കുഞ്ഞിന്റെ കയ്യെടുത്ത് അവന്റെ തന്നെ ശിരസ്സിൽ വെപ്പിച്ചു. അവന്റെ നിഴൽ പൊടുന്നനെ മാറി. കുഞ്ഞിന്റെ കൈ ശിരസ്സിലേക്ക് ചെന്നപ്പോൾ നിഴലിന്റെ കയ്യും നിഴലിന്റെ ശിരസ്സിലെത്തി. കുഞ്ഞ് ചാടിത്തുള്ളി ഉറക്കെയുറക്കെ ചിരിക്കാൻ തുടങ്ങി. അവൻ പറഞ്ഞു, 'എനിക്കറിയാമായിരുന്നു, എന്തെങ്കിലും സൂത്രമില്ലാതിരിക്കില്ലെന്ന്.' തന്നെത്തന്നെ പിടിച്ചതിലൂടെ നിഴലിനേയും പിടിക്കാൻ സാധിച്ചിരിക്കുന്നു. മൂലകാരണത്തെ പിടിച്ചതിലൂടെ അതിന്റെ നിഴലിനേയും പിടിക്കാൻ സാധിച്ചിരിക്കുന്നു.
ആത്മീയാന്വേഷണത്തിന് ബാഹ്യലോകത്തെ ആശ്രയിക്കുന്നവരെ സംബന്ധിച്ച് ഏറെ സംഗതമായ ഒരു ഉൾക്കാഴ്ചയാണിത്. ആളുകൾ പുറത്ത് അന്വേഷിക്കുന്നതൊക്കെയും ഒരു നിഴൽ മാത്രമാണ്. ദൈവം എന്ന് പേരായ യാതൊരാളേയും എവിടേയും കണ്ടുകിട്ടുകയില്ല. ദൈവമെന്നത് നിങ്ങളുടെത്തന്നെ അഹന്താരഹിതമായ ഒരവസ്ഥയാണ്! അതൊരു വ്യക്തിയല്ല, ആകാശത്ത് എവിടെയോ സ്വർണ്ണ സിംഹാസനത്തിലിരുന്ന് ലോകത്തെ ഭരിക്കുന്ന ഒരു രാജാവല്ല ദൈവം. ഒരല്പം പോലും അഹന്ത അവശേഷിച്ചിട്ടില്ലാത്തപ്പോഴുള്ള നിങ്ങളുടെ സ്വാഭാവികമായ ബോധാവസ്ഥയാണത്. മറ്റെല്ലാം വെറും നിഴലുകൾ, നിഴലുകൾ മാത്രം.