തേനീച്ചക്കൊലയും യുദ്ധവും മുതല്‍ ബഹിരാകാശ വിസ്മയം വരെ.. ലോകം 2022ല്‍

കാലാവസ്ഥാ ദുരന്തങ്ങള്‍ തൊട്ട് ആഗോളരാഷ്ട്രീയത്തിലെ വന്‍വീഴ്ചകള്‍ക്കുവരെ ലോകം സാക്ഷ്യം വഹിച്ച വര്‍ഷമാണ് 2022. ആദിമപ്രപഞ്ചത്തെ കുറിച്ച്പഠിക്കാനായി ബഹിരാകാശത്തെത്തിയ ജെയിംസ് വെബ് ടെലിസ്‌കോപ് പുറത്തുവിട്ട വിസ്തമയ ചിത്രങ്ങള്‍ കണ്ട് ലോകം അമ്പരന്നതും ഇതേവര്‍ഷം തന്നെ.. 2022ല്‍ വാര്‍ത്തകളിലിടം നേടിയ പ്രധാനസംഭവങ്ങള്‍ ഇവയൊക്കെയാണ്.
റഷ്യ-യുക്രൈന്‍ യുദ്ധം
റഷ്യ-യുക്രൈന്‍ യുദ്ധമായിരുന്നു 2022 ലെ പ്രധാന സംഭവങ്ങളിലൊന്ന്. 2022 ഫെബ്രുവരി 24 നാണ് റഷ്യയുടെ യുക്രൈന്‍ അധിനിവേശം. രണ്ടാം ലോക മഹായുദ്ധത്തിനുശേഷം യൂറോപ്പ് കണ്ട ഏറ്റവും വലിയ അഭയാര്‍ഥി പ്രവാഹമാണ് യുദ്ധം വരുത്തി വെച്ചത്. എന്നാല്‍ യുക്രൈന്‍ തലസ്ഥാനമായ കീവ് വീഴ്ത്താമെന്ന റഷ്യയുടെ പ്രതീക്ഷ അസ്ഥാനത്തായി. യുദ്ധത്തെ യുക്രൈന്‍ ശക്തമായി ചെറുക്കുകയാണുണ്ടായത്. യുദ്ധത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം ഇരുരാജ്യങ്ങളും ഔദ്യോഗികമായി പുറത്തു വിട്ടിട്ടില്ല. യുദ്ധം ആഗോള വിപണിയെ വരെ ബാധിക്കുന്ന സാഹചര്യവുമുണ്ടായി. യുക്രൈനില്‍ മാസങ്ങളോളം വൈദ്യുതി, ജലവിതരണം തുടങ്ങിയവ മുടങ്ങി. യുക്രൈന് അനുകൂല മുദ്രാവാക്യങ്ങളുമായി നിരവധി രാജ്യങ്ങളിലെ ജനങ്ങള്‍ തെരുവിലിറങ്ങി. യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ യുക്രൈനില്‍ മെഡിസിന് പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് പഠനം പാതി വഴിയില്‍ മുടക്കി തിരികെ നാട്ടിലേക്ക് മടങ്ങേണ്ടിയും വന്നു. യുക്രൈനില്‍ സംഘര്‍ഷം രൂക്ഷമാകുന്ന പശ്ചാത്തലത്തില്‍ ഇന്ത്യയും ആശങ്ക അറിയിച്ചിരുന്നു. വിഷയം സംബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി യുക്രൈന്‍ പ്രസിഡന്റ് വോളോഡിമിര്‍ സെലന്‍സ്‌കിയുമായി ഫോണില്‍ ചര്‍ച്ചയും നടന്നിരുന്നു. ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ യു.എസും യൂറോപ്യന്‍ രാജ്യങ്ങളും ഉള്‍പ്പെടെ പലരും റഷ്യക്കെതിരേ കടുത്ത ഉപരോധങ്ങളും ചുമത്തി. എന്നാല്‍ എണ്ണ, പ്രകൃതിവാതകം, കല്‍ക്കരി തുടങ്ങിയവയുടെ വില്‍പ്പനയിലൂടെ കോടികളാണ് റഷ്യ വാരിയത്.
ജെയിംസ് വെബ് പുറത്തുവിട്ട വിസ്മയങ്ങള്‍
ആദിമപ്രപഞ്ചത്തെപ്പറ്റി പഠിക്കാനായി 2021 ഡിസംബര്‍ 25-ന് വിക്ഷേപിക്കപ്പെട്ട ജെയിംസ് വെബ് ബഹിരാകാശ ടെലിസ്‌കോപ്പ് 2022-ല്‍ പുറത്തുവിട്ട ചിത്രങ്ങള്‍ ലോകത്തെ വിസ്മയിപ്പിച്ചു. 17 രാജ്യങ്ങളുടെ സംയുക്തസംരംഭമായ ജെയിംസ് വെബ് ടെലിസ്‌കോപ്പിന് നേതൃത്വം നല്‍കുന്ന ഏജന്‍സികള്‍ നാസ, യൂറോപ്യന്‍ സ്‌പേസ് ഏജന്‍സി, കനേഡിയന്‍ സ്‌പേസ് ഏജന്‍സി എന്നിവയാണ്. പ്രപഞ്ചത്തിലെ ആദ്യനക്ഷത്രങ്ങളുടെ ഉദ്ഭവം, ആദ്യത്തെ താരാപഥങ്ങളുടെ ആവിര്‍ഭാവം എന്നിവയെല്ലാം ഈ ബഹിരാകാശ ടെലിസ്‌കോപ്പിന്റെ പ്രധാന പഠനവിഷയങ്ങളാണ്. പ്രധാനമായും നിയര്‍ ഇന്‍ഫ്രാറെഡ് തരംഗങ്ങളുപയോഗിച്ചുള്ള പഠനമാണ്, ജെയിംസ് വെബ് ബഹിരാകാശ ടെലിസ്‌കോപ്പ് നടത്തുന്നത്. സൂര്യപ്രകാശം നേരിട്ട് തട്ടാത്തതരത്തില്‍ ലഗ്രാഞ്ച് പോയിന്റ് എന്നറിയപ്പെടുന്ന ഒരു ബിന്ദുവിനെ ചുറ്റിയാണ് ഈ ബഹിരാകാശ ടെലിസ്‌കോപ്പ് പ്രദക്ഷിണം ചെയ്യുന്നത്. 2022 ജൂലായിലാണ് ജെയിംസ് വെബ് ബഹിരാകാശ ടെലിസ്‌കോപ്പില്‍നിന്നുള്ള ആദ്യത്തെ ചിത്രങ്ങള്‍ പുറത്തുവിട്ടത്. കാരിന നെബുല, സതേണ്‍ റിങ് നെബുല, സ്റ്റീഫന്‍സ് ക്വിന്റെറ്റ് എന്നിവയുടെ വിസ്മയകരമായ ചിത്രങ്ങളാണ് ടെലിസ്‌കോപ്പില്‍നിന്ന് ലഭിച്ചത്. ഭൂമിയില്‍നിന്ന് ഏതാണ്ട് 15 ലക്ഷം കിലോമീറ്റര്‍ അകലെയാണ് ടെലിസ്‌കോപ്പിന്റെ സ്ഥാനം.
ഉഷ്ണതരംഗത്തില്‍ ഉലഞ്ഞ് യൂറോപ്പ്
2022-ല്‍ അസാധാരണമായ വിധത്തിലുള്ള ഉഷ്ണതരംഗങ്ങള്‍ക്കാണ് യൂറോപ്പ് ഭൂഖണ്ഡം സാക്ഷ്യംവഹിച്ചത്. 2022 ജൂണ്‍മുതല്‍ സെപ്റ്റംബര്‍വരെ നീണ്ടുനിന്ന ഉഷ്ണതരംഗത്തില്‍, നിരവധി ജീവനുകള്‍ പൊലിഞ്ഞു. റൈന്‍ ഉള്‍പ്പെടെയുള്ള യൂറോപ്പിലെ പ്രധാനനദികളിലെ ജലനിരപ്പ് അപകടകരമാംവിധം കുറഞ്ഞു. ഉഷ്ണതരംഗം ഇരുപത്തിയാറായിരത്തിലധികം ജീവന്‍ കവരുകയും പത്തൊന്‍പത് ബില്യണ്‍ ഡോളറിന്റെ നാശനഷ്ടങ്ങള്‍ക്ക് കാരണമാവുകയും ചെയ്തു. ഉഷ്ണതരംഗത്തെത്തുടര്‍ന്ന് ഏറ്റവുമധികം പേര്‍ മരിച്ചത് ഫ്രാന്‍സിലാണ്. ഉഷ്ണതരംഗത്തെത്തുടര്‍ന്ന് യൂറോപ്പിലാകെ കാട്ടുതീ പടര്‍ന്നുപിടിച്ചു. പോര്‍ച്ചുഗലിലെ പിന്‍ഗാവോയില്‍ 47 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില രേഖപ്പെടുത്തി. യൂറോപ്പിനെ ബാധിച്ചുതുടങ്ങിയ കാലാവസ്ഥാവ്യതിയാനത്തിന്റെ വ്യക്തമായ സൂചനയാണ് 2022-ലെ ഉഷ്ണതരംഗമെന്ന് വിലയിരുത്തപ്പെടുന്നു.
ഓസ്ട്രേലിയയിലെ തേനീച്ചക്കൊല
2022-ന്റെ മധ്യത്തോടെ ഓസ്ട്രേലിയയില്‍ പടര്‍ന്നുപിടിച്ച തേനീച്ചരോഗമായ വാരോ മൈറ്റിനെത്തുടര്‍ന്ന് (Varroa mite) രോഗപ്പകര്‍ച്ച തടയാനായി ദശലക്ഷക്കണക്കിന് തേനീച്ചകളെയാണ് കൊന്നൊടുക്കേണ്ടിവന്നത്. വാരോ മൈറ്റ് രോഗം ബാധിതമായാല്‍, കോളനികളോടെ തേനീച്ചകള്‍ ചത്തൊടുങ്ങും. തേനീച്ചകളെ ബാധിക്കുന്ന മാരകമായ പരാദങ്ങളാണിവ. തേനീച്ചകളെ കൊന്നൊടുക്കിയതോടെ, പരാഗണത്തിന് അവയെ പ്രധാനമായും ആശ്രയിക്കുന്ന അല്‍മണ്ട്, ബ്ലൂബെറി തുടങ്ങിയ കൃഷികളും അവതാളത്തിലായി.
ബ്രിട്ടനില്‍ പ്രധാനമന്ത്രിമാര്‍ വാഴാത്ത വര്‍ഷം
2022 സെപ്റ്റംബറിനും ഒക്ടോബറിനുമിടയ്ക്കുള്ള കാലയളവില്‍ മൂന്ന് പ്രധാനമന്ത്രിമാര്‍ ബ്രിട്ടനില്‍ അധികാരം കൈയാളി-യഥാക്രമം, ബോറിസ് ജോണ്‍സണ്‍, ലിസ് ട്രസ്, ഋഷി സുനക് എന്നിങ്ങനെ. കണ്‍സര്‍വേറ്റീവ് പാര്‍ട്ടി നേതാവായ ബോറിസ് ജോണ്‍സണ്‍ പാര്‍ട്ടിയിലെ പിന്തുണ നഷ്ടമായതിനെത്തുടര്‍ന്ന്, 2022 സെപ്റ്റംബര്‍ ആറിന് പ്രധാനമന്ത്രിപദം രാജിവെച്ചു. പാര്‍ട്ടിയുടെ പുതിയ നേതാവായ ലിസ് ട്രസ് തുടര്‍ന്ന് പ്രധാനമന്ത്രിയായി. സ്ഥാനമേറ്റ് അന്‍പതാമത്തെ ദിവസമായ 2022 ഒക്ടോബര്‍ 25-ന് അവര്‍ക്ക് പ്രധാനമന്ത്രിപദം രാജിവയ്‌ക്കേണ്ടിവന്നു. ബ്രിട്ടന്റെ ചരിത്രത്തില്‍ ഏറ്റവും കുറച്ചുകാലം പ്രധാനമന്ത്രിപദം വഹിച്ചത് ലിസ് ട്രസാണ്. കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ പുതിയ നേതാവായി തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യന്‍ വംശജനായ ഋഷി സുനക്, 2022 ഒക്ടോബര്‍ 25-ന് ബ്രിട്ടീഷ് പ്രധാനമന്ത്രിയായി അധികാരമേറ്റു.
വരള്‍ച്ചയില്‍ വലഞ്ഞ് ചൈന
സമീപകാലത്തൊന്നും നേരിടാത്ത കടുത്ത വരള്‍ച്ചയിലൂടെയാണ് 2022-ല്‍ ചൈന കടന്നുപോയത്.
2022 സെപ്റ്റംബറോടെ രാജ്യത്തെ ഏറ്റവും വലിയ തടാകമായ പോയാങ് തടാകവും വറ്റിവരണ്ടതോടെ, ചൈനയിലെ സെന്‍ട്രല്‍ പ്രൊവിന്‍സായ ജിയാങ്സിയില്‍ ജലവിതരണ ചുവപ്പ് അലര്‍ട്ട് പ്രഖ്യാപിച്ചു. ജൂലായ് മുതല്‍ മഴയില്‍ 60 ശതമാനത്തിലേറെ കുറവാണ് ചൈനയിലുണ്ടായിരിക്കുന്നത്.
വരള്‍ച്ച നേരിടാന്‍ ക്ലൗഡ് സീഡിങ്ങുള്‍പ്പെടെയുള്ള മാര്‍ഗങ്ങള്‍ ചൈനീസ് അധികൃതര്‍ തേടുകയാണ്.
എലിസബത്ത് രാജ്ഞിക്ക് വിട
70 വര്‍ഷവും 214 ദിവസവും യു.കെയുടെ രാജ്ഞിയായിരുന്ന എലിസബത്ത് 2, 2022 സെപ്റ്റംബര്‍ എട്ടിന് കഥാവശേഷയായി. ഏറ്റവും കൂടുതല്‍ക്കാലം ബ്രിട്ടന്റെ രാജകീയഭരണാധികാരി, ഏറ്റവും കൂടുതല്‍ക്കാലം അധികാരത്തിലിരുന്ന രാജകീയവനിത എന്നീ ബഹുമതികള്‍ അവര്‍ക്ക് സ്വന്തമാണ്. 1952 ഫെബ്രുവരി ആറിനാണ് എലിസബത്ത് രണ്ട് രാജ്ഞി അധികാരമേറ്റത്. 1965-ലെ വിന്‍സ്റ്റണ്‍ ചര്‍ച്ചിലിന്റെ ശവസംസ്‌കാരത്തിനുശേഷമുള്ള ബ്രിട്ടനിലെ ആദ്യത്തെ സ്റ്റേറ്റ് ഫ്യുണറെലായിരുന്നു എലിസബത്ത് രാജ്ഞിയുടെത്. വിന്‍സെര്‍ കാസിലിലെ സെന്റ് ജോര്‍ജ് ചാപ്പലിലാണ് എലിസബത്ത് രാജ്ഞിയുടെ അന്ത്യവിശ്രമസ്ഥലം. രാജ്ഞിയുടെ ശവസംസ്‌കാരച്ചടങ്ങുകളുടെ തയ്യാറെടുപ്പ് പദ്ധതി 'ഓപ്പറേഷന്‍ ലണ്ടന്‍ ബ്രിഡ്ജ്' എന്നാണറിയപ്പെട്ടത്.
ലുഫ്താന്‍സയെ വിറ്റഴിച്ച് ജര്‍മനി
2022 സെപ്റ്റംബറില്‍ രാജ്യത്തെ പ്രധാന വിമാനക്കമ്പനിയായ ലുഫ്താന്‍സയിലുണ്ടായിരുന്ന അവസാന ഓഹരികളും ജര്‍മന്‍ സര്‍ക്കാര്‍ വിറ്റഴിച്ചു. ഇതോടെ, ലുഫ്താന്‍സ വിമാനക്കമ്പനി പൂര്‍ണമായും സ്വകാര്യസംരംഭകരുടെ കൈകളിലായി. കോവിഡ് 19 പകര്‍ച്ചവ്യാധിയെത്തുടര്‍ന്നാണ് ലുഫ്താന്‍സ കമ്പനി വലിയ പ്രതിസന്ധിയിലേക്ക് നീങ്ങിയത്. 2020-ല്‍ കമ്പനിയുടെ 20 ശതമാനംവരെ ഓഹരികള്‍ ജര്‍മന്‍ സര്‍ക്കാരിന്റെ കൈവശമായിരുന്നു.
അര്‍മീനിയ-അസര്‍ബയ്ജാന്‍ യുദ്ധം
തര്‍ക്കപ്രദേശമായ നഗോര്‍ണോ-കാരാബാഖിനെച്ചൊല്ലിയുള്ള സംഘര്‍ഷം, 2022-ല്‍ അര്‍മീനിയയും അസര്‍ബയ്ജാനുമായുള്ള ഏറ്റുമുട്ടലില്‍ കലാശിച്ചു. ഈ പ്രദേശത്തെച്ചൊല്ലി 1988 മുതല്‍ ഇരുരാജ്യങ്ങളും സംഘര്‍ഷത്തിലാണ്. 2022 ഓഗസ്റ്റ്, സെപ്റ്റംബര്‍ മാസങ്ങളില്‍ ഇരുരാജ്യങ്ങളിലും സൈനികര്‍ അതിര്‍ത്തി മറികടന്നെത്തിയുള്ള ആക്രമണങ്ങള്‍ നടത്തി. ഇരുരാജ്യങ്ങളിലുമായി നൂറിലേറെ സൈനികര്‍ കൊല്ലപ്പെട്ടു.
കിര്‍ഗിസ്താന്‍-താജിക്കിസ്താന്‍ പോര്
മധ്യേഷ്യന്‍ രാജ്യങ്ങളായ കിര്‍ഗിസ്താനും താജിക്കിസ്താനുമായി 2022-ല്‍ വ്യാപകമായ ഏറ്റുമുട്ടലുകള്‍ നടന്നു. അതിര്‍ത്തിത്തര്‍ക്കത്തെ തുടര്‍ന്നുള്ള അസ്വാരസ്യങ്ങളാണ് തുറന്ന പോരാട്ടത്തിലേക്ക് നയിച്ചത്. നൂറിലേറെപ്പേര്‍ ഇതിനോടകം ഏറ്റുമുട്ടലില്‍ മരിച്ചു.
ഫ്രൈഡേയ്സ് ഫോര്‍ ഫ്യൂച്ചര്‍ പ്രക്ഷോഭം
ലോകപ്രശസ്തയായ യുവ പരിസ്ഥിപ്രവര്‍ത്തക, സ്വീഡനിലെ ഗ്രെറ്റ തുന്‍ബെര്‍ഗ് ആരംഭിച്ച 'ഫ്രൈഡേയ്സ് ഫോര്‍ ഫ്യൂച്ചര്‍' പ്രസ്ഥാനം, 2022 സെപ്റ്റംബറില്‍ ലോകവ്യാപകമായി പ്രതിഷേധപ്രകടനങ്ങള്‍ സംഘടിപ്പിച്ചു. പരിസ്ഥിതിനാശം, കാലാവസ്ഥാവ്യതിയാനങ്ങള്‍ എന്നിവയ്‌ക്കെതിരേ രാഷ്ട്രത്തലവന്മാര്‍ ശക്തമായ നയങ്ങള്‍ അവതരിപ്പിക്കണമെന്നതായിരുന്നു ഇവരുടെ ആവശ്യം. 2022 സെപ്റ്റബര്‍ 22 ലോകവ്യാപകമായി 'ലോസ് ആന്‍ഡ് ഡാമേജ് ആക്ഷന്‍ ഡേ' ആയി ആചരിച്ചിരുന്നു. ഇതിനെത്തുടര്‍ന്നാണ് തൊട്ടടുത്ത ദിവസമായ സെപ്റ്റംബര്‍ 23-ന് ലോകവ്യാപകമായി പ്രകടനങ്ങള്‍ സംഘടിപ്പിക്കപ്പെട്ടത്.
ചാങ്ങെസൈറ്റ്
ചൈനയുടെ ചന്ദ്രപര്യവേക്ഷണ ദൗത്യമായിരുന്ന ചാങ്ങെ-5 ചന്ദ്രോപരിതലത്തില്‍നിന്ന് കണ്ടെത്തിയ പുതിയ ധാതുവിന് നല്‍കിയിട്ടുള്ള പേരാണ് ചാങ്ങെസൈറ്റ് (വൈ). ഫോസ്ഫേറ്റ് കുടുംബത്തിലെ പ്രത്യേക ധാതുവാണിത്. 2022 സെപ്റ്റംബര്‍ ഒന്‍പതിനാണ് ചൈന നാഷണല്‍ സ്പേസ് അഡ്മിനിസ്ട്രേഷന്‍, ചൈന അറ്റോമിക് എനര്‍ജി അതോറിറ്റി എന്നിവ സംയുക്തമായി പുതിയ ധാതു കണ്ടെത്തിയ വിവരം പ്രഖ്യാപിച്ചത്. ചൈനീസ് മിത്തോളജിയിലെ ചന്ദ്രദേവതയുടെ പേരായ ചാങ്ങെയുടെ സ്മരണാര്‍ഥമാണ് ധാതുവിന് പേരുനല്‍കിയത്.
ഗാംബിയയിലെ മരണവും ഇന്ത്യന്‍ കമ്പനിയും
ആഫ്രിക്കന്‍ രാജ്യമായ ഗാംബിയയില്‍ ചുമയ്ക്കുള്ള സിറപ്പ് കഴിച്ചതിനെ തുടര്‍ന്ന് വൃക്ക തകരാറിലായി 69 കുട്ടികള്‍ മരിച്ചതിനെ തുടര്‍ന്ന് ഇന്ത്യന്‍ മരുന്നുനിര്‍മാണക്കമ്പനിയായ മെയ്ഡന്‍ ഫാര്‍മസ്യൂട്ടിക്കല്‍സ് പ്രതിക്കൂട്ടിലായി. ആഫ്രിക്കയിലെ വിവിധ രാജ്യങ്ങളിലേക്കുള്ള ജനറിക് മരുന്നുകളുടെ 45 ശതമാനവും നല്‍കുന്നത് ഇന്ത്യയാണ്. വിഷയത്തെ തുടര്‍ന്ന് സ്ഥാപനത്തിന്റെ എല്ലാ പ്രവര്‍ത്തനങ്ങളും ഇന്ത്യന്‍ സര്‍ക്കാര്‍ നിര്‍ത്തിവെപ്പിച്ചു. യു.എന്‍. ഹെല്‍ത്ത് ഏജന്‍സി നടത്തിയ പരിശോധനയില്‍ മെയ്ഡന്‍ ഫാര്‍മയുടെ നാലിനം സിറപ്പുകളില്‍ വൃക്കകളെ തകരാറിലാക്കുന്ന ഡൈഎഥിലിന്‍ ഗ്ലൈക്കോള്‍, എഥിലിന്‍ ഗ്ലൈക്കോള്‍ എന്നിവ അധികരിച്ച അളവുകളില്‍ കണ്ടെത്തിയിരുന്നു.
സമുദ്ര സംരക്ഷണത്തിന് ലിസ്ബണ്‍ ഡിക്ലറേഷന്‍
പോര്‍ച്ചുഗലിന്റെ തലസ്ഥാനമായ ലിസ്ബണില്‍ 2022 ജൂണ്‍ 27 മുതല്‍ ജൂലായ് ഒന്നുവരെ ഓഷ്യന്‍ കോണ്‍ഫറന്‍സ് നടന്നു. ഐക്യരാഷ്ട്രസഭയുടെ രണ്ടാമത്തെ ഓഷ്യന്‍ കോണ്‍ഫറന്‍സ് ആയിരുന്നു ഇത്. സമ്മേളനത്തിനൊടുവില്‍ പുറപ്പെടുവിച്ച ലിസ്ബണ്‍ പ്രഖ്യാപനത്തിന് 'അവര്‍ ഓഷ്യന്‍, അവര്‍ ഫ്യൂച്ചര്‍- കോള്‍ ഫോര്‍ ആക്ഷന്‍' എന്നാണ് പേരുനല്‍കിയിരുന്നത്. 2040-ഓടെ സമുദ്രങ്ങളിലെ കാര്‍ബണ്‍ ന്യൂട്രാലിറ്റി ആര്‍ജിക്കാന്‍ പ്രഖ്യാപനം ആഹ്വാനം ചെയ്തു. സമുദ്രസംരക്ഷണത്തിന് ആഹ്വാനം ചെയ്യുന്ന ലിസ്ബണ്‍ പ്രഖ്യാപനത്തെ ഐക്യരാഷ്ട്രസഭയിലെ അംഗരാജ്യങ്ങളെല്ലാം പിന്തുണച്ചു.
സിംബാബ്‌വേയില്‍ സ്വര്‍ണനാണയം
കൈവിട്ടുപോയ നാണയപ്പെരുപ്പത്താല്‍ പൊറുതിമുട്ടുന്ന ആഫ്രിക്കന്‍ രാജ്യമായ സിംബാബ്‌വേയില്‍ ഇതിന് പ്രതിവിധിയായി സര്‍ക്കാര്‍ സ്വര്‍ണനാണയം പുറത്തിറക്കി. Mosi-oa-Tunya എന്നാണ് സ്വര്‍ണനാണയത്തിന് പേരുനല്‍കിയിട്ടുള്ളത്. വിക്ടോറിയ വെള്ളച്ചാട്ടത്തെ കുറിക്കുന്ന ദ സ്മോക്ക് വിച്ച് തണ്ടേഴ്സ് എന്നതാണ് നാണയത്തിന്റെ പേരിനര്‍ഥം. നിലവില്‍ 190 ശതമാനത്തിനും മേലേയാണ് ഈ രാജ്യത്തെ പണപ്പെരുപ്പനിരക്ക്.
ഇന്‍ഡൊനീഷ്യയ്ക്ക് പുതിയ തലസ്ഥാനം
കഴിഞ്ഞ മൂന്ന് നൂറ്റാണ്ടിനിടയില്‍ പലവട്ടം തലസ്ഥാന നഗരം മാറ്റിയ രാജ്യമാണ് ഇന്‍ഡൊനീഷ്യ. ബട്ടാവിയ (ജക്കാര്‍ത്ത), ബാന്ദുങ്, യോഗ്യകര്‍ത്ത, ബുക്കിട്ടിങ്ങി എന്നിവ രാജ്യത്തിന്റെ തലസ്ഥാന പദവി വിവിധ കാലയളവില്‍ വഹിച്ചിരുന്നു. 2022 ജനുവരി 18-ന് രാജ്യതലസ്ഥാനം ഈസ്റ്റ് കിലിമന്താന്‍ പ്രവിശ്യയിലെ നുസാന്തരയിലേക്ക് മാറ്റാന്‍ പാര്‍ലമെന്റ് നിയമം പാസാക്കി. ബോര്‍ണിയ ദ്വീപിലാണ് ഈ പ്രദേശം ഉള്‍പ്പെടുന്നത്.
ജസ്റ്റ് സ്റ്റോപ്പ് ഓയില്‍
2022 ഫെബ്രുവരിയില്‍ ബ്രിട്ടനില്‍ രൂപംകൊണ്ട പരിസ്ഥിതി സംഘടനയാണ് ജസ്റ്റ് സ്റ്റോപ്പ് ഓയില്‍. ബ്രിട്ടീഷ് സര്‍ക്കാര്‍ പുതിയതായി ഫോസില്‍ ഇന്ധനങ്ങള്‍ ഉപയോഗിക്കുന്നതും ലൈസന്‍സ് നല്‍കുന്നതും നിര്‍ത്തിവയ്പിക്കുക എന്നതാണ് സംഘടനയുടെ പ്രാഥമിക ലക്ഷ്യം. ഓയില്‍ ടെര്‍മിനലുകള്‍ ഉപരോധം സംഘടനയുടെ പ്രധാന സമരമാര്‍ഗമാണ്. 2022 ഓഗസ്റ്റ് 26-ന് സംഘടന ലണ്ടനില്‍ നടത്തിയ പ്രക്ഷുബ്ധ സമരത്തില്‍ ഏഴ് പെട്രോള്‍ സ്റ്റേഷനുകള്‍ ഉപരോധിക്കുകയും പെട്രോള്‍ പമ്പുകള്‍ നശിപ്പിക്കുകയും ചെയ്തു.
ഇങ്ക്വിലാബിന്റെ പെണ്‍കുട്ടികള്‍
2022 സെപ്റ്റംബര്‍ 16-ന് ടെഹ്റാനിലെ ആശുപത്രിയില്‍ മഹ്സാ അമിനി എന്ന 22-കാരി ദുരൂഹ സാഹചര്യത്തില്‍ മരിച്ചതിനെത്തുടര്‍ന്ന് ഇറാനിലെ ഹിജാബ് വിരുദ്ധ സമരം തീവ്രമായി. ശരിയായവിധം ഹിജാബ് ധരിക്കാത്തതിനെ തുടര്‍ന്ന് മതപോലീസിന്റെ കസ്റ്റഡിയിലായിരുന്നു മരിക്കുന്നതിനുമുന്‍പ് മഹ്സാ അമിനി. നിര്‍ബന്ധിത ശിരോവസ്ത്രം ധരിക്കലിനെതിരേ ഇറാനിലെ വനിതകള്‍ 2017 മുതല്‍ നടത്തിവരുന്ന പ്രതിഷേധങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത് ഗേള്‍സ് ഓഫ് ഇങ്ക്വിലാബ് എന്ന പ്രസ്ഥാനമാണ്.
ഹിജാബ് വിരുദ്ധസമരത്തിന് പിന്തുണ നല്‍കി ഫിഫ ലോകകപ്പില്‍ പങ്കെടുക്കുന്ന ഇറാന്‍ ടീം ഇംഗ്ലണ്ടിനെതിരേയുള്ള മത്സരത്തിനുമുന്‍പ് ദേശീയ ഗാനം ആലപിക്കാന്‍ വിസമ്മതിച്ചു.
ബ്രിട്ടനിലെ കരയിക്കാത്ത സവാള
കണ്ണീര്‍ ഉണ്ടാക്കാത്ത സവാളയിനമായ 'സുനിയന്‍' വില്‍പ്പന നടത്താന്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ 2022-ല്‍ അനുമതി നല്‍കി. ബെയര്‍ കമ്പനിയാണ് സുനിയന്‍ സവാള വികസിപ്പിച്ചെടുത്തത്. സാധാരണ സവാളയുടെ രൂക്ഷഗന്ധവും സുനിയനില്ല.
ആധുനിക അടിമകള്‍ 50 ദശലക്ഷത്തിലേറെ
അന്താരാഷ്ട്ര തൊഴില്‍ സംഘടന (ഐ.എല്‍.ഒ.) പുറത്തുവിട്ട 'ഗ്ലോബല്‍ എസ്റ്റിമേറ്റ്സ് ഓഫ് മോഡേണ്‍ സ്ലേവറി' റിപ്പോര്‍ട്ട് പ്രകാരം 2021-ലും അടിമത്തത്തില്‍ കഴിയുന്നവര്‍ 50 ദശലക്ഷത്തിലേറെപ്പേരാണ്. ഇതില്‍ 28 ദശലക്ഷം പേര്‍ നിര്‍ബന്ധിതതൊഴിലിന് വിധേയമാക്കപ്പെടുമ്പോള്‍, 22 ദശലക്ഷം പേര്‍ നിര്‍ബന്ധിത വിവാഹബന്ധങ്ങളില്‍ കുടുങ്ങിപ്പോയവരാണ്. കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടയില്‍ ലോകവ്യാപകമായി പത്തുദശലക്ഷത്തോളം പേരാണ് അടിമത്തസാഹചര്യങ്ങളില്‍ അധികമായി കുടുങ്ങിയിട്ടുള്ളത്. സ്ത്രീകളും കുട്ടികളുമാണ് ഈ സാഹചര്യത്തിന്റെ പ്രധാന ഇരകള്‍.
സ്വകാര്യമേഖലയിലാണ് നിര്‍ബന്ധിതമായി പണിയെടുപ്പിക്കുന്നതിന്റെ 86 ശതമാനവും സംഭവിക്കുന്നത്. സ്ത്രീകളും പെണ്‍കുട്ടികളും ലൈംഗികചൂഷണത്തിനും വ്യാപകമായി വിധേയരാകുന്നു. നിര്‍ബന്ധിതവിവാഹങ്ങളില്‍ 65 ശതമാനവും ഏഷ്യ-പസിഫിക് മേഖലയിലാണ് സംഭവിക്കുന്നത്.
COP 27 കാലാവസ്ഥാ ഉച്ചകോടി
കാലാവസ്ഥാ വ്യതിയാനത്തിന് എതിരേ ലോകരാജ്യങ്ങള്‍ ഒത്തുച്ചേര്‍ന്ന് കാലാവസ്ഥാ ഉച്ചകോടിയുടെ 27-ാമത് സമ്മേളനമാണ് നവംബര്‍ ആറു മുതല്‍ 18 വരെ നടന്നത്. സാമ്പത്തിക സഹായത്തിന്മേല്‍ ധാരണയാകാത്തതിനാല്‍ ഉച്ചകോടി രണ്ടു ദിവസത്തേക്ക് കൂടി നീട്ടിയിരുന്നു. യുണൈറ്റ്ഡ് നേഷന്‍സ് ഫ്രെയിംവര്‍ക്ക് കണ്‍വെന്‍ഷന്‍ ഓണ്‍ ക്ലൈമറ്റ് ചേഞ്ചിന്റെ (unfcc) കാലാവസ്ഥാ വ്യതിയാനങ്ങളെ കുറിച്ച് തീരുമാനമെടുക്കുന്ന സമിതിയാണ് കോണ്‍ഫറന്‍സ് ഓഫ് പാര്‍ട്ടീസ് എന്ന പേരിലറിയപ്പെടുന്ന cop. കാലാവസ്ഥാ സാമ്പത്തിക സഹായം ഉറപ്പു വരുത്തുന്നതില്‍ cop 27 പുരോഗതി കൈവരിച്ചു. ഇത്തവണ ഈജിപ്തിലെ ഷറം അല്‍ഷെയ്ഖില്‍ നടന്ന ഉച്ചകോടിയില്‍ 198 രാജ്യങ്ങളില്‍ നിന്നായി 45,000 ത്തോളം പ്രതിനിധികളാണ് പങ്കെടുത്തത്. രാഷ്ട്രത്തലവന്‍മാര്‍, ശാസ്ത്രസമൂഹം, വ്യവസായ പ്രമുഖര്‍, ഇന്ധന കമ്പനി പ്രതിനിധികള്‍ തുടങ്ങിയവര്‍ ഉച്ചകോടിയുടെ ഭാഗമായി. 18 അംഗ ഇന്ത്യന്‍ പ്രതിനിധി സംഘത്തെ കേന്ദ്ര പരിസ്ഥിതി മന്ത്രി ഭൂപേന്ദര്‍ യാദവാണ് നയിച്ചത്. ആഗോള ഇന്ധന സബ്‌സിഡി കുറയ്ക്കാന്‍ cop 27 തീരുമാനിച്ചിട്ടുണ്ട്. ദരിദ്ര, വികസ്വര രാജ്യങ്ങള്‍ക്കുള്ള സാമ്പത്തിക സഹായം അനുവദിക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കാന്‍ ഉച്ചകോടി നവംബര്‍ 18 നപ്പുറം രണ്ടു ദിവസത്തോളം നീണ്ടു നിന്നു. സ്‌കോട്‌ലന്‍ഡ്, ബെല്‍ജിയം തുടങ്ങിയ രാജ്യങ്ങള്‍ കാലാവസ്ഥാ മാറ്റ സഹായ ഫണ്ടിന്റെ വിഷയത്തില്‍ അനുകൂല നിലപാട് സ്വീകരിച്ചു. എന്നാല്‍ യൂറോപ്യന്‍ യൂണിയന്‍, ചൈന, അറബ് രാജ്യങ്ങള്‍ തുടങ്ങിയവര്‍ വിഷയത്തില്‍ മൗനം പാലിച്ചു. 2023 ല്‍ cop 28 യു.എ.ഇയില്‍ വെച്ച് നടക്കും.
ജി 20 ഉച്ചകോടി
ബാലിയിൽനടന്ന ജി 20 രാജ്യങ്ങളുടെ 17-ാം ഉച്ചകോടിയിൽ 2022-’23 വർഷത്തെ അധ്യക്ഷസ്ഥാനം ഇന്ത്യ ഏറ്റെടുത്തു. അടുത്തവർഷം സെപ്റ്റംബർ 19, 20 തീയതികളിൽ ന്യൂഡൽഹിയിലാണ് 18-ാം ഉച്ചകോടി നടക്കുക.
ട്വിറ്ററിനെ സ്വന്തമാക്കി മസ്ക്
ഏറെ അനിശ്ചിതത്വങ്ങൾക്കൊടുവിൽ സാമൂഹികമാധ്യമമായ ട്വിറ്റർ 3.6 ലക്ഷം കോടി രൂപയ്ക്ക് ശതകോടീശ്വരനും ടെസ്‍ല സി.ഇ.ഒ.യുമായ ഇലോൺ മസ്ക് ഏറ്റെടുത്തു.
ഇറാഖിലെ പ്രക്ഷോഭം
ശിരോവസ്ത്രം ശരിയായി ധരിച്ചില്ലെന്നാരോപിച്ച് അറസ്റ്റുചെയ്ത മഹ്‌സ അമീനിയെന്ന 22-കാരി കസ്റ്റഡിയിൽ മരിച്ചതിനെത്തുടർന്ന് ഇറാനിൽ പടർന്നുപിടിച്ച പ്രക്ഷോഭം മൂന്നുമാസം പിന്നിട്ടു. പ്രക്ഷോഭത്തിൽ അഞ്ഞൂറിലധികം ആളുകൾ കൊല്ലപ്പെട്ടു. സദാചാരപോലീസിനെ ഇറാൻ പിന്നീട് പിൻവലിച്ചു.
ആർട്ടെമിസ് വിക്ഷേപിച്ചു
മനുഷ്യരെ വീണ്ടും ചന്ദ്രനിലെത്തിക്കാനുള്ള നാസയുടെ പദ്ധതിക്ക് തുടക്കം. ആളില്ലാദൗത്യമായ ആദ്യഘട്ടത്തിൽ ആർട്ടെമിസ്-1 നവംബർ 16-ന് വിക്ഷേപിച്ചു. യാത്രാപേടകമായ ഓറിയോൺ ചന്ദ്രനെ ചുറ്റി ഡിസംബറിൽ ഭൂമിയിൽ തിരിച്ചെത്തി.
ശ്രീലങ്കയിൽ രാഷ്ട്രീയ അനിശ്ചിതത്വം
സാമ്പത്തികപ്രതിസന്ധി രൂക്ഷമായ ശ്രീലങ്കയിൽ സർക്കാർവിരുദ്ധ പ്രക്ഷോഭം അലയടിച്ചു. പ്രസിഡന്റ് ഗോതാബയ രാജപക്സെ രാജ്യംവിടുകയും പ്രസിഡന്റ് സ്ഥാനം രാജിവെക്കുകയും ചെയ്തു. പിന്നീട് ശ്രീലങ്കയുടെ എട്ടാമത് പ്രസിഡന്റായി റനിൽ വിക്രമസിംഗെ അധികാരമേറ്റു.
Content Highlights: Most Significant World Events in 2022