മേലേ മാനത്ത് തുറന്ന ഷാപ്പും കുട്ടനാടന്‍ കായലിലെ കെട്ടുവള്ളവും; മലയാളം ഏറ്റുപാടിയ 'കള്ളുപാട്ടുകള്‍'

കാഴ്ച, കണ്ടു കണ്ടറിഞ്ഞു എന്നീ ചിത്രങ്ങളിലെ ​ഗാനരം​ഗങ്ങളിൽ നിന്ന് | ഫോട്ടോ: സ്ക്രീൻ​ഗ്രാബ്
കാഴ്ച, കണ്ടു കണ്ടറിഞ്ഞു എന്നീ ചിത്രങ്ങളിലെ ​ഗാനരം​ഗങ്ങളിൽ നിന്ന് | ഫോട്ടോ: സ്ക്രീൻ​ഗ്രാബ്

ദ്യപാനം ആരോഗ്യം ഹാനികരം തന്നെയാണ്. സംഗീതം ആരോഗ്യത്തിന് അത്യുത്തമമവും. എന്നാല്‍ മദ്യപാനവും സംഗീതവും ഒരുമിച്ച് വന്നാലോ? സിനിമയിലാണെങ്കില്‍ സംഗതി കളറാവും. അഭിനയിക്കുന്നത് എണ്ണം പറഞ്ഞ താരങ്ങള്‍ കൂടിയാണെങ്കില്‍ പിന്നെ നോക്കുകയും വേണ്ട. പലതരം ജോണറില്‍പ്പെട്ട ഗാനങ്ങള്‍ മലയാളസിനിമയില്‍ വന്നിട്ടുണ്ടെങ്കിലും അവയില്‍ അല്പം വ്യത്യസ്തമാണ് 'കള്ളുപാട്ടുകള്‍'. 

പ്രധാനകഥാപാത്രങ്ങള്‍ തുടങ്ങി കൊമേഡിയന്മാര്‍ വരെ അഭിനയിച്ച് തകര്‍ത്ത കള്ളുപാട്ടുകളുണ്ട് മലയാളത്തില്‍. അതില്‍ ശ്രദ്ധേയമായ ചിലത് പരിശോധിച്ച് നോക്കാം.

1.  നീയറിഞ്ഞോ മേലേ മാനത്ത്

കള്ളുപാട്ട് എന്ന് കേള്‍ക്കുമ്പോള്‍ ഏതൊരു സംഗീതപ്രേമിയുടേയും മനസിലേക്ക് വരുന്ന ആദ്യഗാനം. 1985-ല്‍ പുറത്തിറങ്ങിയ കണ്ടു കണ്ടറിഞ്ഞു എന്ന ചിത്രത്തിലെ നീയറിഞ്ഞോ മേലേ മാനത്ത് ഇന്നും ആസ്വാദകര്‍ ഏറ്റുപാടുന്നു. ഗാനമേളകളിലെ സ്ഥിരസാന്നിധ്യം. ചുനക്കര രാമന്‍കുട്ടിയുടെ വരികള്‍ക്ക് ശ്യാം ഈണം നല്‍കിയിരിക്കുന്നു. മോഹന്‍ലാലും മാള അരവിന്ദനും അഭിനയിച്ചുപാടിയ പാട്ട് ഇന്നും മലയാളികളുടെ പ്ലേലിസ്റ്റുകള്‍ ഭരിക്കുന്നുണ്ട്.

2. സംഗതി കുഴഞ്ഞല്ലോ

കള്ളുപാട്ടുകളില്‍ അണ്ടര്‍ റേറ്റഡ് എന്ന് വിശേഷിപ്പിക്കാവുന്ന ഒരു ഐറ്റം ഇറങ്ങിയിട്ടുണ്ട് മലയാളത്തില്‍. 1983-ല്‍ പുറത്തിറങ്ങിയ വിസ എന്ന ചിത്രത്തില്‍. ബാലു കിരിയത്ത് സംവിധാനം ചെയ്ത ചിത്രത്തില്‍ മമ്മൂട്ടിയും മോഹന്‍ലാലുമായിരുന്നു നായകന്മാര്‍. ഇരുവരും ഒന്നിച്ചഭിനയിച്ച ആദ്യകാലചിത്രങ്ങളിലൊന്ന്. മമ്മൂട്ടിക്കും മോഹന്‍ലാലിനുമൊപ്പം ബഹദൂര്‍, ശ്രീനാഥ് എന്നിവര്‍ എത്തിയ സംഗതി കുഴഞ്ഞല്ലോ എന്ന ഗാനം അക്കാലത്തെ ഒരു ട്രെന്‍ഡ് ഗാനമായിരുന്നു. ബിച്ചു തിരുമലയുടെ വരികള്‍ക്ക് ജിതിന്‍ ശ്യാമായിരുന്നു ഈണമിട്ടത്.

3. ഒരായിരം കിനാക്കളാല്‍

തൊഴിലില്ലായ്മയുടെ ഭീകരതയും തൊഴില്‍രഹിതരുടെ നിസ്സഹായാവസ്ഥകളും ചിത്രീകരിച്ചിട്ടുള്ള സിനിമകളുടെ ലിസ്‌റ്റെടുത്താല്‍ അതില്‍ മുന്‍നിരയിലുണ്ടാവും സിദ്ദിഖ്-ലാല്‍ കൂട്ടുകെട്ടില്‍പ്പിറന്ന ആദ്യചിത്രമായ റാംജി റാവു സ്പീക്കിങ്. നാടകക്കാരനായ മാന്നാര്‍ മത്തായിയുടെയും അദ്ദേഹത്തിന്റെ വീട്ടിലെ അന്തേവാസികളായ ബാലകൃഷ്ണന്റെയും ഗോപാലകൃഷ്ണന്റേയും സൗഹൃദത്തിന്റെ കഥ പറഞ്ഞ ചിത്രത്തില്‍ മൂവരും ചേര്‍ന്ന് ക്ലാസിക് എന്നൊക്കെ വിശേഷിപ്പിക്കാവുന്ന ഒരു ഗാനം സൃഷ്ടിച്ചിട്ടുണ്ട്. ബിച്ചു തിരുമലയുടെ വരികള്‍ക്ക് എസ് ബാലകൃഷ്ണന്‍ ഈണമിട്ട ഒരായിരം കിനാക്കളാല്‍. എം.ജി. ശ്രീകുമാര്‍, ഉണ്ണി മേനോന്‍, ചിത്ര, സി.ഒ. ആന്റോ എന്നിവരായിരുന്നു പാടിയത്.

4. അന്തിക്കടപ്പുറത്ത്

അന്നുവരെ കണ്ടതില്‍വെച്ചേറ്റവും വ്യത്യസ്തമായ, ഷാപ്പ് പശ്ചാത്തലമായ ഗാനമായിരുന്നു ഭരതന്‍ സംവിധാനം ചെയ്ത് 1993-ലിറങ്ങിയ ചമയം എന്ന ചിത്രത്തിലെ അന്തിക്കടപ്പുറത്ത്. ജോണ്‍സണ്‍ ആയിരുന്നു സംഗീതസംവിധാനം. തിലകന്‍, മോഹന്‍ലാല്‍ എന്നിവരെ മനസില്‍ കണ്ടെഴുതിയ തിരക്കഥയായിരുന്നു ചമയത്തിന്റേത്. പിന്നീട് ആ വേഷങ്ങളിലേക്ക് യഥാക്രമം മുരളി, മനോജ് കെ ജയന്‍ എന്നിവര്‍ കടന്നുവരികയായിരുന്നു. മനോജ് കെ ജയന്‍ തന്നെ ഇക്കാര്യം പറഞ്ഞിട്ടുണ്ട്. മത്സ്യത്തൊഴിലാളികളുടെ ജീവിതവും നാടകവുമെല്ലാം പ്രതിപാദിക്കുന്ന ചിത്രത്തില്‍ എം.ജി ശ്രീകുമാറും ജോളി എബ്രഹാമും പാടിയ ഗാനം ഇന്നത്തെ തലമുറയേയും ഹരംകൊള്ളിക്കുന്നുണ്ട്.

5. പാല്‍ നിലാവിനും ഒരു നൊമ്പരം

ജീവിതം തകര്‍ന്ന് തരിപ്പണമായി നില്‍ക്കുന്ന രണ്ടുപേര്‍, കന്നാസും കടലാസും. സ്‌നേഹിച്ചവരാല്‍ തിരസ്‌കരിക്കപ്പെട്ട് നെഞ്ച് തകര്‍ന്ന് അവര്‍ പാടിയ പാട്ടായിരുന്നു പാല്‍ നിലാവിനും ഒരു നൊമ്പരം. കള്ളുകുടിപ്പാട്ടെന്നും ദുഃഖഗാനമെന്നും വിളിക്കാവുന്ന ഗാനത്തിന് ഈണമിട്ടത് എസ്.പി. വെങ്കിടേഷായിരുന്നു. 1994-ല്‍ പുറത്തിറങ്ങിയ സിദ്ദിഖ്-ലാല്‍ ചിത്രം കാബൂളിവാലയിലെ ഈ ഗാനരംഗം ഇന്നും അനശ്വരമായി നില്‍ക്കാന്‍ കാരണം ചിത്രത്തില്‍ കന്നാസും കടലാസുമായെത്തിയ ജഗതി ശ്രീകുമാറിന്റെയും ഇന്നസെന്റിന്റേയും പ്രകടനമികവുകൂടിയായിരുന്നു.

6. കുട്ടനാടന്‍ കായലിലെ

പുറത്തിറങ്ങി 19 വര്‍ഷങ്ങള്‍ക്കിപ്പുറവും സംഗീതപ്രിയര്‍ ഏറ്റുപാടുന്ന പാട്ട്. ഒരു ഫാസ്റ്റ് നമ്പര്‍ പാടിക്കേ എന്ന് ആരെങ്കിലും ചോദിച്ചാല്‍ പാടാന്‍ അറിയാത്തവര്‍ പോലും പാടുന്ന ഗാനം. കാഴ്ച എന്ന ചിത്രത്തിനുവേണ്ടി മോഹന്‍ സിതാരയും മധു ബാലകൃഷ്ണനും കലാഭവന്‍ മണിയും ചേര്‍ന്നൊരുക്കിയ നാടന്‍ സംഗീതവിരുന്ന്. അത്രയേറെയുണ്ട് കുട്ടനാടന്‍ കായലിലെ എന്ന ഗാനത്തിന്റെ ഫാന്‍സ് പവര്‍. മമ്മൂട്ടിയും മനോജ് കെ ജയനുമായിരുന്നു ഗാനരംഗത്തില്‍. മമ്മൂട്ടിക്കുവേണ്ടി മധു ബാലകൃഷ്ണനും മനോജ് കെ ജയനുവേണ്ടി കലാഭവന്‍ മണിയും ശബ്ദമേകി. ഒരു നടനുവേണ്ടി അതേ ഇന്‍ഡസ്ട്രിയില്‍ കത്തി നിന്നിരുന്ന മറ്റൊരു നടന്‍ പാടിയ പാട്ട് എന്ന പ്രത്യേകതയും ഈ ഗാനത്തിനുണ്ട്. 

7. മീശ മുളച്ചപ്പം

മലയാള സിനിമാ ഗാന ശാഖ അത്രയൊന്നും ഉപയോഗപ്പെടുത്താത്ത ഒന്നാണ് ചെയിന്‍ സോംഗുകള്‍. ഒന്നിനുപിറകേ ഒന്നായി വരുന്ന, പ്രത്യേക മൂഡ് സൃഷ്ടിക്കുന്ന തരം പാട്ടുകളാണിവ. മലയാളത്തില്‍ അങ്ങനെയൊരു പാട്ടുണ്ടായിട്ടുണ്ട്. 1980-ല്‍ പുറത്തിറങ്ങിയ ശക്തി എന്ന ചിത്രത്തില്‍. ജയന്‍ എന്ന നടന്റെ അസാമാന്യ പ്രകടനത്തിന്റെ പേരില്‍ ഇന്നും കാലാതിവര്‍ത്തിയായി നില്‍ക്കുന്ന ചിത്രത്തിലെ മീശമുളച്ചപ്പം എന്നുതുടങ്ങുന്ന ഗാനം ഒന്നാന്തരമൊരു കള്ളുപാട്ടാണ്. കള്ളുഷാപ്പിനകത്ത് നടക്കുന്ന ഒരു തമാശരംഗം കൂടിയാണ് ഗാനം. ബഹദൂര്‍, പൂജപ്പുര രവി, കുഞ്ചന്‍, ഒടുവില്‍ ഉണ്ണിക്കൃഷ്ണന്‍, മണവാളന്‍ ജോസഫ് എന്നിവരായിരുന്നു ഗാനരംഗത്ത്. ബിച്ചു തിരുമലയുടെ വരികള്‍ക്ക് കെ.ജെ. ജോയ് ഈണമിട്ട് യേശുദാസ് ആണ് ഈ പാരഡി ഗാനം ആലപിച്ചിരിക്കുന്നത്. 

8. പംപര പാ പാ

മലയാളസിനിമ അന്നേവരെ കണ്ടിട്ടുള്ളതില്‍ വെച്ച് ഏറ്റവും വലിയ ഗാനചിത്രീകരണ പരീക്ഷണം. സിംഗിള്‍ ഷോട്ടില്‍, ഒരു വലിയസംഘം ആളുകളെ വെച്ച് ഒരു പാട്ട്. അതാണ് 2013-ല്‍ ആമേന്‍ എന്ന ചിത്രത്തിനുവേണ്ടി സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരി ചെയ്തത്. കള്ളുഷാപ്പിലേക്ക് നടന്നടുക്കുന്ന ഒരുപറ്റം ആളുകളും ഷാപ്പിനകത്തിരിക്കുന്നവരുമായി വലിയൊരു സംഘം തന്നെയുണ്ട് പാട്ടില്‍. കണ്ടവരെല്ലാവരും ഒരേ സ്വരത്തില്‍ ചോദിച്ചു, ഇതെങ്ങനെ സാധിച്ചുവെന്ന്. കരയില്‍ നിന്ന് തുടങ്ങുന്ന ക്യാമറയുടെ സഞ്ചാരം ഷാപ്പിനകത്തുകൂടി കയറിയിറങ്ങി ഒടുവില്‍ വെള്ളത്തിന് മുകളിലാണ് അവസാനിക്കുന്നത്. അഭിനന്ദന്‍ രാമാനുജന്‍ എന്ന ഛായാഗ്രാഹകനും പ്രശാന്ത് പിള്ളയെന്ന സംഗീത സംവിധായകനും ലിജോ ജോസ് പെല്ലിശ്ശേരിയെന്ന സംവിധായകനും ചേര്‍ന്നൊരുക്കിയ സിംഫണി തന്നെയാണ്  ഈ ഗാനം.

9. ഭൂമി കറങ്ങുന്നുണ്ടോടാ

ചോദ്യവും ഉത്തരവും പോലെയൊരു ഗാനം. രംഗത്ത് മോഹന്‍ലാലും മാള അരവിന്ദനും. നീയറിഞ്ഞോ മേലേ മാനത്ത് എന്ന സൂപ്പര്‍ഹിറ്റിന് ശേഷം ഈ കൂട്ടുകെട്ട് ഒന്നിച്ച അടുത്ത ചിത്രം. അതായിരുന്നു സോമന്‍ അമ്പാട്ട് സംവിധാനം ചെയ്ത ഒപ്പം ഒപ്പത്തിനൊപ്പം. ജെറി അമല്‍ദേവ് ഈണമിട്ട ഭൂമി കറങ്ങുന്നുണ്ടോടാ എന്ന ഗാനം ആലപിച്ചത് യേശുദാസും ഗാനരചയിതാവ് ബിച്ചു തിരുമലയും കൂടിയായിരുന്നു. ബിച്ചു തിരുമല മലയാളത്തില്‍ പാടിയ വിരലിലെണ്ണാവുന്ന ഗാനങ്ങളില്‍ ഒന്നുകൂടിയായിരുന്നു ഈ ഗാനം.
 

Content Highlights: world music day 2023, variety songs in malayalam