സ്വന്തമായി അഞ്ചടി ഉയരമുള്ള ഗ്രാമഫോണ്‍, പഴക്കം മുപ്പത്തഞ്ച് വര്‍ഷം; 'ഇന്നും പാടും, ഞാന്‍ കേള്‍ക്കും'

ഗസലലകള് നിറഞ്ഞൊഴുകിയ കോഴിക്കോടിന്റെ ഹൃദയഭാഗം. മാനാഞ്ചിറ കഴിഞ്ഞ്, മിഠായിത്തെരുവിലെ ആള്‍ക്കൂട്ടവും ബഹളവും കടന്ന്, കാഴ്ചകള്‍ കണ്ടുവരുന്നവഴി ഒയിറ്റി റോഡില്‍ ഒരു പാട്ടുപീടിക കാണാം. 'വോയ്‌സ് ഓഫ് കേരള'. പേര് മോഡേണായി തോന്നുമെങ്കിലും, കടയുടെ ചില്ലുകൂടിനപ്പുറത്ത് വര്‍ഷങ്ങള്‍ പഴക്കമുള്ള റിക്കോര്‍ഡുകളും ഗ്രാമഫോണും റേഡിയോയുമെല്ലാം കടന്നുപോകുന്നവര്‍ക്ക് നേരെ നീട്ടിയൊരു ക്ഷണം തരും. അകത്ത് കയറി നോക്കിയാല്‍ അടുക്കിവെച്ച റിക്കോര്‍ഡുകള്‍ക്കും നിരത്തിവെച്ച റേഡിയോകള്‍ക്കും പ്ലയറുകള്‍ക്കും ഇടയില്‍നിന്ന് കാതിനിമ്പമുള്ള പാട്ട് കേള്‍ക്കാം. കേട്ടിരിക്കാന്‍ തോന്നുന്ന കഥകള്‍ പറയുന്ന മൂന്ന് മനുഷ്യരെയും കാണാം. വി.പി. അബ്ദുള്‍ സലാമും പി. അബ്ദുള്‍ റഹ്‌മാനും അദ്ദേഹത്തിന്റെ ഭാര്യ വി. സീനത്തും.
പഴക്കമേറിയ റേഡിയോകള്‍, വിനയല്‍ റിക്കോര്‍ഡുകള്‍, ആപ്ലിഫയര്‍, റേഡിയോ, സ്പീക്കറുകള്‍, ഗ്രാമഫോണടക്കമുള്ള പഴയ സംഗീത ഉപകരണങ്ങളുടെ ശേഖരങ്ങള്‍ എല്ലാമുണ്ട് ഇവിടെ. ആദ്യമായി അവിടെയെത്തി, കൗതുകത്തോടെ അവയെല്ലാം നോക്കിനില്‍ക്കുന്ന കണ്ണുകളോട്, എഴുപത്താറുകാരനായ കടയുടമ അബ്ദുള്‍ സലാം വി.പി. ഇങ്ങനെ പറഞ്ഞുതുടങ്ങും;
"മുപ്പത് വര്‍ഷമായി ഇവിടെ ഈ പരിപാടി തുടങ്ങിയിട്ട്. ഇക്കാണുന്ന ഉപകരണങ്ങളുടെ കളക്ഷന്‍, വില്‍പ്പന, സര്‍വ്വീസ് ഒക്കെയാണ് ചെയ്യുന്നത്. അതിനൊക്കെയപ്പുറം ശബ്ദത്തിനോടും സംഗീതത്തോടും വല്ല്യ കമ്പമുണ്ട്. ദാ, അക്കാണുന്നത് ഞാന്‍ പറഞ്ഞുണ്ടാക്കിച്ചതാണ്." അടുക്കിവെച്ച സിഡി കാസറ്റുകള്‍ക്കും റേഡിയോക്കും സമീപത്തായി പ്രതാപത്തോടെയിരിക്കുന്ന വലിയ ഗ്രാമഫോണില്‍ തുടങ്ങും സംസാരം. പിന്നീട് വിവരണമാണ്, ഈ പാട്ടുപീടികയെക്കുറിച്ചും പാഷനിലേക്ക് തിരിച്ചെത്തിയ ജീവിതത്തെക്കുറിച്ചുമെല്ലാം...
പാട്ടിന്റെ വഴി
"കോഴിക്കോട് പന്നിയങ്കരയാണ് സ്വദേശം. ഉമ്മയുടെ ഉപ്പ പി.എം. അബ്ദുള്ളക്കോയ എച്ച്.എം.വി. റിക്കോര്‍ഡ്‌സ് ഡീലറായിരുന്നു. അവിടെ പഴയ ഗ്രാമഫോണുകള്‍ ഒരുപാടുണ്ടായിരുന്നതിനാല്‍ അന്നേ അവയെല്ലാം കണ്ട് പരിചയമായി. പാട്ടിനോട് താല്‍പര്യമുണ്ടായിരുന്നതുകൊണ്ട് സ്‌കൂള്‍ വിട്ടാല്‍ വല്ല്യുപ്പയുടെ കൂടെ കടയില്‍ ചെന്നിരിക്കും. ഗ്രാമഫോണില്‍ പാട്ട് കേള്‍ക്കും."
"അന്ന് സംഗീതാധ്യാപകനായ അമ്മാവന്‍ ഡി. ഹസ്സന്‍ കോയ ഇന്നത്തെ ചെറൂട്ടി റോഡിലാണ് ക്ലാസ് എടുത്തിരുന്നത്. മുതിര്‍ന്നപ്പോള്‍ ഞാന്‍ കോളേജിലെ ക്ലാസ് കഴിഞ്ഞ് മടങ്ങുന്നത് ആ വഴിയാക്കി. പാട്ട് തന്നെയായിരുന്നു അതിന് കാരണം. നടന്നുവന്ന് ക്ലാസിലൊക്കെ ഇരുന്ന്, പാട്ട് കേള്‍ക്കുകയും പാടുകയും ഒക്കെ ചെയ്തുപോന്നു." അങ്ങനെ ചെറുപ്പത്തിലേ മനസ്സില്‍ നാമ്പിട്ട പാട്ടിനോടുള്ള അബ്ദുള്‍ സലാമിന്റെ ഇഷ്ടം ക്രമേണ പാഷനായി മാറി. മലബാര്‍ ക്രിസ്ത്യന്‍ കോളേജില്‍ പ്രീഡിഗ്രിക്ക് പഠിച്ച കാലത്ത് കോളേജിലെ സംഗീത ട്രൂപ്പിലും അദ്ദേഹം സജീവമായിരുന്നു.
'വോയ്‌സ് ഓഫ് കേരള'യുടെ പിറവി
ദുബായില്‍ അക്കൗണ്ടന്റായി അദ്ദേഹം ജോലി ചെയ്തിരുന്നു. പിന്നീട് നാട്ടിലെത്തി ഭാര്യാപിതാവില്‍ നിന്നാണ് അബ്ദുള്‍ സലാം കട ഏറ്റെടുക്കുന്നത്. മുപ്പത് വര്‍ഷങ്ങള്‍ക്ക് മുമ്പാണത്. തന്റെ താല്‍പ്പര്യം ഇഷ്ടമുള്ള ജോലിയിലേക്ക് തന്നെ അദ്ദേഹത്തെ എത്തിച്ചുവെന്ന ആശ്വാസമാണ് അന്നുണ്ടായതെന്ന് അദ്ദേഹം പറഞ്ഞു. ഇപ്പോള്‍ ആറ് വര്‍ഷമായി സംഗീതപ്രേമിയായ പി. അബ്ദുള്‍ റഹ്‌മാനും ബിസിനസ്സില്‍ പാര്‍ട്ണറായുണ്ട്. അദ്ദേഹത്തിന്റെ ഭാര്യ വി. സീനത്തിനും ഏറെ താല്‍പ്പര്യമുള്ള മേഖലയായതിനാല്‍ എന്നും കടയില്‍ വരുന്നു.
പുരാതന സംഗീതോപകരണങ്ങളുടെ വ്യാപാരമാണ് നത്തുന്നതെങ്കിലും അവയില്‍ ഇഷ്ടക്കൂടുതലുള്ളവയെ അങ്ങനെ വിട്ടുകൊടുക്കാറില്ലെന്ന് സീനത്ത് പറയുന്നു. "അപ്പോള്‍ കച്ചവടമല്ല. മനസ്സ് പറയുന്നതാണ് കേള്‍ക്കുക." ഗ്രാമഫോണും റേഡിയോയും പഴയ പ്ലയറുമെല്ലാം വെച്ച് പാട്ട് കേള്‍ക്കുന്നത് വല്ലാത്ത ഒരനുഭവമാണെന്ന് അഭിപ്രായപ്പെടുന്ന അബ്ദുള്‍ റഹ്‌മാനും സമ്മതിച്ചു; "ഒരു തരം ഭ്രാന്താണ് അതിനോടെന്ന്."
കേരളത്തിനകത്തും പുറത്തുമായി ധാരാളം പേര്‍ പഴയ റിക്കാര്‍ഡുകളും മറ്റും അന്വേഷിച്ച് ഇവിടെയെത്താറുണ്ട്. പഴയ സംഗീതം ആസ്വദിക്കാന്‍ പഴയ പ്ലയറുകള്‍ തന്നെ വാങ്ങികൊണ്ടുപോകുന്നവരും കൈയ്യിലുള്ളവ സൂക്ഷിക്കുന്നവരും സര്‍വ്വീസ് ചെയ്ത് അത് വീണ്ടും ഉപയോഗിക്കുന്നവരും ധാരാളമുണ്ട് എന്നിവര്‍ പറയുമ്പോള്‍, പാട്ടിനെ നെഞ്ചേറ്റിയ മനുഷ്യരുടെ അഭയസ്ഥലമാണ് ഇതെന്ന് തോന്നിയേക്കാം.
സ്വന്തമായി നിര്‍മിച്ച ഗ്രാമഫോണ്‍
"ഈ ഗ്രാമഫോണ്‍ ഞാന്‍ തന്നെ പറഞ്ഞ് പണികഴിപ്പിച്ചതാണ്. നല്ല ക്വാളിറ്റിയില്‍ അതേ അനുഭൂതിയോടെ പാട്ടുകള്‍ കേള്‍ക്കുക എന്ന മോഹത്തെതുടര്‍ന്ന് ഇത് നിര്‍മിക്കുകയായിരുന്നു." നേരത്തെ സൂചിപ്പിച്ച ഗ്രാമഫോണിനെക്കുറിച്ച് അബ്ദുള്‍ സലാം വിവരിച്ചു. പുതിയ വീട്ടിലേക്ക് താമസം മാറുന്നതിനിടെ സുരക്ഷിതസ്ഥാനം നോക്കി കടയില്‍ വെച്ചതാണ് അഞ്ചടി ഉയരമുള്ള ആ ഗ്രാമഫോണ്‍. "മുപ്പത്തഞ്ച് വര്‍ഷമായി ഇതിന്. ഇന്നും പാടും. ഞാന്‍ കേള്‍ക്കും."
| ഫോട്ടോ: ശ്രീഷ്മ എറിയാട്ട്
യേശുദാസ്, ലത മങ്കേഷ്‌കര്‍, മുഹമ്മദ് റാഫി, കിഷോര്‍ കുമാര്‍, എല്‍വിസ് പ്രിസ്‌ലി, ക്ലിഫ് റിച്ചാര്‍ഡ്, അബ്ബ തുടങ്ങി ഇഷ്ടമുള്ള ഒരുപാട് ഗായകരും ഗായകസംഘങ്ങളുമുണ്ട് അബ്ദുള്‍ സലാമിന്. പാട്ട് കേള്‍ക്കുന്നതിന് ഭാഷ ഒരു പരിമിതിയേയല്ല അദ്ദേഹത്തിന്. എന്നാല്‍ ഇന്നത്തെ പാട്ടുകളോട് വലിയ താല്‍പ്പര്യമില്ല.
കാത്ത് കാത്ത് പാട്ട് കേട്ട കാലം
"ഓരോ പാട്ടിനും മാധുര്യമുണ്ട്. അത് ഒരനുഭൂതിയാണ്. പണ്ട് കല്യാണ വീടുകളിലേക്ക് സൈക്കിളിലാണ് ആളുകള്‍ വലിയ ഗ്രാമഫോണ്‍ കൊണ്ടുപോവുക. പാട്ട് പാടിപ്പിച്ച് തുടങ്ങുമ്പോഴേക്കും അത് റിപ്പയര്‍ ചെയ്യേണ്ട അവസ്ഥയിലാവും. വീണ്ടും, അത് താങ്ങി നന്നാക്കാനായി കൊണ്ടുപോകും. തിരിച്ചെത്തുന്നതുവരെ പാട്ട് കേള്‍ക്കാന്‍ ആളുകള്‍ ക്ഷമയോടെ കാത്തിരിക്കും." സംഗീതത്തെ അത്രയേറെ സ്‌നേഹിച്ച മനുഷ്യരുടെ കാലത്തെ അബ്ദുള്‍ സലാം ഓര്‍ത്തെടുത്തു.
പാട്ട് എങ്ങനെയെങ്കിലും കേട്ടാല്‍ പോര എന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. "അത് വ്യക്തതയോടെ, കേട്ട് ആസ്വദിക്കണമെങ്കില്‍ പണ്ടത്തെ ഗ്രാമഫോണോ, സ്പീക്കറുകളോ നിര്‍ബന്ധമാണ്. എങ്കിലേ തൃപ്തിയാകു." ഇക്കാര്യത്തില്‍ അബ്ദുള്‍ റഹ്‌മാനും അഭിപ്രായവ്യത്യാസമില്ല. പഴയപാട്ടുകള്‍ ഗ്രാമഫോണിലൂടെ കേള്‍ക്കുന്നവര്‍ ഇന്നും ഏറെയുണ്ടെന്ന് ഇവര്‍ പറയുന്നു.
അബ്ദുള്‍ സലാം തുടങ്ങിയ 'ഗ്രാമഫോണ്‍' എന്ന ഗ്രൂപ്പ് അടക്കം 'ഗ്രേറ്റ് ഇന്ത്യന്‍ റെക്കോര്‍ഡ്', 'ഗാനതരംഗിണി', 'മ്യൂസിക് ലവേഴ്‌സ്' തുടങ്ങി വിവിധ വാട്‌സ് ആപ്പ് ഗ്രൂപ്പുകളിലും ഇവര്‍ സജീവമാണ്. കച്ചവടം മാത്രമല്ല, ഖല്‍ബ് തന്നെ സംഗീതത്തിന് സമര്‍പ്പിച്ചിരിക്കുകയാണവര്‍.
Content Highlights: World music day 2023, Musical antique shop owner life experience, Calicut