സ്ത്രീകളിലെ ഹൃദയാഘാത സാധ്യത വർധിക്കുന്നു: കാരണങ്ങൾ തിരിച്ചറിഞ്ഞ് പ്രതിരോധിക്കാം; പുതിയ പഠനം

ലോകത്തിൽ ഏറ്റവും കൂടുതൽ മരണങ്ങൾക്ക് കാരണമാകുന്നവയിൽ ഒന്നാണ് ഹൃദയാഘാതം. ധമനികളിൽ കൊഴുപ്പ് അടിഞ്ഞ് രക്തയോട്ടം കുറയുന്നതാണ് സാധാരണയായി ഹൃദയാഘാതത്തിലേക്ക് നയിക്കുന്ന ഘടകം. ഇപ്പോഴിതാ, സ്ത്രീകളിൽ ഹൃദയാഘാതം വർധിച്ചുവരുന്നുവെന്നാണ് പുതിയ പഠനങ്ങൾ പറയുന്നത്. മയോ ക്ലിനിക്കിന്റെ, ജേണൽ ഓഫ് ദി അമേരിക്കൻ കോളേജ് ഓഫ് കാർഡിയോളജിയിൽ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കുന്നത്.
65 വയസ്സും അതിൽ താഴെയുള്ളവരിലേയും വിവരങ്ങളാണ് പരിശോധിച്ചത്. യുവതികളിലെ പകുതിയിലധികം ഹൃദയാഘാതങ്ങൾക്കും കാരണം ധമനികളിൽ കൊഴുപ്പടിഞ്ഞുണ്ടാകുന്ന പരമ്പരാഗതമായ തടസ്സങ്ങളല്ലെന്ന് പഠനം വ്യക്തമാക്കുന്നു. പകരം, ഹോർമോൺ വ്യതിയാനങ്ങൾ, മാനസിക സമ്മർദ്ദം, ഓട്ടോ ഇമ്മ്യൂൺ രോഗങ്ങൾ, ഗർഭകാലത്തെ സങ്കീർണ്ണതകൾ, ജീവിതശൈലിയിലെ മാറ്റങ്ങൾ തുടങ്ങിയ മറഞ്ഞിരിക്കുന്ന ഘടകങ്ങളാണ് പ്രധാനമായും ബാധിക്കുന്നത്.
ഇത്തരത്തിൽ ഹൃദയാഘാതങ്ങളുണ്ടാകുമ്പോൾ കയ്യിലേക്ക് വ്യാപിക്കുന്ന നെഞ്ചുവേദന പോലുള്ള സാധാരണ ലക്ഷണങ്ങൾ പലപ്പോഴും ഉണ്ടാകാറില്ല. ഇത് സ്ത്രീകൾക്ക് മുന്നറിയിപ്പ് സൂചനകൾ തിരിച്ചറിയുന്നതിനും സമയബന്ധിതമായി സഹായം തേടുന്നതിനും പ്രയാസമുണ്ടാക്കുന്നു. സ്ത്രീകൾക്ക് അനുഭവപ്പെടുന്ന ഓക്കാനം, ക്ഷീണം, ശ്വാസംമുട്ടൽ തുടങ്ങിയ ലക്ഷണങ്ങൾ തിരിച്ചറിയാൻ പ്രയാസമുള്ളതും പലപ്പോഴും അവഗണിക്കാൻ സാധ്യതയുള്ളതുമാണ്. ഇത് ചികിത്സ വൈകുന്നതിലേക്ക് നയിക്കുന്നു.
ലക്ഷണങ്ങൾ ശ്രദ്ധിക്കാം
ഹൃദയാഘാതത്തിന്റെ ഏറ്റവും സാധാരണമായ ലക്ഷണം നെഞ്ചുവേദനയാണ്. സ്ത്രീകളിലും പുരുഷന്മാരിലും ഇത് ഒരേപോലെയാണെങ്കിലും, പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളിൽ ഹൃദയാഘാതവുമായി ബന്ധമില്ലെന്ന് തോന്നാവുന്ന ലക്ഷണങ്ങൾ പ്രകടമാകാനുള്ള സാധ്യത കൂടുതലാണെന്ന് മയോ ക്ലിനിക് റിപ്പോർട്ട് പറയുന്നു. ഹൃദയാഘാതവുമായി ബന്ധപ്പെട്ട നെഞ്ചുവേദനയെ സ്ത്രീകൾ പലപ്പോഴും സമ്മർദ്ദം മൂലമാണെന്ന് തെറ്റിദ്ധരിക്കാറുണ്ട്.
നെഞ്ചുവേദന ഇല്ലാതെയും ഹൃദയാഘാതം സംഭവിക്കാമെന്നതാണ് ശ്രദ്ധിക്കേണ്ട കാര്യം. പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളിൽ ഹൃദയാഘാതത്തിന്റെ താഴെ പറയുന്ന ലക്ഷണങ്ങൾ കൂടുതലായി കാണപ്പെടുന്നുവെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.
- കഴുത്ത്, താടിയെല്ല്, തോൾ, വയറിന്റെ മുകൾ ഭാഗം എന്നിവിടങ്ങളിൽ വേദന.
- ശ്വാസതടസ്സം.
- കൈകളിൽ വേദന.
- ഓക്കാനം അല്ലെങ്കിൽ ഛർദ്ദി.
- വിയർക്കുക.
- തലകറക്കം അല്ലെങ്കിൽ തലയ്ക്ക് ഭാരക്കുറവ് തോന്നുക.
- അസാധാരണമായ ക്ഷീണം.
- നെഞ്ചെരിച്ചിൽ, ദഹനക്കേട്.
Content Highlights: Rising Heart Attack Risk in Women: Understanding and Addressing the Causes