കേരളത്തിലെ പരമ്പരാഗത വീട്ടുപേരുകളിൽ വൃക്ഷങ്ങൾക്കുള്ള പ്രാധാന്യം

#ഡോ. അനുസ്മിത എൻ
പ്രതീകാത്മക ചിത്രം, ഫോട്ടോ:രാമനാഥ പെെ | മാതൃഭൂമി
പ്രതീകാത്മക ചിത്രം, ഫോട്ടോ:രാമനാഥ പെെ | മാതൃഭൂമി

രു ദേശത്തിന്‍റെ ചരിത്രവും സംസ്കാരവും പരിസ്ഥിതിയും മനസ്സിലാക്കുന്നതിനുള്ള  സൂക്ഷ്മദർശിനി ആണ് ആ ദേശത്തിന്‍റെ സ്ഥല പേരുകൾ. സ്ഥലനാമങ്ങളുടെ പ്രാധാന്യം മനുഷ്യൻ പണ്ടേ മനസ്സിലാക്കിയിരുന്നു എന്നതിനുള്ള തെളിവുകളാണ് വേദോപനിഷത്തുകളിലും, പുരാണേതിഹാസങ്ങളിലും, ശാസനങ്ങളിലും, സന്ദേശകാവ്യങ്ങളിലും കാണുന്ന സ്ഥലവിവരങ്ങൾ. എന്നാൽ സ്ഥലനാമങ്ങളുടെ ശാസ്ത്രീയ പഠനം ആരംഭിച്ചത് ഭൂവിജ്ഞാനം, ചരിത്രം, പുരാവസ്തു പഠനം, ഭാഷാശാസ്ത്രം തുടങ്ങിയ പഠന മേഖലകളുടെ ആവിർഭാവത്തോടെയാണ്. പാശ്ചാത്യ ദേശത്ത് പത്തൊമ്പതാം ശതകത്തിന്റെ അന്ത്യപാദത്തിൽ സ്ഥലനാമപഠനം ഗൗരവമുള്ള വിഷയമായിത്തീർന്നു. എന്നാൽ ഭാരതത്തിൽ ഇരുപതാം ശതകത്തിലെ രണ്ടാം പാദത്തിൽ മാത്രമാണ് സ്ഥലനാമ പഠനത്തിന് പ്രാധാന്യം ലഭിച്ചത് തുടങ്ങിയത്. കേരളത്തിലെ സ്ഥലനാമ പഠനങ്ങൾക്ക് തുടക്കം കുറിച്ചത് ചട്ടമ്പിസ്വാമികൾ ആണെന്ന് പറയാം. സഞ്ചാരിയായിരുന്ന സ്വാമികൾ കേരളത്തിലെ “ദേശനാമങ്ങൾ” എന്ന പേരിൽ ഒരു ഗ്രന്ഥം തന്നെ രചിച്ചിട്ടുണ്ട്. സ്ഥലനാമങ്ങൾ പോലെ തന്നെ ഒരു ദേശത്തിന്റെ ചരിത്രത്തെക്കുറിച്ചും, സംസ്ക്കാരത്തെക്കുറിച്ചും പരിസ്ഥിതിയെക്കുറിച്ചും മനസ്സിലാക്കാൻ ഉപകാരപ്രദമായ ഉപാദാനങ്ങളാണ് അവിടെ ജീവിച്ചവരുടെ വീട്ടുപേരുകൾ.

സാമൂഹിക വിഷയങ്ങൾ, വൈൽഡ് ലൈഫ് പരിസ്ഥിതി, കാലാവസ്ഥാ സംബന്ധമായ വാർത്തകളും വിവരങ്ങളും അറിയാൻ JOIN Whatsapp group

മനുഷ്യന്റെ സാമൂഹിക പുരോഗതിയുടെ  ചരിത്രത്തിൽ വീടിന് വളരെ വലിയ സ്ഥാനമാണുള്ളത്. മഴയിൽ നിന്നും, മഞ്ഞിൽ നിന്നും, വെയിലിൽ നിന്നും, വന്യ ജീവികളിൽ നിന്നും, പ്രകൃതിക്ഷോഭങ്ങളിൽ നിന്നും പരിരക്ഷ നല്കുന്ന വീട് ഓരോ മനുഷ്യന്റെയും സ്വത്വത്തിന്റെ പ്രതീകം കൂടിയാണ്.  മനുഷ്യർക്ക് ഓരോരുത്തർക്കും പേരുള്ളത് പോലെ അവരുടെ വീടുകൾക്കും പേരുണ്ട്. ഊരും പേരുമില്ലാത്തവർക്ക്  ഒരിടത്തും സ്ഥാനമില്ല എന്നാണ് പഴമക്കാർ പറയാറുള്ളത്. ഓടിന്റേയും, കോൺക്രീറ്റിന്റേയും വരവിന് മുൻപ് കേരളത്തിലെ മിക്ക വീടുകളും ഓല മേഞ്ഞതായിരുന്നു. ഗുഹകളിൽ നിന്ന് ഏറുമാടങ്ങളിലേയ്ക്കും, കുടിലുകളിലേയ്ക്കും, ഓടിന്റെയും കോൺ ക്രീ-റ്റിന്റേയും സമ്പദ് സമൃദ്ധിയിലേക്കും മലയാളി വാസമുറപ്പിച്ചപ്പോൾ  വീട്ട് പേരുകളും കൂടെ പോന്നു. നമ്മുടെ വീട്ടുപേരുകളധികവും വീടിരിക്കുന്ന പറമ്പുമായി ബന്ധപ്പെട്ട് ഉണ്ടായതാണ്. എന്നാൽ ഇന്ന് ആ രീതി മാറി വരുന്നുണ്ട്. പണ്ട് പ്ലാവ് ധാരാളമുള്ള പറമ്പ് പ്ലാത്തോട്ടമായിരുന്നു. അവിടെ വെച്ച വീടിന്റെ പേരും പ്ലാത്തോട്ടം തന്നെ. എന്നാൽ ഇന്ന് അതേ സ്ഥലത്തുണ്ടാക്കുന്ന വീടിന്റെ പേര് ഡ്രീം വേൾഡോ, മെറിലാന്റോ, ഏതെങ്കിലും സംജ്ഞാനാമങ്ങളോ മറ്റെന്തെങ്കിലുമൊക്കെയോ ആവാം. പാരമ്പര്യ  വീട്ടുപേരുകൾ ഒരു ദേശത്തിന്റെ   സാമൂഹിക സാംസ്കാരിക പാരിസ്ഥിതിക ചരിത്രത്തിലേക്കുള്ള വാതിലുകളാണ്. അവ മാറ്റപ്പെടുമ്പോൾ ചരിത്രത്തിലേക്കുള്ള വാതിലുകളാണ് കൊട്ടിയടയ്ക്കപ്പെടുന്നത്. പരമ്പരാഗത വീട്ട് പേരുകളുടെ ഉത്ഭവത്തിന്  പിന്നിൽ സാമൂഹികവും, സാംസ്ക്കാരികവും പാരിസ്ഥിതവും, മതപരവും ഭാഷാശാസ്ത്രപരവുമായ നിരവധി ഘടകങ്ങൾ  ചേർന്നിട്ടുണ്ട്. ഇത്തരം ഘടകങ്ങൾ തമ്മിലുള്ള ഇഴയടുപ്പമാണ് കേരളത്തിലെ വീട്ടു പേരുകളുടെയും, നാട്ടുപേരുകളുടേയും ഈടിനും നീടിനും നിദാനം. കേരളത്തിലങ്ങോളമിങ്ങോളമുള്ള വീട്ടുപേരുകളിലെ  പാരിസ്ഥിതിക ഘടകങ്ങളിൽ വ്യക്ഷങ്ങളുടെ പ്രാധാന്യത്തെക്കുറിച്ചുള്ള അന്വേഷണമാണ് ഈ പഠനം.

പരിസ്ഥിതിയും വീട്ടുപേരുകളും

പർവതങ്ങളും, താഴ്‌വരകളും, കരയും കായലുകളും, കടല്‍ത്തീരങ്ങളും, വൃക്ഷലതാദികളും ജീവജാലങ്ങളും  എല്ലാം ഒത്തൊരുമിച്ച് ചേർന്ന  സുന്ദരമായ പ്രദേശമാണ് കേരളം. ഒരു സ്ഥലത്തിന്റെ പേരിന് പിന്നിൽ ആ സ്ഥലത്തിന്റെ ഭൂമിശാസ്ത്ര പരമായ പ്രത്യേകതകളോ, ചരിത്രപരമായ പ്രത്യേകതകളോ, അവിടെ കാണപ്പെടുന്ന വൃക്ഷലതാദികളുടെ  പ്രത്യേകതകളോ,  ജീവജാലങ്ങളുടെ   പ്രത്യേകതകളോ ഒക്കെ കാണും. പ്രദേശത്തിന്റെ ഭൂസ്ഥിതിയുടെയും പരിസ്ഥിതിയുടെയും പ്രത്യേകതയനുസരിച്ച് പറമ്പുകൾക്ക് പേര് നല്കുന്നതിൽ പൂർവികർ വളരെയധികം ശ്രദ്ധിച്ചിരുന്നു. ഇങ്ങനെ പറമ്പുകൾക്കു നൽകി വരുന്ന പേരുകളാണ് പിന്നീട് വീട്ടുപേരുകളായി പരിണമിച്ചത്. മലയിൽ, കുന്നുമ്മൽ, കുന്നേൽ, കാട്ടിൽ, ചിറക്കര, പുഴക്കര, കൊറ്റുകുളങ്ങര, കിടങ്ങിൽ, കിടങ്ങേൽ, ചാലിൽ, വെള്ളച്ചാലിൽ, ചിറക്കര, ചിറക്കര മീത്തൽ, ചിറപ്പുറത്ത്, ചിറക്കൽ, ഇലഞ്ഞി തറയിൽ, കാഞ്ഞിരമുള്ളതിൽ, ആലിൻ ചുവട്ടിൽ, ചന്ദന പറമ്പിൽ തുടങ്ങിയവ ചില  ഉദാഹരങ്ങൾ മാത്രം.

  വീട്ടുപേരുകൾ വർഗ്ഗീകരിക്കുമ്പോൾ ഭൂരിപക്ഷം പേരുകളിലും ഒരു സാമാന്യാംശവും, ഒരു വിശേഷാംശവും കാണാൻ സാധിക്കും. പേരിന്റെ വ്യക്തിത്വം വിശേഷാംശത്തെ ആശ്രയിച്ചാണ് നിൽക്കുന്നത്. തോട്ടം എന്ന സാമാന്യാംശമുള്ള വീട്ടുപേരുകൾ തമ്മിൽ വേർതിരിക്കുന്നത് തോട്ടമെന്ന സാമാന്യാംശത്തോട് ചേരുന്ന  വിശേഷാംശങ്ങളായ തെങ്ങ് (തെങ്ങിൽ തോട്ടം), പ്ലാവ്  (പ്ലാത്തോട്ടം),  മാവ്  (മാന്തോട്ടം) തുടങ്ങിയവയാണ്. ഇത്തരത്തിലുള്ള വിശേഷാംശങ്ങളുടെ കൂടി ചേരലുകൾ മനസ്സിലാക്കി നിരീക്ഷിച്ചാൽ ആ  സ്ഥലത്തിന്റെ ഭൂമിശാസ്ത്രപരവും പരിസ്ഥിതികവുമായ പ്രത്യേകതകൾ നിർണ്ണയിക്കാൻ സാധിക്കും.

വൃക്ഷങ്ങളും കേരളത്തിലെ വീട്ടുപേരുകളും

വണ്ണമുള്ള തണ്ടുകളോടും ശിഖരങ്ങളോടും കൂടിയ സസ്യങ്ങളാണ് വൃക്ഷം അഥവാ മരം. അന്തരീക്ഷത്തിലെ കാർബൺ ഡയോക്‌സൈഡിന്റെ അളവ് കുറച്ച് ഓക്സിജന്റെ അളവ് വർദ്ധിപ്പിക്കുക, മണ്ണൊലിപ്പ് തടയുക എന്നീ ധർമ്മങ്ങൾ നിർവഹിക്കുന്നതിൽ വൃക്ഷങ്ങൾക്ക് പ്രത്യേക സ്ഥാനമുണ്ട്. പ്രകൃതിയെയും വൃക്ഷങ്ങളെയും ആരാധിക്കുന്ന പതിവ് പണ്ട് മുതലേ സമൂഹത്തിൽ നില നിന്നിരുന്നു. ഭാരതീയ ജ്യോതിഷത്തിൽ അശ്വതി മുതൽ രേവതി വരെയുള്ള ഇരുപത്തിയേഴ് നക്ഷത്രങ്ങളിൽ ഓരോ നക്ഷത്രത്തിനും ഓരോ വൃക്ഷം കല്പ്പിക്കപ്പെട്ടിട്ടുണ്ട്. ഓരോ നാളിൽ ജനിച്ചവരും  അവരവരുടെ നക്ഷത്ര വൃക്ഷങ്ങളെ നശിപ്പിക്കാതിരിക്കുകയും, നട്ടുപരിചരിച്ച് വളർത്തുകയും ചെയ്താൽ ആയുസ്സും, ആരോഗ്യവും, ഐശ്വര്യവും ഉണ്ടാകുമെന്നുള്ള വിശ്വാസം നിലനിന്നിരുന്നു. ആയുർവേദത്തോളം പഴക്കമുള്ള ആയുർവേദത്തിന്റെ ഉപശാഖയായ വൃക്ഷായുർവേദത്തിൽ എങ്ങനെ സസ്യലതാദികൾ പരിരക്ഷിക്കണമെന്നും, സുഗന്ധമില്ലാത്ത പുഷ്പ്പങ്ങൾക്ക് എങ്ങനെ സുഗന്ധമുണ്ടാക്കാമെന്നും, ഏത് ഋതുവിലും എങ്ങനെ പുഷ്പങ്ങൾ ഉണ്ടാക്കാമെന്നും, വള്ളി ചെടിയെ എങ്ങനെ മരമാക്കാമെന്നും, വളർച്ച മുരടിച്ചവയെ വളർത്തുവാനും, കീടനിയന്ത്രണം എങ്ങനെ നടത്താമെന്നും, കൂടുതൽ ഫലമൂലാദികൾ എങ്ങനെ ഉല്പാദിക്കാമെന്നുമെല്ലാമുള്ള രീതിവിധാനങ്ങൾ  പരാമർശിക്കുന്നുണ്ട്.

 ഒരു കാലത്ത് വൈവിധ്യമാർന്ന  ഫലവൃക്ഷങ്ങളാലും സുഗന്ധ വ്യജ്ഞനങ്ങളാലും സാമ്പത്തിക പ്രാധാന്യമുള്ള തടിയിനങ്ങൾ കൊണ്ടും സമ്പന്നമായിരുന്നു കേരളത്തിലെ ‘വീട്ടുവളപ്പുകൾ’. എന്നാൽ അടുത്ത കാലത്ത് ധാരാളം വൻ വൃക്ഷങ്ങൾ വീട്ടുവളപ്പുകളിൽ നിന്നും ഗൃഹ നിർമ്മാണങ്ങൾക്കും വ്യാവസായിക ആവശ്യങ്ങൾക്കും മറ്റുമായി മുറിച്ച് മാറ്റപ്പെട്ടിട്ടുണ്ട്. വീട്ടുവളപ്പുകളിലെ ജൈവസമ്പത്ത് പുനരുജ്ജീവിപ്പിക്കാനും പരിസ്ഥിതിയുടെ ഗുണമേന്മ കൂട്ടാനും, മണ്ണൊലിപ്പ് തടഞ്ഞ് മണ്ണിന്റെ വളക്കൂറ് വർധിപ്പിക്കാനും, ജീവജാലങ്ങൾക്ക് സ്വാഭാവികമായ ആവാസ വ്യവസ്ഥ നിലനിർത്താനും ഇത്തരം വൃക്ഷങ്ങളെ തിരികെ വീട്ടുവളപ്പുകളിലേക്കു കൊണ്ടു വന്നേ മതിയാകൂ. കേരളത്തിലെ പരമ്പരാഗതമായ വീട്ടുപേരുകൾ പരിശോധിച്ചാൽ ഒരു കാലത്ത് വൃക്ഷങ്ങൾക്ക് കേരളീയർ കൊടുത്തിരുന്ന പ്രാധാന്യത്തെക്കുറിച്ച് മനസ്സിലാക്കുവാൻ സാധിക്കും.

അത്തി | Photo:Wiki/ചെയ്തത് Vinayaraj - സ്വന്തം സൃഷ്ടി, സി.സി. ബൈ-എസ്.എ. 4.0, https://commons.wikimedia.org/w/index.php?curid=76515802

അത്തി

കാതലില്ലാത്ത,ബഹുശാഖിയായി വളരുന്ന ഒരു   വൃക്ഷമാണ് അത്തി. ഇതിന്റെ ജന്മദേശം ഏഷ്യയാണ്. കേരളത്തിൽ ധാരാളമായി കണ്ട് വരുന്ന ഈ വൃക്ഷം  മൊറേസീ സസ്യകുടുംബത്തിൽ പെടുന്നു. വിത്ത് മുളപ്പിച്ചാണ്‌ തൈകൾ ഉണ്ടാക്കുന്നത്. അത്തി, ഇത്തി, അരയാൽ, പേരാൽ എന്നീ നാലു മരങ്ങളുടെ തൊലികൾ ചേർത്തതാണ് നാല്പാമരപ്പട്ട ഉണ്ടാക്കുന്നത്. നാല്പാമരാദി എണ്ണയിലെ ഒരു പ്രധാനഘടകവുമാണ് ഈ വൃക്ഷം.അത്തി വിശേഷണ പദങ്ങളായി വരുന്ന വീട്ടുപേരുകൾ : അത്തിക്കോട്ട്,   അത്തിക്കോട്ട് കുനിയിൽ, അത്തിച്ചോട്ടിൽ (കോഴിക്കോട്) അത്തിലാട്ട് (കണ്ണൂർ,തളിപ്പറമ്പ്) അത്തി മുറ്റം (ആലപ്പുഴ) തുടങ്ങിയവ.

അയനി, ആഞ്ഞിലി

കൊടും തണുപ്പും വരൾച്ചയും സഹിക്കാൻ കഴിവുള്ള വൃക്ഷമാണ് അയനി. ആഞ്ഞിലി , അയണി, അയിണി, അയിനി പ്ലാവ് എന്നിങ്ങനെ പല പേരുകളിൽ അറിയപ്പെടുന്ന അയനി  ഭക്ഷ്യയോഗ്യവും ചക്ക, കടച്ചക്ക എന്നിവയോട് സാദൃശ്യമുള്ളതുമായ ഫലം കായ്ക്കുന്നതുമായ  ഒരു വൃക്ഷമാണ്. ഇതിന്റെ ഫലം ആഞ്ഞിലിച്ചക്ക, ആഞ്ഞിലിപ്പഴം, മറിയപ്പഴം, ഐനിച്ചക്ക, ആനിക്കാവിള, അയണിച്ചക്ക, അയിനിപ്പഴം തുടങ്ങിയ പേരുകളിൽ അറിയപ്പെടുന്നു. അയനി/ആഞ്ഞിലി വിശേഷണ പദങ്ങളായി വരുന്ന വീട്ടുപേരുകൾ: അയനിപ്പുറത്ത്, അയനിപ്പുറം ( എറണാകുളം), അയണി വിള വീട്, അയണിക്കാട്ട് (കൊല്ലം), അയനിക്കാട്ട്പറമ്പിൽ (പാലക്കാട്), ആഞ്ഞിലിമൂട്ടിൽ,ആഞ്ഞിലി കാട്ടിൽ,ആഞ്ഞിലിത്തറ, ആഞ്ഞിലിക്കത്തറ (കോട്ടയം, ആർപ്പൂക്കര), ആഞ്ഞിലിപ്പാലംവെളി (ആലപ്പുഴ)

ആൽമരം | Photo:Wiki/By Aritro Mukherjee IN - Own work, CC BY-SA 4.0, https://commons.wikimedia.org/w/index.php?curid=113224036

ആൽ

 അതിശൈത്യവും അത്യുഷ്ണവും ഇല്ലാത്ത പ്രദേശങ്ങളിലെല്ലാം വളരുന്ന മൊറേസീ സസ്യകുടുംബത്തിലെ പലതരം ചെടികളാണ് ആലുകൾ. വള്ളികൾ മുതൽ വന്മരങ്ങൾ വരെ ഇതിൽ ഉണ്ട്. പൊതുവെ കറയുള്ള വൃക്ഷമാണ് ആൽ. മൂന്ന് തരത്തിലുള്ള പൂക്കളാണ് ആൽ മരത്തിലുണ്ടാകുന്നത്. ആൺ പൂക്കളും, പെൺ പൂക്കളും കൂടാതെ ഒരു വിഭാഗം പൂക്കൾ കൂടിയുണ്ട് ആൽമരത്തി ലോകത്ത് അറുനൂളോളം ഇനം ആലുകളുണ്ടെന്നാണ് പറയപ്പെടുന്നത്. കേരളത്തിൽ മാത്രം നാല്പത്തഞ്ചോളം ഇനം ആലുകൾ കാണപ്പെടുന്നുണ്ട്. അവയിൽ പ്രധാനപ്പെട്ടവയാണ് അരയാൽ, പേരാൽ, കല്ലാൽ, കാരാൽ, ഇത്തിയാൽ, ചിറ്റാൽ, കൃഷ്ണനാൽ തുടങ്ങിയവ. ധാരാളം തണൽ നല്കുന്ന വൃക്ഷമായ കൊണ്ടായിരിക്കണം പുരാതന കാലം മുതലേ ആളുകൾ ദൈവാരാധനയ്ക്കും, നാട്ടു കൂട്ടങ്ങൾ കൂടാനും ആൽത്തറകൾ ഉപയോഗപ്പെടുത്തിയിരുന്നു. ബുദ്ധന് ബോധോദയം കിട്ടിയത് ബോധ്ഗയയിലെ ഒരു ആൽമരത്തിന്റെ ചുവട്ടിൽ ധ്യാന നിരതനായിരിക്കവേ ആയിരുന്നു. അതുകൊണ്ട്  ആൽമരം ബുദ്ധമതക്കാർ പവിത്രമായി കരുതിപ്പോന്നിരുന്നു. കേരളത്തിലും പല തരത്തിലുള്ള ആൽമരങ്ങൾ നിലനിന്നിരുന്നു എന്നതിന് തെളിവാണ് ഇവിടുത്തെ ആൽ മര സംബന്ധിയായി വരുന്ന വീട്ടുപേരുകൾ.

 ആല് വിശേഷണ പദങ്ങളായി വരുന്ന വീട്ടുപേരുകൾ:  ആലിൻ ചുവട്ടിൽ (കോട്ടയം, കടുത്തുരുത്തി) ആൽത്തറ മൂട് (കാസർകോട്), ആലു വീട്ടിൽ (പാലക്കാട്) ആലുങ്കൽ (കോട്ടയം, എറണാകുളം), ആലുംമൂട്ടിൽ (പത്തനം തിട്ട) ആലുങ്കൽ തറയിൽ (കോട്ടയം, കടത്തുരുത്തി), ആലും തറ (കോട്ടയം, വൈക്കം) ആല്‍ത്തറ വിളയില്‍ (കൊല്ലം) ആലും ചുവട്ടിലായ വൈക്കത്താളി വെളി (ആലപ്പുഴ) ആൽത്തറ പള്ളിൽ (കൊല്ലം).

ഇലഞ്ഞി 

ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ കണ്ടുവരുന്ന ഒരു വൃക്ഷമാണ്‌ ഇലഞ്ഞി. ഉഷ്ണമേഖലയിൽ കാണപ്പെടുന്ന ഇലഞ്ഞി 20 മീറ്ററിലധികം ഉയരത്തിൽ പടർന്ന ശിഖരങ്ങളോടു കൂടിയ വൃക്ഷമാണ്. അനിഴം നാളുകാരുടെ ജന്മനക്ഷത്ര വൃക്ഷ വുമാണ്   ഇലഞ്ഞി.  ആയുർവ്വേദത്തിൽ ഇലഞ്ഞിയുടെ തൊലിയിൽ നിന്ന് നിർമ്മിക്കുന്ന കഷായം മുഖരോഗങ്ങളുടെ ചികിത്സയ്ക്ക് ഉപയോഗിച്ചിരുന്നു. ഇലയും തോലും ചെറിയ കൊമ്പുകളും ദന്തശുചീകരണത്തിന് ഉപയോഗിച്ചിരുന്നു. ദന്ത രോഗത്തിനും വായ്‌ നാറ്റത്തിനും ഇലഞ്ഞി നല്ല ഔഷധമാണ്.

 ഇലഞ്ഞി വിശേഷണ പദങ്ങളായി വരുന്ന വീട്ടുപേരുകൾ: ഇലഞ്ഞിമറ്റം, ഇലഞ്ഞിക്കൽ (കൊല്ലം) ഇലഞ്ഞി തറയിൽ (കോട്ടയം)ഇരഞ്ഞിയുള്ള പറമ്പത്ത്, ഇലഞ്ഞിപ്പക്കാട്ട് (കോഴിക്കോട്) ഇലഞ്ഞി മുറ്റം,  ഇലഞ്ഞി മുറ്റത്ത് വടക്കേതില്‍ (കൊല്ലം)

മുളങ്കാട് | ഫോട്ടോ:സാലി പാലോട്

ഇല്ലി / മുള

കണിയാരം, കർമ്മരം, പട്ടിൽ, മുള എന്നെല്ലാമറിയപ്പെടുന്ന ഇല്ലി 24 മുതൽ 32 വർഷം വരെ ജീവിക്കുന്ന ഒരു സസ്യമാണ്. 20 മുതൽ 35 മീറ്റർ വരെ ഉയരം വയ്ക്കും. നിറയെ മുള്ളുകളുള്ള ഇല്ലിയുടെ ഇല കാലിത്തീറ്റയായും ഇളംമുളകൾ ഭക്ഷണമായും ഉപയോഗിക്കുന്നു. പൂക്കുന്നതോടെ മുളങ്കൂട്ടങ്ങൾ നശിക്കുന്നു. മുളയരി എന്നറിയപ്പെടുന്ന മുളയുടെ വിത്തുകൾ ഭക്ഷ്യയോഗ്യമാണ്.

ഇല്ലി / മുള വിശേഷണ പദങ്ങളായി വരുന്ന വീട്ടുപേരുകൾ: ഇല്ലിക്കൽ , ഇല്ലിമൂട്ടിൽ (കോട്ടയം, പാല) ഇല്ലിച്ചോട്ടിൽ, ഇല്ലിക്കൂട്ടത്തിൽ (വയനാട് ) ഇല്ലിക്കല്‍ വെളി (ആലപ്പുഴ )

ഈന്ത്

കേരളത്തിൽ കണ്ട് വരുന്ന ഒരു മരമാണ് ഈന്ത്.  തെങ്ങിന്റെ ഓലയോട് സാമ്യമുള്ള പട്ടകളാണ്‌ ഈന്തിന്റെ ഏറ്റവും വലിയ ആകർഷണം. നെല്ലിക്കയോളം വലിപ്പത്തിൽ കട്ടിയുള്ള തൊണ്ടോട് കൂടിയ  ഈന്തിൻ കായ ആണിതിന്റെ ഫലം. മലബാറിൽ ചിലയിടങ്ങളിൽ ഈന്തിൻ കായ വെട്ടി ഉണക്കി ഈന്തിൻ പുടി എന്ന വിശിഷ്ട വിഭവം തയ്യാർ ചെയ്ത് ഭക്ഷിക്കുന്നു. ഈന്തിൻ പട്ടകൾ ഓല മെടയുന്ന പോലെ മെടഞ്ഞ് കുട്ടികൾ കുട്ടിപ്പുരകൾക്ക് മേൽക്കൂര നിർമ്മിക്കാനും, ആഘോഷങ്ങൾക്ക് തോരണങ്ങൾ ചാർത്താനും ഉപയോഗിക്കുന്നു. ഇന്ത്യയിൽ കേരളത്തിന് പുറത്ത് ഗുജറാത്തിലും, ഇന്ത്യക്ക് പുറത്ത് ആഫ്രിക്ക, ശ്രീലങ്ക, മലഗാസ്സി എന്നീ രാജ്യങ്ങളിലും ഈന്ത് കണ്ടു വരുന്നു.

ഈന്ത് വിശേഷണ പദങ്ങളായി വരുന്ന വീട്ടുപേരുകൾ: ഈന്തും പറമ്പിൽ, ഈന്തും തോട്ടത്തിൽ ( കോഴിക്കോട്), ഈന്തും കാട്ടിൽ (എറണാകുളം)

ഈട്ടി / വീട്ടി

കേരളത്തിൽ ധാരാളമായി വളരുന്ന ഒരു വൃക്ഷമാണ് ഈട്ടി. നിത്യഹരിത വൃക്ഷമാണെങ്കിലും വരണ്ട പ്രദേശങ്ങളിൽ ഈ വൃക്ഷം ഇല പൊഴിക്കാറുണ്ട്. വനവത്കരണത്തിനും തടിയിലുള്ള ഗൃഹോപകരണങ്ങൾ നിർമ്മിക്കുന്നതിനും തേക്കുപോലെ ആശ്രയിക്കാവുന്ന ഒരു മരമാണ് ഇത്.

 ഈട്ടി വിശേഷണ പദങ്ങളായി വരുന്ന വീട്ടുപേരുകൾ : ഈട്ടിത്തട്ടിൽ, ഈട്ടി വിള വീട്, ഈട്ടി വിളയിൽ ( പത്തനം തിട്ട) ഈട്ടി ആടത്തിൽ ( മലപ്പുറം)

കവുങ്ങ് 

 കവുങ്ങിന് അടയ്ക്കാമരം, കമുക്, കഴുങ്ങ് എന്നിങ്ങനെ ദേശങ്ങൾക്കനുസരിച്ച് പേരുണ്ട്. കമുകിന്റെ ജന്മദേശം മലയയിലാണ്‌. ഭാരതത്തിൽ എല്ലായിടത്തും കൃഷിചെയ്യുന്നുണ്ടെങ്കിലും കൂടുതലായി കൃഷി കേരളത്തിലാണ്‌. ഭാരതത്തിലെമ്പാടും വളരെയധികം പാക്ക് ഉപയോഗിക്കുന്നുണ്ട്.  പാക്കിനെ അടക്ക എന്നും പറയുന്നു. അതിനാൽ അടക്കയുണ്ടാകുന്ന മരത്തെ അടക്കാമരമെന്ന് വിളിക്കുന്നു. വെറ്റില മുറുക്കിനാണ്‌ പാക്ക് സാധാരണയായി ഉപയോഗിക്കുന്നത്. 

കമുക് വിശേഷണ പദങ്ങളായി വരുന്ന വീട്ടുപേരുകൾ : കവുങ്ങിൽ (പാലക്കാട് ), പൈങ്ങാട്ടേരി ( കണ്ണൂർ )

കാഞ്ഞിരം

   കേരളത്തിൽ നാട്ടിലും, കാട്ടിലും  കാണപ്പെടുന്ന വളരെയധികം കയ്പ്പു രസമുള്ളതും വിഷമയവുമായ ഒരു വൃക്ഷമാണ്‌ കാഞ്ഞിരം. ഇതിന്റെ വിത്ത് ഔഷധമായി ഉപയോഗിക്കുന്നു. കാഞ്ഞിരം രണ്ടു തരമുണ്ട്. മരക്കാഞ്ഞിരവും വള്ളിക്കാഞ്ഞിരവും. അശ്വതി നാളുകാരുടെ ജന്മനക്ഷത്ര വൃക്ഷമാണ് കാഞ്ഞിരം.

കാഞ്ഞിരം വിശേഷണ പദങ്ങളായി വരുന്ന വീട്ടുപേരുകൾ :

കാഞ്ഞിരമുള്ളതിൽ (കോഴിക്കോട്) കാഞ്ഞിരത്തിൽ, കാഞ്ഞിരപറ്റ, കാഞ്ഞിരത്തിങ്കൽ (കാസർഗോഡ്), കാഞ്ഞിരത്തുങ്കൽ, കാഞ്ഞിരക്കാട് (കോട്ടയം), കാഞ്ഞിരം വിള, കാഞ്ഞിര വിളയിൽ (പത്തനം തിട്ട), കാഞ്ഞിരം പറമ്പത്ത്, കാഞ്ഞിര വേലിൽ, കാഞ്ഞിരങ്കോട്ട്, കാഞ്ഞിരത്തിങ്കൽ (എറണാകുളം), കാഞ്ഞിരത്തും കുഴിയിൽ കാഞ്ഞിരക്കാടൻ (വയനാട്), കുഞ്ഞി കാഞ്ഞിരക്കേൽ (കണ്ണൂർ, തളിപ്പറമ്പ്), കാഞ്ഞിരമ്പാറ, കാഞ്ഞിരമുള്ള പൊയിലുപറമ്പത്ത്, കാഞ്ഞീരം കുട്ടത്തില്‍ (കോഴിക്കോട്) കാഞ്ഞിരത്തും മൂട്ടില്‍, കാഞ്ഞിരത്തും മൂട്ടില്‍ പുതുപറമ്പ് (കൊല്ലം), കാഞ്ഞിരപ്പുറത്തു ചിറ (ആലപ്പുഴ)

കൊന്ന | Photo: Wiki/ചെയ്തത് Brnfvr - സ്വന്തം സൃഷ്ടി, സി.സി. ബൈ-എസ്.എ. 3.0, https://commons.wikimedia.org/w/index.php?curid=28408521

കൊന്ന

കേരള സംസ്ഥാനത്തിന്റെ ഔദ്യോഗിക പുഷ്പമാണ്‌ കണിക്കൊന്ന. ഇന്ത്യയിലുടനീളം കിഴക്ക് മുതൽ മ്യാൻമർ, തായ്ലൻഡ് വരെയും തെക്ക് ശ്രീലങ്ക, തെക്കൻ പാകിസ്ഥാൻ വരെയും ഇത് കാണപ്പെടുന്നു. തായ്‌ലാൻഡിന്റെ ദേശീയ വൃക്ഷവും ദേശീയ പുഷ്പവും കണിക്കൊന്നയാണ്. ഒരു ജനപ്രിയ അലങ്കാര സസ്യമായ ഈ വൃക്ഷത്തിന്റെ വേനൽക്കാലത്ത് പൂക്കുന്ന ഈ സ്വർണാഭമായ പൂക്കളാണ് ഇതിനെ ആകർഷകമാക്കുന്നത്. മലയാളികളുടെ വിശേഷിച്ചും ഹൈന്ദവരുടെ ഉത്സവമായ വിഷുവുമായി കണിക്കൊന്ന അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു. വിഷുവിന് കണികണ്ടുണരാൻ ഉപയോഗിക്കുന്ന പ്രകൃതി വിഭവങ്ങളിൽ പ്രധാനമാണ് കണിക്കൊന്നപ്പൂക്കൾ. കണിക്കൊന്ന എന്ന പേരു ലഭിച്ചതും ഈ ആചാരത്തിൽ നിന്നാണ്.

  കൊന്ന വിശേഷണ പദങ്ങളായി വരുന്ന വീട്ടുപേരുകൾ : കൊന്നക്കൽ, കൊന്നക്കാട്ടിൽ (കോഴിക്കോട് ,അഴിയൂർ), കൊന്നക്കാട് (കാസർകോട്).

രക്ത ചന്ദനം

ചന്ദനം 

സുഗന്ധ ദ്രവ്യമുണ്ടാക്കുവാനായി ഉപയോഗിക്കപ്പെടുന്ന ഒരു പ്രധാനപ്പെട്ട വൃക്ഷമാണ് ചന്ദനം. ഭാരതീയർ പുണ്യവൃക്ഷമായി കരുതുന്ന ഇത്, ലോകത്തിലെ പല സംസ്കാരങ്ങളിലും പവിത്രമാണ്‌. ഈ മരത്തിന്റെ തടി ഉരച്ച് കുഴമ്പ് ക്ഷേത്രങ്ങളിൽ പ്രസാദമായി നൽകുന്നു. മരത്തിന്റെ കാതലിൽ നിന്നും ചന്ദനത്തൈലവും നിർമ്മിക്കുന്നു. ലോകത്തിൽ തന്നെ വളരെ വിരളമായ ചന്ദനമരങ്ങൾ ഇന്ത്യയിൽ മൈസൂർ, കുടക്, കോയമ്പത്തൂർ, സേലം എന്നിവിടങ്ങളിൽ വളരുന്നു. കേരളത്തിൽ മൂന്നാറിനടുത്തുള്ള മറയൂർ വനമേഖലയിലാണ്‌ ചന്ദനത്തിന്റെ തോട്ടങ്ങൾ ഏറെയും.

 ചന്ദനം വിശേഷണ പദങ്ങളായി വരുന്ന വീട്ടുപേരുകൾ : ചന്ദന പറമ്പിൽ (വയനാട് മീനങ്ങാടി) ചന്ദനക്കാട്ടിൽ, ചന്ദനപ്പാറ, (കോഴിക്കോട്)

താന്നി

ഇന്ത്യയിൽ പടിഞ്ഞാറു ഭാഗങ്ങളിലെ വരണ്ട പ്രദേശങ്ങളിൽ ഒഴികെ എല്ലായിടത്തും സാധാരണ കാണുന്ന ഒരു വലിയ മരമാണിത്. വളരെ ഉയരം വരെ ശാഖകളില്ലാതെ വളർ‌ന്ന് പിന്നീട് ശാഖകളുണ്ടാവുന്നു. മഞ്ഞുകാലത്തും വേനൽകാലത്തും ഇല കൊഴിക്കും. ഫലങ്ങൾ തവിട്ടുനിറമുള്ളതും നിറയെ രോമങ്ങളുള്ളവയുമാണ്. വഞ്ചികൾ ഉണ്ടാക്കാൻ ഇതിന്റെ തടി ഉപയോഗിക്കുന്നു. വിത്തിൽ നിന്നു കിട്ടുന്ന ടാനിൻ തോൽ ഊറക്കിടുന്നതിനുംതോലും തുണിയും നിറം കൊടുക്കാനും മഷി ഉണ്ടാക്കാനും ഉപയോഗിക്കുന്നു.

താന്നി വിശേഷണ പദങ്ങളായി വരുന്ന വീട്ടുപേരുകൾ : താന്നി മലയിൽ (മലപ്പുറം, വയനാട്), താന്നിക്കൽ , താന്നിക്കപ്പാറ (കോട്ടയം) താന്നിക്കാട്ട് (കോട്ടയം, ആർപ്പൂക്കര) താനിക്കാട്,താന്നിമലയിൽ (വയനാട്) താന്നിക്കൽ, താനിയുള്ളതില, താനിക്കുഴിയില്‍ (കോഴിക്കോട് )

തെങ്ങ് | ഫോട്ടോ:ലതീഷ് പൂവ്വത്തൂർ

തെങ്ങ് 

പനവർഗ്ഗത്തിൽപ്പെടുന്ന ശാഖകളില്ലാതെ വളരുന്ന ഒരു ഒറ്റത്തടി വൃക്ഷമാണ് തെങ്ങ് അഥവാ കേരവൃക്ഷം. കേരളീയർ കല്പവൃക്ഷം എന്നും വിളിക്കുന്നുണ്ട്. കൊക്കോസ്  ജനുസിൽ ഇന്നു നിലവിലുള്ള ഏക അംഗമാണ് തെങ്ങ്. തീരപ്രദേശങ്ങളിൽ സാധാരണ കണ്ടുവരുന്നു. 18 മുതൽ 20 മീറ്റർ വരെയാണ് ശരാശരി ഉയരം 30 മീറ്ററോളം വളരുന്ന തെങ്ങുകളും അപൂർവ്വമല്ല. ലോകമെങ്ങുമുള്ള ഉഷ്ണമേഖലാ പ്രദേശങ്ങളിൽ നീർവാർച്ചയുള്ള മണ്ണിൽ തെങ്ങു വളരുന്നു. കേരളത്തിന്റെ സംസ്ഥാന വൃക്ഷമാണ്.

 തെങ്ങ് വിശേഷണ പദങ്ങളായി വരുന്ന വീട്ടുപേരുകൾ:  തെങ്ങ് വിളയിൽ (എറണാകുളം), തെങ്ങിൽ, തെങ്ങിൻ തയ്യിൽ , തെങ്ങില വളപ്പിൽ (പാലക്കാട്) തെങ്ങും പള്ളിൽ (കോട്ടയം) തെങ്ങു വിള, തെങ്ങുവിളയിൽ, തെങ്ങും തറ (പത്തനംതിട്ട), തേങ്ങലത്ത് (കണ്ണൂർ) തെങ്ങും തോട്ടത്തിൽ, തേങ്ങാപ്പറമ്പത്ത് , തെങ്ങും പിള്ളില്‍ (കോഴിക്കോട്)

തേക്ക് 

  ഏറ്റവും കൂടുതൽ വീട്ടുപകരണ നിർമ്മാണ രംഗത്ത് ഉപയോഗിക്കുന്ന മരമാണ് തേക്ക്. ദക്ഷിണേന്ത്യയാണ് ഉദ്ഭവസ്ഥാനം. കേരളത്തിലെ ഇലപൊഴിയും കാടുകളിൽ തേക്ക് ധാരാളമായി വളരുന്നു. സൂര്യപ്രകാശം ധാരാളം ലഭിക്കുന്നിടത്ത് ഉയരത്തിൽ വളരുന്ന ഇവയ്ക്ക് പൊതുവെ ശാഖകൾ കുറവായിരിക്കും. ഏകദേശം 60 സെന്റിമീറ്റർ വരെ നീളവും അതിന്റെ പകുതി വീതിയുമുള്ള വലിയ ഇലകളാണ് തേക്കുമരത്തിന്റെ മറ്റൊരു പ്രത്യേകത

   തേക്ക് വിശേഷണ പദങ്ങളായി വരുന്ന വീട്ടുപേരുകൾ : തേക്കും മൂട്ടിൽ (എറണാകുളം), തേക്കുളള പറമ്പത്ത് (കോഴിക്കോട്) തേക്കുംപറമ്പില്‍ ( കൊല്ലം)

നെല്ലി

നെല്ലിക്ക എന്ന ഫലം നൽകുന്നതും യൂഫോർബിയാസീ എന്ന സസ്യ കുടുംബത്തിൽപ്പെടുന്നതുമായ ഒരു ഇലപൊഴിയുന്ന മരമാണ് നെല്ലി. സംസ്കൃതത്തിൽ ആമലകി, അമൃതഫലം, ധാത്രിക എന്നും അറിയപ്പെടുന്നു. ആയുർവേദത്തിൽ നെല്ലിയുടെ എല്ലാ ഭാഗങ്ങളും ഔഷധമായി ഉപയോഗിക്കുന്നു. ച്യവനപ്രാശത്തിലെയും, രസായനങ്ങളിലെയും പ്രധാന ചേരുവയാണ് നെല്ലിക്ക. നെല്ലിക്ക ചേർത്ത എണ്ണകൾ ത്വക്ക് രോഗങ്ങൾക്ക് ഉപയോഗിക്കുന്നു. പ്രധാനമായും കായകളാണ് ഉപയോഗിക്കുന്നതെങ്കിലും ചില ഔഷധകൂട്ടുകളിൽ ഇല, വേർ, തൊലി എന്നിവയും ഉപയോഗിക്കുന്നുണ്ട്.

നെല്ലിവിശേഷണ പദങ്ങളായി വരുന്ന വീട്ടുപേരുകൾ : നെല്ലിയുള്ള പറമ്പത്ത് (കോഴിക്കോട്), നെല്ലിത്തൊടി, നെല്ലിയാട്ട് (മലപ്പുറം), നെല്ലിശ്ശേരി (ത്രിശൂർ) നെല്ലിക്കുഴിയിൽ (എറണാകുളം), നെല്ലി പറമ്പിൽ (കൊല്ലം), നെല്ലിക്കുത്ത്, നെല്ലി ത്തൊടി (മലപ്പുറം), നെല്ലിയാട്ട്, നെല്ലിയാനിയിൽ (കോട്ടയം), നെല്ലിപ്പുര, നെല്ലിക്കോട്ടിൽ (വയനാട്),  നെല്ലിക്ക മണ്ണിൽ, നെല്ലിയുള്ളതിൽ (കണ്ണൂർ ), നെല്ലിക്കുന്നുമ്മല്‍, നെല്ലിയോട്ട് (കോഴിക്കോട്),

പന

ഒരു ഒറ്റത്തടി വൃക്ഷമാണ്‌ പന. പന എന്ന പദം കൊണ്ട് ഒരേ വർഗത്തിൽ പെടുന്ന താഴെ പറയുന്ന വൃക്ഷങ്ങളിൽ ഏതിനെയും വിവക്ഷിക്കാം. കുടപ്പന ഈന്തപ്പന, ഈന്ത്, എണ്ണപ്പന, കരിമ്പന, ചൂണ്ടപ്പന, കാളിപ്പന, നിലപ്പന, അലങ്കാരപ്പന തുടങ്ങിയ വൃക്ഷങ്ങളെല്ലാം ഈ വിഭാഗത്തിൽ പെടുന്നവയാണ്.

പനവിശേഷണ പദങ്ങളായി വരുന്ന വീട്ടുപേരുകൾ : കരിമ്പനയ്ക്കൽ (തിരുവനന്തപുരം), കരിമ്പന, കരിമ്പനത്തൊടി (വയനാട്) പനയ്ക്കൽ (കോട്ടയം) പനപ്പറമ്പ്, പന മുറ്റത്ത്  (ത്രിശൂർ ), പനയൻ, പനക്കട വളപ്പിൽ  (കണ്ണൂർ) പനയുള്ള കുന്ന്, പനക്കൽ) പനയുള്ള നരിക്കോട്ട്, പനയുള്ള ചാലില്‍, പനമറ്റം പറമ്പിൽ (കോഴിക്കോട്) പനത്തറ നികര്‍ത്ത് (ആലപ്പുഴ).

പാല 

ഔഷധയോഗ്യമായ ഒരിനം കുറ്റിച്ചെടിയാണ് കുരുട്ടു പാല.  സാധാരണ നാട്ടിൻ പുറങ്ങളിലൊക്കെ ഈ ചെടിയെ കാണാനാകും. നന്ത്യാർവട്ടം, കോളാമ്പി, അരളി എന്നിവയടങ്ങുന്ന അപ്പോസൈനേസീ കുടുംബത്തിൽ പെട്ട സസ്യമാണ് കുരുട്ടുപാല. കാഴ്ചയിൽ നന്ത്യാർവട്ടവുമായി വളരെ രൂപസാദൃശ്യമുണ്ട്. കുരുട്ടുപാല, കൂനം‌പാല, കമ്പിപ്പാല, കൂനമ്പാല, കവരപ്പാല, കുണ്ഡലപ്പാല എന്നീ പേരുകളിൽ പ്രാദേശികമായി അറിയപ്പെടുന്നു. 8 മീറ്ററോളം ഉയരം വയ്ക്കുന്ന ഈ മരം പശ്ചിമഘട്ട സ്വദേശിയാണ്.

    പാല വിശേഷണ പദങ്ങളായി വരുന്ന വീട്ടുപേരുകൾ: പാലയ്ക്കൽ,  പാലമിറ്റം (എറണാകുളം), പാലക്കുളം, പാലമറ്റത്ത് (കൊല്ലം) പാലപ്പറ്റ,(മലപ്പുറം) പാലയുള്ളതിൽ, പാലക്കുളങ്ങര (കോഴിക്കോട്) പാലവിളയിൽ (പത്തനം തിട്ട), പാല മലയിൽ, പാല വയൽ (വയനാട്) പാലക്കീഴ്കളപ്പുരക്കൽ, പാലക്കണ്ടി (കണ്ണൂർ), കരിമ്പാലന്‍ കണ്ടി, കരിപ്പാല  (കോഴിക്കോട്) പാലപ്പറമ്പില, പാലച്ചുവട്ടില,   പാലവിള പുത്തന്‍ വീട് (ആലപ്പുഴ) പാലക്കുളം, പാലത്തിങ്കൽ, പാല വിളയിൽ (പത്തനം തിട്ട, പറക്കോട്)

മാവ്

പറങ്കി മാവ് / കശുമാവ്

കേരളത്തിൽ വളരെ വ്യാപകമായി കൃഷി ചെയ്യപ്പെടുന്ന ഒരു വൃക്ഷമാണ്‌ കശുമാവ്. പറുങ്ങാവ്, കശുമാവ്.പറങ്കിമൂച്ചി, പറങ്കിമാവ്, കപ്പൽ മാവ് എന്നീ പേരുകളിൽ ദേശവ്യത്യാസമനുസരിച്ച് അറിയപ്പെടുന്നു. പോർത്തുഗീസുകാർ കൊണ്ടുവന്ന മാവ് എന്നർത്ഥത്തിൽ പറങ്കിമാവ് എന്നും വിളിക്കുന്നു. കശുമാങ്ങയ്ക്ക് 'ചേരുംപഴം' എന്നും വിത്തിന് 'ചേരണ്ടി' എന്നും ചില പ്രദേശങ്ങളിൽ വിളിക്കുന്നുണ്ട്.

 പറങ്കി മാവ് / കശുമാവ് വിശേഷണ പദങ്ങളായി വരുന്ന വീട്ടുപേരുകൾ : പറങ്കാം മൂട്ടിൽ (കൊല്ലം), പറങ്കിമാം വിളയിൽ (പത്തനം തിട്ട) പറങ്കാം തോട്ടിൽ

പ്ലാവ്

 കേരളത്തിൽ സുലഭമായ  പ്ലാവ് വളക്കൂറുള്ളതും വെള്ളക്കെട്ടില്ലാത്തതുമായ ഭൂമിയിൽ നന്നായി വളരുന്നു. 10-20 മീറ്റർ ഉയരത്തിൽ വരെ ഇത് വളരും. മൊറേഷ്യേ കുടുംബത്തിൽ പെട്ടതാണ് പ്ലാവ്.

പ്ലാവ് വിശേഷണ പദങ്ങളായി വരുന്ന വീട്ടുപേരുകൾ : പിലാതോട്ടത്തിൽ, പ്ലാവിളയിൽ, പ്ലാന്തോട്ടത്തിൽ,  (കാസർഗോഡ്) ഒറ്റ പ്ലാവ് വീട്, കടപ്ലാക്കൽ, പ്ലാം പറമ്പിൽ (കൊല്ലം), ഇളം പ്ലാവിൽ (ത്രിശൂർ ) പ്ലാം കൂട്ടത്തിൽ, പ്ലാവിളയിൽ (പത്തനം തിട്ട , ത്രിശ്ശൂർ ) പിലാവുള്ള കുന്നുമ്മൽ , പിലാവുങ്കൽ, പ്ലാശ്ശേരിയിൽ, (കോഴിക്കോട് ), പിലാക്കിൽ (പാലക്കാട് ), പ്ലാക്കൂട്ടം, പ്ലാത്തോട്ടം, പ്ലാക്കൂട്ടത്തിൽ, പ്ലാത്തിപറമ്പിൽ , പ്ലാക്കുഴിയിൽ (കോട്ടയം) പ്ലാവിള പുത്തൻ വീട് (പത്തനം തിട്ട), പിലാപറമ്പിൽ, പിലാക്കല്‍,തൂങ്ങും പ്ളാക്കല്‍ (കോഴിക്കോട് ) പ്ലാവിളതെക്കതില്‍ വീട് (കൊല്ലം)

പുളി

 ദക്ഷിണേന്ത്യയിലെങ്ങും സാധാരണയായി കാണപ്പെടുന്ന പുളി മരം അഥവാ വാളൻ പുളിയുടെ ജന്മദേശം ആഫ്രിക്കയാണ്.

പുളി വിശേഷണ പദങ്ങളായി വരുന്ന വീട്ടുപേരുകൾ : പുളിക്കൽ, (മലപ്പുറം, കോട്ടയം) പുളിക്ക കുഴിയിൽ (കോട്ടയം, കടുത്തിരുത്തി), തിരുവനന്തപുരം), പുളിമൂട്ടിൽ ( പത്തനം തിട്ട , കണ്ണൂർ ) പുളിവിളയിൽ (പത്തനം തിട്ട), പുളി വരമ്പേൽ (കൊല്ലം), പുളിയുള്ളതിൽ, പുളിയുള്ള കണ്ടി, പുളിയാങ്ങല്‍ (കോഴിക്കോട്) പുളിന്താഴെ നികർത്ത്, പുളിംചുവട്ടില്‍ (ആലപ്പുഴ) പുളിയാറമ്മല്‍ ( കോഴിക്കോട്)

മുള

പുല്ലിന്റെ വംശത്തിലെ ഏറ്റവും വലിയ ചെടിയാണ്‌ മുള. ഇതൊരു ഏക പുഷ്പിയാണ്. ഇതിലെ ഏറ്റവും വലിയ ഇനമായ ഭീമൻ മുളകൾക്ക് 80 അടിയോളം ഉയരമുണ്ടാകും. ഇതിൽ ചില ഇനങ്ങൾ എല്ലാ വർഷവും പുഷ്പിക്കുമെങ്കിലും ചിലവ ആയുസ്സിൽ ഒരിക്കൽ മാത്രമേ പുഷ്പിക്കാറുള്ളൂ. ഇളം പച്ച നിറത്തിലുള്ള ഇവയുടെ പൂക്കൾ വളരെ ചെറുതാണ്.

മുള വിശേഷണ പദങ്ങളായി വരുന്ന വീട്ടുപേരുകൾ: മുള മുക്കിൽ (മലപ്പുറം), മുള മൂട്ടിൽ ചരുവിൽ, മുള വിളയിൽ, മുളയ്ക്കലയ്യത്ത്, (പത്തനം തിട്ട) മുളക്കൽ പടി (പാലക്കാട് ) മുളക്കൽ, മുള വേലി കുന്നേൽ (കോഴിക്കോട് ) മുളക്കല്‍ തെക്കടുത്ത് , മുള വിളയില്‍ വീട് ( കൊല്ലം) മുളക്കല്‍ പാടം, മുളക്കൽ തറ, മുളക്കല്‍ പറമ്പ്, മുളക്കല്‍ വീട് (ആലപ്പുഴ)

മാവ്

കേരളത്തിൽ ധാരാളമായി വളരുന്ന ഒരു ഫലവൃക്ഷമാണ് മാവ്. ഇതിന്റെ ഫലമാണ്‌ മാങ്ങ. ലോകത്ത്‌ ഏറ്റവും കൂടുതൽ മാങ്ങ ഉത്‌പാദിപ്പിക്കുന്നത്‌ ഇന്ത്യയിലാണ്‌. ഫലങ്ങളുടെ രാജാവ്‌ എന്നാണ്‌ മാങ്ങ അറിയപ്പെടുന്നത്‌.

മാവ് വിശേഷണ പദങ്ങളായി വരുന്ന വീട്ടുപേരുകൾ : മാവുള്ള പറമ്പത്ത്, മാമൂട്ടിൽ (മലപ്പുറം), മാവും കുന്നത്ത് (പാലക്കാട് ), മാങ്കൂട്ടം (കോട്ടയം ), പന്തൽ മാഞ്ചുവട്ടിൽ, പന്തൽ മാഞ്ചോട്ടിൽ, മാവുള്ള പൊയിൽ

വട്ട

കേരളത്തിലെ വനങ്ങളിലും ഗ്രാമപ്രദേശത്തെ തൊടികളിലും വ്യാപകമായി കാണപ്പെടുന്ന ഒരു വൃക്ഷ ഇനമാണ് വട്ട. 12 മീറ്റർ വരെ ഉയരം വയ്ക്കുന്ന ഈ മരം ഇന്ത്യയിലും ശ്രീലങ്കയിലും കാണുന്നു.

 വട്ടവിശേഷണ പദങ്ങളായി വരുന്ന വീട്ടുപേരുകൾ : വട്ടക്കുന്നേൽ, വട്ടപ്പറമ്പ് (കോട്ടയം, ആർപ്പൂക്കര ) വട്ടപ്പറമ്പിൽ ( വയനാട് ), വട്ടപൊയിൽ, വട്ടപ്പാറയിൽ (കോഴിക്കോട്), വട്ടത്തറ (ആലപ്പുഴ)

ഉപസംഹാരം

പ്രകൃതിയിൽ നിന്നും മനുഷ്യൻ ആർജ്ജിച്ചെടുക്കുന്നതാണ് സംസ്ക്കാരം. പരിസ്ഥിതിയുമായുള്ള ആരോഗ്യകരമായ ബന്ധമാണ് മനുഷ്യനുള്‍പ്പെടെയുള്ള എല്ലാ ജീവജാലങ്ങളുടെയും നിലനില്‍പ്പിന് ആധാരം. പ്രകൃതിയുടെ സുസ്ഥിതിക്കും ജീവജാലങ്ങളുടെ ആരോഗ്യ സുരക്ഷയ്ക്കും ഇത് അനിവാര്യമാണ്. ഭാരതീയ സംസ്കൃതിയുടെ ഭാഗമായ കേരളത്തിന്റെ സംസ്കാരത്തിലും പരിസ്ഥിതി ബോധം ആഴത്തിലുണ്ടായിരുന്നു. ‘കാവുതീണ്ടല്ലേ കുളം വറ്റും’ എന്ന പഴമൊഴിയിൽ തെളിയുന്നത് പരിസ്ഥിതി സന്തലുനത്തെ കുറിച്ച് കേരളീയർക്കുണ്ടായിരുന്ന അവബോധമാണ്. പരിസ്ഥിതിയുടെ ശാസ്ത്രവും സംരക്ഷണവും അറിഞ്ഞത് കൊണ്ടാണ് സർപ്പകാവുകൾ പോലും   കേരളത്തിൽ ഉടലെടുത്തത്.

 പ്രകൃതിയുടെ  ജീവശ്വാസമായ വൃക്ഷങ്ങളെ ഒരു കാലത്ത് കേരളീയർ എത്ര പ്രാധാന്യത്തോടെ കണ്ടിരുന്നു എന്ന്  മനസ്സിലാക്കാൻ കേരളത്തിലെ പരമ്പരാഗതമായ വീട്ട് പേരുകൾ പരിശോധിച്ചാൽ മതിയാകും.  നിറയെ കല്പ വൃക്ഷങ്ങളാലും,  ഫല വൃക്ഷങ്ങളാലും, സുഗന്ധ വ്യഞ്ജനങ്ങളാലും  സാമ്പത്തിക പ്രാധാന്യമുള്ള തടിയിനങ്ങളാലും സമ്പന്നമായിരുന്നു  കേരളത്തിലെ വീട്ട് വളപ്പുകൾ. ഒരു പറമ്പിന്റെ ഭൂസ്ഥിതിയുടേയും, പാരിസ്ഥിതികമായ പ്രത്യേകതകളുടേയും അടിസ്ഥാനത്തിൽ പറമ്പുകൾക്ക് പേര് നല്കുകയും , ഓരോ പറമ്പിലും സുലഭമായുണ്ടായ വൃക്ഷങ്ങളുടെയോ വിളകളുടെയെയോ പേരുകൾ തന്നെ പറമ്പുകൾ തിരിച്ചറിയാനുള്ള പേരുകളായി മാറുകയും അവ പിന്നീട് വീട്ട് പേരുകളായി രൂപാന്തരപ്പെടുകയുമാണ് ഉണ്ടായത്. ഭൂസ്ഥിതിയ്ക്കനുസരിച്ചും പാരിസ്ഥിതിക പ്രത്യേകതകൾക്കനുസരിച്ചും വീട്ടുപേരുകൾ ഇട്ടിരുന്ന പരമ്പരാഗത രീതികളെല്ലാം ഇന്ന് മാറ്റം വന്നുകൊണ്ടിരിക്കുന്നു.

 ഇന്ന്  മനുഷ്യന്റെ അനിയന്ത്രിതമായ ഇടപെടലുകളും, കടന്നു കയറ്റവും പ്രകൃതിയുടെ നിലനില്പിന് തന്നെ ഭീഷണിയായി മാറിയിട്ടുണ്ട്. വായുവിനെ ശുദ്ധീകരിച്ചും, പ്രകൃതി ദുരന്തങ്ങളില്‍ നിന്ന് സംരക്ഷണം നല്‍കിയും, ജലസംഭരണം, മണ്ണുസംരക്ഷണം,  ആഗോള താപനിയന്ത്രണം, കാലാവസ്ഥാ നിയന്ത്രണം തുടങ്ങിയ ധര്‍മങ്ങൾ നിര്‍വഹിച്ചും ജീവജാലങ്ങൾക്ക്  ഔഷധങ്ങളും , ഓക്സിജനും  നല്‍കിയും  ആവാസവ്യവസ്ഥയെ സമ്പുഷ്ടമാക്കിയിരുന്ന  വൃക്ഷങ്ങൾ ഇന്ന് കേരളത്തിലെ വീട്ട് വളപ്പുകളിൽ നിന്നും അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്നു. കേരളത്തിന്റെ പരിസ്ഥിതി തകർച്ചയുടെ മുഖ്യ കാരണം വൃക്ഷങ്ങൾ മുറിച്ചു മാറ്റപ്പെടുന്നതും തന്മൂലമുണ്ടാകുന്ന വനനശീകരണവും ആണ്. വീട്ടുവളപ്പുകളിലെ ജൈവസമ്പത്ത് പുനരുജ്ജീവിപ്പിക്കാനും പരിസ്ഥിതിയുടെ ഗുണമേന്മ കൂട്ടാനും, മണ്ണൊലിപ്പ് തടഞ്ഞ് മണ്ണിന്റെ വളക്കൂറ് വർദ്ധിപ്പിക്കാനും, ജീവജാലങ്ങൾക്ക് സ്വാഭാവികമായ ആവാസ വ്യവസ്ഥ നിലനിർത്താനും ഇത്തരം വൃക്ഷങ്ങളെ തിരികെ വീട്ടുവളപ്പുകളിലേക്കു കൊണ്ടു വന്നേ മതിയാകൂ.                                       

ഗ്രന്ഥസൂചി

  1. സുരേഷ് മുതുകുളം: 2018, തെങ്ങ്  നന്മ മരം, കേരളഭാഷാ ഇൻസ്റ്ററ്റ്യൂട്ട്, തിരുവനന്തപുരം.
  2. ഉണ്ണികൃഷ്ണൻ എസ് : 2014 , ജന്മനക്ഷത്രങ്ങളും വ്യക്ഷങ്ങളും കുരുക്ഷേത്ര പ്രകാശനം.
  3. Peter Wohlleben: 2015, The Hidden Life of Trees, Greystone Books, Bonn, West Germany.
  4. Peter Wohlleben: 2017, The Secret Wisdom of Nature: Trees, Animals, and the Extraordinary Balance of All Living Things ― Stories from Science and Observation (Greystone Books), Bonn, West Germany.
  5. Peter Wohlleben: 2019, Can You Hear the Trees Talking?: Discovering The Hidden Life of the Forest (Greystone Kids), Bonn, West Germany.
  6. http://www.ceo.kerala.gov.in/electoralrolls.html?%20NEYYATTINKARA
  7. http://www.ceo.kerala.gov.in/pdf/voterslist/2022/FINAL/ML/AC023S11A23P9.pdf
  8. http://lsgelection.kerala.gov.in/voters/view
  9. http://www.ceo.kerala.gov.in/pdf/voterslist/2022/FINAL/ML/AC116/S11A116P5.pdf

(ചേളന്നൂർ ശ്രീനാരായണ ഗുരു കോളേജിലെ മലയാള വിഭാ​ഗം അസി.പ്രൊഫസറാണ് ലേഖിക)

Content Highlights: Importance of trees in traditional household names in Kerala