കേരളത്തിലുള്ളത് 65 ലക്ഷം കിണറുകൾ, കുടിവെള്ളത്തിലെ അമ്ലസ്വഭാവം വില്ലനാകുമോ?

കേരളത്തിലെ ഗ്രാമീണ മേഖലയിലെ അറുപത് ശതമാനം ജനങ്ങളും കുടിവെള്ളത്തിനായി ആശ്രയിക്കുന്നത് കിണറുകളെയാണ്. കോഴിക്കോട് സി.ഡബ്ല്യു.ആർ.ഡി.എമ്മിന്റെ കണക്ക് പ്രകാരം 65 ലക്ഷം കിണറുകൾ ഇന്ന് കേരളത്തിലുണ്ട്. ഗവൺമെന്റ് തലത്തിലും പ്രൈവറ്റ് മേഖലയിലും ഇന്ന് ധാരാളം വാട്ടർ ടെസ്റ്റിംഗ് ലാബുകൾ ഉള്ളതുകൊണ്ട് മിക്ക ആൾക്കാരും കുടിവെള്ളത്തിന്റെ ഗുണമേന്മ പരിശോധിച്ചിട്ടാണ് അവ ഉപയോഗിക്കുന്നത്. ജലപരിശോധനാ റിപ്പോർട്ട് പരിശോധിച്ചാൽ എൺപത് ശതമാനം ജല സാമ്പിളുകളും ബാക്ടീരിയയുടെ സാന്നിധ്യം മൂലം കുടിവെള്ളത്തിന് യോഗ്യമല്ലെന്ന് കാണാവുന്നതാണ്. കൂടാതെ കുടിവെള്ളത്തിലെ പ്രധാന വില്ലനായി വരുന്നത് അതിന്റെ അമ്ലസ്വഭാവം (അസിഡിക്) ആണെന്ന് മനസ്സിലാകും.
സാധാരണയായി പി.എച്ച്. മൂല്യം ഏഴിനേക്കാൾ കുറവാണെങ്കിൽ ജലം അമ്ല സ്വഭാവവും ഏഴിനേക്കാൾ കൂടുതലാണെങ്കിൽ ആൽക്കലി സ്വഭാവവും പ്രകടിപ്പിക്കുന്നു. എന്നാൽ നാം ഉപയോഗിക്കുന്ന കുടിവെള്ളം പ്രത്യേകിച്ച് കിണർ വെള്ളം തൊണ്ണൂറ് ശതമാനവും അമ്ലസ്വഭാവം അഥവാ അസിഡിക്കാണ്. ബ്യൂറോ ഓഫ് ഇൻഡ്യൻ സ്റ്റാൻഡേർഡിന്റെ മാനദണ്ഡപ്രകാരം കുടിവെള്ളത്തിന്റെ പി.എച്ച്. മൂല്യം 6.50 നും 8.50നുമിടയിലായിരിക്കണമെന്നാണ്.
അമ്ലസ്വഭാവം എന്തുകൊണ്ട്?
കേരളത്തിലെ മണ്ണ് അമ്ലസ്വഭാവം പ്രകടിപ്പിക്കുന്നുണ്ട്. മിക്ക മണ്ണ് സാമ്പിളുകളുടെയും പി.എച്ച്. മൂല്യം 4 നും 5 നുമിടയിലാണ്. ഈ മണ്ണിലൂടെയാണ് മഴവെള്ളം ഊർന്നിറങ്ങി നമ്മുടെ ജലസ്രോതസ്സുകളായ കിണറുകളിലും നദികളിലുമെല്ലാം എത്തിച്ചേരുന്നത്. മഴവെള്ളത്തിന്റെ പി.എച്ച്. മൂല്യം 5 നും 5.5 നും ഇടയിലാണ്. കൂടാതെ മണ്ണിലെ ഹുമിക്കാസിഡ്, ലയിച്ചുചേർന്ന കാർബൺഡൈ ഓക്‌സൈഡ് എന്നിവ അമ്ലസ്വഭാവത്തിന്റെ ആക്കം കൂട്ടുന്നവയാണ്.
പ്രശ്‌നങ്ങൾ എന്തൊക്കെയാണ്?
അമ്ലസ്വഭാവം അഥവാ അസിഡിക് പ്രകടിപ്പിക്കുന്ന കുടിവെള്ളം നിരന്തരമായി ഉപയോഗിക്കുകയാണെങ്കിൽ അവ നമ്മെ അസിഡിറ്റിയുള്ള ഒരു വ്യക്തിയാക്കി മാറ്റാം. വയറ്റിലെ എരിച്ചിൽ, പുകച്ചിൽ, തികട്ടൽ എന്നിവയെല്ലാം അസിഡിറ്റിയുടെ ലക്ഷണങ്ങളാണ്. നാം കഴിക്കുന്ന ചില ഭക്ഷണപദാർത്ഥങ്ങൾ അസിഡിറ്റി ഉണ്ടാക്കാം. അവ ഏതെല്ലാമാണെന്ന് നേരത്തെ മുൻകൂട്ടി അറിയാമെങ്കിൽ അത്തരം ആഹാരപദാർത്ഥങ്ങളെ നമ്മുടെ മെനുവിൽ നിന്ന് മാറ്റിനിർത്താം. എന്നാൽ കുടിവെള്ളത്തെ നാം ഒരിക്കലും അങ്ങിനെ ചെയ്യാറില്ല. ജനനം മുതൽ മരണം വരെ ഒരേ കുടിവെള്ള സ്രോതസ്സായിരിക്കും നാം ഉപയോഗിക്കുന്നത്. അസിഡിറ്റിയുള്ള ഒരാൾ ക്രമേണ ഒരു അൾസർ രോഗിയായി മാറാം.അമ്ല ജലത്തിൽ ഘനലോഹങ്ങളായ കോപ്പർ, മാംഗനീസ്, അയേൺ, ലെഡ്, സിങ്ക് എന്നിവ പെട്ടെന്ന് ലയിച്ചുചേർന്ന് മനുഷ്യരിലെത്തി ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടാക്കുന്നു. വ്യാവസായിക രംഗത്ത് പ്രത്യേകിച്ച് അവിടെ ഉപയോഗിക്കുന്ന ഉപകരണങ്ങൾ പെട്ടെന്ന് തുരുമ്പെടുക്കുന്നതിന് അമ്ലസ്വഭാവമുള്ള ജലം കാരണമാകുന്നു.
പരിഹാര മാർഗം എന്താണ്?
നമ്മുടെ കിണർ വെള്ളം അമ്ലസ്വഭാവം പ്രകടിപ്പിക്കുന്നുവെങ്കിൽ അവ നിർവീര്യമാക്കി മാത്രം ഉപയോഗിക്കുക. ഇല്ലെങ്കിൽ അവ നമുക്ക് വില്ലനായി മാറാം. കാൽസൈറ്റ്, മെഗ്‌നീഷ്യം ഓക്‌സൈഡ്, കുമ്മായം, നീറ്റുകക്ക മുതലായ രാസപദാർത്ഥങ്ങൾ ജലത്തിലെ അമ്ലസ്വഭാവം കുറച്ചുകൊണ്ടുവരാൻ സഹായിക്കുന്നവയാണ്. ഇതിൽ നാട്ടില സുലഭമായി ലഭിക്കുന്ന നീറ്റുകക്ക ഉപയോഗിക്കുന്നത് അഭികാമ്യമായിരിക്കും,പി.എച്ച്. മൂല്യം കിണറിലെ വെള്ളത്തിന്റെ അളവ് എന്നിവ അറിഞ്ഞാൽ ലബോറട്ടറി പരിശോധനയിലൂടെ ശാസ്ത്രീയമായി നീറ്റുകക്കയുടെ തോത് കണ്ടുപിടിക്കാവുന്നതാണ്. അത് സാധ്യമല്ലാത്ത ഘട്ടത്തിൽ 1000 ലിറ്ററിന് 100 ഗ്രാം എന്ന കണക്കിൽ നീറ്റുകക്ക കലക്കി നിണറിലൊഴിച്ചു അമ്ലസ്വഭാവം ഇല്ലാതാക്കാം.
(സി.ഡബ്ല്യു.ആർ.ഡി.എമ്മിലെ റിട്ട.സയന്റിസ്റ്റാണ് ലേഖകൻ)
Content Highlights: does acidity in water become villain?