ലോക എയ്ഡ്സ് ദിനം 2023: എച്ച്.ഐ.വി പ്രതിരോധത്തില്‍ പൊതുജന പങ്കാളിത്തം ഉറപ്പാക്കാം

ലോകമെമ്പാടും 1988 മുതല്‍ ഡിസംബര്‍ ഒന്ന് ലോക എയ്ഡ്സ് ദിനമായി ആചരിച്ചു വരുന്നു. എച്ച്.ഐ.വി അണുബാധിതരോട് ഐക്യദാര്‍ഡ്യം പ്രഖ്യാപിക്കുന്നതിനും, എച്ച്.ഐ.വി പ്രതിരോധത്തില്‍ പൊതുജന പങ്കാളിത്തം ഉറപ്പാക്കുന്നതിനുമായാണ് ഈ ദിനം ആയിരിക്കുന്നത്. എച്ച്.ഐ.വി അണുബാധ നമ്മുടെ സമൂഹത്തില്‍ ഇപ്പോഴും ഒരു യാഥാര്‍ത്ഥ്യമായി നിലനില്‍ക്കുന്നു.
ലോകത്താകമാനം 3.9 കോടി എച്ച്.ഐ.വി ബാധിതര്‍ ഉണ്ടെന്ന് കണക്കാക്കപ്പെടുന്നു. 2021 -ല്‍ മാത്രം 0.13 കോടി ആളുകളില്‍ പുതുതായി എച്ച്.ഐ.വി അണുബാധ കണ്ടെത്തി. ഇന്ത്യയില്‍ 24.01 ലക്ഷം ആളുകള്‍ എച്ച്.ഐ.വി ബാധിതരാണെന്ന് കണക്കാക്കപ്പെടുന്നു. 2021 -ല്‍ ഇന്ത്യയില്‍ 69000 ആളുകളില്‍ പുതുതായി എച്ച്.ഐ.വി അണുബാധ കണ്ടെത്തി.
എച്ച്.ഐ.വി അണുബാധാ സാന്ദ്രത താരതമ്യേന കുറഞ്ഞ ഒരു സംസ്ഥാനമാണ് കേരളം. പ്രായപൂര്‍ത്തിയായവരിലെ എച്ച്.ഐ.വി സാന്ദ്രത ഇന്ത്യയില്‍ 0.22 ആണെങ്കില്‍ അത് കേരളത്തില്‍ 0.06 ആണ്. എച്ച്.ഐ.വി സാന്ദ്രത കുറഞ്ഞ സംസ്ഥാനമാണെങ്കിലും തൊഴിലിനും വിദ്യാഭ്യാസത്തിനുമായി മലയാളികള്‍ ഇതര സംസ്ഥാനങ്ങളിലേയ്ക്കും രാജ്യങ്ങളിലേയ്ക്കും കുടിയേറുന്നതും, ഇതര സംസ്ഥാനത്തു നിന്നുള്ള ആളുകള്‍ വര്‍ധിച്ച തോതില്‍ കേരളത്തിലേയ്ക്ക് കുടിയേറുന്നതും നമ്മുടെ എച്ച്.ഐ.വി വ്യാപന സാധ്യത വര്‍ദ്ധിപ്പിക്കുന്നു.
ഐക്യരാഷ്ട്രസഭയുടെ സുസ്ഥിര വികസന ലക്ഷ്യം അനുസരിച്ച് 2030-ഓടുകൂടി പുതിയ എച്ച്.ഐ.വി അണുബാധ ഇല്ലാതാക്കുന്നതിനുള്ള ശ്രമത്തിലാണ് ലോകരാജ്യങ്ങള്‍. കേരളമാകട്ടെ ഈ ലക്ഷ്യം 2025 - ല്‍ കൈവരിക്കുന്നതിനായിട്ടുള്ള യജ്ഞം ആരംഭിച്ചു കഴിഞ്ഞു. ഇതിനായി 'ഒന്നായ് പൂജ്യത്തിലേയ്ക്ക്' എന്ന ക്യാമ്പയിന്‍ ആരംഭിച്ചിരിക്കുന്നു. ആത്യന്തികമായ ഈ ലക്ഷ്യത്തിലേയ്ക്ക് എത്തുന്നതിന് 2025-ഓടുകൂടി 95:95:95 എന്ന ലക്ഷ്യം കൈവരിക്കാന്‍ ഉദ്ദേശിക്കുന്നു.
ഇതില്‍ ആദ്യത്തെ 95 എന്നത് എച്ച്.ഐ.വി ബാധിതരായ ആളുകളിലെ 95% ആളുകളും അവരുടെ എച്ച്.ഐ.വി അവസ്ഥ തിരിച്ചറിയുക എന്നുള്ളതാണ്. അണുബാധിതരായിട്ടും അത് തിരിച്ചറിയാതെ ജീവിക്കുന്ന ആളുകള്‍ നമ്മുടെ സമൂഹത്തില്‍ ഉണ്ട്. രണ്ടാമത്തെ 95 എന്നുള്ളത് എച്ച്.ഐ.വി അണുബാധിതരായി കണ്ടെത്തിയ ആളുകളിലെ 95% വും എ.ആര്‍.ടി ചികിത്സയ്ക്ക് വിധേയരാകുക എന്നതാണ്. ഇവരിലെ 95% ആളുകളിലും വൈറസ് നിയന്ത്രണ വിധേയമാക്കുക എന്നതാണ് (Viral load supression) എന്നതാണ് മൂന്നാമത്തെ 95 കൊണ്ട് ലക്ഷ്യമാക്കുന്നത്.
'Let Communities Lead' (സമൂഹങ്ങള്‍ നയിക്കട്ടെ) എന്നതാണ് ഈ വര്‍ഷത്തെ ലോക എയ്ഡ്സ് ദിന സന്ദേശം. Communities എന്നതു കൊണ്ട് ഉദ്ദേശിക്കുന്നത് എച്ച്.ഐ.വി അണുബാധിതരും, എച്ച്.ഐ.വി അണുബാധാ സാധ്യത കൂടിയ പാര്‍ശ്വവത്കരിക്കപ്പെട്ടിട്ടുള്ള ലൈംഗിക ന്യൂന പക്ഷങ്ങളായ ലൈംഗിക തൊഴിലാളികള്‍, സ്വവര്‍ഗ രതിയില്‍ ഏര്‍പ്പെടുന്ന പുരുഷന്‍മാര്‍, ട്രാന്‍സ്ജെന്‍ഡേഴ്സ് തുടങ്ങിയവരുമാണ്. അവരെ സമൂഹത്തിന്റെ മുന്‍നിരയിലേയ്ക്ക് എത്തിക്കുന്നതിന് വര്‍ണ, വര്‍ഗ, ലിംഗ അസമത്വങ്ങള്‍ ഇല്ലാതാക്കികൊണ്ട്, സാമൂഹികവും സാമ്പത്തികവും സാംസ്‌കാരികവും നിയമപരവുമായ സമത്വം ഉറപ്പാക്കേണ്ടതുണ്ട്. അവരെ സമൂഹത്തില്‍ നിന്ന് ഒറ്റപ്പെടുത്താതെ അവര്‍ക്ക് ആവശ്യമായ പരിരക്ഷയും, പരിഗണനയും നല്‍കുകയും സ്വയം ശാക്തീകരിക്കപ്പെടുന്നതിനുള്ള സാഹചര്യം ഒരുക്കുകയും ചെയ്യേണ്ട സമയം ആയി എന്ന് ഈ ലോക എയ്ഡ്സ് ദിനം നമ്മെ ഓര്‍മിപ്പിക്കുന്നു.
Content Highlights: world aids day 2023