'അവളൊരു കവിതൈ അല്ല, തീപ്പന്തം';പ്ലീസ്, ഇനിയും കാല്‍പനികവത്കരിക്കരുത്

ലോകത്തിലെ സകലമാന കാല്ലനികതയും ആറ്റികുറുക്കി ചേരുംപടി ചേര്‍ത്താണ് സ്ത്രീയെ വര്‍ണിച്ചുകൊണ്ടിരിക്കുന്നത്. ഇങ്ങനെ ചെയ്ത് തൊണ്ടയിലെ വെള്ളം വറ്റിയ എഴുത്തുകാര്‍ക്കും സ്തുതിപാഠകര്‍ക്കുമൊന്നും യാഥാര്‍ത്ഥ്യം അറിയാഞ്ഞിട്ടല്ല. എന്തായാലും ഒരുമ്പെട്ടു, ഇനി വിശേഷിപ്പിച്ചെങ്കിലും ദുര്‍ബലകളാക്കി കളയാം എന്ന പണ്ടേയ്ക്ക് പണ്ടേയുള്ള ഒരു ശ്രമം. ആ ശ്രമത്തില്‍ പലര്‍ക്കും വിജയിച്ചുവെന്ന് തോന്നാം. പക്ഷെ, യാഥാര്‍ത്ഥ്യം അങ്ങനെയാണോ......?
എല്ലാവര്‍ക്കും എല്ലാം മനസിലാവുമെന്നേ....പ്രത്യേകിച്ച് സ്ത്രീകള്‍ക്ക്. കരുത്തുള്ള സ്ത്രീകളോട് ഇടപെടുമ്പോള്‍ എല്ലാവരും ഇത്തിരി ജാഗ്രത കൂടുതല്‍ കാണിക്കും. എന്നാലും വെറുതെ വിടില്ല. വിശേഷണങ്ങളാല്‍ പൊതിഞ്ഞുവെക്കാനൊക്കെ ശ്രമം നടത്തും. കാല്‍പനികതയില്‍ പലരും വഴുക്കി വീഴും. പക്ഷെ യാഥാര്‍ത്ഥ്യം എന്നും യാഥാര്‍ത്ഥ്യമാണല്ലോ..എന്തരപ്പീ, ഇത്രയ്ക്ക് വേണോ തള്ളുകളെന്ന് എപ്പോ ചോദിച്ചെന്ന് നോക്കിയാല്‍ മതി.
സ്ത്രീകളെ വര്‍ണിക്കാന്‍ ഒരുമ്പെട്ട എഴുത്തുകാരേ.....പുരുഷന്‍മാരെ ഇങ്ങനെയൊക്കെ വിശേഷിപ്പിക്കാന്‍ ആരെങ്കിലും മെനക്കെടാറുണ്ടോ.....! കാല്‍പനികത മോശമല്ല, പക്ഷെ, കാലങ്ങളായി ഒരേ കാര്യത്തിന് ഉപയോഗിച്ച് വെറുതെ പാഴാക്കി കളയുന്നുവോ എന്നൊരു തോന്നല്‍ !
ഇത്രയും കാവ്യവത്കരിച്ച സ്ത്രീകളുടെ കരുത്തിനെ അംഗീകരിക്കാന്‍ എന്തൊരു മടിയാണ്. സ്ത്രീകളുടെ ഉള്‍ക്കരുത്തും സ്ത്രീ ശക്തിയും ഉണര്‍ത്തു പാട്ടുകളായെങ്കില്‍.....! ശരിക്കും അതല്ലേ ആവേണ്ടത്. ശാരീരിക വര്‍ണനകള്‍ക്കപ്പുറത്ത് ഊതിക്കാച്ചിയ കരുത്തുള്ള മനസുകളെ കണ്ട് പാടാമല്ലോ......എല്ലാ തൊഴില്‍ മേഖലകളിലും രാഷ്ട്രീയ പാര്‍ട്ടികളിലും എല്ലാം ഒപ്പത്തിനൊപ്പം സ്ത്രീകളുണ്ട്. ചെളിയില്‍ നിന്ന് വീണ്ടു കീറിയ പാദങ്ങളും കയറുപിരിച്ചു തേഞ്ഞ കൈകളെ പറ്റിയും പണ്ട് പാടിയിരുന്നു...ഇന്നാണെങ്കില്‍ സ്‌ക്രീനില്‍ കണ്ണും നട്ട് പണിയെടുത്ത് നേരം വെളുപ്പിക്കുന്നവരെ പറ്റി പറയാമല്ലോ.....
തയ്യല്‍ സൂചിക്കുഴ പോലെ കൃത്യവും കണിശവുമായ മനസുള്ളവരും അന്നന്നത്തെ അന്നത്തിന് അന്യന്റെ മാലിന്യം വാരുന്നവരെ പറ്റിയും പാടാമല്ലോ.... ഹേ വാഴ്ത്തുപാട്ടുകാരേ, യാഥാര്‍ത്ഥ്യം തന്നെ എഴുതാമല്ലോ....... കാല്പനികതയെക്കാള്‍ മനോഹരമാണത്, കാമ്പുള്ളതും. അത് പാടി നടക്കാന്‍ എന്താണ് പറ്റാത്തത് !
പുരുഷന്‍മാര്‍ ചെയ്യുന്നതിന്റെ ഇരട്ടിയിലധികം അധ്വാനിച്ചിട്ടാവും പലരും പല മേഖലകളിലും പയറ്റി തെളിഞ്ഞുവരുന്നത്. എന്നാലും അവളെ കാല്‍പനികവത്കരിച്ചേ മതിയാവൂ. എന്നാലേ
ഒരിതുള്ളൂ.....ഏത് ..... ആ !
രാഷ്ട്രീയത്തിലും മറ്റ് പൊതുമണ്ഡലങ്ങളിലും സജീവമായവരാണെങ്കില്‍ സ്വതന്ത്രാഭിപ്രായം പറഞ്ഞാല്‍ തീര്‍ന്നു. നോട്ടപ്പുള്ളിയാവും. മുദ്രകള്‍ ചാര്‍ത്തി തരും.ആയിക്കോട്ടെന്നേ......ഇല്ലാത്ത കാരണം ഉണ്ടാക്കി മൂലയ്ക്കിരുത്തിക്കളയും. മൂലയിലിരുന്നാലും ചെയ്യാനുള്ളവര്‍ ചെയ്തുകൊണ്ടേയിരിക്കും.
ഓരോ സംഘടനയും എടുത്ത് പരിശോധിച്ചാല്‍ അറിയാം താക്കോല്‍ സ്ഥാനങ്ങളില്‍ എത്ര സ്ത്രീകളുണ്ടെന്ന്. ഭരണസമിതിയിലും സ്ത്രീകള്‍ കാണും. അവരൊരിക്കലും പ്രസിഡന്റോ സെക്രട്ടറിയോ ആയെന്ന് വരില്ല.ചിലപ്പോള്‍ വൈസ് പ്രസിഡന്റോ ജോ.സെക്രട്ടറിയോ ആയേക്കാം. ്‌കേരളത്തില്‍ സ്ത്രീകള്‍ക്ക് വേണ്ടി സംവരണം കൊടുത്ത സ്ഥാനങ്ങള്‍ ! മറിച്ചുള്ള സ്ഥാനാരോഹണങ്ങള്‍ക്ക് ആത്മാര്‍ഥമായ കൈയ്യടിയുണ്ട്.
കേരളത്തിന് ഒരു വനിതാ മുഖ്യമന്ത്രി വേണ്ടേ എന്ന ചോദ്യത്തിന് രാഷ്ട്രീയക്കാര്‍ പ്രതികരിച്ച വിധം തന്നെ അവരെ വെളിച്ചത്തുകൊണ്ടുവരുന്നതായി. അപ്പോള്‍ ഇതായിരുന്നല്ലേ, മനസിലിരുപ്പ്....!
പുരുഷന്‍മാരെക്കാളും ആത്മാര്‍ഥമായും അര്‍പ്പണബോധത്തോടെയും പ്രവര്‍ത്തിച്ചതൊന്നും തെരെഞ്ഞെടുപ്പ് വരുമ്പോള്‍ ആരും കണക്ക് കൂട്ടില്ല. 33 ശതമാനം പോലും തരാന്‍ എന്തോരു തത്രപ്പാടാണ്! സ്തീകളുടെ കരുത്ത് നന്നായറിയാവുന്നവര്‍ തന്നെയാണ് അവളെ മാറ്റിനിര്‍ത്താന്‍ ഉത്സാഹിക്കുന്നതും. ആ കരുത്ത് അവരെ ശരിക്കും ഭയപ്പെടുത്തുന്നുണ്ടെന്ന് വേണം മനസിലാക്കാന്‍.
ജ്വലിച്ചു കത്തി അവള്‍ വെളിച്ചം നല്‍കിയാല്‍ പിന്നെ പിടിച്ചാല്‍ കിട്ടില്ല. പലരുടെയും രാഷ്ട്രീയ സ്വപ്നങ്ങള്‍ വെള്ളത്തിലാവും. അതുകൊണ്ട് ഇപ്പോള്‍ ഉള്ളപോലെയൊക്കെ അങ്ങ് പോയാല്‍ മതി......!
എന്തൊരു ഔദാര്യം.... ! ആ വിശാലമനസ്‌കത കാണാതെ പോവരുതല്ലോ.....പെണ്‍മെമ്മോറിയലൊക്ക ഇവിടെ ഫയലിലുറങ്ങും. പക്ഷെ.ഞങ്ങള്‍ നിങ്ങളെ പരിഗണിക്കും, ഉറപ്പ്......എപ്പോള്‍......? അതിനുത്തരം പറയാന്‍ തല്ക്കാലം ഒരു രാഷ്ട്രീയ കക്ഷിയും മുതിരുന്നില്ല.
മൗനം ആര്‍ക്കൊക്കെയോ ഭൂഷണം..!
Content Highlights: womens day write up about women thoughts