ഇനിയൊരു ജന്മമുണ്ടെങ്കില്‍ അതും സേനയ്ക്ക്

ഒരു കാലത്ത് പുരുഷന്മാരുടെ തട്ടകമായിരുന്ന കര, നാവികസേനയിലേക്ക് തലയുയര്‍ത്തികയറിച്ചെന്ന രണ്ട് പെണ്‍പോരാളികള്‍. ലെഫ്റ്റനന്റ് കേണല്‍ ഡോ. സോണിയാ ചെറിയാനും എയര്‍ ട്രാഫിക് കണ്‍ട്രോളര്‍ ക്യാപ്റ്റന്‍ പ്രസന്ന ഇടയില്ലവും വനിതാദിനത്തില്‍ തങ്ങളുടെ അനുഭവങ്ങള്‍ പങ്കുവെക്കുന്നു
സ്ത്രീകളുടെ പ്രാധിനിത്യം കുറഞ്ഞ മേഖലയിലാണ് ഇരുവരും പൊരുതി മുന്നേറിയത്. എന്താണ് ഈ ജോലി തിരഞ്ഞെടുക്കാന്‍ പ്രചോദനമായത്?
സോണിയ: അമ്മാവന്‍ പട്ടാളത്തിലായിരുന്നു. അഞ്ചാംക്‌ളാസില്‍ പഠിക്കുമ്പോള്‍ അദ്ദേഹം ഒരു പുള്ളിക്കുട സമ്മാനിച്ചു. പട്ടാളമെന്നാല്‍ മനസ്സിലെപ്പോഴും ആ പുള്ളിക്കുടയായിരുന്നു. അത് കൗതുകമായി. പിന്നീട് മെഡിസിനുചേര്‍ന്നു. മിലിട്ടറി ഡോക്ടറാവാന്‍ മൂന്നുതവണ അപേക്ഷിച്ചു. ഭര്‍ത്താവ് മിലിട്ടറി ഡോക്ടറായിരുന്നു. അദ്ദേഹത്തിന്റെ പിന്തുണ പ്രചോദനമായി.
പ്രസന്ന: കാസര്‍കോട്ടെ ഓര്‍ത്തഡോക്‌സ് ഫാമിലിയിലാണ് ജനിച്ചത്. യൂണിഫോമിനോടുള്ള ഇഷ്ടം എന്‍.സി.സി.യില്‍ ചേരാന്‍ കാരണമായി. വിശാഖപട്ടണത്ത് ക്യാമ്പില്‍ പങ്കെടുത്തപ്പോഴാണ് ആദ്യമായി നേവി ക്യാമ്പ് കണ്ടത്. കോളേജ് കാലത്ത് പാരാസെയിലിങ്ങിനായി ഐ.എന്‍.എസ് ഗരുഡയില്‍ കയറി. എയര്‍ ട്രാഫിക് കണ്‍ട്രോളര്‍ വിഭാഗം കാണ്ടു. അന്നത്തെ കൗതുകമാണ് എനിക്ക് ഊര്‍ജമായത്.
ജീവിതത്തില്‍ പാറിപ്പറന്നു നടക്കേണ്ട ഒരു കാലം. എന്നാല്‍, വളരെ ചെറുപ്പത്തിലേ അത് തന്ത്രപ്രധാന മേഖലയിലെ സേവനത്തിനായി മാറ്റിവെച്ചു. എപ്പോഴെങ്കിലും മറിച്ച് ചിന്തിച്ചിട്ടുണ്ടോ?
സോണിയ: ഇല്ല. ഓരോ നിമിഷവും ആസ്വദിച്ചാണ് ജോലിചെയ്തത്. പാറിപ്പറക്കലെന്നത് ഓരോരുത്തരുടെയും സങ്കല്പമാണ്. ഇനിയൊരു അവസരം ലഭിച്ചാല്‍ വീണ്ടും ആര്‍മി ഡോക്ടറാവാനാണ് ഇഷ്ടം.
പ്രസന്ന: ഒരിക്കലും ഇല്ല. അടുത്ത ജന്മത്തിലും നേവി ഓഫീസറാവണമെന്നാണ് ആഗ്രഹം. ജീവിതം ഒന്നേ ഉള്ളൂ. അത് അര്‍ഥവത്തുള്ളതാക്കി മാറ്റണം.
സ്ത്രീയെന്ന നിലയില്‍ ജോലിയിടത്ത് വിവേചനം നേരിടേണ്ടി വന്നിട്ടുണ്ടോ?
സോണിയ: മിലിട്ടറിയിയില്‍ ഇക്വാലിറ്റിയുണ്ട്. യൂണിഫോം ഇട്ടാല്‍ പുരുഷലോ സ്ത്രീയോ എന്ന രീതിയിയില്‍ ആരും സമീപിക്കില്ല. ട്രെയിനിങ് കാലത്ത് പോലും മാറ്റിനിര്‍ത്തല്‍ ഉണ്ടായിട്ടില്ല.
പ്രസന്ന: ഇല്ല. സ്ത്രീകള്‍ക്ക് എറ്റവും അധികം ബഹുമാനവും കരുതലും നല്‍കുന്ന മേഖലയാണ് ആംഡ്ഫോഴ്സ്. അവിടെ വേര്‍തിരിവില്ല. ആയിരത്തോളം പുരുഷന്മാര്‍ ജോലിചെയ്തിരുന്ന ആര്‍ക്കോണം നേവല്‍ ബേസിലായിരുന്നു ആദ്യ പോസ്റ്റിങ്. വേര്‍തിരിവൊന്നുമുണ്ടായില്ല.
കരസേനയിലെ ജോലി ഭാരത്തിനിടയില്‍ എങ്ങനെയാണ് എഴുത്തിലേക്ക് തിരിഞ്ഞത്. എല്ലാ കാര്യങ്ങളും തുറന്നെഴുതാന്‍ പറ്റിയിട്ടുണ്ടോ?
സോണിയ: ചെറുപ്പം മുതല്‍ വായനയുണ്ടായിരുന്നു. യൂണിഫോമിന്റെ പോക്കറ്റില്‍ ബുക്കും പേനയും കരുതും. അനുഭവങ്ങള്‍ കോറിയിടും. അത് പുസ്തകരൂപത്തിലാക്കി. രാജ്യ സുരക്ഷയെ സംബന്ധിച്ച കാര്യങ്ങളൊഴികെ മറ്റെല്ലാം എഴുതിയിട്ടുണ്ട്.
നേവിയില്‍ സ്ത്രീകള്‍ക്ക് സ്ഥിരനിയമനത്തിനുവേണ്ടി പൊരുതി വിജയിച്ച ആളാണ്. എതിര്‍ഭാഗത്ത് നേവിയെന്ന വലിയ ശക്തി. എങ്ങനെയാണ് ഏറ്റുമുട്ടാനുള്ള ധൈര്യം നേടിയത്, വിജയിക്കുമെന്ന് ഉറപ്പുണ്ടായിരുന്നോ?
പ്രസന്ന: നേവിയ്‌ക്കെതിരേ അല്ലായിരുന്നു നിയമപോരാട്ടം. അത് യൂണിയന്‍ ഓഫ് ഇന്ത്യയുടെ പോളിസി ചെയ്ഞ്ചിനു വേണ്ടിയായിരുന്നു. കഴിവുണ്ടെങ്കിലും 14 വര്‍ഷത്തെ സേവനത്തിനുശേഷം സ്ത്രീകള്‍ക്ക് തുടരാനാവില്ലെന്ന നയം അവസാനിപ്പിക്കണമെന്ന് ഉറപ്പിച്ചു. 10 വര്‍ഷംകൊണ്ട് നിയമപ്പോരാട്ടം അവസാനിക്കുമെന്ന് കരുതിയില്ല. പലരും മോശം വാക്കുകള്‍ പറഞ്ഞു. അതൊന്നും കാര്യമാക്കുന്നില്ല.
പല രക്ഷിതാക്കളും മക്കളെ 'റിസ്‌ക്' ജോലികള്‍' തിരഞ്ഞെടുക്കാന്‍ അനുവദിക്കാറില്ല. എന്തെങ്കിലും നിര്‍ദേശം മുന്നോട്ടുവെക്കാനുണ്ടോ?
സോണിയ: കുട്ടികളുടെ ചിറകുകള്‍ അരിയാതെ അവരെ പറത്തിവിടണം. അവരുടെ ആഗ്രഹത്തിന് ഒപ്പം നില്‍ക്കണം.
പ്രസന്ന: ഇന്നത്തെ കുട്ടികള്‍ക്ക് അവരവരുടേതായ കരിയര്‍ സ്വപ്നങ്ങളുണ്ട്. അവരെ സപ്പോര്‍ട്ട് ചെയ്യണം. ഒന്നും അടിച്ചേല്‍പ്പിക്കരുത്.