ഡിജിറ്റല്‍ ഇടമില്ലായിരുന്നെങ്കില്‍... |എച്മുക്കുട്ടി | ലിസ പുല്‍പ്പറമ്പില്‍ | സ്മിത ഗിരീഷ്

#ഷബിത
ലിസ പുല്‍പ്പറമ്പില്‍| എച്മുക്കുട്ടി | സ്മിത ഗിരീഷ് | Photo: Special Arrangement
ലിസ പുല്‍പ്പറമ്പില്‍| എച്മുക്കുട്ടി | സ്മിത ഗിരീഷ് | Photo: Special Arrangement

പുസ്തക പ്രസാധകരുടെ താങ്ങില്ലാതെ ഡിജിറ്റല്‍ എഴുത്തിടങ്ങളില്‍ വളര്‍ന്നു പന്തലിച്ച എഴുത്തുകാര്‍ നിരവധിയാണ്. സ്വന്തം ഇടത്തില്‍ അവര്‍ അവരെ കുറിച്ചിട്ടു. ചില തുറന്നെഴുത്തുകള്‍ കൊടുങ്കാറ്റായി, ചിലത് വിവാദങ്ങളും മറ്റ് ചിലത് ബിംബങ്ങളുടെ ഉടച്ചുവാര്‍ക്കലുമായി. ആ തുറന്നെഴുത്തുകളെ സാഹിത്യലോകം അംഗീകരിച്ചു തുടങ്ങിയിരിക്കുന്നു. 

മറ്റൊരിടത്തും എന്റെ ആത്മകഥ വരില്ല എന്നുറപ്പുണ്ടായിരുന്നു- എച്മുക്കുട്ടി

ഡിജിറ്റല്‍ ഇടത്തില്‍ എന്തെഴുതിയാലും ഉടന്‍ പ്രതികരണം കിട്ടുമെന്നതാണു പ്രധാനം. ഫേസ്ബുക്ക് പോലെയോ ബ്ലോഗ് പോലെയോ നമ്മളുടേതായ ഒരിടമുണ്ടെങ്കില്‍ എന്തും തുറന്നെഴുതാം. ഭയപ്പെടേണ്ട കാര്യമില്ല. എന്റെ ആത്മകഥ തന്നെ ഉദാഹരണം. ഒരു അച്ചടി മാധ്യമമോ ഓണ്‍ലൈന്‍ മാധ്യമമോ എന്റെ ആത്മകഥ പ്രസിദ്ധീകരിക്കാന്‍ തയ്യാറാവില്ല എന്നെനിക്ക് കൃത്യമായ ധാരണയുണ്ടായിരുന്നു. എനിക്ക് സ്വന്തമായി ഫേസ്ബുക്കില്‍ ഒരിടം ഉള്ളതുകൊണ്ട് മാത്രമാണ് തുറന്നെഴുതാന്‍ സാധിച്ചത്.

മറ്റെല്ലാ ലോകത്തുമുള്ള കുഴപ്പങ്ങളും കുറച്ച് കൂടുതലായി സോഷ്യല്‍ മീഡിയില്‍ ഉണ്ട്. അജ്ഞാതമായി, മുഖം വ്യക്തമാകാതെ ഇരുന്ന് എങ്ങനെ വേണമെങ്കിലും ഇടപെടാം. മോശം കമന്റുകള്‍ പറയാനോ ഒരാളെ വേട്ടയാടാനോ സോഷ്യല്‍ മീഡിയയില്‍ കൂടുതല്‍ സാധ്യതയുണ്ട്. മറഞ്ഞിരുന്നുകൊണ്ട് വിമര്‍ശിക്കുകയും താറടിച്ചു കാണിക്കുകയും ചെയ്യാം. ഇത്തരം വിമര്‍ശനങ്ങളെയും മറ്റും ഭയപ്പെടാതെ തുറന്നെഴുതാന്‍ ധൈര്യമുള്ളവര്‍ക്ക് മാത്രമേ ഇത്തരം ഇടങ്ങളില്‍ പിടിച്ചുനില്‍ക്കാന്‍ പറ്റൂ. മോശപ്പെട്ട കമന്റുകള്‍ കാണുമ്പോള്‍ നിര്‍ത്തിപോകുന്ന ഒരാളാണെങ്കില്‍ നമുക്ക് സോഷ്യല്‍ മീഡിയയും ഉപയോഗിക്കാന്‍ പറ്റില്ല. ആര് എന്ത് പറഞ്ഞാലും ഞാനെന്റെ നിലപാടില്‍ ഉറച്ചുനില്‍ക്കുമെന്നും എന്റെ അഭിപ്രായം രേഖപ്പെടുത്തുമെന്നുമുള്ള ധൈര്യമുണ്ടെങ്കില്‍ മാത്രമേ സോഷ്യല്‍ മീഡിയയില്‍ പിടിച്ചുനില്‍ക്കാന്‍ പറ്റൂ. അജ്ഞാതമായിരിക്കാം എന്നുള്ള സാധ്യതയുള്ളതുകൊണ്ടാണ് ചിലര്‍ വായില്‍ തോന്നിയത് കോതയ്ക്ക് പാട്ട് എന്ന നിലയില്‍ ഇത് ഉപയോഗിക്കുന്നത്. അതേസമയം, നമ്മളെ സ്‌നേഹിക്കുന്നവരും സോഷ്യല്‍ മീഡിയയില്‍ ഉണ്ടാകും.

സോഷ്യല്‍ മീഡിയയിലെ എഴുത്തുകാരിയാണ് എന്ന പേര് എനിക്ക് വേഗം കിട്ടി. സോഷ്യല്‍ മീഡിയയിലെ എഴുത്ത് മോശമാണെന്ന് പറയുന്ന ഒരുപാട് വലിയ എഴുത്തുകാര്‍ നമുക്കിടയില്‍ ഉണ്ടല്ലോ. സോഷ്യല്‍ മീഡിയയിലെ എഴുത്ത് രണ്ടാംകിട എഴുത്താണെന്നും അച്ചടി മാധ്യമങ്ങളിലെ എഴുത്താണ് ഒന്നാംകിട എഴുത്തെന്നും വിശ്വസിക്കുന്നവരുണ്ട്. സോഷ്യല്‍ മീഡിയയിലെ എഴുത്തുകാരി എന്ന വിശേഷണം വേഗം കിട്ടിയെങ്കിലും അച്ചടി മാധ്യമങ്ങളില്‍ വരുന്നയത്ര മെച്ചം ഡിജിറ്റലില്‍ എഴുതിയാല്‍ കിട്ടില്ല എന്നൊരു പ്രചരണം അച്ചടിമാധ്യമങ്ങളില്‍ വളരെ കൂടുതല്‍ പ്രത്യക്ഷപ്പെടുന്ന എഴുത്തുകാര്‍ നടത്തിയിട്ടുണ്ട്. 

വായനക്കാരുടെ ഇടപെടലുകള്‍ നമ്മുടെ എഴുത്തിനെ സ്വാധീനിക്കും. കാമ്പില്ലാത്ത വിമര്‍ശനങ്ങള്‍ വരുമ്പോള്‍ തളര്‍ന്നുപോകരുത് എന്നുള്ളതുപോലെ അത് തള്ളിക്കളയാനുള്ള മനഃസാന്നിധ്യവും വേണം. എഴുത്ത് എന്നുള്ളത് അവനവനോട് തന്നെയുള്ള ഒരു ബലിയാണ്. ആ ബലിക്ക് ധൈര്യമില്ലെങ്കിൽ വലിയ ബുദ്ധിമുട്ടാണ്. 

സിവിക് ചന്ദ്രന്‍ വിഷയം അവതരിപ്പിച്ചത് എന്റെ ഡിജിറ്റലിടത്തിലാണ്- ലിസ പുല്‍പ്പറമ്പില്‍

ആധുനിക ടെക് കാലത്ത് സോഷ്യല്‍ മീഡിയകളില്‍ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളില്‍ വ്യക്തിഗതമായ ഇടപെടലുകളാലും സ്വതന്ത്രമായ അഭിപ്രായ, ആശയാവിഷ്‌കാരങ്ങളാലും സ്ത്രീകള്‍ സജീവമാണ്. ഫേസ്ബുക്കില്‍ ഒരു വ്യക്തിയുടെ അക്കൗണ്ട്  തുറക്കുമ്പോള്‍ തന്നെ 'write something here' (എന്തെങ്കിലും എഴുതൂ) എന്നാണ് കാണുന്നത്. എഴുതാനൊരുങ്ങുമ്പോള്‍ 'what's on your mind?' എന്ന ചോദ്യത്തെയാണ് നാം നിര്‍ദ്ധാരണം ചെയ്യുന്നത്.  എല്ലാവരും എഴുത്തുകാരും  കലാകാരന്‍മാരും വിമര്‍ശകരുമായ, എഴുത്തുകാര്‍ തന്നെ എഡിറ്റര്‍മാരും വായനക്കാരും പ്രസാധകരുമായ ഡിജിറ്റല്‍ കാലം ഓരോ വ്യക്തിക്കും സ്വന്തമായി സാധ്യതകളും വലിയൊരു തുറസ്സുമാണ് നല്‍കുന്നത്. ഏറ്റവും കുറഞ്ഞ സമയത്തിനുള്ളില്‍ തന്നെ നിരവധി പേരിലേക്ക് കൈമാറ്റം ചെയ്യപ്പെടുകയും പ്രതികരണം ലഭിക്കുകയും ചെയ്യുന്നതുകൊണ്ടും വാര്‍ത്തകളും വിശേഷങ്ങളും ചിത്രങ്ങളും വീഡിയോകളും അനുനിമിഷം വന്നു കൊണ്ടിരിക്കുകയും ചെയ്യുന്നു.  

ഇന്റര്‍നെറ്റും സ്മാര്‍ട്ട് ഫോണുമുണ്ടെങ്കില്‍ എഴുതി പ്രസിദ്ധീകരിച്ചു കാണുക എന്നത് വളരെ എളുപ്പം ചെയ്യാവുന്ന ഒന്നായി മാറി. സോഷ്യല്‍ മീഡിയ വഴി  താത്പര്യവും കഴിവുമുള്ള ഏതൊരാള്‍ക്കും ഇന്ന് സമൂഹത്തിന്റെ ശ്രദ്ധ പിടിച്ചുപറ്റാന്‍ കഴിയുന്നുണ്ട്. ഏതൊരു പ്രശ്നത്തിലേക്കും സമൂഹത്തിന്റെ ശ്രദ്ധ ക്ഷണിക്കാനും ചര്‍ച്ച ചെയ്തു പരിഹാര മാര്‍ഗങ്ങള്‍ തേടാനും കഴിയുന്നു. സമൂഹത്തെ ഞെട്ടിച്ച പല സംഭവങ്ങളിലും ശക്തമായ പ്രതികരണങ്ങളുയര്‍ന്നത് സോഷ്യല്‍ മീഡിയയിലാണ്. പെരുമ്പാവൂരിലെ ജിഷ വധക്കേസില്‍ പോലീസ് ശ്രദ്ധ പതിഞ്ഞത് സോഷ്യല്‍ മീഡിയ കൂട്ടായ്മകള്‍ ശക്തമായി പ്രതികരിച്ചതു കൊണ്ടുകൂടിയായിരുന്നു. അത്തരം സന്ദര്‍ഭങ്ങളില്‍ ലൈക്കുകള്‍ക്കും കമന്റുകള്‍ക്കും ഷെയറുകള്‍ക്കും മറ്റൊരു സാമൂഹികമാനമാണുണ്ടാകുന്നത്.
   
സാമൂഹിക മാധ്യമങ്ങളുടെ വളര്‍ച്ചയോടൊപ്പം അത് ഉപയോഗിക്കുന്ന സമൂഹവും വളര്‍ന്നു. എന്നാല്‍ ചിന്താപരമായ ഔന്നത്യം പുലര്‍ത്തുന്നവരും സൈബര്‍ ലോകത്ത് പ്രതിപക്ഷ ബഹുമാനം പാലിക്കുന്നവരും സഭ്യമല്ലാത്ത ഭാഷ ഉപയോഗിക്കുന്നവും തുലോം കുറവാണ്. അതില്‍ സ്ത്രീ പുരുഷ വ്യത്യാസമില്ലാതെ സാധാരണക്കാരായവരും ഉന്നത വിദ്യാഭ്യാസ യോഗ്യതയുള്ളവരും സമൂഹത്തിന്റെ അംഗീകാരം കൈപ്പറ്റിയിരിക്കുന്നവരുമുണ്ട്. പൊതുസമൂഹത്തിന്റെ മനോഭാവം തന്നെയാണ് സൈബര്‍ ലോകത്തും കാണുന്നത്. അതുകൊണ്ട് തന്നെ ഡിജിറ്റല്‍ സ്പേസില്‍ സ്ത്രീകളുടെ ഉറച്ചതും  ധീരവുമായ ശബ്ദം ഉയര്‍ന്നുകേള്‍ക്കാമെങ്കിലും അവര്‍ നിരന്തരം ഓണ്‍ലൈന്‍ സ്റ്റോക്കിങിന്  വിധേയരാകുന്ന സ്ഥിതിയുണ്ട്. വ്യക്തി വിവരങ്ങള്‍ ദുരുപയോഗം ചെയ്യുന്നത്, സൈബര്‍ ബുള്ളിയിങ്, അബ്യൂസിങ് തുടങ്ങിവ മൂലം സ്ത്രീകള്‍ വിട്ടു നില്‍ക്കുന്ന പ്രവണതയുമുണ്ട്. ഇത് ലിംഗ വിവേചനത്തിന്റെ മറ്റൊരു തലം തന്നെയാണ്.  

ഡിജിറ്റല്‍ ഇടത്തിലെ എന്റെ ഇടത്തെക്കുറിച്ച് പറയുകയാണെങ്കില്‍ പല സോഷ്യല്‍ മീഡിയ സൈറ്റുകളിലും അക്കൗണ്ട് ഓപ്പണ്‍ ചെയ്തിട്ടുണ്ടെങ്കിലും   ഫേസ്ബുക്കില്‍ മാത്രമാണ് സജീവമാകാറുള്ളത്. അതും സ്ഥിരമായ ഒരു സാന്നിധ്യമല്ല. ദൈനംദിന ജീവിതത്തിലെ വളരെ കുറഞ്ഞ സമയം മാത്രമേ സോഷ്യല്‍ മീഡിയ സൈറ്റുകളില്‍ ചെലവഴിക്കാന്‍ കഴിയാറുള്ളൂ. ഒരു മനുഷ്യയെന്ന നിലയില്‍ ഞാന്‍ ജീവിക്കുന്ന ലോകത്തോടുള്ള എന്റെ സ്വാഭാവിക പ്രതികരണങ്ങളാണ് ഓരോ ഫേസ്ബുക് പോസ്റ്റുകളും. അത് പ്രതിഷേധങ്ങളോ വിമര്‍ശനങ്ങളോ പ്രസ്താവനകളോ ചിത്രങ്ങളോ സംഗീതമോ കവിതയോ അങ്ങനെ എന്തുമാവാം. പുരുഷാധിപത്യ, ജാത്യാധിഷ്ഠിത ലോകത്തോടുള്ള പ്രതിഷേധങ്ങള്‍ ഉയര്‍ത്താന്‍ ഞാന്‍ ഫേസ്ബുക്ക് ഉപയോഗിക്കാറുണ്ട്. 

തൊഴിലാളിയും കുഞ്ഞുകുട്ടി പരാധീനങ്ങളുമുള്ള ഒരു സ്ത്രീ എന്ന നിലയില്‍ ഉത്തരവാദിത്തങ്ങളില്‍നിന്നും ഒളിച്ചുകടത്തുന്ന സമയത്തിനുള്ളില്‍ നിന്നുകൊണ്ട് മെനെഞ്ഞെടുക്കുന്ന കവിതകള്‍, ചിന്തകള്‍, വല്ലാതെ വേദനിപ്പിച്ച സംഭവങ്ങള്‍, നേട്ടങ്ങള്‍, ആഹ്ലാദങ്ങള്‍ അങ്ങനെ പലതും പൊതുവായി പങ്കു വെക്കുന്നത് ഫേസ്ബുക്, ഇന്‍സ്റ്റഗ്രാം തുടങ്ങിയവയിലൂടെയാണ്. 

ലൈംഗിക കുറ്റകൃത്യങ്ങളെക്കുറിച്ച് തുറന്നുപറയാനും സ്വയം പരസ്യപ്പെടുത്താനും സോഷ്യല്‍ മീഡിയ വലിയൊരു സ്പേസാണ് സ്ത്രീകള്‍ക്ക് നല്‍കിയിട്ടുള്ളത്. ലൈംഗികാതിക്രമത്തെ അതിജീവിച്ച ആക്റ്റിവിസ്റ്റ് തരാന ബാക്ക് 2006-ല്‍ 'MeToo movement' എന്ന് ആദ്യം പ്രയോഗിച്ചത് സോഷ്യല്‍ മീഡിയയിലെ മൈ സ്പേസില്‍ ആയിരുന്നു.തുടര്‍ന്ന് ഇത് ഒരു ഹാഷ്ടാഗായി സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയായിരുന്നു. ലൈംഗികാതിക്രമം അനുഭവിച്ചവര്‍ തനിച്ചല്ലെന്നും സ്വയം ലജ്ജിക്കേണ്ടതില്ലെന്നുമുള്ള പ്രഖ്യാപനമായിരുന്നു #MeToo. അതിന്റെ വ്യാപ്തി വളരെ വലുതായിരുന്നു.  

വ്യക്തിപരമായി നേരിട്ടനുഭവിച്ച സമാനമായ ഒരു സംഭവത്തില്‍ (സിവിക് ചന്ദ്രന്‍ കേസ്) ഞാന്‍ ആദ്യ പ്രതികരണം നടത്തിയത് ഫേസ്ബുക്കിലായിരുന്നു. വാട്സ്ആപ്പിലൂടെ പിന്നീട് അതിനെക്കുറിച്ച് വിശദീകരിച്ചു. ശേഷം വിഗ്രഹങ്ങള്‍ തകര്‍ന്നു വീണപ്പോഴുണ്ടായ കോലാഹലങ്ങള്‍ക്ക് വേദിയായതും ഓണ്‍ലൈന്‍ സ്പേസുകള്‍ തന്നെയാണ്.  പ്രതികരണം അനിവാര്യമായ സാഹചര്യത്തില്‍ എനിക്ക് മാതൃഭൂമി ഡോട്ട് കോം വഴി സമൂഹത്തോട് സംവദിക്കാന്‍ കഴിഞ്ഞത് വലിയൊരു സാധ്യതയായിരുന്നു. 

തുടര്‍ന്ന്  സ്വയം പരസ്യപ്പെടുത്തിയതും സോഷ്യല്‍ മീഡിയയിലൂടെയാണ്. സൂചിത വിഷയത്തില്‍ എനിക്കെതിരെ അപവാദ പ്രചരണങ്ങള്‍ നടത്താന്‍ എതിരാളികള്‍ ഉപയോഗിച്ചതും സാമൂഹിക മാധ്യമങ്ങളാണ്. സൗഹൃദക്കുപ്പായമിട്ട പല പൊയ്മുഖങ്ങളെയും തിരിച്ചറിഞ്ഞത് അവര്‍ സോഷ്യല്‍ മീഡിയ വഴി നടത്തിയ പ്രതികരണങ്ങളാണ്. ഒരു ചാനല്‍ മാധ്യമ ധര്‍മ്മം ലംഘിച്ചുകൊണ്ടാണ് വിഷയത്തില്‍ ഇടപെട്ടത്. ഇങ്ങനെ ഓണ്‍ലൈന്‍ സ്പേസില്‍ ഉപകാരവും ഉപദ്രവവുമായിട്ടുള്ള അനുഭവങ്ങളുണ്ടായിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ വളരെ കരുതലോടെ മാത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഇടപെടുന്നത്. മാത്രമല്ല  സര്‍ക്കാര്‍ ജീവനക്കാരി എന്ന നിലയിലുള്ള നിയമങ്ങളും ചട്ടങ്ങളും പാലിക്കേണ്ടതുമുണ്ട്.
 
സ്വകാര്യ ജീവിതത്തില്‍ ഡിജിറ്റല്‍ സ്പേസ് കൂട്ടാകാറുണ്ട്. ഞാനറിയാത്ത ഒരുപാട് മനുഷ്യര്‍ കൃത്യമായ നിലപാടും വ്യക്തമായ ജീവിതവീക്ഷണവുമുള്ളവര്‍ അങ്ങനെ ഒരുപാടുപേരെ അടുത്തറിയാന്‍ സോഷ്യല്‍ മീഡിയയിലൂടെ കഴിഞ്ഞിട്ടുണ്ട്. ഓണ്‍ലൈന്‍ സ്പേസ് വഴി തൊട്ടടുത്ത് നിന്ന് കേള്‍ക്കാനും ആശ്വസിപ്പിക്കാനും കൂടെ നില്‍ക്കാനും കഴിഞ്ഞിട്ടുണ്ട്. ഒറ്റയ്ക്കല്ല അനേകം പേര് ഒപ്പമുണ്ടെന്ന് തോന്നിപ്പിച്ച ആ കൂട്ടായ്മകള്‍ക്ക് നീതിക്കായുള്ള പോരാട്ട ചരിത്രത്തിലെ ഏറ്റവും വിശുദ്ധമായ സ്ഥാനമാണ് ഞാന്‍ നല്‍കുന്നത്. 

എഴുത്തിലും പ്രസംഗത്തിലും വാചാലരാകാന്‍ ആര്‍ക്കും കഴിയും. എന്നാല്‍, പ്രവര്‍ത്തിച്ചു കാണിക്കാന്‍ അപാരമായ വിശ്വാസം വേണം. അതിന് നിങ്ങള്‍ വലിയ വില നല്‍കേണ്ടിവരും. ആ വിശ്വാസം നിങ്ങള്‍ക്ക് നിങ്ങളിലുള്ളതാണ്.  ആ വില നിങ്ങള്‍ക്ക് നിങ്ങളിടുന്ന മതിപ്പുവിലയാണ്.  ഏറ്റവും ഉന്നതമായ ശിരസ്സും നട്ടെല്ലു ളയാത്ത ആത്മാഭിമാനവും സ്വതന്ത്ര ബോധവും സ്വാശ്രയയുമായ ഒരു സ്ത്രീയായി ജീവിക്കാന്‍ കഴിയുന്നതില്‍പരം മറ്റൊരാഹ്ലാദമില്ല. 

ഡിജിറ്റലിടം തന്ന എഴുത്തുകാരിപ്പട്ടം- സ്മിത ഗിരീഷ്

സോഷ്യല്‍ മീഡിയയില്‍ എഴുതാന്‍ തുടങ്ങിയത് 2014 -15 കാലത്തിലാണ്. മലയാളം ഫോണ്ടുകള്‍, ഗൂഗിള്‍ ഹാന്‍ഡ് റൈറ്റിങ്ങ് ഒക്കെ വന്ന കാലം. കൂടുതല്‍ ആളുകളും കംപ്യൂട്ടറില്‍നിന്നു ഫോണില്‍ സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്ന സമയം. ബ്ലോഗുകാലത്തിനൊക്കെ ശേഷം.

കവിതകളും ലേഖനങ്ങളുമൊക്കെ എഴുതുമ്പോള്‍ അക്കാലത്ത് മുന്‍ഗണന പ്രസിദ്ധീകരണങ്ങള്‍ക്ക് കൊടുക്കുവാനായിരുന്നു. എങ്കിലും സോഷ്യല്‍ മീഡിയയില്‍ കൂടി അക്കാലത്ത് ധാരാളം മികച്ച കവികളേയും എഴുത്തുകാരേയും പരിചയപ്പെടാന്‍ സാധിച്ചു.കൂടാതെ സോഷ്യല്‍ മീഡിയ ഉപയോഗിച്ച വഴി, കേട്ടുപരിചയം മാത്രമുള്ള പല പ്രശസ്ത എഴുത്തുകാരേയും കവികളേയും കലാമനുഷ്യരേയും അടുത്ത് പരിചയപ്പെട്ടു. സോഷ്യല്‍ മീഡിയയില്‍ എഴുതുന്നവ വായിക്കുവാന്‍ ധാരാളം ആളുകളുണ്ടെന്ന് മനസിലായി. പ്രസിദ്ധീകരണങ്ങള്‍ക്ക് കൊടുക്കുമ്പോള്‍ രചനകള്‍ അച്ചടിച്ചുവരാനുള്ള താമസം, എഡിറ്റേഴ്സ് ചോയ്സ് എന്നിവ മടുപ്പിച്ചു തുടങ്ങി. എന്തുകൊണ്ട് മികച്ച വായനക്കാരുള്ള, സമാന ചിന്താഗതിക്കാരുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോം എഴുത്തിന് കൂടുതല്‍ ഫലപ്രദമായ രീതിയില്‍ ഉപയോഗിച്ചുകൂടാ എന്ന തോന്നല്‍ വന്നു. തല്‍സമയം തന്നെ വായനക്കാരുമായി നേരിട്ടുള്ള ആശയവിനിമയം, എഴുത്തിന് കിട്ടുന്ന ആസ്വാദന വിമര്‍ശനങ്ങള്‍ എന്നിവ രസകരമായി തോന്നി.

കോട്ടയം ഡയറി എന്ന എന്റെ പുസ്തകത്തിലെ കുറിപ്പുകള്‍ പലതും ഏറ്റെടുത്തത് സോഷ്യല്‍ മീഡിയയിലെ പ്രബുദ്ധ വായനക്കാരാണ്. അവരുടെ പ്രോത്സാഹനം കൊണ്ടുകൂടിയാണ് അത് പുസ്തകമാക്കുവാനുള്ള ധൈര്യം കിട്ടിയത്. പുസ്തകമായിക്കഴിഞ്ഞും, സോഷ്യല്‍ മീഡിയ അത് പങ്കുവെച്ചും എഴുതിയും ധാരാളം വായനക്കാരെ നേടിക്കൊടുത്തു. എഴുത്തിന്, പ്രസിദ്ധീകരണങ്ങളെക്കാള്‍ എനിക്ക് സോഷ്യല്‍ മീഡിയയെ ആശ്രയിക്കാനാണ് ഇപ്പോഴിഷ്ടം. വായനക്കാരുടെ പള്‍സ് അറിയുവാനായി എഴുതുവാന്‍ പോകുന്ന രചനകളുടെ ചില ഭാഗങ്ങള്‍ ഞാന്‍ സോഷ്യല്‍ മീഡിയയില്‍ ഇടാറുണ്ട്. അതിന് അപ്പപ്പോള്‍ കിട്ടുന്ന പ്രതികരണങ്ങള്‍ ഫലപ്രദമായി എഴുത്തിനെ സഹായിക്കാറുണ്ട്.

സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നത് ചില കൃത്യമായ നിയമങ്ങള്‍ പാലിച്ചു കൂടിയാണ്. എഴുത്തിനും വായനക്കുമാണ് കൂടുതലും ഉപയോഗിക്കാനിഷ്ടം. മെസഞ്ചര്‍ അത്യാവശ്യത്തിന് മാത്രം. ധാരാളം പേര് സുഹൃദ് ലിസ്റ്റിലില്ല. എഴുത്തുകള്‍ പബ്ളിക് പോസ്റ്റ് ആയതുകൊണ്ട് ആര്‍ക്കും വായിക്കാം. എനിക്ക് പ്രവര്‍ത്തിക്കാന്‍ കഴിയാത്ത കാര്യങ്ങളെപ്പറ്റി വെറും പോസ്റ്റിട്ട് ഏത് കാലിക വിഷയങ്ങളിലും പ്രതികരിക്കാന്‍ പരമാവധി നില്‍ക്കാറില്ല. നിവര്‍ത്തി കെട്ട സാഹചര്യത്തില്‍ മാത്രം കൂട്ടുകാരോട് ചില കാലികവിഷയങ്ങളെപ്പറ്റിയുള്ള പരാതികളും നിസഹായതകളും പങ്കുവെയ്ക്കും.

അത്ര പ്രശസ്തരല്ലാത്ത ധാരാളം മികച്ച എഴുത്തുകാരെ പരിചയപ്പെടാനും, ധാരാളം മികച്ച പുസ്തകങ്ങളെപ്പറ്റി അറിയാനും, ഇവിടെ വളരെ പ്രയോജനപ്പെടാറുണ്ട്. നമ്മുടെ സമൂഹം വിവാഹിതകളായ സ്ത്രീകള്‍ക്ക് ഒരു പാറ്റേണ്‍ അടിച്ചേല്‍പ്പിച്ചിട്ടുണ്ട്. വിദ്യാസമ്പന്നരും, ഉദ്യോഗസ്ഥരുമെങ്കിലും പലര്‍ക്കും പ്രൊഫൈല്‍ ചിത്രം ഇടാന്‍ പോലും ഭര്‍ത്താവിന്റെയും ബന്ധുക്കളുടേയും സമ്മതം വേണം. വിവാഹിതയായ സ്ത്രീയ്ക്ക് സോഷ്യല്‍ മീഡിയയില്‍ മലയാളി കല്‍പ്പിച്ചു കൊടുത്ത സ്ഥാനം അടക്കമുള്ള സദാചാര നിഷ്ഠയെന്ന് സമൂഹത്തെ ബോധ്യപ്പെടുത്തേണ്ട കുലസ്ത്രീപദവിയാണ്.

സ്വന്തം വ്യക്തിത്വത്തെ പുറത്ത് കാണിക്കാന്‍, എഴുതാന്‍, സന്തോഷിക്കാന്‍ ഭയമുള്ള നിരവധി സ്ത്രീകളെ ഇവിടെ പരിചയപ്പെട്ടിട്ടുണ്ട്. ഒരു സിസ്റ്റത്തോടുള്ള സമരം എന്ന നിലയ്ക്കുകൂടി ഞാനിവിടെ ധാരാളം സ്വന്തം ചിത്രങ്ങളും പാട്ടുകളുമൊക്കെ നിരന്തരം ഇടാറുണ്ട്.

ഒരു സ്ത്രീ പ്രണയം എഴുതിയാല്‍ വ്യക്തി ജീവിതവുമായി ബന്ധിച്ചു കാണുന്ന ശീലം സോഷ്യല്‍ മീഡിയ സമൂഹത്തിനുമുണ്ട്. അസാധ്യ നീതിബോധവും പൊതുബോധവും പ്രതികരണ ശേഷിയും സാമാന്യബോധവുമുള്ള ധാരാളം വനിതകളെ സോഷ്യല്‍ മീഡിയ പരിചയപ്പെടുത്തിയത് ഊര്‍ജ്ജം തന്നിട്ടുണ്ട്.

Content Highlights: women in digital space - women's day 2023