ലോകം കീഴ്മേൽ മറിക്കും ദുർഗ; യോഗാഭ്യാസത്തില്‍ മികവ് തെളിയിക്കാന്‍ ഇനി മലേഷ്യയിലേക്ക്

#വി.എസ്‌.അസ്സറുദീൻ
ദുർഗ യോഗാഭ്യാസത്തിനിടെ
ദുർഗ യോഗാഭ്യാസത്തിനിടെ

കട്ടപ്പന: യോഗാ പ്രകടനങ്ങൾകൊണ്ട് രാജ്യത്തെങ്ങും അറിയപ്പെടുകയാണ് കട്ടപ്പനയിലെ കൊച്ചു മിടുക്കി ദുർഗ മനോജ്. ശ്വാസമടക്കിപ്പിടിച്ച് മാത്രമെ കാണികൾക്ക് ദുർഗ മനോജ് എന്ന പന്ത്രണ്ടുവയസ്സുകാരിയുടെ യോഗാഭ്യാസങ്ങൾ കാണാൻ കഴിയൂ.

പേഴുംകവല കൊച്ചുകരോട്ട് മനോജ്-അഖില ദമ്പതിമാരുടെ ഇളയ മകളായ ദുർഗ ചെറിയ പ്രായത്തിൽത്തന്നെ യോഗാസനങ്ങൾ അഭ്യസിച്ച് തുടങ്ങിയിരുന്നു.

അക്രോമാറ്റിക് ഡാൻസിൽ മികവുതെളിയിച്ച മാതാവ് അഖില തന്നെയായിരുന്നു ദുർഗയുടെ ആദ്യഗുരു. 2022-ൽ കണിച്ചുകുളങ്ങരയിൽനടന്ന സംസ്ഥാന സ്പോർട്സ് യോഗ ചാമ്പ്യൻഷിപ്പിൽ വ്യക്തിഗത ഇനത്തിൽ സ്വർണമെഡൽ കരസ്ഥമാക്കുകയും തുടർന്ന് പഞ്ചാബിൽവെച്ച് നടന്ന നാഷണൽ സ്പോർട്സ് യോഗ ചാമ്പ്യൻഷിപ്പിൽ വെങ്കല മെഡൽ കരസ്ഥമാക്കുകയുംചെയ്തു.

30 സെക്കൻഡിൽ ഏറ്റവും കൂടുതൽ കഠിന യോഗാസനങ്ങൾചെയ്ത് ഇന്ത്യ ബുക്ക് ഓഫ് റെക്കോഡ് കരസ്ഥമാക്കി.

മലേഷ്യയിൽ നടക്കുന്ന അന്തർദേശീയ യോഗാസന ചാമ്പ്യൻഷിപ്പിൽ ഇന്ത്യയ്ക്കായി മത്സരിക്കാൻ തയ്യാറെടുക്കുകയാണ് വെള്ളയാംകുടി സെയ്‌ന്റ്. ജെറോംസ് സ്‌കൂളിലെ ഈ ഏഴാം ക്ലാസുകാരി.

നാലാം ക്ലാസ് മുതൽ മൂന്നുവർഷമായി കല്ലുകുന്ന് സ്വദേശിയായ സിനി സോജനും ഇപ്പോൾ തൊടുപുഴ സ്വദേശിയായ അജിത്ത് പി.രാജുവുമാണ് ദുർഗയുടെ പരിശീലകർ. ഒട്ടേറെ യോഗാ മത്സരങ്ങളിലും സ്റ്റേജ് ഷോകളിലും ദുർഗ നിരവധി സമ്മാനങ്ങളും വാരിക്കൂട്ടിയിട്ടുണ്ട്. തിരൂരിൽ നടന്ന ആറാമത് സംസ്ഥാന ചാമ്പ്യൻഷിപ്പിൽ ജില്ലയെ പ്രതിനിധീകരിച്ചു പങ്കെടുത്ത പതിനൊന്നംഗ ടീമിൽ അഞ്ചുപേരടങ്ങുന്ന ഫ്രീ ഫ്ലോ ഇനത്തിലും ദുർഗ മികച്ചപ്രകടനം കാഴ്ചെവച്ചിരുന്നു. സഹോദരൻ: ഗൗതം

Content Highlights: story of durga manoj - women's day 2023