മാറുമറയ്ക്കല്‍ സമരത്തിന്റെ ഓര്‍മകളില്‍ ദേവകി നമ്പീശന്‍

ദേവകി നമ്പീശന്‍
ദേവകി നമ്പീശന്‍

വടക്കാഞ്ചേരി: 1956-ലെ അരിപ്പറ താലത്തിനിടയില്‍ നടന്ന മാറുമറയ്ക്കല്‍ സമരത്തിന്റെ ആവേശം 89-ാം വയസ്സിലും വിട്ടുമാറിയിട്ടില്ല, ദേവകി നമ്പീശന്.

താലമെടുക്കുന്ന സ്ത്രീകള്‍ക്ക് മാറുമറയ്ക്കാന്‍ അനുവാദമില്ലായിരുന്നു. ഇതിനെതിരേ വേലൂരിലെ പുരോഗമനപ്രവര്‍ത്തകര്‍ മുന്‍ എം.എല്‍.എ. എ.എസ്.എന്‍. നമ്പീശന്റെ നേതൃത്വത്തില്‍ പ്രതിഷേധവുമായി രംഗത്തെത്തി. എ.എസ്.എന്റെ ഭാര്യ ദേവകി നമ്പീശന്‍ അന്ന് പ്രസവശുശ്രൂഷയിലായിരുന്നതിനാല്‍ സമരത്തില്‍ നേരിട്ട് പങ്കെടുക്കാന്‍ കഴിഞ്ഞില്ല. ക്ഷേത്രാങ്കണം സംഘര്‍ഷഭരിതമായിരുന്നു. ബ്ലൗസ് ധരിച്ച് എത്തിയവരെ തടയാന്‍ നാട്ടുപ്രമാണിമാര്‍ നിലയുറപ്പിച്ചതോടെ എന്തും സംഭവിക്കാവുന്ന സാഹചര്യം.

അരിപ്പറയ്ക്കിടയില്‍ ബ്ലൗസ് ധരിച്ച് താലം പിടിച്ച സ്ത്രീകളെ കണ്ട് കുപിതനായ വെളിച്ചപ്പാട് തുള്ളിവന്ന് ഭീഷണിയോടെ കല്പന തുടങ്ങി. അരിയും നെല്ലും കൈയിലെടുത്ത് 'നാട്ടിലാകെ വസൂരിവിത്ത് വിതയ്ക്കും. സ്ത്രീകള്‍ ഇങ്ങനെ പുറപ്പെട്ടാല്‍ നാട് കുട്ടിച്ചോറാകും. അരിപ്പറയ്ക്ക് മാറുമറച്ച് താലമെടുക്കുന്നത് വലിയ അപകടമുണ്ടാക്കും' എന്നൊക്കെയായിരുന്നു വെളിച്ചപ്പാടിന്റെ കല്പന. ഇതുകേട്ട എ.എസ്.എന്‍. നമ്പീശന്‍ മുന്നോട്ടുവന്ന് വെളിച്ചപ്പാടിനോട് 'ഒന്നും വിതയ്‌ക്കേണ്ട, അത് മുഴുവന്‍ ഇങ്ങോട്ട് തന്നോളൂ' എന്ന് പറഞ്ഞ് കൈനീട്ടി. ഇതോടെ രംഗം ശാന്തമായി. അന്നത്തെ പോരാട്ടം ലക്ഷ്യം കണ്ടു. അന്നുമുതല്‍ ഇന്നുവരെ ബ്ലൗസ് ധരിച്ച് എല്ലാ ജാതിയിലുംപെട്ടവര്‍ താലമെടുക്കുന്നു -ദേവകി നമ്പീശന്‍ പറഞ്ഞു. വേളത്ത് ലക്ഷ്മിക്കുട്ടി, കെ.സി. കാളിക്കുട്ടി, കെ.കെ. കുറുമ്പ, അത്താണിക്കല്‍ ജാനകി, കമലു, വേളത്ത് വള്ളിമ്മു, വെള്ളറോട്ടില്‍ മീനാക്ഷി, ഞാലില്‍ അമ്മു, വെള്ളാറ്റഞ്ഞൂര്‍ നീലി, നെല്ലിക്കല്‍ ജാനകി, കാഞ്ഞിരപ്പറമ്പില്‍ കാളി എന്നിവരായിരുന്നു സമരം നയിച്ചത്. സമരത്തിന് പിന്‍ബലമേകി എ.പി. അറുമുഖനും കെ.എസ്. ശങ്കരനും ഉണ്ടായിരുന്നു. സമരക്കാരില്‍ ഇന്ന് ജീവിച്ചിരിക്കുന്നത് മീനാക്ഷിയും ചീരുവുമാണ്. കെ.എസ്. ശങ്കരന്‍ ഇന്നും സക്രിയം.


 

Content Highlights: devaki nambeesan maaru marakkal samaram