രാഹുല്‍ ഒരു തവണപോലും മണ്ണിടിച്ചിലുമായി ബന്ധപ്പെട്ട പ്രശ്‌നം സഭയിൽ ഉന്നയിച്ചിട്ടില്ല- തേജസ്വി സൂര്യ

ന്യൂഡല്‍ഹി: വയനാട് എം.പിയായിരുന്ന രാഹുല്‍ ഗാന്ധിയ്‌ക്കെതിരേ വിമർശനവുമായി കര്‍ണാടകയില്‍ നിന്നുള്ള ബി.ജെ.പി എംപി തേജസ്വി സൂര്യ. വയനാട്ടിലെ എംപിയായിരുന്ന രാഹുല്‍ ഗാന്ധി ഒരു തവണപോലും മണ്ണിടിച്ചിലുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പാര്‍ലമെന്റില്‍ ഉന്നയിച്ചിട്ടില്ലെന്ന് തേജസ്വി പറഞ്ഞു. 2021-ല്‍ നിയമസഭയില്‍ മതസംഘടനകളില്‍ നിന്ന് സമ്മര്‍ദ്ദമുള്ളതിനാലാണ് അനധികൃത കയ്യേറ്റങ്ങള്‍ തടയാനാവാത്തതെന്ന് വനം മന്ത്രിയായിരുന്ന കെ രാജു സമ്മതിച്ചിരുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
രാഹുല്‍ ഗാന്ധി വയനാട്ടിലെ എംപിയായതിന് ശേഷമുള്ള കഴിഞ്ഞ 1800-ദിവസത്തില്‍ ഒരു തവണ പോലും മണ്ണിടിച്ചിലും പ്രളയവുമായി ബന്ധപ്പെട്ട ഒരു പ്രശ്‌നവും നിയമസഭയിലോ പാര്‍ലമെന്റിലോ ഉയര്‍ത്തിയിട്ടില്ല. 2020-ല്‍ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി വയനാട്ടില്‍ മണ്ണിടിച്ചിലിന് സാധ്യതയുള്ള പ്രദേശങ്ങളില്‍ നിന്ന് 4000 കുടുംബങ്ങളെ മാറ്റിപാര്‍പ്പിക്കണമെന്ന് നിര്‍ദേശിച്ചിരുന്നു. ഇന്നുവരെ ഒരു നടപടിയും എടുത്തിട്ടില്ല. വയനാട്ടിലെ എം.പി ഈ പ്രശ്‌നം ഉന്നയിച്ചിട്ടുമില്ല, തേജസ്വി പറഞ്ഞു.
മതസംഘടനകളില്‍നിന്ന് സമ്മര്‍ദ്ദമുള്ളതിനാലാണ് അനധികൃത കയ്യേറ്റങ്ങള്‍ തടയാനാവാത്തതെന്ന് 2021-ല്‍ നിയമസഭയില്‍ വനം മന്ത്രിയായിരുന്ന കെ. രാജു സമ്മതിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വയനാട്ടിലെ ജനങ്ങളെ പിന്തുണയ്‌ക്കേണ്ടതുണ്ടെന്നും അവരെ സഹായിക്കാന്‍ എല്ലാ കാര്യങ്ങളും ചെയ്യണമെന്ന് സര്‍ക്കാരിനോട് അഭ്യര്‍ഥിക്കുന്നതായി ലോക്‌സഭയില്‍ രാഹുല്‍ ഗാന്ധി പറഞ്ഞു. വയനാട്ടിലേത് വലിയ ദുരന്തമാണ്. സൈന്യം നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. വയനാട്ടിലെ ജനങ്ങളെ പിന്തുണയ്‌ക്കേണ്ടത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. അവരെ സഹായിക്കാന്‍ എല്ലാ സഹായങ്ങളും ചെയ്യണമെന്ന് സര്‍ക്കാരിനോട് അഭ്യര്‍ഥിക്കുന്നു. ഇത് രണ്ടാം തവണയാണ് ഇങ്ങനെയൊരു ദുരന്തമുണ്ടാകുന്നത്. പാരിസ്ഥിതിക പ്രശ്‌നമുള്ള മേഖലയാണെന്ന് ഇതില്‍ നിന്ന് വ്യക്തമാണ്. പരിഹാരങ്ങള്‍ കാണേണ്ടതുണ്ട്, രാഹുല്‍ ഗാന്ധി പറഞ്ഞു.
Content Highlights: Wayanad mp rahul gandhi did not raise landslide issue says bjp mp tejasvi surya