‘നന്മ മാഞ്ഞുപോകില്ല, നമ്മൾ തിരികെവരും’; ഉരുളെടുത്ത സ്കൂളുകളിൽ അധ്യയനം തുടങ്ങുന്നു

#നവീൻ മോഹൻ
ഉണ്ണികൃഷ്ണൻ, വെള്ളാർമല ജി.വി.എച്ച്.എസ്.എസ്.
ഉണ്ണികൃഷ്ണൻ, വെള്ളാർമല ജി.വി.എച്ച്.എസ്.എസ്.

മേപ്പാടി: ‘‘പണ്ടെങ്ങാണ്ടൊരു നാടുണ്ടാർന്നേ

ആ നാട്ടിൽ പുഴയുണ്ടാർന്നേ

പുഴ നിറയെ മീനുണ്ടാർന്നേ

മീനിനു മുങ്ങാൻ കുളിരുണ്ടാർന്നേ...’’

വെള്ളാർമല ജി.വി.എച്ച്.എസ്.എസിനെ ഓർത്ത് ഉണ്ണിമാഷ് ഒരിക്കൽകൂടി മുൻപ്‌ പാടിയ പാട്ടൊന്നു പാടി. എല്ലാ ക്ലാസുകളിലും ഞാൻ ഈ പാട്ടു പാടിയിട്ടുണ്ട് കുട്ടികൾ അതേറ്റു പാടിയിട്ടുമുണ്ട്. അപ്പോഴൊക്കെയും ചൂരൽമല പുഴയുടെ ഒഴുക്കിന് ഞങ്ങളുടെ പാട്ടിന്റെ താളമായിരുന്നു. ക്ലാസിലിരുന്ന് കഥപറഞ്ഞാലും കവിതചൊല്ലിയാലും അതിനൊത്ത താളത്തിൽ പുഴയൊഴുകുമായിരുന്നു. ‘പുഴയോരത്തൊക്കെയിരുന്ന് കളിച്ചുപഠിച്ച് വളരാലോ, നിങ്ങളെത്ര ഭാഗ്യമുള്ളവരാ’- ഞാനെന്റെ കുട്ടികളോട് പറയുമായിരുന്നു. നന്മനിറഞ്ഞൊരു നാട്ടിൽ ഇതുപോലൊരു സ്കൂൾ അധ്യാപകരായ ഞങ്ങൾ അതിലേറെ ഭാഗ്യം ചെയ്തവരെന്നും വിശ്വസിച്ചു. ഒരു നിമിഷമേ വേണ്ടിവന്നുള്ളൂ എല്ലാം മാഞ്ഞുപോകാൻ. ഓർമ്മകളിലേക്ക് ഉരുൾദുരിതങ്ങൾ ഇരച്ചെത്തിയപ്പോൾ ഉണ്ണിമാഷിന്റെ വാക്കുകൾ മുറിഞ്ഞു.

കുട്ടനാട്ടിൽനിന്ന് 2006-ലാണ് അധ്യാപകനായി വി. ഉണ്ണിക്കൃഷ്ണൻ വെള്ളാർമല സ്കൂളിലെത്തുന്നത്. അന്നും ഇന്നും ചൂരൽമലയും മുണ്ടക്കൈയുമെല്ലാം മതിലുകളിലാത്ത ഗ്രാമങ്ങളായിരുന്നു. മതിലുകളില്ലാത്ത വീട്ടിൽ കഴിയുന്ന അവരുടെ മനസ്സിലും വേർതിരിവുകളുണ്ടായിരുന്നില്ല. എന്നെ മനുഷ്യത്വവും മാനവികതയും പഠിപ്പിച്ച നാടായിരുന്നു ചൂരൽമല -ഉണ്ണിമാഷ് സങ്കടപ്പെട്ടു.

ഉരുൾപൊട്ടൽദുരിതം കഴിഞ്ഞ് ഒരുമാസത്തോടടുക്കുമ്പോൾ അതിജീവനത്തിന്റെ പാതയിലാണ് നാട്. സെപ്റ്റംബർ രണ്ടുമുതൽ വെള്ളാർമല സ്കൂൾ മേപ്പാടി ജി.എച്ച്.എസ്.എസിലും ചൊവ്വാഴ്ചമുതൽ മുണ്ടക്കൈ ജി.എൽ.പി. സ്കൂൾ മേപ്പാടി പഞ്ചായത്ത് എ.പി.ജെ. ഹാളിലും പ്രവർത്തിക്കും. മഹാദുരന്തത്തിന്റെ ഓർമ്മകളിൽനിന്ന് കുട്ടികളെ അറിവിന്റെ ലോകത്തേക്ക് തിരികെ നടത്താനുള്ള ഒരുക്കത്തിലാണ് അധ്യാപകരും.

ഇങ്ങനെയൊരു ദുരന്തവും തകർച്ചയുമുണ്ടാവുമെന്ന് ഒരിക്കൽപ്പോലും പ്രതീക്ഷിച്ചിരുന്നില്ലെന്ന് മുണ്ടക്കൈ ജി.എൽ.പി. സ്കൂളിലെ പ്രധാനാധ്യാപിക മേഴ്സി തോമസ് പറഞ്ഞു. ജൂൺ 13-നാണ് മേഴ്സി പ്രധാനാധ്യാപികയായി ചുമതലയേറ്റത്. ഒന്നരമാസംകൊണ്ടുതന്നെ രക്ഷിതാക്കളുമായടക്കം നല്ല പരിചയമുണ്ടായിരുന്നു. നല്ലൊരു അന്തരീക്ഷമായിരുന്നു ആ സ്കൂളിന് ചുറ്റും അത്രമേൽ സ്നേഹമുള്ള നാട്ടുകാരും. ആ സ്കൂളിൽ ഏറെക്കാലം ജോലിചെയ്യാൻ ആഗ്രഹിച്ചു. പക്ഷേ, ആ ഗ്രാമത്തെത്തന്നെ ഉരുളെടുത്തുപോകുമെന്ന് കരുതിയില്ലെന്നും മേഴ്സി പറഞ്ഞു.

വെള്ളാർമല സ്കൂളിലെ 32 കുട്ടികളും മുണ്ടക്കൈ സ്കൂളിലെ 11 കുട്ടികളും ഇനി സ്കൂൾമുറ്റത്തെത്തില്ലെന്നതാണ് സങ്കടം. ‘‘ഞങ്ങളുടെ കുട്ടികളാരും ഞങ്ങളെ വിട്ടുപോയിട്ടില്ല. ആ മുഖങ്ങളൊക്കെയും ഞങ്ങളുടെ മനസ്സിൽ മായാതെയുണ്ട്. അവരെല്ലാം ക്ലാസിലുണ്ടെന്നു കരുതി ഞങ്ങൾ വീണ്ടും അധ്യയനം തുടരും. സ്ഥലംമാത്രമേ മാറുന്നുള്ളൂ വെള്ളാർമല സ്കൂളിലും മുണ്ടക്കൈ സ്കൂളിലും എങ്ങനെയാണോ പഠിച്ചത് അതുപോലെത്തന്നെ പഠിക്കും. നന്മ മാഞ്ഞുപോകില്ല, നമ്മൾ തിരികെ വരും’’ -ഉണ്ണിമാഷും മേഴ്സി ടീച്ചറും ഒരേസ്വരത്തിൽ പറഞ്ഞു.
 

Content Highlights: Vellarmala GVHSS, Teaching begins in school that was destroyed in landslide