പോരാടിനേടിയ ജീവിതം ഉരുളെടുത്തു: ഉള്ളുരുകി ഗീത

#സ്വന്തം ലേഖിക
ഉരുൾപൊട്ടിയ മുണ്ടക്കൈയിലെ ദുരന്തസ്ഥലത്ത് ഗീത
ഉരുൾപൊട്ടിയ മുണ്ടക്കൈയിലെ ദുരന്തസ്ഥലത്ത് ഗീത

മുണ്ടക്കൈ: അവിടെ കുറച്ചുപശുക്കളുണ്ട്, അതിറ്റങ്ങൾക്ക് എന്തെങ്കിലും കൊടുക്കാൻ ഓടിവന്നതാ.. ഉരുൾപൊട്ടിയൊഴുകി പാറക്കെട്ടുകൾ നിറഞ്ഞ ചതുപ്പിലൂടെ വനറാണി എസ്റ്റേറ്റിലെത്തി മടങ്ങിയ കഥ ജീവനക്കാരിയായ ഗീത പറഞ്ഞു. ഞാനെന്റെ ജീവിതം ഉണ്ടാക്കിയത് ആ എസ്റ്റേറ്റിൽ കൂലിപ്പണിയെടുത്താ, ക്യാമ്പിൽനിന്ന് വരാൻപറ്റിയപ്പോ ഇവിടെയൊന്ന് ആദ്യം വരാനാ തോന്നിയത് -ഗീത പറയുന്നു. ഈ ഭാഗത്തെ മുഴുവൻ വീടും റിസോർട്ടും തകർന്നു, അമ്മീദ്ക്കായുടെ വീടൊക്കെയിരുന്ന സ്ഥലമില്ല. എസ്റ്റേറ്റിലേക്ക് ഞങ്ങൾ പോയ പാലം എവിടെയാണെന്ന് പോലും മനസ്സിലാവുന്നില്ല - അവരുടെ ശബ്ദമിടറിത്തുടങ്ങി.

ഉരുൾപൊട്ടലിൽ ഗീതയുടെ ചൂരൽമല വില്ലേജ് റോഡിലെ വീടും തകർന്നു. എന്റെ 30-ാമത്തെ വയസ്സിൽ ഭർത്താവ് കൃഷ്ണൻകുട്ടി മരിച്ചു, മകൾക്ക് ഒന്നരവയസ്സും മകനെ ഒരു മാസം ഗർഭിണിയുമാണ് ഞാനപ്പോ, അവിടുന്നങ്ങോട്ട് ആരും താങ്ങുണ്ടായിരുന്നില്ല. കൂലിപ്പണിയെടുത്ത് ഞാൻ വെച്ച വീടായിരുന്നു. താമസിച്ചിട്ട് കൊതിതീർന്നില്ല, അതുമുഴുവൻ പോയി. ബാങ്കിൽ വീടെടുത്ത വകയിൽ മൂന്നുലക്ഷം ലോണുണ്ട്. അതടയ്ക്കാൻപോലും സാധിക്കുമെന്ന് തോന്നുന്നില്ല. - ഗീത പറയുന്നു. ജീവിതം മുഴുവൻ പോരാടിയൊരാൾ മുന്നോട്ടൊരുപ്രതീക്ഷ പോലുമില്ലാതെ കരയുകയാണ്.

എസ്റ്റേറ്റിലെ പണിക്കാര് പയ്യന്മാർ വന്നോ ആവോ, പശുക്കളെ കറക്കണം, തീറ്റ അവിടെ ആരൊക്കെയോ കൊടുത്തിട്ടുണ്ട് - തന്നെയുലയ്ക്കുന്ന ആകുലതകളിൽനിന്ന് ശ്രദ്ധതിരിക്കാൻ ഗീത വീണ്ടും എസ്റ്റേറ്റ് കാര്യങ്ങൾ പറഞ്ഞുകൊണ്ടിരുന്നു. 

Content Highlights: Vanarani Estate employee say about Wayanad landslide