സംഘടനകള്‍ പിരിച്ച പണം CMDRF-ലേക്ക് മാറ്റണം, സുതാര്യത ഉറപ്പാക്കണം; ഹൈക്കോടതിയില്‍ ഹര്‍ജി

കൊച്ചി: സംഘടനകള്‍ പിരിച്ചെടുത്ത പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കൈമാറണമെന്ന് ആവശ്യപ്പെട്ട് പൊതുതാത്പര്യ ഹർജി. നടനും അഭിഭാഷകനുമായ സി. ഷുക്കൂറാണ് ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചത്. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ വിവരാവകാശ നിയമത്തിന്റെ പരിധിയിൽ വരാത്ത സ്വകാര്യ വ്യക്തികളും സംഘടനകളും പണം പിരിക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് ഹർജി സമർപ്പിച്ചിരിക്കുന്നത്.
ദുരിതാശ്വാസനിധിയിലേക്ക് അല്ലെങ്കിൽ പൊതു അക്കൗണ്ടുണ്ടാക്കി പണം അതിലേക്ക് മാറ്റണമെന്നാണ് ഹർജിക്കാരന്റെ ആവശ്യം. സംഘടനകളും രാഷ്ട്രീയ പാര്‍ട്ടികളും വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ വരില്ലെന്നതിനാല്‍ അവര്‍ പിരിച്ചെടുക്കുന്ന തുകയില്‍ സുതാര്യതയുണ്ടാവില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. നിയമവിരുദ്ധമായ ഫണ്ട് ശേഖരണം നിയന്ത്രിച്ചില്ലെങ്കിൽ പലരുടെയും പണം നഷ്ടപ്പെടും.
മുണ്ടക്കൈ, ചൂരൽമല ദുരന്തത്തിന് പിന്നാലെ നിരവധി സംഘടനകളാണ് പണം പിരിക്കുന്നത്. വീട് നിർമിച്ച് നൽകാമെന്നും പലരും വാഗ്ദാനം ചെയ്യുന്നുണ്ട്. ഈ വീടുകളുടെ ഗുണനിലവാരം സര്‍ക്കാര്‍ ഉറപ്പുവരുത്തണം. സര്‍ക്കാരിനേയും പോലീസ് മേധാവിയേയും കക്ഷി ചേര്‍ത്തുകൊണ്ടാണ് ഹര്‍ജി സമർപ്പിച്ചിരിക്കുന്നത്. അടുത്ത ദിവസം കോടതി ഹർജി പരിഗണിക്കും.
'ഈ ഘട്ടത്തില്‍ ആളുകള്‍ ആര് പണം ചോദിച്ചാലും നല്‍കുന്ന സാഹചര്യം നിലവിലുണ്ട്. വലിയ ക്രൗഡ് ഫണ്ടിങ് നടക്കുന്ന സംസ്ഥാനമായി കേരളം മാറി. ഇത്തരം ഫണ്ടുകൾ വിവരാവകാശ നിയമത്തിന്റെ പരിധിയല്‍പ്പെടില്ല. പിരിവ് മറ്റൊരാള്‍ക്ക് പരിശോധിക്കാനാവില്ല. തീർച്ചയായും ഫണ്ടുകൾ സുതാര്യമാക്കേണ്ടതുണ്ട്.
സാമൂഹികമാധ്യമങ്ങൾ പരിശോധിച്ചാൽ ഓരോ ഗ്രൂപ്പും വ്യക്തികളും പണം പിരിക്കുകയാണ്. ഓൺലൈനായി ക്യൂ.ആർ. കോഡ് നൽകുകയാണ്. ഇതിലേക്ക് പണം അയച്ചാൽ ദുരിതബാധിതരെ സഹായിക്കാമെന്നാണ് പറയുന്നത്. ഈ പണം എവിടെ നിന്നും വരുന്നു, എവിടേക്ക് പോകുന്നു എന്നതിൽ വ്യക്തതയില്ല', സി. ഷുക്കൂർ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.
ബഹു . കേരള ഹൈക്കോടതി മുമ്പാകെ ഒരു പൊതു താൽപര്യ ഹർജി ഫയൽ ചെയ്തിട്ടുണ്ട്. വയനാട് ദുരന്തത്തിന്ർറെ അടിസ്ഥാനത്തിലുള്ള ഫണ്ട്...
Posted by C Shukkur on Wednesday, August 7, 2024
Content Highlights: organizations should transfer money collected to CMDRF, Petition in High Court